Thursday
23 May 2019

നിര്‍ണായകമാവുന്ന തെരഞ്ഞെടുപ്പ്

By: Web Desk | Thursday 14 March 2019 5:48 PM IST


 

U Suresh

യു. സുരേഷ് 

2014ല്‍ നിന്നും 2019ലേക്കുള്ള ദൂരം കേവലം അഞ്ച് വര്‍ഷങ്ങള്‍ മാത്രമാണ്. ഈ ചുരുങ്ങിയ കാലംകൊണ്ട് പ്രഖ്യാപിച്ചതും പ്രതീക്ഷിച്ചതുമായ സാമ്പത്തിക വളര്‍ച്ചയുടെ അരികത്തെങ്ങും എത്തുവാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, സാമൂഹ്യമായി നാടിനെ പിന്നാക്കാവസ്ഥയിലേക്കു കൊണ്ടുചെല്ലുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തിരിക്കുന്നത്. പശുമാംസം കൈയില്‍ വച്ചതിന്റെയും മതവെറിയുടെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒന്നൊന്നായി സംഭവിച്ചതും പുരോഗമനാശയങ്ങുടെ പ്രചാരകരായിരുന്ന ഖല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവര്‍ നിര്‍ദയം വധിക്കപ്പെട്ടതും രാജ്യം അത്യധികമായ ദുഃഖത്തോടെയും അമര്‍ഷത്തോടെയും ആയിരുന്നു കേട്ടത്. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ വിഭാഗത്തിന് ഇവയിലൊക്കെ പങ്കുണ്ട് എന്ന ആരോപണം വ്യാപകമായി ഉയര്‍ന്നുവരുമ്പോഴും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ നിസംഗമായ മൗനം വല്ലാത്ത ഒരു അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനിന്നതും, ഭരണഘടനാ സ്ഥാപനങ്ങളില്‍ അനാവശ്യമായി കടന്നുകയറിച്ചെന്നതും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കലഹവും കാലുഷ്യവും വളര്‍ത്തിയെടുത്തതും ബോധപൂര്‍വമായ പരിശ്രമഫലമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതം വളര്‍ച്ചയുടെ പടവുകള്‍ കയറിയത് ശാസ്ത്രീയതയുടെ പിന്‍ബലത്തിലായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും വിദ്യാഭ്യാസവും ആണ് ആധുനിക സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്ന സാമാന്യബോധത്തെ നിഷേധിക്കുംവിധമുള്ള പ്രസ്താവനകള്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ നിന്നു പോലും ഉയരുന്നത് നമ്മള്‍ നൊമ്പരത്തോടെയാണ് കണ്ടത്. ഭാരതത്തിന്റെ മതേതരത്വ സ്വഭാവത്തെ തകര്‍ക്കണമെന്ന ആര്‍എസ്എസ് അജണ്ടയ്ക്കനുസൃതമായിട്ടായിരുന്നു പല നീക്കങ്ങളും ഇവിടെ നടന്നത്. കോണ്‍ഗ്രസും യുപിഎയും നടത്തിയ അഴിമതിയെ വിമര്‍ശിച്ചുകൊണ്ട് ഭരണത്തിലെത്തിയ നരേന്ദ്രമോഡിയും സംഘവും ഇന്ത്യയെ വന്‍കിട മുതലാളിമാര്‍ക്ക് വിശേഷിച്ചു അംബാനി-അദാനി എന്നിവര്‍ക്ക് പങ്കുവച്ചു നല്‍കുവാന്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ തുറന്നുകാണിക്കുന്നതില്‍ ഇന്ത്യയിലെ ഇടതു-പുരോഗമനശക്തികള്‍ വലിയ പങ്കായിരുന്നു വഹിച്ചത്. നീരവ് മോഡിയേയും വിജയ് മല്യയേയും പോലുള്ളവര്‍ പൊതുസ്വത്ത് തട്ടിയെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് കടന്നുപോയപ്പോഴും അവയിലൊന്നും വേണ്ടവിധം ഇടപെടാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞില്ല. റഫാല്‍ യുദ്ധവിമാനം വാങ്ങുന്ന പ്രക്രിയയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ ‘ദി ഹിന്ദു’ പുറത്തു കൊണ്ടുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രേഖകള്‍ മോഷണം പോയതായി സുപ്രിംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ പ്രസ്താവിക്കുന്ന ഇടം വരെ അഴിമതിക്കഥ എത്തി. ഇതിനിടയില്‍ നടന്ന ഒരു സൈനിക നീക്കം രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ ഹീനമായ ഒരു ശ്രമവും നടക്കുകയുണ്ടായി.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ഭാരതീയ ജനതാപാര്‍ട്ടിക്ക് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 31.3 ശതമാനം മാത്രമേ നേടുവാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ 543 അംഗ ലോക്‌സഭയില്‍ 282 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം നേടുവാന്‍ അവര്‍ക്കായി. തുടര്‍ന്ന് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, യുപി തുടങ്ങിയ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനായി എങ്കിലും ന്യൂഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുമ്പില്‍ ബിജെപി തകര്‍ന്നുപോവുകയായിരുന്നു. തുടര്‍ന്ന് ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ഉദ്ദേശിച്ച മുന്നേറ്റം കൈവരിക്കാനാവാതെ വരുകയും 2018ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബിജെപി പിന്നാക്കം പോവുകയും ചെയ്തു. നാട്ടിലെങ്ങും ഒരു ബിജെപി വിരുദ്ധ വികാരം പടര്‍ന്നുവരാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ എന്‍ഡിഎ ഘടകകക്ഷികളില്‍ പെട്ട തെലുങ്കുദേശം പാര്‍ട്ടി, രാഷട്രീയ ലോക് സമതാ പാര്‍ട്ടി, അസം ഗണ പരിഷത് എന്നിവ പല കാരണങ്ങളില്‍ ബിജെപി സഖ്യത്തില്‍ നിന്നും വിട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ദേശീയ തെരഞ്ഞെടുപ്പ് സമാഗതമാവുന്നത്.
ഭാരതീയ ജനതാപാര്‍ട്ടിയും സംഘപരിവാറും തങ്ങളാലാവുന്ന എല്ലാ തന്ത്രങ്ങളും പയറ്റിക്കൊണ്ടാണ് കേരളത്തിന്റെ മണ്ണില്‍ ചുവടുറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെയെല്ലാം കേരളീയര്‍ അമ്പാടെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. ഏറ്റവുമൊടുവില്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ജനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുവാനും രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുവാനും ശ്രമങ്ങളുണ്ടായി. ‘വനിതാ മതിലി’ലൂടെ ഈ പ്രവണതയെ എതിരിട്ടുകൊണ്ടാണ് കേരള ജനത 2019 നെ വരവേറ്റത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കും എന്ന മൂഢസ്വര്‍ഗത്തിലാണ് ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം.
ഇവിടെ നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണി തയാറായിക്കഴിഞ്ഞു. യാതൊരുവിധ ആന്തരിക പ്രശ്‌നങ്ങളുമില്ലാതെ കെട്ടുറപ്പോടുകൂടിയാണ് ഇടതു-ജനാധിപത്യ മുന്നണി തങ്ങളുടെ 20 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചത്. അനുഭവസമ്പത്തും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഈ സ്ഥാനാര്‍ഥികള്‍ ഇടതു-ജനാധിപത്യ മുന്നണിയെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോകും എന്നത് ഉറപ്പാണ്.

