അഡ്വ. വി ബി ബിനു

ജനറല്‍ സെക്രട്ടറി, ഐപ്സോ സംസ്ഥാന കൗണ്‍സില്‍

June 12, 2021, 4:40 am

ഇസ്രയേല്‍ — പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്ക് കളങ്കം ചാര്‍ത്തിയ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വോട്ടിങ്

Janayugom Online

ലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രയേല്‍ നടത്തിയ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് പതിനൊന്നു ദിവസം നീണ്ടുനിന്ന സംഘര്‍ഷം. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ സംഘര്‍ഷത്തെ സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നത് രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായയ്ക്ക് കളങ്കവും നിരാശയുമാണ് ഉളവാക്കിയത്. മാതൃരാജ്യത്ത് സ്വസ്ഥമായി കഴിയാനുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തോടൊപ്പമാണ് ഇക്കാലമത്രയും ഇന്ത്യ നിലകൊണ്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ അക്രമം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷന്‍ മിഷേല്‍ ബാഷ്‌ലെ പരസ്യമായ നിലപാട് എടുത്തിരുന്നു. ജനീവ ആസ്ഥാനമായ കൗണ്‍സിലില്‍ 47 അംഗരാഷ്ട്രങ്ങളാണ് ഉള്ളത്.

ഇന്ത്യയടക്കം 14 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ റഷ്യയും ചൈനയുമടക്കം 24 രാഷ്ട്രങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത് പ്രമേയം പാസാക്കുകയാണുണ്ടായത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ജനാധിപത്യരാഷ്ട്രങ്ങളൊന്നാകെ പിന്തുണച്ച് പ്രമേയം പാസാക്കിക്കഴിഞ്ഞിട്ടും ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രമേയം അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം മുമ്പ്, മെയ് 16ന് യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രയേല്‍ കടന്നുകയറ്റത്തില്‍ നടത്തിയ പ്രതികരണത്തില്‍ ഘടകവിരുദ്ധമായ നിലപാടാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ വന്നപ്പോള്‍ ഇന്ത്യ എടുത്തത്. മലക്കംമറിഞ്ഞ ഇന്ത്യന്‍ നിലപാടിന്മേല്‍ പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് മാല്‍ക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ സംസ്കാരത്തിനുതന്നെ വലിയ അപമാനമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഒരു വ്യക്തിയുടെ സ്വഭാവം വിലയിരുത്തണമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലാക്കിയാല്‍ മതിയെന്ന അഭിപ്രായം ഇവിടെ പ്രസക്തമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ‍ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രധാനമന്ത്രി ജെയ്ര്‍ ബൊള്‍സൊനാരൊ എന്നിവരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുപ്പവും സൗഹൃദവും ലോകം പലതവണ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഏതു ഹീനമായ പ്രവൃത്തിയും ചെയ്യുവാന്‍ മടിയില്ലാത്തവരാണ് മോഡിയുടെ ഈ ചങ്ങാതിമാര്‍. വിസ്താരഭയത്താല്‍ ട്രംപിന്റെയും ബൊള്‍സൊനാരൊയുടെയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ജനാധിപത്യവിരുദ്ധമായ നിലപാടുകളെക്കുറിച്ചും വിശദീകരിക്കുന്നില്ല. മോഡിഭരണത്തില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍പട്ടികകളാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളും കര്‍ഷക പ്രക്ഷോഭണത്തിലെടുത്ത നിലപാടുകളും കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും.

അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അധികാരം നഷ്ടപ്പെട്ടാല്‍ കല്‍ത്തുറുങ്കായിരിക്കും ഫലം എന്ന് മനസിലാക്കി അദ്ദേഹം മനഃപൂര്‍വം സൃഷ്ടിച്ചതാണ് ഇപ്പോഴുണ്ടായ ഇസ്രയേല്‍ — പലസ്തീന്‍ സംഘര്‍ഷം. കഴി‍ഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇസ്രയേലില്‍ നടന്ന നാലു പൊതു തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഉള്‍പ്പെടെ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും കിട്ടാതെവരികയും പ്രതിപക്ഷത്തെ എട്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ നെതന്യാഹുവിനെ പുറത്താക്കുക എന്ന മിനിമം പരിപാടിയില്‍ യോജിക്കുകയും ചെയ്തപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പലസ്തീനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും യുദ്ധസാഹചര്യം സൃഷ്ടിച്ച് ദേശീയത ഉണര്‍ത്തി അധികാരത്തില്‍ തുടരാനുള്ള ഫാസിസ്റ്റ് ഭരണാധികാരിയുടെ നടപടിയാണ് നെതന്യാഹു നടത്തിയത്.

