Janayugom Online
People stand in queues at a polling station to cast their votes- janayugom

അപകടാവസ്ഥയിലായ ഇന്ത്യന്‍ ജനാധിപത്യം

Web Desk
Posted on July 17, 2018, 10:30 pm

2014 മെയ് മാസത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനുമുന്‍പ് ഒരു ദശാബ്ദത്തിലേറെക്കാലം അദ്ദേഹത്തിന് ഒരു വലതുപക്ഷ ശക്തിമാന്റെ പ്രതിച്ഛായയാണുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സംബന്ധിച്ചുള്ള ആശങ്ക പല കോണുകളില്‍ നിന്നും ഉയര്‍ത്തപ്പെടുകയുണ്ടായി. ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിന്റെ അധികാരം പിടിച്ചതിന് ശേഷം രാജ്യത്തെ വലിയ വിഭാഗം സംസ്ഥാനങ്ങളിലെയും ഭരണം ബിജെപി പിടിച്ചടക്കിയത് പ്രസ്തുത ആശങ്ക വര്‍ധിപ്പിക്കാനിടയാക്കി.
ഭരണത്തിലെത്തി നാലു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല അവസ്ഥയെ കുറിച്ച് വിശദമായൊരു പഠനം ചില ഭയപ്പാടുകളാണ് ഉയര്‍ത്തുന്നത്. ലോകത്തെ ഏറ്റവും ജനാധിപത്യ രാജ്യമായ ഇന്ത്യ ഗുരുതരമായ പ്രതിസന്ധിയിലാണെന്നതാണ് ഭയപ്പാടിലെ പ്രധാനവശം.
സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗത്തിലെ 2,500 ലധികം വിദഗ്ധരടങ്ങിയ സംഘം ജനാധിപത്യത്തിന്റെ വ്യത്യസ്തതകള്‍ എന്ന പേരില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ കഴിഞ്ഞ മെയ് 28 ന് റിപ്പോര്‍ട്ടായി പുറത്തുവന്നിട്ടുണ്ട്.
ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തെയും ജനാധിപത്യ പ്രക്രിയ ദുര്‍ബലമാണെന്നാണ് പഠന റിപ്പോര്‍ട്ടിലെ പ്രധാന നിഗമനം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യം പിറകോട്ടടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഭൂമിയിലെ 250 കോടിയോളം ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്.
ഇതില്‍ ഇന്ത്യയെ കുറിച്ചുള്ള ഭാഗം പ്രസക്തമാണ്. രാജ്യത്തെ ഉദാര ജനാധിപത്യ വ്യവസ്ഥയുടെ എല്ലാ സൂചികകളിലും വലിയ തകര്‍ച്ചയാണുണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

