വട്ടപ്പറമ്പന്‍

January 31, 2021, 7:00 am

നിരാലംബമീ കൈപ്പത്തിയാത്ര

Janayugom Online

ഈ യാത്ര ഇങ്ങനെയാണ്. ആശയവും അഭയവും അരുളുന്ന പ്രമുഖ ഘടകത്തിന്റെ പ്രഭവകേന്ദ്രത്തിലേക്കാണ് ഈ യാത. വേണ്ടത്ര ഉപദേശ നിർദ്ദേശങ്ങൾ വേണം. അതനുസരിച്ചേയുള്ളു ഓരോ കാൽവെപ്പും. ഈ യാത്രയിൽ ഞങ്ങൾ രണ്ടു പേരേയുള്ളൂ. ഞങ്ങളുടെ പാർട്ടിയിലെ മുതിർന്ന, നരച്ച ചപ്രചിപ്ര തലമുടിയുള്ള ഒരാളും, നരച്ചുവെന്ന് ഇന്നീ നേരംവരെ വെളിപ്പെടുത്താത്ത മുടിയോടുകൂടിയ മുതിർന്ന വേറെ ഒരാളും. ഞങ്ങൾ, ഡെമോക്രാറ്റിക് യുണൈറ്റഡ് ഫ്രൻഡിന്റെ സമൂലം നേതാക്കളും ചേർന്നുള്ള ചില യാത്രകൾ ഇതിനകം നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുറ്റത്തല്ല, വാതിൽക്കലെത്തി മുട്ടിവിളിച്ചുകഴിഞ്ഞുവല്ലൊ. കിടയ്ക്കപ്പൊറുതിയില്ലാത്തവിധം നെട്ടോട്ടത്തിന്റെ പാതയിലാണ്. ചിരപരിചിതരെങ്കിലും തെരഞ്ഞെടുപ്പ് അഭ്യാസങ്ങളുടെ ഭാഗമായി കണിച്ചുകുളങ്ങരയിലും പെരുന്നയിലും പരുമലയിലും പല രൂപതകളിലും അരമനകളിലും കയറിയിറങ്ങിക്കഴിഞ്ഞു. ഈ യാത്ര പതിവുള്ളതല്ല.

മാറിയ കാലത്തെ മറ്റൊരു വിപര്യയം. ഒരുകാലത്ത് തടിച്ചുകൊഴുത്ത് തെഴുത്തുനിന്ന ശരീരം ഇന്ന് ശോഷിച്ച് മെലിഞ്ഞ് ഈ വിധമായതിന്റെ പ്രതിഫലനം. രണ്ടുവട്ടമുള്ള പൊതുതെരഞ്ഞെടുപ്പ് കാലമായതോടെ, രാജ്യത്ത് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസിന് ഇന്നുള്ളത് ക്ലാസിൽനിന്നും പുറത്താക്കി ഏകനായി വരാന്തയിൽ നില്ക്കുന്ന സ്ക്കൂൾ കുട്ടിയുടെ വിഷണ്ണഭാവമാണ്. നല്ല വിദ്യാർത്ഥി അല്ലാതിരുന്നതുകൊണ്ടാണ് ഈ ഗതി എന്നറിയുമ്പോൾ വിഷമം ഏറെയാവുന്നു. കേരളത്തിലാകട്ടെ, യുഡിഎഫിന്റെ ചെങ്കോലും കിരീടവും തട്ടിത്തെറിക്കപ്പെട്ട് അനാഥമായി പോയത് 2016 ലാണ്. ഇന്ത്യാ രാജ്യത്ത് മൊത്തത്തിൽ നേതൃത്വവും ദിശാബോധവും ഇല്ലാതെ ഓരംചാരിയുള്ള കൈപ്പത്തിയാത്ര തുടരുകയാണ്. നാവികനില്ലാത്ത കോൺഗ്രസ് കപ്പലിന് നങ്കൂരമിടാൻ പറ്റിയ ഒരു തുറമുഖവുമില്ല ഇന്ത്യയിൽ എവിടെയും. പച്ചത്തുരുത്ത് കണ്ട് കരയ്ക്കടുക്കാം എന്ന് നിനച്ച ബിഹാറിൽ ഈയിടെയാണ് മഹാസഖ്യമെന്ന വലിയ പാറയിൽ തട്ടി ഉറച്ചുപോയത്.

