Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
പ്രൊഫ. കെ അരവിന്ദാക്ഷൻ

November 04, 2020, 5:56 am

കോവിഡ് 19 അനന്തര ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കിക്ക്സ്റ്റാർട്ട് ചെയ്യുന്നതെങ്ങനെ?

Janayugom Online

പ്രൊഫ. കെ അരവിന്ദാക്ഷൻ

ധനശാസ്ത്രത്തിൽ നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ പ്രൊഫസർ ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്സ് കോവിഡ് 19ന് അടിപ്പെട്ടിരിക്കുന്ന ലോകരാജ്യങ്ങൾക്കും അവിടത്തെ ഭരണകൂടങ്ങൾക്കും ഈയിടെ നല്കിയ ഉപദേശം ശ്രദ്ധേയമാണ്. നിങ്ങൾക്ക് ലഭ്യമാകുന്ന മുഴുവൻ സമ്പത്തും പണവും ബുദ്ധിപൂർവം വിനിയോഗിക്കുക, ഇത്തരമൊരു പ്രക്രിയക്ക് രൂപം കൊടുക്കുമ്പോൾ അവർ ചെയ്യേണ്ടത് സമൂഹത്തിൽ അങ്ങേയറ്റം അവശത അനുഭവിക്കുന്നവരും മഹാമാരിക്ക് ഇരയാകുന്നവരുമായ ജനങ്ങളുടെ സംരക്ഷണത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകുകയും വേണം. എങ്കിൽ മാത്രമേ ഈ മാരകരോഗത്തിന്റെ വ്യാപനം തടയാൻ സാധ്യമാകൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ രോഗ പ്രതിരോധ നടപടികൾക്ക് വ്യക്തമായ ലക്ഷ്യം വേണം. പണം ചെലവിടുന്നതിനാവശ്യമായ ഇച്ഛാശക്തി വേണം. കമ്മിറ്റ്മെന്റും വേണം. സമാഹരിക്കാൻ കഴിയുന്നത്ര വിഭവങ്ങൾ സമാഹരിക്കുകയും അവ പരമാവധി യുക്തിസഹമായി വിനിയോഗിക്കുകയും ചെയ്യണം. ബജറ്ററി പരിമിതികളൊന്നും മുടന്തൻ ന്യായങ്ങളായി ഉന്നയിക്കപ്പെടരുത്. ഇതിനുള്ള ഒരേയൊരു മാർഗം സമൂഹത്തിലെ സമ്പന്ന വർഗങ്ങളുടെ കൂടുതൽ നികുതി ചുമത്തേണ്ടി വരും എന്നതാണ്. അവരുടെ സ്വത്തിൽ 99 ശതമാനം വരെയും ചൂഷണ മുതലായിരിക്കാനാണ് സാധ്യതയെന്ന് നിരവധി പഠനങ്ങൾവഴി പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലും നിരവധി പുത്തൻ പണക്കാരുണ്ട്. മഹാകോടീശ്വരന്മാർപോലും.

