December 5, 2022 Monday

സാമ്പത്തിക വളര്‍ച്ചയോ വില സ്ഥിരതയോ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 19, 2021 4:30 am

2020 – 21 ധനകാര്യ വര്‍ഷത്തിലെ അവസാന ദിനമായ മാര്‍ച്ച് 31ന് കേന്ദ്ര ധനമന്ത്രാലയം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. 2021 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള അഞ്ചു വര്‍ഷക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം പണപ്പെരുപ്പനിരക്ക് നാലു ശതമാനത്തില്‍ തുടരാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നു മാത്രമല്ല, ഈ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ആറു ശതമാനവും ഏറ്റവും താണനിരക്ക് രണ്ടു ശതമാനവും ആയിരിക്കുമെന്നും ധനമന്ത്രാലയം പ്രത്യേകം സൂചിപ്പിച്ചിരുന്നു. ആര്‍ബിഐ രൂപം നല്കുന്ന പണനയത്തിന്റെ ചട്ടക്കൂട് വിഭാവനം ചെയ്യുക ഇത്തരം നിര്‍ദ്ദേശങ്ങളായിരിക്കുമെന്നും പല നിരക്കുകളില്‍ വരുത്താനിടയുള്ള ഏറ്റക്കുറച്ചിലുകളും ഈ ചട്ടക്കൂടിന് അനുസൃതമായിരിക്കുമെന്നും ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും നമുക്ക് ഊഹിക്കാനും കഴിയും.

ഏറ്റവുമൊടുവില്‍ അതായത് 2021 ഏപ്രില്‍ 17ന് ആര്‍ബിഐയുടെ പണനയസമിതി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) പ്രഖ്യാപിച്ച പലിശനിരക്കുകള്‍ സംബന്ധമായ വിവരങ്ങള്‍‍ വെളിവാക്കുന്നത് ഈ ഊഹം ശരിയാണ് എന്നാണ്. ഈ വിഷയത്തില്‍ മോഡി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും ആര്‍ബിഐയുടെ പണനയസമിതി ഏകകണ്ഠമായി അംഗീകരിച്ചതുമായ നയസമീപനം ഒരുപോലെ തന്നെയാണ്. പണപ്പെരുപ്പവും തുടര്‍ന്ന് സംഭവിക്കാനിടയുള്ള വിലക്കയറ്റവും തടഞ്ഞുനിര്‍ത്തുന്നതിനാവശ്യമായ മുന്‍കരുതലുകളോടൊപ്പം കോവിഡ് 19 ഉയര്‍ത്തുന്ന ഗുരുതരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കുന്നവിധം സമ്പദ്‌വ്യവസ്ഥയുടെ വികസനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണിത്. ആര്‍ബിഐ പുതിയ പണനയത്തിന്റെ മര്‍മ്മമെന്ന നിലയില്‍ ചൂണ്ടിക്കാട്ടുന്നത് അത് പരമാവധി ‘അക്കോമൊഡേറ്റീവ്’ ആണ് എന്നാണ്.

പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതാണ് ഇതിനുള്ള ദൃഷ്ടാന്തമായി സൂചിപ്പിക്കപ്പെടുന്നത്. പാന്‍ഡെമിക് ഉയര്‍ത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളും രോഗപ്രതിരോധ ആരോഗ്യ സംരക്ഷണ നടപടികള്‍ക്കൊപ്പം, സാമ്പത്തിക വളര്‍ച്ചയ്ക്കും സ്ഥായിയായ വികസനം ഉറപ്പാക്കാനും പെടാപ്പാടുപെടുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിഭവ ദൗര്‍ലഭ്യം കൂടുതല്‍ ആഘാതം ഏല്പിക്കുക സാമ്പത്തിക പുനരുദ്ധാരണത്തിനുമേല്‍ ആയിരിക്കുകയും ചെയ്യും. നിക്ഷേപത്തില്‍ വര്‍ധനവില്ലാതായാല്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുകയും ജനങ്ങളുടെ വരുമാനവും ക്രയശേഷിയും കുത്തനെ ഇടിയുകയും ചെയ്യുമെന്നത് ഉറപ്പാണല്ലോ.

