റയില്‍വേ വികസനം: കേരളം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം

Web Desk
Posted on December 28, 2018, 10:34 pm

മോഡി ഭരണത്തില്‍ സാധാരണക്കാരായ യാത്രക്കാര്‍ നേരിടേണ്ടിവരുന്ന കടുത്ത അവഗണനയോടും ദുരിതത്തോടുമുള്ള രൂക്ഷമായ പ്രതികരണമാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും സംസ്ഥാനത്തെ മുന്‍ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയുമായിരുന്ന ലക്ഷ്മികാന്ത ചാവളയിലൂടെ പുറത്തുവന്നത്. നിരവധി മണിക്കൂറുകള്‍ വൈകി ഓടുന്ന യാത്രാട്രെയിനുകള്‍, ഭക്ഷണവും കുടിവെള്ളവും പോലും ലഭ്യമാകാത്ത അവസ്ഥ, ഏറ്റവും പ്രാഥമികമായ യാത്രാസൗകര്യങ്ങള്‍ പോലുമില്ലാത്ത കോച്ചുകള്‍ തുടങ്ങിയവ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നാണ് ചാവളയുടെ പ്രതികരണം നല്‍കുന്ന സൂചന. മോഡി ഭരണത്തില്‍ ആര്‍ക്കാണ് ‘അച്ഛാ ദിന്‍’ ഉണ്ടായതെന്ന് അവര്‍ ചോദിക്കുന്നു.

രാജധാനി, ശതാബ്ദി ട്രെയിനുകള്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ളതാണെന്നും ‘ദൈവത്തെ ഓര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ മറക്കണമെന്നും’ അവര്‍ മോഡിയോടും റയില്‍മന്ത്രി പീയൂഷ് ഗോയലിനോടും പറയുന്നു. ഇത് ചാവളയുടെ മാത്രം രോഷമല്ല. കേരളത്തിലെ സാധാരണക്കാരായ റയില്‍ യാത്രക്കാരുള്‍പ്പെടെ ഇന്ത്യന്‍ റയില്‍ യാത്രികരായ ദശലക്ഷക്കണക്കിന് പൗരന്‍മാരുടെ പരാതിയാണ്. കേരളത്തിലെ റയില്‍ യാത്രക്കാരും സംസ്ഥാന സര്‍ക്കാരും എംപിമാരടക്കം ജനപ്രതിനിധികളും നിരന്തരം ഉന്നയിച്ചുപോരുന്ന പരാതികള്‍ കേന്ദ്ര ബിജെപി ഭരണകൂടത്തിനു മുന്നില്‍ വനരോദനമായി മാറുന്നു. റയില്‍ യാത്രാ രംഗത്ത് ഏതു ഭരണം വന്നാലും കേരളത്തിന് ലഭിക്കുന്നത് നിരന്തരമായ അവഗണനയാണ്. വികസന പദ്ധതികളുടെ കാര്യക്ഷമവും സമയബന്ധിതവുമായ നിര്‍വഹണത്തില്‍ യാതൊന്നും ചെയ്യാന്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രഭരണകൂടത്തിന്റെയൊ റയില്‍ മന്ത്രാലയത്തിന്റെയൊ ഭാഗത്തു നിന്നുണ്ടായാല്‍ തന്നെ ഉദേ്യാഗസ്ഥതലത്തില്‍ അവ നിര്‍ഭയം അട്ടിമറിക്കപ്പെടുന്നു. പ്രതിഷേധങ്ങളും ഒച്ചപ്പാടുകളും ഉയരുമ്പോള്‍ നല്‍കുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് മാസങ്ങളായി വൈകിയോടുന്ന കേരളത്തിലെ ആഭ്യന്തര ട്രെയിന്‍ സര്‍വീസുകളുടെ അവസ്ഥ. ആധുനിക ലിങ്ക്‌ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുകള്‍ ലഭ്യമാക്കിയിട്ടും ആറ് മാസങ്ങള്‍ക്ക് ശേഷവും അവ ഇനിയും പൂര്‍ണമായും ഉപയോഗയോഗ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഉദേ്യാഗസ്ഥ വീഴ്ചയല്ലെങ്കില്‍ മറ്റെന്താണെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം. തിരുവനന്തപുരം ഡിവിഷനിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ പിടിപ്പുകേടാണ് അതിനുപിന്നിലെന്ന് ആരോപിക്കുന്നവര്‍ അത് എന്തുകൊണ്ട് അപരിഹാര്യമായി തുടരുന്നുവെന്നുകൂടി പറയണം.

റയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളം ശിലായുഗത്തിലാണ്. ഫണ്ടിന്റെ അഭാവമാണ് അതിനുകാരണമെന്ന് പറയുന്നവര്‍ അനുവദിക്കപ്പെട്ട ഫണ്ടിന്റെ സമയബന്ധിതമായ വിനിയോഗത്തില്‍ വരുന്ന ഗുരുതര വീഴ്ചകളെപ്പറ്റി നിശബ്ദത പാലിക്കുന്നു. ഫണ്ടിന്റെ ലഭ്യതയെക്കാളുപരി ആധുനീകരണ‑വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളത്തോടു കാട്ടുന്ന ആസൂത്രിത ഉദാസീനതയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. അതുതന്നെയാണ് ഫണ്ട് ലഭ്യതയുടെ കുറവിനും പദ്ധതികള്‍ അനുവദിക്കുന്നതില്‍ പ്രകടമാകുന്ന അവഗണനക്കും കാരണം. അത് കേരളത്തിന്റെ റയില്‍വെ വികസനത്തോടുള്ള ദക്ഷിണ റയില്‍വേയുടെ നയസമീപനത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ദക്ഷിണ റയില്‍വേ സോണില്‍ ഗണ്യമായ വരുമാനം സംഭാവന ചെയ്യുന്ന തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ കടുത്ത വിവേചനത്തെയാണ് നേരിടുന്നത്. ദക്ഷിണ റയില്‍വേ സോണിനായി അനുവദിക്കുന്ന ഫണ്ടില്‍ സിംഹഭാഗവും ചെന്നൈ ഡിവിഷനില്‍ മാത്രം ചെലവിടുന്ന അത്യന്തം വിവേചനപരമായ സമീപനമാണ് കാലങ്ങളായി തുടര്‍ന്നുവരുന്നത്. ആ ഡിവിഷനില്‍ മാത്രം 150 കിലോമീറ്റര്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് പൂര്‍ത്തിയായി. 120 കിലോമീറ്റര്‍ മൂന്ന്, നാലുവരി പാതകളായി മാറിക്കഴിഞ്ഞു. മുപ്പതിലധികം ട്രെയിനുകള്‍ ആധുനിക എല്‍എച്ച്ബി കോച്ചുകളുപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. ട്രിച്ചി, മധുര, സേലം ഡിവിഷനുകളിലും ഗണ്യമായ പുരോഗതി സമയബന്ധിതമായി നടപ്പാക്കി കഴിഞ്ഞു. അതേസമയം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തീകരിക്കാനാവാതെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ റയില്‍ ഗതാഗതം വീര്‍പ്പുമുട്ടുകയാണ്. ഇത്തരം വിവേചനപരമായ നടപടികളില്‍ സമയോചിതമായ ഇടപെടല്‍ നടത്താന്‍ റയില്‍ മന്ത്രാലയമോ കേന്ദ്രഭരണമോ തയാറാകുന്നില്ല. അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയമായ മുന്‍വിധികളും പരിഗണനകളുമാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

രാജ്യത്ത് നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അതുതന്നെ മലയാളിയുടെ യാത്രാ ആവശ്യങ്ങളിലേക്കും ഔല്‍സുക്യത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. അത് കണക്കിലെടുത്ത് രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്നതും ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാരും റയില്‍മന്ത്രാലയവും പ്രതികരിക്കണം. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന പ്രസ്ഥാനങ്ങളും മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവച്ച് കേരളത്തിന്റെ റയില്‍വെ വികസനത്തിനായി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. അതുമാത്രമെ കരണീയമായിട്ടുള്ളു എന്നാണ് ദശകങ്ങളായുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നത്.