ഡോ. സ്റ്റിഗ്ലിറ്റ്സിന്റെ ഈ അഭിപ്രായം തീർത്തും ശരിയാണ്. പിന്നിട്ട ഒരു വർഷക്കാലത്തിനിടയിൽ ഔദ്യോഗിക പഠനങ്ങൾ മാത്രമല്ല, ‘ഫോർബ്സ്’ മാസികപോലുള്ളവ നടത്തിയ ഗവേഷണങ്ങളും നമുക്കു പകർന്നുതരുന്നത് ഇന്ത്യയിലെ കോർപ്പറേറ്റ് വമ്പന്മാരായി അറിയപ്പെടുന്ന മുകേഷ് അംബാനിയുടെയും ഗൗതം അഡാനിയുടെയും ആസ്തികളിൽ വൻ വർധനവാണുണ്ടായിരിക്കുന്നതെന്നാണ്. ഇവർ ഇരുവരുടെയും സമ്പത്തിൽ ഉണ്ടായിരിക്കുന്ന വർധന യഥാക്രമം 73 ശതമാനവും 61 ശതമാനവുമാണ്. അതായത് മുകേഷ് അംബാനിയുടെ സ്വത്ത് 3,780 കോടി ഡോളർ വർധിച്ച് 8,870 കോടി ഡോളറിലെത്തിയപ്പോൾ അദാനിയുടേത് 61 ശതമാനം വർധിച്ച്‍ 2,520 കോടി ‍‍ഡോളറിലുമെത്തി. കൂടാതെ ശിവനാടാരുടേത് 2,040 കോടി ഡോളറും ധമനിയുടേത് 1,540 കോടി ഡോളറും ഹിന്ദുജമാരുടേത് 1,280 കോടി ഡോളറും പുല്ലൻ ജിമിസ്ത്രിയുടേത് 1,140 കോടി ഡോളറും കൊടക്കിന്റേത് 1,130 കോടി ഡോളറും ഗോദ്റെജ് കുടുംബത്തിന്റേത് 1,100 കോടി ഡോളറും മിത്തലിന്റേത് 1,030 കോടി ഡോളറും ആസ്തികളിൽ‍ എത്തിനിൽക്കുന്നു. മഹാമാരിയുടെ ദുരന്തങ്ങളൊന്നും ഈ ആസ്തി വർധനപ്രക്രിയക്ക് പ്രതിബന്ധമായിട്ടില്ലെന്നു മാത്രമല്ല, ഇന്ത്യയിലെ മഹാകോടീശ്വരന്മാരിൽ ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ളവരുടെ മൊത്തം സമ്പത്ത് 51,750 കോടി ഡോളറാണത്രെ! ഇത്രയും വലിയൊരു തുക കൈവശമുള്ള അതി സമ്പന്നന്മാരുടെമേൽ അധിക നികുതി ചുമത്തുന്നതിൽ അനീതിയൊന്നുമില്ല. ഈ വിധത്തിൽ സമാഹരിക്കുന്ന വിഭവങ്ങൾ മാന്ദ്യം ഗുരുതരാവസ്ഥയിൽ തുടരുന്നൊരു സമ്പദ്‌വ്യവസ്ഥയിൽ വലിയൊരു കുതിപ്പുണ്ടാക്കുമെന്നാണ് ഡോ. സ്റ്റിഗ്ലിറ്റ്സ്‍ തറപ്പിച്ചുപറയുന്നത്. അദ്ദേഹത്തിന്റെ വെട്ടിത്തുറന്നുള്ള ഈ അഭിപ്രായപ്രകടനം നടക്കുന്നത് 2020 ഒക്ടോബർ ആദ്യവാരത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) എന്ന സംഘടന പശ്ചിമബംഗാൾ സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച ഒരു യോഗത്തിലായിരുന്നു. ഈവിധത്തിലൊരു പ്രതികരണത്തിന് പ്രകോപനമായത് ഹിന്ദുസ്ഥാൻ യൂണി ലിവർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജീവ് മേത്ത നടത്തിയ ഒരു പ്രസ്താവനയായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം ആസ്തിമൂല്യം ഉദ്ദേശം 2.9 ട്രില്യൻ ഡോളറാണെന്നും ഈ തുക കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വൻതോതിൽ നേട്ടം കൈവരിക്കുകയുണ്ടായി എന്നുമായിരുന്നു ഈ കമന്റ്. ഈ സമ്പദ്‌വ്യവസ്ഥയാണിപ്പോൾ 24 ശതമാനത്തോളം ചുരുങ്ങിപ്പോയത് എന്ന് അദ്ദേഹം പരിതപിക്കുകയും ചെയ്തു.

