19 April 2024, Friday

ഭക്ഷ്യസുരക്ഷാ സൂചിക; കേരളത്തിന്റെ നേട്ടവും ഉയരുന്ന ആശങ്കകളും

ഡോ. ജോമോന്‍ മാത്യു
September 23, 2021 4:50 am

ക്ഷ്യസുരക്ഷയിൽ സുപ്രധാനമായൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഉപഭോക്തൃസംസ്ഥാനമായ കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സെപ്റ്റംബർ 20ന് പുറത്തിറക്കിയ 2020–21 ലെ ഭക്ഷ്യസുരക്ഷാ റാങ്കിങിൽ വലിയ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന് രണ്ടാം സ്ഥാനം. സൂചികയിൽ 72 പോയിന്റുകളോടെ ഗുജറാത്ത് ഒന്നാമതും 70 പോയിന്റുകളോടെ കേരളം രണ്ടാം സ്ഥാനത്തും നിൽക്കുമ്പോൾ തമിഴ്‌നാട് (64 പോയിന്റ്), ഒഡീഷ (60 പോയിന്റ്) എന്നീ സംസ്ഥാനങ്ങൾ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാമത്. ഭക്ഷ്യസുരക്ഷാ നടപടികളിൽ മികച്ച പ്രകടനം നടത്താൻ കേരളത്തിന് കഴിയുമ്പോഴും ചില ആശങ്കകൾ കൂടി സൂചിക ബാക്കി വയ്ക്കുന്നുണ്ട്.

ഭക്ഷ്യ സുരക്ഷാ സൂചിക
2018–19 മുതലാണ് കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ സൂചിക പുറത്തിറക്കാൻ തുടങ്ങിയത്. സുപ്രധാനമായ അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്. മാനവ വിഭവശേഷിയും സ്ഥാപന ഡേറ്റയും (20 ശതമാനം ഊന്നൽ) — സംസ്ഥാനങ്ങളുടെ വലുപ്പം ജനസംഖ്യ എന്നിവയ്ക്കനുസൃതമായി ആവാസവ്യവസ്ഥയും ഉദ്യോഗസ്ഥ പങ്കാളിത്തവും ഈ മാനദണ്ഡം പരിശോധിക്കുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം, പരാതികൾക്കുള്ള സൗകര്യങ്ങൾ, ട്രൈബ്യൂണലുകൾ, സംസ്ഥാന ജില്ലാതല സ്റ്റിയറിങ് കമ്മിറ്റികളുടെ പ്രവർത്തനം തുടങ്ങിയവയെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു.

 


ഇതുകൂടി വായിക്കു:ഭക്ഷ്യ സുരക്ഷയില്‍ കേരളം മുന്നില്‍; സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം


അനുസരണം (30 ശതമാനം ഊന്നൽ) — ഏറ്റവുമധികം ഊന്നൽ നൽകപ്പെട്ടിട്ടുള്ള ഈ മാനദണ്ഡപ്രകാരം ഭക്ഷ്യബിസിനസ് എത്രമാത്രം ലൈസൻസ്/രജിസ്ട്രേഷൻ പരിധിയിൽ വന്നിട്ടുണ്ട് എന്ന് പരിശോധിക്കുന്നു. ലൈസൻസിങ്, കാര്യക്ഷമത, നിരീക്ഷണം, സുരക്ഷിതമല്ലാത്ത ഭക്ഷ്യബിസിനസ് സ്ഥാപനങ്ങളിലെ പരിശോധന, സാമ്പിളുകളുടെ എണ്ണം, പരിശോധനാ രീതി, പരാതി പരിഹാരവേഗത, വെബ്പോർട്ടൽ ഉൾപ്പെടെയുള്ള ഹെൽപ്പ് ഡെസ്ക് സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു.
ഭക്ഷ്യപരിശോധന (20 ശതമാനം ഊന്നൽ) — ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, സാമ്പിൾ പരിശോധന സംവിധാനങ്ങൾ, അതിനാവശ്യമായ മനുഷ്യശേഷി, ലാബുകൾ (എൻഎബിഎൽ അംഗീകൃത ലാബുകൾ), സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് സൗകര്യം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ മാനദണ്ഡം പ്രവർത്തിക്കുന്നത്.

