25 April 2024, Thursday

ഇന്ത്യൻ നഗരങ്ങൾ ഗ്രാമങ്ങളെക്കാൾ ദുരിതത്തിൽ

ഗ്യാന്‍ പഥക്
September 24, 2021 4:32 am

ന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർക്ക് നാം ആസ്തിയെന്ന് വിളിക്കുന്നതൊന്നും തന്നെ — ഭൗതികമോ ധനമോ ആയതൊന്നും — ഇല്ലാത്ത സ്ഥിതിയാണ്. സ്വന്തമായുള്ള ശരീരവും ജീവിതവുമല്ലാതെ മറ്റൊന്നും അവർക്ക് ഇല്ലതന്നെ. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് അവർ. അതുകൊണ്ടുതന്നെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ലഭിക്കുകയെന്ന ചോദ്യം പോലും ഉദിക്കുന്നില്ല. കാരുണ്യസ്ഥാപനങ്ങളിൽ നിന്ന് ചെറിയ സഹായം കിട്ടിയാൽ അതുതന്നെ ആശ്വാസം. നഗരങ്ങളിലാണ് ഈ വിഭാഗം കൂടുതലായുള്ളത്. ഗ്രാമങ്ങളിൽ 0.2 ശതമാനമാണെങ്കിൽ നഗരങ്ങളിൽ അത് രണ്ടുശതമാനം കുടുംബങ്ങളാണ്.

നഗരങ്ങളിലെ 14.6 ശതമാനം കുടുംബങ്ങളും ഭൗതികസ്വത്തുക്കൾ ഇല്ലാത്തവരാണെങ്കിൽ 5.3 ശതമാനത്തിനും സാമ്പത്തിക ആസ്തിയുമില്ല. ഗ്രാമങ്ങളിൽ ഇത് യഥാക്രമം 2.5, 3.5 ശതമാനം വീതമാണ്. ഈ കണക്കുകൾ അടുത്ത കാലത്ത് പുറത്തുവന്ന 2019 ലെ കടബാധ്യതകളും നിക്ഷേപങ്ങളും സംബന്ധിച്ച നാഷണൽ സാമ്പിൾ സർവേയുടെ 77ാമത് റിപ്പോർട്ടിലുള്ളതാണ്. കോവിഡ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതിന് മുമ്പുള്ള കണക്കുകളാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സ്ഥിതി കൂടുതൽ ഗുരുതരമായിരിക്കുമെന്നതിൽ സംശയമില്ല. ഈ സാഹചര്യം സൃഷ്ടിക്കുന്നതിൽ സർക്കാരിന്റെ നിസംഗാവസ്ഥ നിഷേധിക്കാനാകാത്തതാണ്. നരേന്ദ്ര മോഡി സർക്കാർ അവകാശപ്പെടുന്നതുപോലെ രാജ്യത്തിനുവേണ്ടി വലിയ സേവനങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അവയൊന്നുംതന്നെ സാധാരണക്കാരിൽ എത്തിച്ചേരുന്നില്ല, അല്ലെങ്കിൽ സാധാരണ ജനങ്ങൾ സർക്കാരിനാൽ അവഗണിക്കപ്പെടുകയാണ്.

 


ഇതുകൂടി വായിക്കു:ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടി കിടക്കുമ്പോഴും രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടുന്നു


 

ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ശരാശരി ആസ്തി 15,92,000 രൂപയാണ്. ശരാശരി ഭൗതിക ആസ്തി 15,20,000 രൂപയും സാമ്പത്തിക ആസ്തി 7,26,000 രൂപയായും കണക്കാക്കുന്നു. ഇതിൽ 69 ശതമാനം ഭൂമി, 22 ശതമാനം കെട്ടിടം, അഞ്ചു ശതമാനം നിക്ഷേപം, നാലു ശതമാനം മറ്റുള്ളവ എന്നിങ്ങനെയാണ് വിഭജിക്കപ്പെടുന്നത്. നഗരങ്ങളിൽ കുടുംബത്തിന്റെ ശരാശരി ആസ്തി 27,17,000രൂപയാണെന്നാണ് കണക്കാക്കുന്നത്. ശരാശരി ഭൗതിക ആസ്തി 24,65,000 രൂപ, സാമ്പത്തിക ആസ്തി 25,18,000 രൂപ എന്നിങ്ങനെയുമാണ്. ഇതിൽ ഭൂമിയുടെ ആസ്തി വിഹിതം 49,കെട്ടിടത്തിന് 33,നിക്ഷേപത്തിന് ഒമ്പത്, മറ്റുള്ളവയ്ക്ക് നാലു ശതമാനം എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. ആദിവാസി, ദളിത്, മറ്റ് പിന്നാക്ക വിഭാഗം, മറ്റുള്ളർ എന്നിങ്ങനെ കുടുംബങ്ങളെ നാലുവിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ 1.2, നഗങ്ങളിലെ 6.3 ശതമാനം ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു തരത്തിലുള്ള ആസ്തിയുമില്ല. ഈ വിഭാഗത്തിന്റെ ശരാശരി ആസ്തി ഗ്രാമങ്ങളിൽ 8,84,000, നഗരങ്ങളിൽ 18,90, 000 രൂപ വീതമാണ്.

