23 April 2024, Tuesday

ജനജീവിതം ദാരിദ്ര്യത്തിലമർന്ന ഇന്ത്യ

കെ പി ശങ്കരദാസ്
November 19, 2021 5:13 am

രാജ്യത്താകമാനം സാധനവില കുതിച്ചുയരുകയാണ്. ജനജീവിതമാകെ ദുരിതത്തിലാഴ്ത്തുന്ന വിലക്കയറ്റം. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഇന്ത്യയിലെ ദാരിദ്യ്ര- തൊഴിലില്ലായ്മ നിരക്ക് വൻതോതിൽ വർധിച്ചതായി ഔദ്യോഗിക രേഖകൾ പറയുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പോൾ രാജ്യത്തെ ശതകോടീശ്വരൻമാർ അവരുടെ ആസ്തികൾ പെരുകിയ ആഹ്ലാദത്തിമിർപ്പിലാണ്. ഈ പ്രതിഭാസത്തിന് വഴിയൊരുക്കിയത് മോഡി സർക്കാരിന്റെ നയങ്ങളാണെന്നതില്‍ തര്‍ക്കമില്ല. വൻകിട മുതലാളിമാർ ഒഴികെ മറ്റെല്ലാ ജനവിഭാഗങ്ങളും കടുത്ത ദാരിദ്ര്യത്തിലകപ്പെട്ട കാലഘട്ടം. പൊതു സമ്പത്തും പൊതുമേഖലാ സ്ഥാപനങ്ങളും കോർപറേറ്റുകൾക്ക് കൈമാറുകയാണ്. പഞ്ചായത്തുകളുടെ ആസ്തികൾ പോലും വിൽക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.

പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ വിലക്കയറ്റം നിയന്ത്രണാതീതമായി. കാർഷിക രംഗവും മത്സ്യബന്ധന മേഖലയുമാണ് കൂടുതൽ പ്രതിസന്ധിക്ക് ഇരയാകുന്നത്. ക്രൂഡ്ഓയിലിന് വിലകൂടുമ്പോൾ ഇന്ധനവില ഉയർത്തുന്ന കേന്ദ്രം, ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോൾ ഇന്ധനവില കുറയ്ക്കാതെ നികുതികള്‍ ഉയര്‍ത്തുന്നു. ഈ പ്രവർത്തന ശൈലി കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരം നല്‍കുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പിന്നാലെയാണ് റേഷൻ മണ്ണെണ്ണക്കും വില വർധിപ്പിച്ചത്. മണ്ണെണ്ണ ലിറ്ററിന് 47 രൂപയിൽ നിന്ന് 55 ആയി ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് ആദ്യമാണ്. കഴിഞ്ഞ വർഷമാണ് മണ്ണെണ്ണയുടെ സബ്സിഡി എടുത്തുകളഞ്ഞത്. സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. കേരളത്തിനു ലഭിക്കുന്ന 9,264 കിലോ ലിറ്റർ വിഹിതം 6,480 ആയി. മണ്ണെണ്ണയുടെ വിലവർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളെയാണ്. ഇവയ്ക്ക് പുറമേ ആദിവാസികളെയും മലയോര മേഖലയിലുള്ളവരേയും പ്രതികൂലമായി ബാധിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുന്നതിനായി എണ്ണക്കമ്പനികള്‍ തുടർന്നുകൊണ്ടിരിക്കുന്ന രീതിശാസ്ത്രം വിചാരണക്കു വിധേയമാക്കേണ്ട ഒന്നാണ്. ക്രൂഡ്ഓയിൽ ഇറക്കുമതി ചെയ്യുമ്പോൾ കൊടുക്കേണ്ടിവരുന്ന വിലയൊടൊപ്പം ഇറക്കുമതി ചുങ്കം, ചരക്കുകൂലി, ഇൻഷുറന്‍ തുക, ബാഷ്പീകരണങ്ങളും അനുബന്ധ ഘടകങ്ങളും അടങ്ങിയ സമുദ്ര നഷ്ടത്തിന് സമാനമായ തുകയും കൂടിച്ചേർത്താണ് എണ്ണക്കമ്പനികൾ പെട്രോളിയം ഉല്പന്നങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുന്നത്. ഇവയെല്ലാം യഥാർത്ഥത്തിലുള്ള തുകകളല്ല. സാങ്കല്പികമായി തിട്ടപ്പെടുത്തുന്ന സംഖ്യകളാണ്. ഇവയോടൊപ്പം കേന്ദ്രസർക്കാർ ചുമത്തുന്ന നീതീകരണമില്ലാത്ത നികുതികളാണ് അവയുടെ വില കുതിച്ചുയരാൻ മറ്റൊരു കാരണം.