മെയ് 10ന് പൊടുന്നനെ പലസ്തീനുമായി ഇത്ര വലിയ ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന്റെ സാഹചര്യം എന്തായിരുന്നു? ഐക്യരാഷ്ട്രസഭാതീരുമാനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് പലസ്തീന്‍ ജനതയ്ക്കുനേരെ നടന്ന കുടിയൊഴിപ്പിക്കല്‍ നീതീകരിക്കാവുന്നതല്ല. 5,000ത്തിലധികം മുസ്‌ലിം വിശ്വാസികള്‍ പലസ്തീനിലെ പ്രശസ്തമായ അല്‍അക്‌സ പള്ളിയില്‍ പ്രാര്‍ത്ഥനയിലിരിക്കവെ പള്ളിക്കകത്ത് അതിക്രമിച്ചു കടന്ന് ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിക്കുന്നത്. മക്കയും മദീനയും കഴിഞ്ഞാല്‍ മുസ്‌ലിം ജനവിഭാഗത്തിന്റെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണ് അല്‍ അക്‌സ പള്ളി. തുടര്‍ന്ന് 10 ദിവസം നടന്ന സംഘര്‍ഷവും അതിക്രമവും മാനവരാശി ദര്‍ശിച്ച കൊടും ക്രൂരതയാണ്. ഗാസയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് 1800 മിസൈലുകളാണ് ഇസ്രയേല്‍ വര്‍ഷിച്ചത്. 61 കുട്ടികളും 38 സ്ത്രീകളും അടക്കം നിരപരാധികളായ 243 പലസ്തീന്‍കാരെ ഇസ്രയേല്‍ കൊലചെയ്തു. 1900 പേര്‍ക്ക് മാരകമായി മുറിവേറ്റു. 16,800 വീടുകള്‍ തകര്‍ത്തു. പലസ്തീന്‍ ജനതയുടെ ആശുപത്രികളും സ്കൂളുകളും പൊതുമാര്‍ക്കറ്റുകളും മാധ്യമ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു.

ആര്‍ത്തു നിലവിളിച്ച് കരയുന്ന മനുഷ്യജീവികളുടെ രോദന ശബ്ദത്തെ പോര്‍വിമാനങ്ങളുടെയും ഷെല്‍ ആക്രമണങ്ങളുടെയും ശബ്ദം കീഴ്പ്പെടുത്തുന്ന ദിനങ്ങളാണ് കടന്നുപോയത്. ഹമാസ് 4,000, റോക്കറ്റുകള്‍ കൊണ്ട് തിരിച്ചടിച്ചതിന്റെ ഫലമായി സൗമ്യ സന്തോഷ് എന്ന മലയാളി ആരോഗ്യപ്രവര്‍ത്തക അടക്കം മൂന്നു വിദേശികള്‍ക്കും 12 ഇസ്രയേല്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സ്വന്തം വീടും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ച് പതിനായിരക്കണക്കിന് പലസ്തീന്‍ ജനത അഭയാര്‍ത്ഥികളായി മാറി. പതിനൊന്നാം ദിവസം വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടുവെങ്കിലും ഇസ്രയേല്‍ — പലസ്തീന്‍ പ്രശ്ന പരിഹാരത്തിന് ഒട്ടും ആശ്വാസം നല്കുന്നതല്ല നിലവിലെ സാഹചര്യം. സ്വതന്ത്ര പലസ്തീന്റെ അധികാരങ്ങളും അവകാശങ്ങളും ബഹുമാനിച്ചുകൊണ്ടുള്ള സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഇക്കാലമത്രയും ഇന്ത്യയെടുത്തുവന്ന നിലപാട്. ഇതിനുവിരുദ്ധമായ നിലപാടുകള്‍ ഇന്ത്യയുടെ പ്രതിഛായയ്ക്ക് കളങ്കം ചാര്‍ത്തുന്നതാണ്.