ദളിതരെ സംബന്ധിച്ചാണെങ്കിൽ ഗ്രാമങ്ങളിൽ 0. 7,നഗരങ്ങളിൽ 3.4 ശതമാനത്തിന് ആസ്തികളൊന്നുമില്ല. ഈ വിഭാഗത്തിന്റെ ശരാശരി ആസ്തി ഗ്രാമങ്ങളിൽ 8,79,000, നഗരങ്ങളിൽ 13,15,000 രൂപയാണ്. ഇതിൽ നിന്ന് ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ആസ്തിയുള്ള ആദിവാസികളുടെ ശതമാനം ദളിതരെക്കാൾ കുറവാണെന്ന് കാണാവുന്നതാണ്. കുടുംബങ്ങളുടെ ശരാശരി ആസ്തി കണക്കാക്കിയാലും ഗ്രാമങ്ങളിലും നഗരങ്ങളിലും ദളിതരെക്കാൾ ആദിവാസികൾ പിറകിലാണെന്നും കാണുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ സ്ഥിതി മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടതാണ്. ഗ്രാമങ്ങളിലെ 0. 4,നഗരങ്ങളിലെ 1.2 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് യാതൊരു വിധത്തിലുമുള്ള ആസ്തിയില്ലാത്തത്. കുടുംബത്തിന്റെ ശരാശരി ആസ്തിയാകട്ടെ ഗ്രാമങ്ങളിൽ 16,45,000, നഗരങ്ങളിൽ 21,20,000 രൂപയെന്നാണ് കണക്കാക്കിയത്. ഇത് ആദിവാസി, ദളിത് വിഭാഗങ്ങളെക്കാൾ മെച്ചപ്പെട്ടതാണെന്ന് പറയാവുന്നതാണ്.

മറ്റു വിഭാഗങ്ങളിലുള്ള 0.6 ശതമാനത്തിന് ഗ്രാമങ്ങളിലും രണ്ടുശതമാനത്തിന് നഗരങ്ങളിലും സ്വന്തമായി ആസ്തികളൊന്നും തന്നെയില്ല. കുടുംബങ്ങളുടെ ശരാശരി ആസ്തിയാകട്ടെ ഗ്രാമങ്ങളിൽ 26,03,000 രൂപയും നഗങ്ങളിൽ 40,54,000രൂപയുമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിന്റെ ആസ്തി ശതമാനക്കണക്കിൽ താഴെയാണെങ്കിലും മൂല്യത്തിൽ ഉയർന്ന നിരക്കിലാണ് എന്ന് കാണാവുന്നതാണ്. ഗ്രാമീണ കുടുംബങ്ങളെ കൃഷിക്കാർ, അല്ലാത്തവർ എന്ന രണ്ടു വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. കൃഷിക്കാരല്ലാത്തവരെന്ന വിഭാഗത്തിലെ കുടുംബങ്ങളിൽ 1.4 ശതമാനത്തിനും ആസ്തിയൊന്നുമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കർഷക കുടുംബങ്ങളുടെ 22,07,000രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ആസ്തിയുള്ള കർഷകരല്ലാത്ത കുടുംബങ്ങളുടെ ആസ്തി മൂല്യം 7,85,000 രൂപയാണ്.