കേരളത്തിലെ ഇരുപത് നിയോജകമണ്ഡലങ്ങളിലും ഇടതു-ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ അണിനിരന്നുകഴിഞ്ഞു. വിവിധ നിലകളില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരാണ് സ്ഥാനാര്‍ഥികള്‍.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കുവാന്‍ പോകുന്ന ഈ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഭാരതീയ ജനതാപാര്‍ട്ടിയുടെ മുഖംമൂടി നീങ്ങുകയും ഫാസിസ്റ്റു രൂപം പുറത്തേക്ക് ദൃശ്യമാവുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക രാഷട്രീയപാര്‍ട്ടികളിലും ജനങ്ങളിലും വളര്‍ന്നുവരുന്ന ഫാസിസ്റ്റ് വിരുദ്ധ ബോധം ഭാരതീയ ജനതാപാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും എന്നുറപ്പാണ്. ഈ തെരഞ്ഞെടുപ്പില്‍, ഫാസിസത്തിനെതിരെ എക്കാലവും ജാഗ്രതയോടെ നിലനിന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട് വളരെ നിര്‍ണായകമാണ്. ജനങ്ങളെ ഒന്നായി നിര്‍ത്തി ഫാസിസത്തെ നേരിടാനും തോല്‍പ്പിക്കുവാനും പുരോഗമന ശക്തികള്‍ക്കു മാത്രമേ കഴിയൂ.