ഡോ കെ പി വിപിൻ ചന്ദ്രൻ

January 20, 2021, 5:45 am

നോളജ് ഇക്കോണമിയും കേരളവും

Janayugom Online

ഡോ കെ പി വിപിൻ ചന്ദ്രൻ

കോവിഡാനന്തര കേരളത്തിൽ, നമ്മുടെ ഭാവിക്കായി കേരള വികസനത്തിന്റെ പുതിയ പതിപ്പായി വൈജ്ഞാനിക സമ്പദ്ഘടന (നോളജ് ഇക്കോണമി) എന്ന ആശയത്തെ വിലയിരുത്തേണ്ടതുണ്ട്. കേരളം ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് അഭ്യസ്തവിദ്യരായവരുടെ തൊഴിലില്ലായ്മയും തനതായ വിഭവസമാഹരണത്തിന്റെ പരിമിതിയും. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി നാം തിരിച്ചറിയേണ്ടത് കേരളത്തിന്റെ മാനവവിഭവശേഷി (human resources) യെയാണ്. ഈ തലത്തിൽ പരിശോധിക്കുമ്പോൾ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ് വൈജ്ഞാനീയ മേഖലയ്ക്ക് പ്രധാന്യം നൽകുന്നതിലൂടെ കേരള സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവൻ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനവവിഭവശേഷി രംഗത്ത് ആഗോളതലത്തിൽ തന്നെ മാതൃകയാണ് കേരളം. ഇവിടെ ഭരിച്ച ജനപക്ഷ സർക്കാറുകൾ മാനവ വിഭവശേഷി രംഗത്ത് പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ ഉയർത്തുന്നതിനായി സർക്കാർ നിക്ഷേപം നടത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. 1975 ൽ യുഎന്നിന്റെ ധനസഹായത്തോടെ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് ഡോ.കെ. എൻ രാജിന്റെ നേതൃത്വത്തിൽ നടത്തിയ “ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന നയം: കേരളത്തിലെ പ്രശ്നങ്ങളെ പരമാർശിക്കുന്ന പഠനം” എന്ന ഗവേഷണം കേരളത്തിലെ അക്കാലത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിലും മാനവവികസന രംഗത്ത് മുന്നേറ്റം പ്രകടമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഉയർന്ന തോതിലുള്ള സർക്കാരിന്റെ നിക്ഷേപത്തിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവ ഉയർത്തിയത് കേരളത്തിന്റെ സാമൂഹ്യ — സാമ്പത്തിക പുരോഗതിക്ക് ഗുണകരമായി. ഇതിന്റെ സൂചനയാണ് കഴിഞ്ഞ വർഷം നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചിക (SDG Index 2.0)യിൽ കേരളം ഒന്നാം സ്ഥാനം നേടുകയും യു എൻ പ്രസിദ്ധീകരിക്കുന്ന മാനവ വികസന സൂചികയിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ കേരളം ഒന്നാം സ്ഥാനം വർഷങ്ങളോളമായി നിലനിർത്തുകയും ചെയ്യുന്നത്. ഇക്കാലത്തും മാനവ വികസന രംഗത്ത് തങ്ങളുടേതായ ഒരു വികസന മാതൃക കെട്ടിപ്പടുക്കുവാൻ കേരളത്തിന് സാധിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ ആഗോള തലത്തിൽ പോലും ഒരു ജനതയും അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളിലൂടെയാണ് കേരളം മുന്നോട്ടു പോയത്. രണ്ട് പ്രളയങ്ങൾ, നിപ്പ സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി, ഓഖി ചുഴലിക്കാറ്റ്, നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ജി എസ് ടി നടപ്പിലാക്കിയതിലെ അപാകതകൾ, ആഗോള സാമ്പത്തിക പ്രതിസന്ധി, അതിനൊപ്പം കോവിഡ് 19 സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികൾ — ഇവയ്ക്കിടയിലാണ് കേരള ബജറ്റ് അവതരിപ്പിക്കുന്നത്. 2020 നു ശേഷം ഭാവികേരളം എങ്ങനെ ആയിരിക്കണമെന്ന ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടിൽ വൈജ്ഞാനിക മേഖലയുടെ പ്രാധാന്യം മനസിലാക്കിയും ഡിജിറ്റൽ സാങ്കേതിക വിദ്യയെ സന്നിവേശിപ്പിച്ച് കൊണ്ട് എങ്ങനെ പുതു വികസന മാതൃക സൃഷ്ടിക്കാമെന്ന തിരിച്ചറിവിലൂടെയുമാണ് 2020 ‑21 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്.