 


ഇതുകൂടി വായിക്കു: ഭക്ഷ്യസുരക്ഷാ സൂചിക; കേരളത്തിന്റെ നേട്ടവും ഉയരുന്ന ആശങ്കകളും


 

സ്വയം തൊഴിലെടുക്കുന്നവർ, അല്ലാത്തവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് നഗരങ്ങളിലെ കുടുംബ വിഭജനം. സ്വയംതൊഴിലെടുക്കുന്നവരിലെ 0.3 ശതമാനത്തിനും ആസ്തി ഒന്നും തന്നെയില്ല. ആസ്തിയുള്ളവരുടേതിന്റെ മൂല്യം കണക്കാക്കിയാൽ 41,51,000 രൂപയാണ്. മറ്റു വിഭാഗങ്ങളിൽ ആസ്തിയൊന്നുമില്ലാത്തത് 2.7 ശതമാനം പേർക്കും ആസ്തിയുള്ളവരുടേതിന്റെ മൂല്യം 22,11,000 രൂപയുമാണ്. ഗ്രാമീണ ജനസംഖ്യയിലെ 35 ശതമാനത്തിനും കടബാധ്യതയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരാശരി കടബാധ്യതയാകട്ടെ 59,748 രൂപയും. കർഷക കുടുംബങ്ങൾക്കിടയിലെ കടബാധ്യതാ ശതമാനം 40. 3 ആണ്. കർഷകരല്ലാത്ത കുടുംബങ്ങളുടെ ബാധ്യത 28.2ശതമാനവും.

നഗര കുടുംബങ്ങളിൽ 22 ശതമാനം കടബാധ്യതയുള്ളവരും ശരാശരി കുടുംബ കടബാധ്യത 1,20,336 രൂപയുമാണ്. സ്വയംതൊഴിലെടുക്കുന്ന വിഭാഗങ്ങളിലെ കടബാധ്യത 27.5 ശതമാനമാണെങ്കിൽ മറ്റിതര വിഭാഗങ്ങളിൽ 20. 6 ശതമാനമാണ്. കടബാധ്യത സംബന്ധിച്ച് സംസ്ഥാനാന്തര വ്യത്യാസങ്ങളുമുണ്ട്. ആന്ധ്രപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിൽ കടബാധ്യതാ നിരക്ക് 35ശതമാനമാണെങ്കിൽ ഡൽഹി, മേഘാലയ, നാഗാലാൻഡ്, ഡാമൻ ദിയു, ലക്ഷദ്വീപ്, നാഗർ ഹവേലി തുടങ്ങിയസംസ്ഥാന — കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പത്തുശതമാനത്തിൽ താഴെയാണ് കടബാധ്യതാ നിരക്ക്. ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നഗരങ്ങളിലെ കടബാധ്യതാ നിരക്ക് 35 ശതമാനത്തിന് മുകളിലുള്ളത്. ഡൽഹി, മേഘാലയ, ഛത്തീസ്ഗഢ്, ഡാമൻ ദിയു എന്നിവിടങ്ങളിലെ നഗരമേഖലയിൽ കടബാധ്യതാ നിരക്ക് പത്തുശതമാനത്തിൽ താഴെയാണ്. കടബാധ്യതാ മൂല്യം ഗ്രാമങ്ങളിൽ 3.8 ശതമാനവും നഗരങ്ങളിൽ 4.4 ശതമാനവുമാണ്.

ഈ കണക്കുകൾ രാജ്യത്ത് നിലനില്ക്കുന്ന ഭീഷണമായ സാഹചര്യത്തെയാണ് തുറന്നുകാട്ടുന്നത്. കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളും മറ്റും കൂടുതൽ സ്ഥിതിഗതികൾ രൂക്ഷമാക്കിയിട്ടുണ്ടെന്നും വ്യക്തമാണ്. അസാധാരണമായ പ്രത്യാഘാതങ്ങളാണ് സമ്പദ്ഘടനയ്ക്കുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും അടിയന്തരമായ ഇടപെടലുകൾ ആവശ്യമായ ഗുരുതരമായ അവസ്ഥയിലാണ്. ഗ്രാമങ്ങളിൽ മാത്രമല്ല നഗരങ്ങളിലും വലിയവിഭാഗം ദുരിതത്തിലാണെന്നത് യാഥാർത്ഥ്യമാണ്.

(ഇന്ത്യ പ്രസ് ഏജൻസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.