ഇതിനുപുറമെ വിലവര്‍ധനവു കൂടിയായാല്‍ ഡിമാന്റിന്റെ അവസ്ഥ കൂടുതല്‍ വഷളാവുകയും ചെയ്യും. ഇക്കാരണത്താലാണ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രവണതകളെ ‘ആശങ്കാജനകം’ എന്ന് വിശേഷിപ്പിച്ചത്. എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് തുടര്‍ച്ചയായുണ്ടാകുന്ന ആഭ്യന്തര പണപ്പെരുപ്പവും വിലക്കയറ്റവും ഇന്ത്യയുടെ ഉപഭോഗ വിലസൂചികയെ (കണ്‍സ്യൂമര്‍ പ്രെെസ് ഇന്റക്സ്-സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും നിരവധിവട്ടം അനുവദനീയമായ ആറു ശതമാനത്തിനപ്പുറം എത്തിച്ചിട്ടുമുണ്ട്. മാത്രമല്ല, ഇതോടൊപ്പം കാതലായ പണപ്പെരുപ്പനിരക്കും അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഏണസ്റ്റ് ആന്റ് യങ് എന്ന ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ കണ്ടെത്തല്‍ 2021 ഫെബ്രുവരിയില്‍ തന്നെ ചില്ലറ പണപ്പെരുപ്പത്തെ തുടര്‍ന്നുള്ള വിലക്കയറ്റം 6.1 ശതമാനം വരെ ആയി ഉയര്‍ന്നിരുന്നു എന്നാണ്. ആഗോള എണ്ണവിപണിയില്‍ അസംസ്കൃത പെട്രോളിയം വിലനിലവാരം താഴാനുള്ള സാധ്യത നന്നേ വിരളമാണെന്നാണ് സമീപകാല സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതിനോടൊപ്പം ചേര്‍ത്തുകാണേണ്ട ഒരു കാര്യം 2021 ഫെബ്രുവരി മാസത്തില്‍ മാര്‍ക്കറ്റ് ഇന്ത്യ ബിസിനസ് ഔട്ട്‌ലുക്ക് എന്ന ഏജന്‍സിയുടെ സര്‍വേയിലെ കണ്ടെത്തലാണ്. ഉല്പാദന ചെലവുകള്‍ മൊത്തത്തില്‍ കുതിച്ചുയരുകയും വിപണി വില്പന കുത്തനെ ഇടിയുകയും ചെയ്യുന്ന സങ്കീര്‍ണ സാഹചര്യത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗമെന്ന നിലയില്‍ വില്പന വിലയില്‍ വര്‍ധനവരുത്താന്‍ തീരുമാനമെടുത്തിരിക്കുന്നു എന്നതാണിത്.

ഈ വസ്തുതകൂടി കണക്കിലെടുത്തായിരിക്കണം ആര്‍ബിഐയുടെ പണനയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. ദേബബ്രത പാന്ദ്ര 2020 ഡിസംബറില്‍ തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നത്, പണപ്പെരുപ്പത്തിന്റെ ലക്ഷ്യം നിര്‍ണയിക്കുന്നതില്‍ സവിശേഷമായ ശ്രദ്ധ അനിവാര്യമാണെന്നാണ്. ‘‌മെഷറിങ് ട്രെന്‍ഡ് ഇന്‍ഫ്ളേഷന്‍ ഇന്‍ ഇന്ത്യ’ എന്ന പേരാണ് ഈ പ്രബന്ധത്തിന് നല്കിയിരുന്നത്. പണപ്പെരുപ്പം ഒരു പ്രവണത എന്ന നിലയില്‍ 2014നു ശേഷം കൃത്യമായ തോതില്‍ 4.1 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയ്ക്ക് ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പ്രവണത തുടര്‍ന്നും താഴോട്ടാണെങ്കില്‍ അതിന്റെ ആഘാതം സാമ്പത്തിക വികസന നിരക്കില്‍ പ്രതിഫലിക്കപ്പെടും. കാരണം, അത് പണഞെരുക്ക(ഡിപ്ലേഷന്‍)ത്തിന്റെ സൂചനയായിരിക്കും.

