സത്യൻ മൊകേരി

എൽഡിഎഫ് ഗവൺമെന്റിന്റെ ബദൽ സാമ്പത്തിക രാഷ്ട്രീയ ആരോഗ്യ ഇടപെടൽ- ഭാഗം2

March 24, 2020, 5:45 am

അതിജീവനത്തിന്റെ കേരള മാതൃക

Janayugom Online

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംസ്ഥാനത്തെ സഹായിക്കണമെന്ന് നിരന്തരമായി കേരളം ആവശ്യപ്പെട്ടിട്ടും അതൊന്നും തന്നെ ചെവിക്കൊള്ളാന്‍ കേന്ദ്രം ഇതുവരെ തയാറായില്ല. കേരളത്തിന് ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണമെന്ന് നമ്മള്‍‍ നിരവധി തവണ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വായ്പപോലും എടുക്കുവാന്‍ കേന്ദ്രം അനുവാദം നല്കുന്നില്ല. നെല്ല് സംഭരണയിനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നല്കേണ്ടിയിരുന്ന സംഖ്യയില്‍ 520 കോടി രൂപ ഇപ്പോഴും ബാക്കിയാണ്. ഈ പണം കര്‍ഷര്‍ക്ക് ലഭിക്കേണ്ടതാണ്. ഇതുമൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഏറെയാണ്. സാമ്പത്തികമായി കേരളം ഏറെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാനം കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത്.

ലോകത്തിന് തന്നെ മാതൃക ആകുന്ന രീതിയിലുള്ള നടപടികളാണ് വൈറസ് വ്യാപനത്തെ തടയുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയുടെ ഉന്നത നീതിപീഠമായ സുപ്രീംകോടതി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത് ഏറെ ശ്രദ്ധേയമാണ്. കോവിഡ് 19 സൃഷ്ടിച്ച ആരോഗ്യ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമാണ് ആ സമ്മേളനത്തില്‍ ഉണ്ടായിരുന്നത്. പ്രസ്തുത സമ്മേളനത്തിന്റെ മുമ്പാകെ കൊറോണ വൈറസ് ഉയര്‍ത്തുന്ന രോഗവ്യാപനങ്ങളും അതു തടയുന്നതിന് സ്വീകരിക്കേണ്ടുന്ന നടപടികളും സംബന്ധമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയത് കേരള ആരോഗ്യ പ്രിന്‍സിപ്പല്‍‍ സെക്രട്ടറിയായ ഡോ. രാജന്‍ എന്‍ ഖോബ്രഗഡയെ ആയിരുന്നു. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്ന ഒന്നായി കേരള ഗവണ്‍മെന്റ് വിജയപ്രദമായി സ്വീകരിച്ച നടപടികളാണ്, കേരള ആരോഗ്യ പ്രിന്‍സിപ്പല്‍‍ സെക്രട്ടറിക്ക് ഇത്തരം ഒരു അവസരം ലഭിക്കുന്നതിന് ഇടയായത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍ മുതല്‍ താഴെ തട്ടിലുളള ജീവനക്കാര്‍ വരെ രാവും പകലും പ്രവര്‍ത്തിക്കുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും അവലോകനം നടത്തുന്നു. അതിനുശേഷം വിവരങ്ങള്‍ പത്രസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിക്കുന്നു. ജനങ്ങള്‍ കാണിക്കേണ്ടുന്ന ജാഗ്രതയെ കുറിച്ച് തുടര്‍ച്ചയായി മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുന്നു. കേരളം ഒറ്റക്കെട്ടായാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്. കേരളം ഒറ്റക്കെട്ടാണ് എന്ന സന്ദേശമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നല്കുന്നത്. ആരോഗ്യ മേഖലയില്‍ മാത്രമല്ല കൊറോണ വൈറസ് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചത് എന്ന കാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന ഗവണ്‍മെന്റും മനസിലാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് 20,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടു. ദേശീയ മാധ്യമങ്ങള്‍ കേരള ഗവണ്‍മെന്റിന്റെ നടപടികളെ പ്രകീര്‍ത്തിക്കുവാന്‍ മുന്നോട്ടുവന്നു.