 

 

പരിശീലനവും കാര്യശേഷി വർധനവും (10 ശതമാനം ഊന്നൽ) — ഭക്ഷ്യസുരക്ഷാ രംഗത്തുള്ള ഉദ്യോഗസ്ഥർ, ലബോറട്ടറി സ്റ്റാഫ് എന്നിവർക്കായുള്ള പരിശീലനം, ശില്പശാലകൾ, പരിശീലനങ്ങളുടെ എണ്ണം തുടങ്ങിയവയാണ് ഈ മാനദണ്ഡം പരിശോധിക്കുന്നത്.
ഉപഭോക്തൃശാക്തീകരണം (20 ശതമാനം ഊന്നൽ)- ഉപഭോക്തൃ ശാക്തീകരണത്തിന്റെ തോത് വിലയിരുത്തുകയാണ് ഈ മാനദണ്ഡത്തിലൂടെ ചെയ്യുന്നത്. റസ്റ്റോറന്റുകളിലെ ശുചിത്വ നിലവാരം, പാചകം ചെയ്ത എണ്ണയുടെ പുനരുപയോഗം, പാതയോര ഭക്ഷണശാലകളുടെ വൃത്തി തുടങ്ങിയവയ്ക്കൊപ്പം ഉപഭാക്തൃ ബോധവൽക്കരണത്തിനായുള്ള സർക്കാർ ശമങ്ങളും ഈ മാനദണ്ഡത്തിൽ ഇടംപിടിക്കുന്നുണ്ട്.

 


ഇതുകൂടി വായിക്കു:സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സൗജന്യ ഭക്ഷ്യക്കിറ്റ് മുടക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ


മുൻവർഷത്തെക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് കയറുമ്പോൾ അതിൽ നിശ്ചയമായും അഭിമാനിക്കാനേറെയുണ്ട്. എന്നാൽ പട്ടികയിൽ പരാമർശിക്കുന്ന മാനദണ്ഡങ്ങൾ ചില ആശങ്ക കൂടി ഉയർത്തുന്നു. സൂചിക നിശ്ചയിക്കുന്ന 5 ൽ 4 മാനദണ്ഡങ്ങളിലും കേരളം മികച്ച പ്രകടനം നടത്തുമ്പോൾ, ഉപഭോക്തൃ ശാക്തീകരണത്തിൽ നാമേറെ പിന്നിലാണ്. വ്യക്തമായി പറഞ്ഞാൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലുള്ള (20-ാം സ്ഥാനത്തുള്ള) ബിഹാർപോലും ഉപഭോക്തൃ ശാക്തീകരണത്തിൽ 12 പോയിന്റുകൾ നേടിയിടത്താണ് കേരളത്തിന്റെ 10 പോയിന്റ് എന്നത് ആശങ്കയും സംശയവും ജനിപ്പിക്കുന്നത്.
സാക്ഷരതയിലും ആരോഗ്യസൂചകങ്ങളിലും ഏറെ മുന്നിലുള്ള നമ്മുടെ പൊതുഇട ഭക്ഷണശാലകളിലെ ശുചിത്വവും ഉപഭോക്തൃ ബോധവൽക്കരണവും ഏറെ മുന്നേറാനുണ്ടെന്ന സൂചനകൂടിയാണ് ഭക്ഷ്യസുരക്ഷാ സൂചിക ചൂണ്ടിക്കാട്ടുന്നത്.

ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പടികൂടി
രാജ്യത്തെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം ഫലപ്രദമായി നടപ്പാക്കുവാൻ ക്രിയാത്മകയി പ്രവർത്തിക്കാൻ ‘ഫുഡ് സേഫ്റ്റി കേരള’ നിവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്, ഓപ്പറേഷൻ സാഗർ റാണി, ഭക്ഷ്യസുരക്ഷാ ലാബുകൾ എന്നിവയൊക്കെ സംയോജിപ്പിക്കാൻ ‘ഭക്ഷ്യസുരക്ഷാ ഭവന്’ കഴിയുന്നുണ്ട്.

ശരിയായ ഭക്ഷണവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കൂടി കടമയാണല്ലോ. ജങ്ക് ഫുഡ് ഉൾപ്പടെയുള്ള അനാരോഗ്യ ഭക്ഷണശീലങ്ങൾ, ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം, പാതയോര തട്ടുകടകൾ ഉൾപ്പടെയുള്ള റസ്റ്റോറന്റുകളിലെ ശുചിത്വം എന്നിവയെല്ലാം സംബന്ധിച്ച സമഗ്രമായൊരു ബോധവൽക്കരണ പദ്ധതിയും, ആവശ്യമെങ്കിൽ കർക്കശമായ നിയമങ്ങളും ഉണ്ടാകണം.
പരാതി/നിർദ്ദേശങ്ങൾക്കായി ഉപഭോക്തൃ സൗഹൃദ ‘മൊബൈൽ ആപ്പ്’, പോർട്ടൽ എന്നിവയും തുറന്നിടണം. ഭക്ഷ്യ സുരക്ഷയിലെ കേരളത്തിന്റെ നേട്ടങ്ങൾ നിസാരമല്ല. എങ്കിലും ഓർക്കുക, ആരോഗ്യ കേരളത്തിലേക്കുള്ള ഏറ്റവും മികച്ച നിക്ഷേപമാണ് സുരക്ഷിത ഭക്ഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.