പണഞെരുക്കം തുടരാനിടയായാല്‍ അത് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്കായിരിക്കും തള്ളിവിടുക. അതോടെ സാമ്പത്തിക വളര്‍ച്ചയും പ്രതിസന്ധിയിലകപ്പെടും. സ്വാഭാവികമായും കേന്ദ്ര സര്‍ക്കാരായാലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയായാലും ഈ രണ്ടു പരസ്പരവിരുദ്ധ പ്രവണതകള്‍ക്കും യുക്തമായ കടിഞ്ഞാണിടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഏറ്റവുമൊടുവില്‍ ആര്‍ബിഐ ചെയ്തിട്ടുള്ളതും ഏതാണ്ട് ഇക്കാര്യംതന്നെയാണെന്ന് കരുതാം. 2021 ഫെബ്രുവരിയിലെ ആര്‍ബിഐയുടെ പതിവ് പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട് ഓണ്‍ കറന്‍സി ആന്റ് ഫൈനാന്‍സ് എന്ന പഠനത്തിന് ‘പണനയ രൂപരേഖ പുനഃപരിശോധിക്കപ്പെടുന്നു’ എന്ന പ്രമേയമാണ് തെരഞ്ഞെടുത്തിരുന്നതെന്നതും പ്രസക്തമായി കാണണം. ഇതില്‍ പ്രാധാന്യം നല്കി പരാമര്‍ശിക്കപ്പെട്ടിരുന്നത് പണപ്പെരുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പരമാവധി പരിമിതപ്പെടുത്തുന്നതോടൊപ്പം പണപ്പെരുപ്പം സംബന്ധമായ പ്രതീക്ഷകള്‍ തല്ലിക്കെടുത്താതെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു കൂടിയാണ്. ഇത്തരമൊരു നയപരമായ ചട്ടക്കൂട് വൈരുധ്യം നിറഞ്ഞ ഒന്നാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ പണപ്പെരുപ്പം എന്ന പ്രതിഭാസത്തിന്റെ പ്രാധാന്യം അധികൃതസ്ഥാനത്തുള്ളവരെല്ലാം അംഗീകരിക്കുന്നു എന്നതുകൂടിയാണ്.

പണപ്പെരുപ്പമെന്ന പ്രതിഭാസത്തെ ഏറ്റവും വലിയ ആശങ്കയോടെ വീക്ഷിക്കുന്ന ഒരു സമൂഹമാണ് ഉപഭോക്താക്കളുടേത്. ഇന്നത്തെ നിലയില്‍ പണപ്പെരുപ്പത്തിന്റെ ഉപരിപരിധി നാലു ശതമാനവും താണപരിധി രണ്ടു ശതമാനവും എന്നാണല്ലോ. ഏതെങ്കിലും സാഹചര്യത്തില്‍ നിശ്ചിത ഉപരിപരിധി ആറു ശതമാനത്തിലെത്തിയാല്‍ തന്നെ ഉപഭോക്തൃ സമൂഹം അതത്ര ഗൗരവമായി പരിഗണിക്കണമെന്നില്ല. എന്നാല്‍ പണപ്പെരുപ്പത്തിന്റെ പരമാവധി ലക്ഷ്യം സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് നാലില്‍ നിന്നും അഞ്ച് ശതമാനമായി ഉയര്‍ത്തുകയും കുറഞ്ഞ പരിധി രണ്ടു ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യാനാണ് തീരുമാനിക്കുന്നതെങ്കിലോ? അങ്ങനെ വന്നാല്‍ ഉപഭോക്താക്കള്‍ അതിനെതിരായി ശക്തമായി പ്രതികരിക്കുകതന്നെ ചെയ്യും.

കാരണം, തന്മൂലം ചില്ലറ വിലനിലവാരം അതിവേഗം കുതിച്ചുയരുകയും സാമാന്യ ജനതയുടെ നിത്യജീവിതം തന്നെ ദുരന്തപൂരിതമാവുകയുമാണ് ചെയ്യുക. ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ടതുകൊണ്ടുതന്നെയായിരിക്കണം കോവിഡ് 19ന്റെ രണ്ടാം വരവ് ഉയര്‍ത്തുന്ന കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്തതിനുശേഷം, ആര്‍ബിഐ അതിന്റെ സമ്പദ്‌വ്യവസ്ഥയിലെ മര്‍മ്മപ്രധാനമായ പദവി മുന്‍നിര്‍ത്തിതന്നെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് പെട്രോളിയം ഉല്പന്നങ്ങള്‍ക്കുമേലുള്ള നികുതിനിരക്കുകള്‍ കുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള ബാധ്യത ആര്‍ബിഐയുടേത് മാത്രമല്ല, ഭരണകൂടങ്ങള്‍കൂടി അത് ഏറ്റെടുക്കണമെന്ന ഓര്‍മ്മപ്പെടുത്തലും കേന്ദ്ര ബാങ്കിന്റെ നടപടിക്ക് ഉപോല്‍ബലകമായിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ചില്ലറ ഇന്ധന വില്പന വില നിലവാരം, നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വില വര്‍ധനവിലേക്കു നയിക്കാതിരിക്കില്ലല്ലോ.