കോൺഗ്രസിനെ തോളിൽ ചുമന്ന തേജസ്വി യാദവിന്റെ തോളെല്ല് പൊട്ടിയതുമാത്രം മിച്ചം. തന്റെയൊപ്പമുള്ള ഗ്രൂപ്പിൽനിന്ന് ആരു കൊഴിഞ്ഞുപോയാലും ജോർജ് മാഷ് ഉണ്ടാവും എന്ന കരുണാകരന്റെ വിശ്വാസം പോലെയായി യുപിയെ സംബന്ധിച്ചേടത്തോളം കോൺഗ്രസിന് ഇന്ന് പറ്റിയത്. അതുകൊണ്ടാണല്ലൊ രാഹുൽജി, കോൺഗ്രസുകാർ ഇനിയും ബാക്കിയുള്ള കേരളത്തിലേക്ക് വണ്ടികയറിയത്. ഇവിടെയാവുമ്പോൾ ഇടയ്ക്കിടെ വിദേശത്ത് പോകുംപോലെ കേരളത്തിലേക്ക് വന്നാലും മതിയല്ലൊ. മധ്യപ്രദേശിൽ കമൽനാഥിനെ ഒറ്റയ്ക്കാക്കി കാവിക്കുളത്തിലേക്ക് മുങ്ങാംകുഴിയിടുകയാണ് അവിടത്തെ കോൺഗ്രസിലെ നീന്തൽ വിദഗ്ധർ. അവസാനംവരെ പിടിച്ചുനില്ക്കും എന്നുകരുതിയ പോണ്ടിച്ചേരിയിൽ, ഇപ്പോൾ പമ്പയാറിലെ വെള്ളത്തിന്റെ കുത്തൊഴുക്കിനെ ഓർമ്മിപ്പിക്കുന്നവിധം ബിജെപി ഒഴുക്കാണ് അവസാനമായി കാണുന്ന കാഴ്ച. പോണ്ടിച്ചേരിയിലെ കോൺഗ്രസിന് വോട്ടുചെയ്ത ഒരു വോട്ടർ പറയുകയാണ്: ഇങ്ങനെ എങ്കിൽ ആ കോൺഗ്രസണ്ണന് വോട്ടുപണ്ണാമെ കാവിയാൾക്ക് ചെയ്താൽ മട്ടും പോതുമായിരുന്നല്ലോ എന്ന്. (കോൺഗ്രസിന് വോട്ടുചെയ്യാൻ ഇപ്പോൾ എവിടെയും പേടിയാണ്, സംശയമാണ് കോൺഗ്രസുകാരായ എല്ലാ വോട്ടർമാർക്കും) കേരളത്തിലേക്ക് കടന്നാലോ ഏറെ അസ്വസ്ഥമാണ് കോൺഗ്രസ് ക്യാമ്പ് മൊത്തം.

2016 ൽ ഉമ്മൻചാണ്ടി നയിച്ച യുഡിഎഫിനെ പടിയടച്ച് പിണ്ഡംവച്ച് ജനം തിരസ്ക്കരിച്ചതാണ്. ഒന്നും ഓർമ്മിപ്പിക്കല്ലേ എന്റെ പൊന്നേ എന്നാണ് തലയ്ക്ക് കയ്യുംകൊടുത്ത് പെണ്ണും ആണും പറയുന്നതിപ്പോൾ. അഞ്ചുകൊല്ലമായി മറന്നു തുടങ്ങിയതായിരുന്നു. ഇപ്പോൾ പുതിയ പദവിയായി, സാരഥിയായി, നയിക്കും എന്നൊക്ക കേട്ടുതുടങ്ങി, ടിവിയിൽ കണ്ടും തുടങ്ങിയപ്പോൾ എല്ലാം ഓരോന്നും ഓർത്തുപറയുകയാണ്. അവസാനകാലത്തെ കടുംവെട്ടും ഇന്നും വിടാതെ പിന്തുടരുന്ന സ്ത്രീപുരാണകഥനങ്ങളും മറ്റും. ഈ അഞ്ചുവർഷവും അനവരതം പ്രതിപക്ഷത്തെ നയിച്ചുവന്ന നേതാവിനെ വെട്ടിനിരത്തി അന്നത്തെ അയോഗ്യൻ ഇന്നത്തെ യോഗ്യനാവുന്നതും ഇപ്പോഴത്തെ യോഗ്യൻ അയോഗ്യനായി മാറുന്നതിന്റെയും സാംഗത്യം സാധാരണ ജനത്തെപ്പോലെ കോൺഗ്രസ് ശ്രേണിയിലുള്ളവർക്കും മനസിലാവുന്നില്ല.