മാതൃകാപരമായ നടപടികള്‍‍ എന്നാണ് വിവിധ സാമ്പത്തിക‑സാമൂഹ്യ‑രാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ വിശേഷിപ്പിച്ചത്. സംസ്ഥാനം ഏറെ സാമ്പത്തിക പ്രയാസത്തില്‍ ആയിട്ടും പരമാവധി പണം കണ്ടെത്തിയാണ് 20,000 കോടി രൂപയുടെ പാക്കേജിന് രൂപം നല്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സാധാരണ ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ജനങ്ങളുടെ ജീവിതത്തെ സജീവമാക്കുന്നതിനും ഉതകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിത്. ഇടതുപക്ഷം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി തന്നെ ഉത്തേജക പാക്കേജിനെയും കാണാവുന്നതാണ്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്ന ഇത്തരം പദ്ധതികളിലൂടെ സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ നല്കും. രണ്ടു മാസം കൊണ്ട് നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും. കൂടാതെ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് രണ്ടായിരം കോടി രൂപയുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏപ്രില്‍, മെയ് മാസത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കും. ഓരോ മാസവും ആയിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.

രണ്ട് മാസംകൊണ്ട് രണ്ടായിരം കോടി രൂപ തൊഴിലുറപ്പ് തൊഴിലാളികളിലേയ്ക്ക‍് ഈ പദ്ധതിയിലൂടെ എത്തിച്ചേരും. നാട്ടിന്‍പുറത്തെ ഇന്നത്തെ സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് ഒരു പരിധിവരെ ആശ്വാസം നല്കുാന്‍ ഇതിലൂടെ കഴിയും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രണ്ട് മാസത്തെ തുക ഈ മാസം തന്നെ നല്കും. അതിലൂടെ 1,320 കോടി രൂപയാണ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുക. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങാത്ത എപിഎല്‍, ബിപിഎല്‍, അന്ത്യോദയ കുടുംബങ്ങള്‍ക്ക് ജീവിക്കാന്‍ സഹായിക്കാനായി ആയിരം രൂപവീതം ദിവസം നല്കും. ഇതിനായി മൊത്തം പ്രതീക്ഷിക്കുന്നത് നൂറു കോടി രൂപയാണ്. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ നല്കും. ബിപിഎല്‍ അന്ത്യോദയ വിഭാഗത്തില്‍ പുറത്തുള്ള കുടുംബങ്ങള്‍ക്ക് പത്ത് കിലോ ഭക്ഷ്യധാന്യം നല്കുന്നതിനാണ് തീരുമാനം. ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത് 100 കോടി രൂപയാണ്. 500 കോടി രൂപ ആരോഗ്യ മേഖലയ്ക്ക് നീക്കിവച്ചിട്ടുണ്ട്. മരുന്ന് ഉള്‍പ്പെടെ വാങ്ങാന്‍ കഴിയുന്നതിനാണ് ഈ പണം ചെലവഴിക്കുക.

ഏപ്രില്‍ മാസത്തോടെ ആയിരം ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിനായി 50 കോടി രൂപയാണ് നീക്കിവച്ചത്. 14,000 കോടി രൂപ, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി കുടിശികയിനത്തില്‍ നല്കുന്നുണ്ട്. വാഹന-ഗതാഗത മേഖലയ്ക്ക് സംരക്ഷണമെന്ന നിലയില്‍ ഓട്ടോ-ടാക്സി മേഖലയില്‍ ഫിറ്റ്നസ് ടാക്സില്‍ ഇളവുകള്‍‍ അനുവദിക്കാനും തയാറായിട്ടുണ്ട്. ടൂറിസ്റ്റ് ബസുകള്‍ക്കും യാത്രാ ബസുകള്‍ക്കും മൂന്നുമാസത്തെ നികുതിയില്‍ ഇളവ് പ്രതീക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനും കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുവാനും സ്വീകരിച്ച നടപടികളും‍ മാതൃകാപരമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കുന്നതാണ് കേരള ഗവണ്‍മെന്റിന്റെ പ്രത്യേക പാക്കേജ്. സംസ്ഥാനം വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച നടപടികള്‍ എല്ലാ വിഭാഗം ജനങ്ങളും പിന്തുണച്ചു. മാതൃകാപരമായ നടപടിയെന്ന് ദേശീയ പത്രങ്ങള്‍ പ്രശംസിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ ബദല്‍ സാമ്പത്തിക‑രാഷ്ട്രീയ ഇടപെടലുകളുടെ ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ സാമ്പത്തിക പാക്കേജ്.