യൂണി ലിവർ മേധാവി തുടർന്നു നടത്തിയത് കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനുള്ള ശ്രമമായിരുന്നു. രാജ്യത്ത് ഗ്രാമീണ മേഖലയിൽ അധിവസിക്കുന്ന ആരുംതന്നെ പട്ടിണി കിടക്കാൻ ഇടയാവരുതെന്ന് ഉറപ്പാക്കാൻ മോഡി സർക്കാർ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഇതിന്റെ ഫലമായി ഗ്രാമീണ മേഖലയിൽ സാമ്പത്തിക വളർച്ചയുടെ ഗതിവേഗം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം സ്ഥാപിച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പണം കൈമാറൽ പദ്ധതി ഗ്രാമീണ ജനതയുടെ ഉപഭോഗവും ക്രയശേഷിയും ഉയർന്നിട്ടുണ്ടെന്നായിരുന്നു സഞ്ജീവ് മേത്തയുടെ നിലപാട്. ഇതോടൊപ്പം നല്ല വിളവെടുപ്പുമുണ്ടായി. ഇതെല്ലാം പറയുമ്പോളും‍ നോട്ടുനിരോധനം വരുത്തിവച്ച ഗുരുതരമായ കെടുതികൾ ഗ്രാമീണ‑അനൗപചാരിക മേഖലകളെ നേരിയതോതിലെങ്കിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന് പരോക്ഷമായി സൂചിപ്പിക്കാൻ പോലും അദ്ദേഹം സന്നദ്ധനായതുമില്ല. എന്നാൽ, ഇപ്പോൾ പണം വാരിക്കോരി ചെലവിടാൻ കേന്ദ്ര സർക്കാർ മടിച്ചുനിൽക്കുകയാണ്. കാരണം ധനക്കമ്മി അതിവേഗതയിലാണ് കുതിച്ചുയർന്നുവരുന്നത്. ഇത് നിയന്ത്രണാതീതമായാൽ പണപ്പെരുപ്പം അനിയന്ത്രിതമായ മാനങ്ങൾ കൈവരിക്കും. സാഹചര്യങ്ങൾ ഈ നിലയിലായിരിക്കെ, സഞ്ജീവ് മേത്തക്ക് അറിയേണ്ടിയിരുന്നത് സമ്പദ്‌വ്യവസ്ഥക്ക് ‘കിക്ക് — സ്റ്റാർട്ട്’ നല്കുന്നതിനുള്ള മാർഗമേതെന്നായിരുന്നു. ഈ സംശയത്തിന് പ്രൊഫ. സ്റ്റിഗ്ലിറ്റ്സിന് കൃത്യമായ വിശദീകരണവും നല്കാനുണ്ടായിരുന്നു. മാന്ദ്യത്തിന്റെ പിടിയിലമർന്നപ്പോളെല്ലാം അമേരിക്ക ചെയ്തത് പണം അച്ചടിച്ച് ഇറക്കുകയായിരുന്നു. ഇന്ത്യക്കും സമാനമായൊരു മാർഗം സ്വീകരിക്കാവുന്നതാണ്. കരുതൽ വേണമെന്നു മാത്രം. പണപ്പെരുപ്പത്തിന്റെ സമ്മർദ്ദങ്ങൾ അതിരുവിടാതെ സൂക്ഷിക്കണം. മാത്രമല്ല, ലഭ്യമാകുന്ന പണം കാര്യക്ഷമമായും കൃത്യമായും വിനിയോഗിക്കപ്പെടുകയും വേണം. ഇത്തരമൊരു കാഴ്ചപ്പാട് ഇല്ലാതെവന്നാൽ അത് ദീർഘകാലാടിസ്ഥാനത്തിലുള്ള നാശങ്ങൾക്കിടയാക്കും. ഇവിടെയാണ് ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസര സൃഷ്ടിക്കുള്ള പ്രസക്തി കാണേണ്ടത്. നേരിട്ട് പണം കൈകളിലെത്തിക്കുന്നതുപോലെ തന്നെ, തൊഴിലവസര സൃഷ്ടിയിലൂടെ വരുമാനം ഉയർത്തുക എന്നത് പ്രധാനമാണ്. ഇതിന്റെ അർത്ഥം വൻകിടക്കാർക്ക് കൂടുതൽ ഇളവുകളും സൗജന്യങ്ങളും അനുവദിക്കുക എന്നതല്ല. ക്രയശേഷി ഇല്ലാത്തവരുടെ ക്രയശേഷിയും ഡിമാൻഡും ഉപഭോഗവും ഉയർത്തുക എന്നതാണ്. കമ്പനികൾ ഒന്നു രണ്ടു വർഷക്കാലത്തേക്ക് തകർച്ചയിൽ നിന്ന് രക്ഷപ്പെടാനും പിടിച്ചുനിൽക്കാനും കഴിയും; സാധാരണക്കാർക്ക് ഇതിനാവില്ല. അതുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം മാരകമായ പകർച്ചവ്യാധി ഉടനടി തടഞ്ഞുനിർത്തുന്നതോടൊപ്പം പാവപ്പെട്ടവരുടെ വരുമാന വർധനവിനുള്ള നടപടികളും സ്വീകരിക്കണമെന്ന് പറയുന്നത്.