ഹൈക്കമാന്റ് പറയുന്നതെല്ലാം കണ്ടില്ല, കേട്ടില്ല ഭാവത്തിൽ തൊണ്ടതൊടാതെ വിഴുങ്ങാൻ പാകത്തിലുള്ളവരല്ലല്ലൊ എന്നുമെന്നും കോൺഗ്രസുകാർ. എല്ലാം അനുഭവിച്ചോളും എന്നുപറയാൻതക്ക വിവരമുള്ളവരുമുണ്ടല്ലൊ കോൺഗ്രസിൽ പണ്ടും ഇന്നും. പോരാഞ്ഞിട്ട്, ആരുടെയെങ്കിലും ഉപദേശ നിർദ്ദേശമനുസരിച്ച് നീങ്ങേണ്ടതല്ല കോൺഗ്രസ് എന്ന് ഉറച്ചുവിശ്വസിക്കുന്ന നേതാക്കൾ ഉറക്കെ പറയുന്നു. ഈ പടിപ്പുരകയറ്റം കാണുമ്പോൾ, അവരൊക്കെ ചോദിക്കുന്നതും ഇതാണ്, ഇന്ത്യയിലെ മതനിരപേക്ഷ കക്ഷി എന്ന ബഹുമാനവും കേരളത്തിലിവർ കളഞ്ഞുകുളിക്കുമോ? കുണ്ഠിതപ്പെട്ടാണ് ചോദ്യം. കോൺഗ്രസിന്റെ ഊർദ്ധൻവലി ഇവിടെനിന്നും കേൾപ്പിക്കണോ എന്ന് നേതാക്കന്മാരിലെ മുതിർന്ന ഒരാൾ ചോദിച്ചുകഴിഞ്ഞിരിക്കുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും പിതാമഹൻ പണ്ടെന്നോ സരയൂനദിയിൽ വലിച്ചെറിഞ്ഞ തർക്കമന്ദിരത്തിന്റെ താക്കോൽ കൊച്ചുമകൻ നദിയിലിറങ്ങി തപ്പിയെടുത്ത് എപ്പോൾ എടുത്തുകൊടുത്തുവോ, അപ്പോൾ തുടങ്ങി മക്കളേ നിങ്ങളുടെ പതനവും അവരുടെ ഉയർച്ചയും.

ഏതോ ഒരു ‘കാവമ്മ’ എവിടെ നിന്നോ അന്ന് വിളിച്ചുപറഞ്ഞത് ഇന്ത്യയിലെവിടെയുമിരുന്ന് ഹതാശരായ കർഷകസമൂഹവും, ഇന്നും നെഞ്ചിൽ കത്തുന്ന കോൺഗ്രസ് സ്നേഹവും രാജ്യസ്നേഹവും സൂക്ഷിക്കുന്ന സാധാരണക്കാരനും കേൾക്കുന്നു. ടാറ്റയും ബിർളയും ഗോയങ്കയും ഇത്രത്തോളം അപകടകാരികളല്ലായിരുന്നു എന്നും തിരിച്ചറിയുന്നു. മിക്സഡ് എക്കോണമിയും നെഹ്റുവിനെയും മറന്ന നരനും സിംഹവുമായ ഒരു റാവുമുതൽ തുടങ്ങിയത് ഇവിടെവരെ എത്തിച്ചിരിക്കുന്നു. അത്രകാലമൊന്നും എടുത്തില്ല, കോർപ്പറേറ്റ് യുഗത്തിലേക്ക് എത്തിക്കാൻ ഈ കാവിപ്പടയ്ക്ക്. അംബാനിയെയും അഡാനിയെയും നിലനിർത്താൻവേണ്ടി, ‘ജയ് കിസാൻ’ മുദ്രാവാക്യം ഇനി ഈ ഇന്ത്യൻഭൂവിൽ കേൾക്കാനിടവരരുത് എന്ന് ഉറപ്പിച്ച് പറയുന്നത് കോൺഗ്രസുകാരേ നിങ്ങളും കേൾക്കുന്നുണ്ടോ ആവോ?