‘നോളജ് ഇക്കോണമി’ എന്ന ആശയത്തിന്റെ സാമ്പത്തിക ശാസ്ത്ര സൈദ്ധാന്തിക അടിത്തറയാണ് എൻഡോജീനസ് വളർച്ചാ സിദ്ധാന്തം. കെന്നത്ത് ആരോ, റോമർ, ഉസാവ, ലൂക്ക എന്നിവരെപോലുള്ള സാമ്പത്തികശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾ ഈ മേഖലയ്ക്ക് കൂടുതൽ ദിശാബോധം നൽകുന്നു. ഒരു രാജ്യം വികസനത്തിലേക്ക് കുതിക്കണമെങ്കിൽ അറിവ്, ഇന്നൊവേഷൻ, ടെക്നോളജി എന്നീ മൂന്ന് ഘടകങ്ങളാണ് പരിഗണിക്കുന്നതെന്ന് ഈ സിദ്ധാന്തം ഓർമ്മപ്പെടുത്തുന്നു. ഒരു രാജ്യത്തിന്റെ മാനവമൂലധനത്തിന്റെ വർധനവ് പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലൂടെയും കാര്യക്ഷമവും ഫലപ്രദവുമായ ഉല്പാദന മാർഗ്ഗങ്ങളിലൂടെയും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാമെന്ന് എൻഡോജീനസ് വളർച്ച സിദ്ധാന്തം സൂചിപ്പിക്കുന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ആരോയുടെ അഭിപ്രായത്തിൽ അറിവിനെ ഉല്പാദന പ്രവർത്തനത്തിലെ ഒരു ഘടകമായി പരിഗണിക്കുന്നു. റോമറിന്റെ അഭിപ്രായത്തിൽ ഒരു സ്ഥാപനത്തിന്റെ പുതിയ ഗവേഷണ സാങ്കേതികവിദ്യയുടെ ഇടപെടൽ സമ്പദ്‌വ്യവസ്ഥയിൽ ഉടനീളം പെട്ടെന്ന് വ്യാപിക്കുന്നു.

റോമറിന്റെ മോഡലിൽ പുതിയ അറിവുകൾ ദീർഘകാല വളർച്ചയിൽ നിർണായകമാണ്. മാത്രമല്ല ഗവേഷണ സാങ്കേതിക വിദ്യയിൽ ഉറച്ച നിക്ഷേപം വിജ്ഞാന വർദ്ധനവ് പ്രത്യേക ഗുണഭോക്താക്കൾക്ക് മാത്രമായിരിക്കില്ല മറിച്ച് സമ്പദ് വ്യവസ്ഥയുടെ മൊത്തം വളർച്ചയിലേക്ക് നയിക്കും. ഈ തിരിച്ചറിവാണ് ഈ വർഷത്തെ കേരള ബജറ്റ് മുന്നോട്ടു വെയ്ക്കുന്നത്. കേരള സമ്പദ് വ്യവസ്ഥ ഇന്ന് നേടിയ ഓരോ നേട്ടത്തിനും അടിസ്ഥാനം മാനവ മൂലധനത്തിൽ സർക്കാരിന്റെ ഉയർന്ന നിക്ഷേപം കൊണ്ടുമാത്രമാണ്. അതിനൊപ്പം നൈപുണ്യ വികസനവും പുതിയ അറിവുകളും സൃഷ്ടിച്ചാൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് ഗുണകരമായി മാറും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്ന് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തൊഴിൽ ദാതാക്കളായ കമ്പനികളോട് നിരന്തരമായ സമ്പർക്കം പുലർത്തുകയും അവരുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് പുതിയ ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുകയും അവരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം പരിപാലിച്ചും ഇന്നവേഷൻസിനെ പ്രോത്സാഹിപ്പിച്ചും സങ്കീർണവും സമയബന്ധിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനു വേണ്ടി കേരള ഡെവലപ്മെൻറ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ — ഡിസ്ക് ) പുന:സംഘടിപ്പിക്കുയും ചെയ്യും.