അതേ അവസരത്തിൽ, ചിത്രത്തിന്റെ മറുവശം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത് 2020 ഒക്ടോബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകൃതമായ ആഗോള ദാരിദ്ര്യ സൂചിക (ഗ്ലോബൽ ഹങ്കർ ഇൻഡെക്സ് — ജിഎച്ച്ഐ) 2020’ ആണ്. 107 രാജ്യങ്ങളുടെ കണക്കെടുത്തപ്പോൾ വിശപ്പ് വ്യാപകമായി നിലവിലുള്ള ഈ വിഭാഗത്തിൽ ഇന്ത്യയുടെ സ്ഥാനം 94 ൽ നിൽക്കുന്നു എന്നാണ്. ‘അതീവ ഗുരുതരം‘എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ റാങ്കിംഗിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളെടുത്താൽ അഫ്ഘാനിസ്ഥാൻ ഒഴികെയുള്ള രാജ്യങ്ങളെല്ലാം നമുക്കു മുന്നിലാണ്. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയതുകൊണ്ടോ സബ്സിഡി നിരക്കുകളിൽ പൊതുവിതരണ സംവിധാനത്തിലൂടെ (പിഡിഎസ്) ഭക്ഷ്യ‑അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നു എന്ന് അവകാശപ്പെട്ടതുകൊണ്ടോ കാര്യമില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ചുരുക്കത്തിൽ കാര്യങ്ങൾ ഈ നിലയിലാണ് നീങ്ങുന്നതെങ്കിൽ ഇന്ത്യ ലക്ഷ്യമിടുന്ന വിധത്തിൽ 2030 ആകുമ്പോഴേക്ക് ഇന്ത്യക്ക് ‘സീറോ-ഹങ്കർ’ പദവി നേടിയെടുക്കാൻ കഴിയുമെന്നത് ഒരു മരീചികയായിരിക്കും, സംശയമില്ല.

ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ ശുപാർശ – വികസനാവശ്യങ്ങൾക്കും ജനങ്ങളുടെ വിശപ്പിന് പരിഹാരം കണ്ടെത്തുന്നതിനും രാജ്യത്തെ മഹാ കോടീശ്വരന്മാരുടെമേൽ അധിക നികുതി ബാധ്യത അടിച്ചേൽപ്പിക്കുകതന്നെ വേണം എന്നത് — നടപ്പിലാക്കുക മാത്രമാണ് പോംവഴിയെന്ന് വ്യക്തമാകുന്നു. വിശപ്പിന് അറുതിവരുത്തുകയും കൂടുതൽ പോഷകാഹാര ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ജനതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനായാൽ മാത്രമേ, കോവിഡ് 19 എന്ന മഹാമാരി ഉയർത്തുന്ന വെല്ലുവിളി ഫലപ്രദമായി നേരിടാൻ കഴിയൂ എന്ന് ഇതിലൂടെയെല്ലാം വെളിവാക്കപ്പെടുകയും ചെയ്യുന്നു.

‘ഫിക്കി’ പ്രതിനിധികൾ വിളിച്ചുചേർത്ത യോഗത്തിൽ ഐടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ്പുരി ഉന്നയിച്ചൊരു ചോദ്യത്തിന് പ്രൊഫ. സ്റ്റിഗ്ലിറ്റ്സ് നല്കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. സാമൂഹ്യ ഉച്ചനീചത്വവും കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളും ഏതുവിധേന അഭിമുഖീകരിക്കാൻ കഴിയുമെന്നും ഇതിന്റെ ഭാഗങ്ങളായ പരിസ്ഥിതി, സമൂഹം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ ഇപ്പോൾ നടന്നുവരുന്ന നടപടിക്രമങ്ങളും നയസമീപനങ്ങളും ശരിയായ ദിശയിലാണോ എന്നും മറ്റു വിഷയങ്ങളിലുമായിരുന്നു ചോദ്യകർത്താവിന് വിശദീകരണം വേണ്ടിയിരുന്നത്. സ്റ്റിഗ്ലിറ്റ്സിന്റെ നിരീക്ഷണത്തിൽ ഈവക കാതലായ വിഷയങ്ങളിൽ സ്വന്തം നാടായ അമേരിക്കയിൽ ചർച്ചകൾ നടന്നുവരുന്നതേയുള്ളു. ഇവിടെ ഉയരുന്ന പ്രസക്തമായ പ്രശ്നം കോർപ്പറേറ്റുകളുടെ താല്പര്യം ഓഹരി ഉടമകളുടെ ലാഭം പരമാവധി ഉറപ്പാക്കുക എന്നതു മാത്രമാണോ, അതോ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും മൊത്തം താല്പര്യങ്ങൾ കൂടി സംരക്ഷിക്കാൻ പര്യാപ്തമായ വിശാലമായൊരു അജണ്ടകൂടി കണക്കിലെടുക്കേണ്ടതല്ലേ എന്നതാണ്. പരിസ്ഥിതി, സമൂഹം, ഭരണനിർവഹണം (ഇഎസ്ജി) എന്നീ വിഷയങ്ങൾകൂടി കോർപ്പറേറ്റ് വികസന ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകങ്ങളായിരിക്കണം. കാരണം, ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ മുതലാളിത്ത തല്പരകക്ഷികളോ ഓഹരി ഉടമകളോ മാത്രമല്ല, പ്രകൃതിദത്തമായ മൂലധനം (പ്രകൃതി വിഭവങ്ങൾ) പൊതുസമൂഹം, തൊഴിലാളികൾ, ഉപഭോക്താക്കൾ അടക്കമുള്ള ഇടപാടുകാർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന ഒരു വലിയ ജനസഞ്ചയംതന്നെയുണ്ട്. ഇവരെല്ലാം മുതലാളിത്ത വ്യവസ്ഥക്ക് ശക്തമായ വേരോട്ടമുള്ള അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വികസനത്തിന്റെ പങ്കാളികളാണ്. അതുകൊണ്ടുതന്നെ, ഇവിടങ്ങളിലെല്ലാം തന്നെ ഇഎസ്ജിക്ക് മുന്തിയ പ്രാധാന്യമാണുള്ളതും. പ്രൊഫ. സ്റ്റിഗ്ലിറ്റ്സിന് ഈ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പാരിസ് കാലാവസ്ഥ ഉടമ്പടിയുടെ വ്യവസ്ഥകൾ തുടർച്ചയായി തള്ളിപ്പറയുന്ന നയസമീപനത്തോട് അതിശക്തമായ വിയോജിപ്പാണുള്ളതെന്നും ഈ അവസരത്തിൽ പ്രസക്തമായി കാണേണ്ടതാണ്.