ഇതിന്റെ ആഘാതം ഉപഭോക്തൃ ജീവിതത്തേയും പ്രതികൂലമായി ബാധിക്കും. അതോടെ, ആര്‍ബിഐയുടെ വിശ്വാസ്യതയായിരിക്കും തകര്‍ന്നുപോവുക. ഈ അപകടസാധ്യത വ്യക്തമായി തിരിച്ചറിഞ്ഞാണ‌്‍ ആര്‍ബിഐയുടെ മുന്‍ ഗവര്‍ണര്‍മാരില്‍ നിന്നും ഭിന്നമായി കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതില്‍ അമിതമായ താല്പര്യം പ്രകടമാക്കുന്ന ഇന്നത്തെ ഗവര്‍ണര്‍ ഡോ. ശക്തികാന്ത് ദാസും ഈ വിഷയത്തില്‍ സ്വന്തം കാഴ്ചപ്പാട് ഇടക്കിടെ വ്യക്തമാക്കിവരുന്നത്. അതായത് പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണവിധേയമാക്കുന്നതിനുള്ള ചുമതല റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയത്തിന്റേതു മാത്രമല്ലെന്നും അതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യ ഭരണപരമായ നയങ്ങളും തുല്യ പങ്കുവഹിക്കണമെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വസ്തുനിഷ്ഠ സാഹചര്യത്തിലേക്കാണ് ആര്‍ബിഐ നമ്മെ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത് ആര്‍ബിഐയുടെ മോണിറ്ററി പോളിസിയും സര്‍ക്കാരിന്റെ ഫിസ്ക്കല്‍ പോളിസിയും സംയോജിപ്പിക്കുകവഴി മാത്രമേ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുയര്‍ത്താനും ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും സാധിക്കുകയുള്ളു.

ഈവിധത്തില്‍ രൂപം നല്കപ്പെടേണ്ട നയത്തിന്റെ അനിവാര്യത വ്യക്തമാകുന്നത് ആഗോള സാമ്പത്തിക വികസന മേഖലയില്‍ നിലവിലിരിക്കുന്ന അനിശ്ചിതത്വവും കോവിഡ് ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണിയും ഗൗരവപൂര്‍വം കണക്കിലെടുക്കുമ്പോള്‍ കൂടിയാണ്. ആര്‍ബിഐയുടെ ഏറ്റവുമൊടുവിലത്തെ പണനയവും പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനവും (2021 ഏപ്രില്‍ എട്ട്) കേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രീതി ഉറപ്പാക്കാനായിരിക്കണം, നടപ്പു ധനകാര്യവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 10.5 ശതമാനമായിരിക്കുമെന്ന പ്രവചനം നടത്തിയിരിക്കുന്നത്. നാണയനിധിയുടേതായ 11 ശതമാനത്തില്‍ അല്പം താഴെയാണ് ഇതെന്നു മാത്രമേയുള്ളു. അതേ അവസരത്തില്‍ ഐഎംഎഫിന്റെ പ്രാഥമിക ഉല്പന്നങ്ങളുടേതായ വിലസൂചിക ഓഗസ്റ്റ് 2020നും ഫെബ്രുവരി 2021 നും ഇടയ്ക്ക് 29 ശതമാനമായിരുന്നു എന്ന കണ്ടെത്തല്‍ ആര്‍ബിഐയുടെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷകള്‍ക്കുപോലും ഭീഷണിയാണെന്നു കരുതേണ്ടിവരുന്നു.

മാത്രമല്ല, വളര്‍ച്ചാ സംബന്ധമായി നിലവിലിരിക്കുന്ന അപകടസാധ്യതകളുടെ പശ്ചാത്തലത്തില്‍ ‘അക്കൊമോഡേറ്റീവ്’ — അയവേറിയതും ഉള്‍ക്കൊള്ളുന്നതുമായ ധനകാര്യ സാഹചര്യങ്ങള്‍ ഉറപ്പാക്കാനുള്ള ബാധ്യത ആര്‍ബിഐ ഏറ്റെടുക്കേണ്ടിവരുകയും ചെയ്യും. ലിക്വിഡിറ്റി ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത് സര്‍ക്കാരിന് ആറു ട്രില്യണ്‍ രൂപയോളം അധിക വായ്പ അനുവദിച്ചിട്ടുണ്ട്. ഇനിയും ഈ ഔദാര്യം തുടര്‍ന്നും നിലനിര്‍ത്തേണ്ടതായും വന്നേക്കാം. സര്‍ക്കാരിനുള്ള സഹായത്തിന്റെ ഭാഗമായി തുറന്ന വിപണിവായ്പാ പ്രവര്‍ത്തനങ്ങള്‍ (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്) വന്‍തോതില്‍ നടത്താനും ആര്‍ബിഐ പ്രേരിതമാകാം. ഇതിന്റെ ഭാഗമായി നടപ്പു ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ഒരുകോടി മൂല്യമുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളാണ് ആര്‍ബിഐ വിപണിയില്‍ നിന്നും വാങ്ങിയതെന്നത് പ്രസക്തമാണ്.

