പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സാക്ഷാത്കാരത്തിലേക്ക്

Web Desk
Posted on February 28, 2019, 10:26 pm

കെ രാജു

തൃശൂരില്‍ നിലവിലുള്ള കാഴ്ചബംഗ്ലാവ് സ്റ്റേറ്റ് മ്യൂസിയവും മൃഗശാലയും ചേര്‍ന്ന് കേവലം 13 ഏക്കറിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അത് വിശാലമായ പുത്തൂര്‍ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ആശയത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. 1914 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് നിലവിലുള്ള മൃഗശാല. ഇവിടെ സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയുള്‍പ്പെടെ 64 ഇനങ്ങളിലായി 511 ജീവികളുണ്ട്. കേന്ദ്ര സൂ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഈ മൃഗശാല ഇവിടെ നിന്നും വിശാലമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരില്‍ നിന്നും 1994 ല്‍ തന്നെ ഉണ്ടായെങ്കിലും പല കാരണങ്ങളാലും പദ്ധതി മുന്നോട്ടു പോയില്ല.

തൃശൂര്‍ വനം ഡിവിഷനിലെ പട്ടിക്കാട് റെയ്ഞ്ചില്‍ 136.85 ഹെക്ടര്‍ വനഭൂമിയിലേക്ക് അത് മാറ്റി സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ മാസ്റ്റര്‍പ്ലാന്‍ ആസ്‌ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കൊയുടെ നേതൃത്വത്തില്‍ തയ്യാറാക്കുകയും ചെയ്‌തെങ്കിലും നിരവധി കടമ്പകള്‍ കാരണം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും അത് എങ്ങുമെത്താത്ത നിലയിലായിരുന്നു. വനഭൂമി വിട്ടുകിട്ടുക എന്നതായിരുന്നു പ്രധാന വിഷയം. കേന്ദ്ര സൂ അതോറിറ്റിയുടെ അംഗീകാരവും ആവശ്യമായിരുന്നു. 338 ഏക്കര്‍ വനഭൂമിയില്‍ ഒരു സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള അംഗീകാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചെങ്കിലും പ്രാഥമിക പദ്ധതിരേഖപ്രകാരം കണക്കാക്കിയ 150 കോടി രൂപയുടെ പദ്ധതിച്ചെലവ് സംസ്ഥാന ബജറ്റിലൂടെ കണ്ടെത്തുക അസാദ്ധ്യമായിരുന്നു. മാത്രവുമല്ല കേന്ദ്ര വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിക്കായി 2012 കാലഘട്ടത്തില്‍ നടത്തിയ ശ്രമവും ഫലപ്രാപ്തിയിലെത്തിയില്ല.

കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് തന്നെ ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ്. രണ്ടു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനു തീര്‍പ്പു കല്‍പ്പിക്കേണ്ടതിന്റെ ഭാഗമായി 2016–17 ലെ പുതുക്കിയ ബജറ്റില്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ച് പ്രഖ്യാപനം ഉണ്ടായി.
സംസ്ഥാന ബജറ്റ് വിഹിതമുപയോഗിച്ചുള്ള ഒന്നാംഘട്ട പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 14-02-2018 ല്‍ ഞാന്‍ നിര്‍വഹിക്കുകയുണ്ടായി. അതനുസരിച്ച് 30 കോടി ചെലവില്‍ 4 കൂടുകള്‍, ഇതുമായി ബന്ധപ്പെട്ട റോഡുകള്‍, സന്ദര്‍ശക പാതകള്‍ തുടങ്ങിയവയുടെ പണി ഊര്‍ജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിന്റെ അടങ്കല്‍ 45 കോടി രൂപയാണ്. ഇതില്‍ 17.97 കോടി രൂപ 2018–19 വരെ ലഭ്യമായിക്കഴിഞ്ഞു. ക്വാര്‍ട്ടേഴ്‌സുകളുടെ രണ്ടു ബ്ലോക്കുകളുടെ പണി കഴിഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ പണി ആരംഭിച്ചു. മറ്റു ജോലികളുടെ ടെണ്ടര്‍ 27.02.2019‑നു പൂര്‍ത്തിയായി. ബാക്കി ജോലികള്‍ രണ്ടു ഘട്ടങ്ങളായി തിരിച്ച് കിഫ്ബിയിലേക്കു സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തയ്യാറാക്കപ്പെട്ട വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബി വിലയിരുത്തുകയും 02–06-2018‑ല്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം ആദ്യഘട്ടത്തിന് 112.18 കോടി രൂപ അനുവദിക്കുകയുമുണ്ടായി. ഈ ഘട്ടത്തിലെ ജോലികളുടെ നിര്‍മാണോദ്ഘാടനമാണ് നാളെ കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
ഈ പദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് മൃഗങ്ങളെ അവയുടെ തനതു ആവാസ വ്യവസ്ഥയില്‍ പാര്‍പ്പിക്കുന്നതിനുള്ള തുറസായ 23 വാസ സ്ഥലങ്ങള്‍, പാര്‍ക്കിങ് സൗകര്യം, സര്‍വീസ് റോഡുകള്‍, ട്രാംറോഡ്, സന്ദര്‍ശക പാതകള്‍, റിസപ്ഷന്‍ ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, ഗാര്‍ഡനിങ്, ലാന്റ് സ്‌കേപിങ്, വൃക്ഷവല്‍ക്കരണം, കഫ്റ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്‌സുകള്‍, വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുവാനുള്ള അധുനിക ഭക്ഷണശാലകള്‍ എന്നിവയാണ്.