ഉദാര ജനാധിപത്യ സൂചികയില്‍ മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യവും പൊതു സമൂഹമാകെയും കടന്നാക്രമണത്തിന് വിധേയമാകുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനാധിപത്യത്തിന്റെ ഉദാരതയും തെരഞ്ഞെടുപ്പിന്റെ സ്വഭാവവുമാണ് ഉദാര ജനാധിപത്യ സൂചികയുടെ പരിഗണനാ മാനദണ്ഡമായി കണക്കാക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ, വ്യക്തികളുടെ അവകാശവും സ്ഥാപനങ്ങളുടെ തുല്യതയോടുമൊപ്പം സര്‍ക്കാരിന്റെ പരിശോധനയും സന്തുലിതാവസ്ഥയും എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.
ഉദാര ജനാധിപത്യ സൂചികയില്‍ ഇന്ത്യ 81 -ാം സ്ഥാനത്താണ് നില്‍ക്കുന്നത്. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ശ്രീലങ്കയും നേപ്പാളും ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. എല്ലാത്തിനുമപ്പുറം 2014 ന് ശേഷമുള്ള കാലയളവില്‍ ഇന്ത്യ ഈ സൂചികയില്‍ പ്രകടമായ പിറകോട്ട് പോക്ക് നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. 2010 ല്‍ ഇന്ത്യയുടെ റാങ്കിങ് 0.54 ന് മുകളിലായിരുന്നുവെങ്കില്‍ 2017 ല്‍ അത് 0.43 ല്‍ എത്തി നില്‍ക്കുകയാണ്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ യഥാസമയത്ത് ഒരു പരിധിവരെ സ്വതന്ത്രവും നീതിപൂര്‍വകവുമായി തന്നെ നടക്കുന്നുവെങ്കിലും എന്തുകൊണ്ടാണ് ഈ ഭ്രംശം സംഭവിക്കുന്നത്. ഇന്ത്യയുടെ മോശമായ പ്രകടനത്തിന് കാരണമാകുന്നത് സംവിധാനത്തിന്റെ ഉദാരസമീപനങ്ങളുടെ അഭാവം തന്നെയാണ്. ” ഒരു ഹിന്ദു ദേശീയ സര്‍ക്കാറിന്റെ അധികാരാരോഹണത്തോടെ മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും നേരെയുള്ള കയ്യേറ്റം തെക്കന്‍ ഗോളത്തിലെ ദൈര്‍ഘ്യമേറിയതും ജനസാന്ദ്രതയുള്ളതുമായ രാജ്യത്തെ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു രാജ്യത്തിന്റെ വ്യവസ്ഥയുടെ ഉദാരഘടകങ്ങളുടെ സൂചിക നിശ്ചയിക്കുന്നതിന് വ്യക്തികളുടെയും ന്യൂനപക്ഷത്തിന്റെയും അവകാശസംരക്ഷണം, രാഷ്ട്രീയ സംവിധാനത്തില്‍ ഇടപെടുന്നവരുടെ പ്രകടനം എന്നിവയാണ് പരിഗണിക്കുന്നത്.ഈ സൂചികയിലും ഇന്ത്യ വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. 2010 ല്‍ സൂചിക 0.75 ആയിരുന്നുവെങ്കില്‍ 2014 ല്‍ അത് 0.78 വരെയായി ഉയര്‍ന്നു. എന്നാല്‍ 2015 ല്‍ 0.73ന് അടുത്തും , 2016 ല്‍ 0.74 ന് മുകളിലുമാവുകയും 2017 ല്‍ 0.72 ആയി കുറയുകയും ചെയ്യുകയാണുണ്ടായത്.
സൂചികയില്‍ ഇന്ത്യ പിറകോട്ട് പോകുന്നതിനുള്ള രണ്ടു സുപ്രധാന ഘടകങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയും പൊതുപ്രവര്‍ത്തകര്‍ക്കുനേരെയും നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ചുവരുന്ന കടന്നാക്രമങ്ങളാണ്. ഈ രണ്ടു ഘടകങ്ങളുടെയും സൂചികകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അഭിപ്രായ സ്വാതന്ത്ര്യ സൂചിക 2010 ല്‍ 0.85, 2011 ല്‍ 0.85. 2012ല്‍ 0.82, 2013 ല്‍ 0.85 എന്നിങ്ങനെ ആയിരുന്നുവെങ്കില്‍ 2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അത് ക്രമാതീതമായി താഴ്ന്ന് യഥാക്രമം 0.8, 0.7, 0.69, 0.59 എന്ന നിലയിലെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യ സൂചിക ബിജെപി സര്‍ക്കാരിന്റെ കാലത്ത് കുത്തനെ ഇടിഞ്ഞു. 2014 ന് ശേഷം താഴോട്ട് പോയതിന്റെ തോത് കണക്കാക്കിയാല്‍ അത് 27 ശതമാനത്തിലധികമാണ്.
”സാമൂഹ്യ സംഘടനകളുടെയും സര്‍ക്കാരിതര സംഘടന(എന്‍ജിഒ)കളുടെയും രൂപീകരണവും നിലനില്‍പും കര്‍ശനമായി നിയന്ത്രിക്കുന്നിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നു. ഇതിനായി വിദേശ ഫണ്ടിങ് നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) പോലുള്ളവ ഉപയോഗിച്ച് എന്‍ജിഒ കള്‍ക്കെതിരെ നടപടിയെടുക്കുന്നു. 2017 ല്‍ മനുഷ്യാവകാശ രംഗത്തും പരിസ്ഥിതി പ്രശ്‌നങ്ങളിലും പ്രധാനമായും ഇടപെടുന്ന സാമൂഹ്യസംഘടനകള്‍ക്ക് അംഗീകാരം (ലൈസന്‍സ്) നഷ്ടമായി. അതിന് ശേഷം 13,000 സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മൂന്നംഗ പ്രത്യേക സംഘം എഫ്‌സിആര്‍എ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. സര്‍ക്കാരിന്റെ പിന്‍ബലത്തിലുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പൊതു, രാഷ്ട്രീയ, സാമൂഹ്യ, മനുഷ്യാവകാശ, പരിസ്ഥിതി, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിശബ്ദമാക്കുന്നതിനാണ് ഇവ ഉപയോഗിക്കപ്പെടുന്നതെന്ന് അവകാശപ്പെട്ടാണ് അവര്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.” എന്ന് ഇന്ത്യയിലെ സാമൂഹ്യ സംഘടനകളുടെ സാന്നിധ്യം നഷ്ടമാകുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യസംഘടന പങ്കാളിത്തമെന്ന സൂചികയില്‍ ഇത് വ്യക്തവുമാണ്. 2010 ല്‍ 0.8 ലധികമായിരുന്നു സൂചികയെങ്കില്‍ 2013 വരെ അതേ നിലയില്‍ തുടരുകയും 2014 ല്‍ 0.69 എന്ന നിലയിലേക്ക് താഴുകയും ചെയ്തു. 2015 ല്‍ 0.68 ലേക്ക് എത്തിയ സൂചിക 2017 ല്‍ 0.64 ലാണ് നില്‍ക്കുന്നത്. 1975 ലെ അടിയന്തരാവസ്ഥകാലവും ഇപ്പോഴത്തെ ഏകാധിപത്യ സ്വഭാവവും തമ്മില്‍ സമാനതകളുണ്ടെന്നാണ് പല വ്യാഖ്യാതാക്കളും വിമര്‍ശനമുയര്‍ത്തുന്നതെങ്കിലും മോഡിയുടെ സ്ഥിതി അത്തരമൊരവസ്ഥയിലെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഈ പ്രവണത തിരുത്തപ്പെടുമോ അല്ലെങ്കില്‍ 1975–77 കാലത്തെ ഇടവേളയിലുണ്ടായതുപോലെ ഇന്ത്യ സ്വേചാധിപത്യപരമായ ഭരണസംവിധാനത്തെ പ്രതിരോധിക്കുമോ എന്നത് വരുംനാളുകളില്‍ കാണാനിരിക്കുന്നതേയുള്ളൂ. എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും കടുത്ത ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന സന്ദേശമാണ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.

(സ്‌ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സുഹൈബ് ദാനിയേലിന്റെ കുറിപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയത്)