 


ഇതുംകൂടി വായിക്കാം; ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടി കിടക്കുമ്പോഴും രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടുന്നു


 

കോൺഗ്രസ് തുടങ്ങിവച്ചതും ബിജെപി വർധിത വീര്യത്തോടെ നടപ്പാക്കിയതുമായ നയമാണ് രാജ്യത്തെ ഇന്ധനവില നിയന്ത്രണമില്ലാതെ ഉയർത്തുന്നത്. കോൺഗ്രസിന്റെ കാലം വരെ വില നിർണയാവകാശം കേന്ദ്രസർക്കാരിനായിരുന്നു ക്രൂഡ് ഓയിലിന്റെ വിലയിലുള്ള വ്യത്യാസത്തിനനുസരിച്ച് ഇന്ധനവിലയിലുള്ള മാറ്റം സർക്കാർ നിയന്ത്രിച്ചിരുന്നു. എണ്ണക്കമ്പനികൾക്ക് നഷ്ടം ഉണ്ടായാൽ അതു നികത്താൻ “ഓയിൽ പൂൾ” അക്കൗണ്ടിൽ നിന്നു സബ്സിഡിയും അനുവദിച്ചുകൊടുക്കുമായിരുന്നു. ക്രൂഡ് ഓയിൽ ഉല്പാദന‑സംസ്കരണ കമ്പനികളുടെ ലാഭത്തിന്റെ ഒരു ഭാഗവും കേന്ദ്രസർക്കാർ പിരിക്കുന്ന നികുതിയുടെ ഒരു വിഹിതവും ഈ അക്കൗണ്ടിൽ സൂക്ഷിക്കുന്നു. ഈ സമ്പ്രദായം മാറ്റി വില നിർണായകാവകാശം എണ്ണക്കമ്പനികൾക്ക് നൽകിയത് കോൺഗ്രസ് സർക്കാരായിരുന്നു. ഗുജറാത്തിൽ റിലയൻസ്, വലിയ എണ്ണ ശുദ്ധീകരണ കമ്പനി സ്ഥാപിച്ചതിനു ശേഷമാണ് ഈ നയം മാറ്റം.
ഇന്ത്യയിൽ നിന്ന് ഖനനം ചെയ്യുന്ന 20 ശതമാനത്തോളം വരുന്ന അസംസ്കൃത എണ്ണയുടെ വില നിശ്ചയിക്കുന്നതും അന്താരാഷ്ട്ര അസംസ്കൃത എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ്. ഈ വില നിർണയരീതി ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ മാത്രമാണ് നിലവിലുളളത്.

ലോകത്ത് വരുമാനത്തിന്റെ വലിയ പങ്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ചെലവഴിക്കുന്ന രാജ്യം ഇന്ത്യയാണ്. മൊത്തം വരുമാനത്തിന്റെ 58 ശതമാനമാണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. ഇതിൽ നിന്നുതന്നെ വിലക്കയറ്റത്തിന്റെ രൂക്ഷത മനസിലാക്കാനാകും. കോർപറേറ്റുകൾക്ക് വേണ്ടത്ര സ്വാതന്ത്യ്രം നൽകിയെങ്കിൽ മാത്രമേ വികസനം സാധ്യമാകൂയെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതിയത് ഈ സമീപനം മുൻനിർത്തിയാണ്. സാധാരണക്കാർക്കും നിർധനർക്കും മേൽ വൻതോതിൽ നികുതിഭാരം അടിച്ചേല്പിക്കുകയും കോർപറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതി ഇളവുകൾ നൽകുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പൊതു നിക്ഷേപം വെട്ടിക്കുറയ്ക്കലും സ്വകാര്യവല്ക്കരണവുമാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. തൊഴിലുറപ്പു പദ്ധതിപോലുള്ള ദാരിദ്യ്രനിർമ്മാർജ്ജന പദ്ധതികളോട് സർക്കാരിന് താല്പര്യമില്ല. ഇതിലേക്കായി അനുവദിക്കാറുള്ള ബജറ്റ് വിഹിതം 34 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കാതെയാണ് നോട്ടു നിരോധനം പോലുള്ള തെറ്റായ പരിഷ്കാരം നടപ്പിലാക്കിയത്. ജിഎസ്‌ടിയും വാണിജ്യ തൊഴിൽ മേഖലയിൽ വൻ ദുരന്തം വിതച്ചു. ചെറുകിട വ്യവസായങ്ങൾ തകർന്നടിഞ്ഞപ്പോൾ വൻകിട മുതലാളിമാർ തടിച്ചു കൊഴുക്കുകയായിരുന്നു. സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന വിധത്തിൽ പെട്രോളിയം ഉല്പന്നങ്ങൾക്കും വിലവർധിച്ചു. ഇത് മോഡിസർക്കാർ പ്രധാന വരുമാന മാർഗമായിക്കാണാൻ തുടങ്ങിയിട്ട് കാലമേറെയായി.

വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 2019 ഡിസംബറിൽ സിലിണ്ടറിന് 720 രൂപ വിലയുള്ളപ്പോഴാണ് സർക്കാർ സബ്സിഡി അവസാനിപ്പിച്ചത്. ഇതുമൂലം കേന്ദ്ര സർക്കാരിനുണ്ടായ നേട്ടം 20,000 കോടി രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പെട്രോളിയം സബ്സിഡി തുക വെട്ടിക്കുറയ്ക്കുകയും ചെയ്തു. പുതിയ വിലവർധനവോടെ ഒരു സിലിണ്ടറിന് 866 രൂപ മുതൽ 870 രൂപവരെയായി. വീട്ടിലെത്തുമ്പോൾ 900 രൂപയിലധികമാകും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 96 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പാചക വാതകത്തിന്റെ ഒരു ശതമാനം പോലും ഇറക്കുമതി ചെയ്യുന്നില്ല. 2014 ൽ ബിജെ.പി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് ലിറ്ററിന് 48 രൂപയും ഡീസലിന് ലിറ്ററിന് 35 രൂപയുമായിരുന്നു. ഇന്നത്തെ വില പെട്രോളിന് ലിറ്ററിന് 103.72 രൂപയും ഡീസലിന് ലിറ്ററിന് 91.49 രൂപയുമായി വർധിച്ചു. ഇന്ത്യയുടെ ഭാവി വ്യവസായ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമാണ് പ്രകൃതി വാതകം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ഊർജ്ജസ്രോതസിലേക്ക് ചുവടുമാറ്റാൻ കഠിന പ്രയത്നത്തിലായിരുന്നു ഇന്ത്യ എന്നാണ് റിപ്പോർട്ട്. ദീപാവലി സമ്മാനമെന്ന പേരിൽ പെട്രോളിനും ഡീസലിനും നാമമാത്രമായ ഇളവു പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ആഘോഷിക്കാനോ ആശ്വസിപ്പിക്കാനോ എന്തെങ്കിലും വകയുണ്ടെന്ന് തോന്നുന്നില്ല. ഒന്നര വർഷത്തിനിടെ ഇന്ധനവിലയിൽ ഭീമമായ വർധന വരുത്തിയശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ചും പത്തും രൂപവീതം കുറച്ചത്. ഇന്ധനവില കുതിച്ചുകയറിയതോടെ കടുത്ത ദാര്യദ്ര്യത്തിലായ ജനങ്ങൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതും വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിടേണ്ടിവന്ന തിരിച്ചടിയുമൊക്കെയാണ് അടിയന്തിരമായി എണ്ണവില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്.

കോവിഡ് വ്യാപനത്തിന് മുമ്പുള്ള എട്ടു വർഷത്തിൽ രാജ്യത്ത് ദരിദ്രരുടെ എണ്ണത്തിൽ എട്ടു കോടിയോളം വർധന. അതിസമ്പന്നരുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോഴാണ് ദാരിദ്യ്രം പെരുകുന്നത്. 2012 മുതൽ 2020 ജൂൺ വരെ ദരിദ്രരുടെ എണ്ണം 7.60 കോടി വർധിച്ചെന്നാണ് റിപ്പോർട്ട്. ദാരിദ്ര്യത്തില്‍ കൂപ്പുകുത്തിയവരിൽ 6.6 കോടിയും ഗ്രാമീണ മേഖലയിലാണ്. രൂക്ഷമായ തൊഴിലില്ലായ്മയാണ് ദാരിദ്യ്രത്തിന്റെ സൃഷ്ടി. തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി ഉയർന്നിരിക്കുകയാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതനമാനമായും ഉയർന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.9 ശതമാനമായും ഉയർന്നു. 1985‑ൽ ഇന്ത്യ പെട്രോളിയം ഉല്പന്നങ്ങളിൽ 75 ശതമാനംവരെ സ്വയംപര്യാപ്തത കൈവരിച്ചിരുന്നു. അത് വർധിപ്പിച്ച് സ്വയം പര്യാപ്തത നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. 1990നു ശേഷം എണ്ണ പര്യവേക്ഷണത്തിന് മതിയായ ഊന്നൽ നല്കിയില്ലെന്നതാണ് യാഥാർത്ഥ്യം. കണ്ടെത്തിയ പലതും ഇന്നും ഉപയോഗിക്കുന്നില്ല. ഒഎൻജിസി കണ്ടെത്തിയ പല എണ്ണ നിക്ഷേപങ്ങളും റിലയൻസിനും ഗെയിൽ ഇന്ത്യക്കും മറ്റും വിട്ടുനല്കി. 1960ലാണ് ഇന്ത്യയിലെ ഒന്നാമത്തെ എണ്ണ വാതക നിക്ഷേപം കണ്ടെത്തിയത്. ഗുജറാത്തിലെ അലങ്കേവരിൽ നർമ്മദാ നദിയുടെ തീരത്ത് “വസുധാര’ എന്ന നാമകരണത്തിൽ അറിയപ്പെടുന്നു. 1956‑ൽ രൂപീകരിച്ച ഒഎൻജിസി സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് എണ്ണ ഖനനം നടത്തിയത്. സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണം പൊതുമേഖലയിൽ തന്നെ നിലനിർത്തിയാൽ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകുവെന്നും സ്വകാര്യമേഖലയുടെ ലക്ഷ്യം എപ്പോഴും ലാഭത്തിലധിഷ്ടിതമായിരിക്കും എന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ നൂറു ശതമാനവും ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ഏഴു വർഷക്കാലത്തെ അനുഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.