മൃഗങ്ങള്‍ക്കുള്ള 11 വാസ സ്ഥലങ്ങള്‍, കോമ്പൗണ്ട് മതില്‍, ടോയ്‌ലറ്റ് ബ്‌ളോക്കുകള്‍, ട്രാം സ്റ്റേഷനുകള്‍ , സര്‍വീസ് റോഡ്, ട്രാം റോഡ് എന്നിവയുടെ ഫിനിഷിങ്, ഇലക്ട്രിഫിക്കേഷന്‍, ജലവിതരണം, മഴവെള്ള ശേഖരണം, സീവേജ് ട്രീറ്റ്‌മെന്റ്, ലാന്റ് സ്‌കേപിങ്, സ്ഥലം ഏറ്റെടുക്കല്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തിന് 183.82 കോടി രൂപയുടെ ‘ഭരണാനുമതി 08.08.2018‑ല്‍ ലഭിച്ചു. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ 05.02.2019‑ലെ ഉത്തരവിലൂടെ കിഫ്ബി ഈ ഘട്ടത്തിന് 157.57 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതില്‍പ്പെടുന്ന മണലിപ്പുഴയില്‍ നിന്നും പാര്‍ക്കിലേക്കുള്ള ജലവിതരണ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി വഴിയും മറ്റു ജോലികള്‍ സിപിഡബഌുഡി വഴിയുമാണ് നിര്‍വഹിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് വേനല്‍ മാസങ്ങളില്‍ മണലിപ്പുഴയില്‍ നിന്നും 1 ലക്ഷം ലിറ്റര്‍ വെള്ളമേ ലഭിക്കുകയുള്ളൂ. ദൈനംദിനാവശ്യം 4 ലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതിനായി മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് പദ്ധതി പ്രദേശത്തിനു സമീപമുള്ള നാലു പാറമടകളും, ഒരു വെറ്റ്‌ലാന്‍ഡുമുള്‍പ്പെടെ 4,6854 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക് ‘ഭരണാനുമതി 19.12.2018‑ല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ നടന്നുവരുന്നു.

സുവോളജിക്കല്‍ പാര്‍ക്ക് കോമ്പൗണ്ടിലെ വൃക്ഷവല്‍ക്കരണത്തിനുള്ള തൈകള്‍ ചാലക്കുടി വനവികസന ഏജന്‍സി വഴി തയ്യാറാക്കിവരുന്നു. ഒരു വര്‍ഷം പ്രായമുള്ള തൈകളാണ് നടുന്നത്. 20000 എണ്ണം വിവിധ ഇനം മുളകളുടേയും 24000 എണ്ണം പന വൃക്ഷത്തില്‍പ്പെട്ട തൈകളുടേയും ഉല്‍പാദനം കേരള വനവികസന ഗവേഷണ കേന്ദ്രത്തില്‍ നടന്നുവരുന്നു. പാര്‍ക്ക് കോമ്പൗണ്ടില്‍ സ്ഥിരമായി ഹോര്‍ട്ടിക്കള്‍ച്ചര്‍ നേഴ്‌സറി സ്ഥാപിക്കുന്നതിനുള്ള മരാമത്തു പണികളും നടക്കുന്നുണ്ട്.

ഇപ്പോള്‍ ഇവിടെ തയാറാക്കുന്നത് ഇപ്പോള്‍ തൃശ്ശൂര്‍ മൃഗശാലയില്‍ 64 വിവിധ ഇനങ്ങളിലായുള്ള 511 സസ്തനികള്‍, ഉരഗങ്ങള്‍, പറവകള്‍, ഉഭയജീവികള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും പുതുതായി ഇവിടേക്കു കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉള്‍പ്പെടെയാണ്. വിവിധയിനം പക്ഷികള്‍ക്കായി 3 പ്രത്യേക വാസ സ്ഥലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുള്ള ജീവികളെ 2020 അവസാനത്തോടെ ഈ സുവോളജിക്കല്‍ പാര്‍ക്കിലേക്കു മാറ്റുവാന്‍ കഴിയും.

ഈ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര സൂ അതോറിറ്റി, പരിസ്ഥിതി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ അനുമതികളും ഇതിനോടകം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ വസ്തുതയാണ്.
പുത്തൂരില്‍ നിലവില്‍ വരുന്നത് മൃഗങ്ങളുടെ തുറസായ വാസ സ്ഥലങ്ങളുടെ വിഷയത്തില്‍ ഏറ്റവും പുതിയ രൂപ കല്‍പനയോടെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സൂവോളജിക്കല്‍ പാര്‍ക്കാണ്. ഇന്ത്യയില്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ആദ്യ പാര്‍ക്കായിരിക്കും ഇത്. കൂടാതെ ഈ പാര്‍ക്ക് പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ സസ്യ ജൈവവൈവിധ്യത്തിലും മറ്റു സൂവോളജിക്കല്‍ പാര്‍ക്കുകള്‍ക്ക് മാതൃകയായിരിക്കും.
ഇപ്പോഴത്തെ ലക്ഷ്യമനുസരിച്ച് 2020 അവസാനത്തോടെ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല പുത്തൂരിലേക്കു മാറ്റി പ്രവര്‍ത്തനമാരംഭിക്കുവാന്‍ കഴിയും. തൃശൂര്‍ നിവാസികളുടെ രണ്ട് ദശാബ്ദമായുള്ള കാത്തിരിപ്പിന് വിരാമമിടാന്‍ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സാധിക്കുമെന്ന് പറയാന്‍ അഭിമാനമുണ്ട്.