ഇതിനിടെ ജി-20 കൂട്ടായ്മയുടെ സുപ്രധാനമായൊരു ഉന്നതതലം 2020 നവംബർ 20 മുതൽ 22 വരെ സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ അധ്യക്ഷതയിൽ നടക്കാനിരിക്കുകയാണ്. വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള സിഇഒമാർ ഈ യോഗത്തിന്റെ പരിഗണനക്കായി ആഗോള കോവിഡ് 19 അനന്തര പ്രതിസന്ധിക്ക് അടിയന്തര നയപരിപാടികൾ സമയബന്ധിതമായി ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരവും സങ്കീർണവുമായ പ്രതിസന്ധികളാണ് നേരിട്ടുവരുന്നത് എന്നാണ് ‘ബിസിനസ് ‑20 ഉന്നതതല’ത്തിന്റെ സംഘാടകസമിതി അധ്യക്ഷൻ യൂസഫ് അൽ‍പെന്യാൻ അംഗരാജ്യങ്ങൾക്ക് നല്കിയിരിക്കുന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യങ്ങളിൽ ഊന്നൽ നല്കപ്പെട്ടിരിക്കുന്നത് മനുഷ്യ ജീവനുകളുടെ സംരക്ഷണം, സാമ്പത്തിക വളർച്ചയുടെ തിരികെപ്പിടിക്കൽ എന്നീ ലക്ഷ്യങ്ങൾക്കാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവംബറിൽ നടക്കാനിരിക്കുന്ന ഈ ജി ‑20 ഉന്നതലം നിർണായക പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കാരണം, 2022 ൽ ഈ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ബാധ്യസ്ഥനായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് എന്നതുതന്നെ. ജി-20 കൂട്ടായ്മയാണെങ്കിൽ ഇതിനകംതന്നെ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങൾക്കായി കൊറോണ പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ ഗവേഷണം, വാക്സിനുകളുടെയും മറ്റ് സജ്ജീകരണങ്ങളുടെയും നിർമ്മാണം തുടങ്ങിയവയ്ക്കായി 2100 കോടി‍ ഡോളറും പാൻഡെമിക് പ്രതിരോധ മതിൽ ഉയർത്താൻ 110 കോടി‍ ഡോളറും ലഭ്യമാക്കിക്കഴിഞ്ഞിട്ടുമുണ്ടത്രെ! ചുരുക്കത്തിൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കൈവരിച്ച കൃത്യമായ നേട്ടങ്ങൾ എന്തെന്ന് ഉന്നതതലത്തിൽ വ്യക്തമാക്കാനുള്ള ധാർമ്മികമായ ബാധ്യത പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുണ്ട്. ഇതിൽ അദ്ദേഹം വിജയിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതുതന്നെ.