അതേസമയം പണപ്പെരുപ്പനിരക്കില്‍ ഉറപ്പുള്ള കുതിപ്പ് ഉണ്ടാകുമെന്ന സാഹചര്യം നിലവിലിരിക്കെ, ഒരു പരിധിക്കപ്പുറം കേന്ദ്ര ബാങ്കിന് കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ സമ്പദ‌്‌വ്യവസ്ഥയിലെ ലിക്വിഡിറ്റി ഉയര്‍ത്താന്‍ കഴിയില്ല. കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ശക്തിയോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ആശയവിനിമയത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍, ഇതിനോടൊപ്പം ഒരു അനുബന്ധമെന്ന നിലയില്‍ അദ്ദേഹം വ്യക്തമാക്കിയത് ഇതിന്റെ പേരില്‍ ഒരു ലോക്ഡൗണിലേക്ക് നീങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് അത്തരമൊരു നടപടി താങ്ങാനുള്ള കരുത്ത് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തുറന്നു സമ്മതിക്കാനും മോഡി നിര്‍ബന്ധിതനായി.

മറ്റൊരു പ്രധാന വസ്തുത പണപ്പെരുപ്പം എന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിലവിലുള്ള സാഹചര്യത്തിന്റെ മാത്രം സൃഷ്ടിയല്ല എന്നതാണ്. ആര്‍ബിഐ കൃത്യമായി സൂചിപ്പിക്കുന്നതുപോലെ ഇത്തരമൊരു പ്രതിഭാസത്തിനുമേല്‍ ആഗോള സംഭവവികാസങ്ങളുടെ ആഘാതം കൂടിയുണ്ട്. ഇത്തരം ‘സ്പില്‍ ഓവര്‍ ആഘാതങ്ങള്‍’ തടഞ്ഞുനിര്‍ത്തുക സാധ്യമല്ല. നാണയനിധിയുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ആഗോള സാമ്പത്തിക കാഴ്ചപ്പാടിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ ആദ്യഘട്ടത്തില്‍ കോവിഡ് അടിച്ചേല്പിച്ച കനത്ത ആഘാതത്തില്‍ നിന്നും കരകയറിയതോടെ അവിടങ്ങളിലെ പണപ്പെരുപ്പ സാധ്യതകളില്‍ നേരിയതോതിലുള്ള ആശ്വാസം ഉണ്ടായിരിക്കുന്നു എന്നാണ്. അതേസമയം ഈ അനുകൂല സാഹചര്യം എത്രനാള്‍ തുടരുമെന്ന് ഉറപ്പിക്കാനും സാധ്യമല്ല.

കാരണം, വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ രൂപം നല്കുന്ന പണനയത്തിന്റെ ലക്ഷ്യം കുറഞ്ഞ ചെലവില്‍ സര്‍ക്കാരിന് പണത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്നതാണെങ്കില്‍ പണപ്പെരുപ്പം തടയുകയും വിലനിലവാരസ്ഥിരത ഉറപ്പാക്കുകയും ചെയ്യുക എന്ന നയസമീപനത്തിനായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നത് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ അതില്‍ നിന്നും വിട്ടുനില്ക്കുക അസാധ്യമായിരിക്കും. ചുരുക്കത്തില്‍ ആര്‍ബിഐക്ക് ഈ ഘട്ടത്തില്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കാനുള്ളത്. അതായത് ഒരുതരം ‘ബാലന്‍സിംഗ് ആക്ട്’ തന്നെ. ഒരുവശത്ത് സാമ്പത്തിക വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ വായ്പാ വര്‍ധനവിനും കളമൊരുക്കുക. മറുവശത്താണെങ്കില്‍, വിലസ്ഥിരതയും ധനകാര്യസ്ഥിരതയും നിലനിര്‍ത്തുക. ഇത് എങ്ങനെ സാധ്യമാകും എന്നത് തല്ക്കാലം ‘ഒരു മില്യണ്‍ ഡോളര്‍ ചോദ്യ’മായി അവശേഷിക്കുകയേയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.