നൈപുണിക പരിശീലനത്തിൽ പ്രധാനമായി ഒമ്പത് പ്രധാനപ്പെട്ട സ്കില്ലുകൾ തിരഞ്ഞെടുത്തു. അവ പ്രധാനമായി ഇൻഡസ്ട്രി 4.0 സ്കിൽസ്, ഡിജിറ്റൽ സ്കിൽസ്, ലൈഫ് സ്കിൽസ്, ലാംഗ്വേജ് സ്കിൽസ്, ഫംഗ്ഷൻ സ്കിൽസ്, സയൻസ് ടെക്നോളജി എൻജിനീയറിങ് മേഖലയിലെ പുത്തൻ അവസരങ്ങൾ, ബിസിനസ് സ്കിൽസ്, ഫിൻടെക് സ്കിൽസ് എന്നിവ. ഇത്തരം മേഖലകളിൽ കമ്പനികളുടെ ആവശ്യം അനുസരിച്ച് പരിശീലനം കസ്റ്റമൈസ് ചെയ്തു നൽകും. 50 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യർക്ക് ഉയർന്ന പരിശീലനം നൽകുന്നതിനായി കെ- ഡിസ്കിനു കീഴിൽ ഒരു സ്കിൽ മിഷൻ രൂപം നല്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. അഭ്യസ്തവിദ്യരെ നൈപുണ്യ പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആഗോള തൊഴിൽ വിപണിയുമായി ബന്ധപ്പെടുത്തുന്ന തന്ത്രം വിജയിക്കുന്നതിന് ചില ഉപാധികളുണ്ട്. അതിനായി കേരളം ഡിജിറ്റൽ ഇക്കോണമിയായി രൂപാന്തരപ്പെടണം, ഉന്നതവിദ്യാഭ്യാസം മികവുറ്റതാക്കണം, ഉല്പാദിപ്പിക്കപ്പെടുന്ന വിജ്ഞാനം നവീനമായി മാറണം, നവീനതയുടെ അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ രൂപം കൊള്ളണം, വിജ്ഞാന വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടണം, നൂതന വിദ്യകൾ എല്ലാ ഉല്പ്പാദനതുറകളിലും കൂടുതൽ സന്നിവേശിക്കപ്പെടണം. അങ്ങനെ കേരളത്തെ ഒരു വിജ്ഞാനസമൂഹമായി മാറ്റണമെന്ന വികസന കാഴ്ചപ്പാടാണ് ഈ ബജറ്റ് മുന്നോട്ടുവെക്കുന്നത്. അതിനൊപ്പം വൈജ്ഞാനിക സമ്പദ്ഘടന എന്ന സങ്കല്പത്തിൽ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങൾ ഈ ബജറ്റ് നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കുകയും കൃഷിക്കാരടക്കം തൊഴിലെടുക്കുന്നവരുടെയെല്ലാം അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സങ്കേതങ്ങൾ എല്ലാ തുറകളിലും എത്തിക്കുകയും ചെയ്താൽ മാത്രമേ നിരന്തരമായ വിജ്ഞാനം പുനഃസൃഷ്ടിക്കാൻ സാധിക്കുകയുള്ളു. ഇത്തരമൊരു സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് അനുയോജ്യമായ വിവര വിനിമയ ആവാസവ്യവസ്ഥ അനിവാര്യമാണ്. കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം. സമൂഹത്തിലെ പുതിയ അറിവുകൾ സാമ്പത്തിക മേഖലയിലെ സങ്കേതങ്ങളോ, പ്രക്രിയയോ, സംഘടനമോ, ഉല്പന്നമോ, വിപണനമോ ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഇന്നവേഷൻ. എല്ലാ മേഖലകളിലും ഇന്നവേഷൻ സന്നിവേശിപ്പിക്കാനുള്ള അന്തരീക്ഷ സൃഷ്ടിക്കുവേണ്ടി നാലു കർമ്മ പദ്ധതികൾ ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നൂതന ചിന്തകളെ പുണരുന്ന കൃഷിക്കാർക്കും തൊഴിലാളികൾക്കും മറ്റു സാധാരണക്കാർക്കും ഇതിൽ പങ്കു വഹിക്കാനുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കേരളത്തിന്റെ ഭാവി വികസനത്തെകുറിച്ച് അന്താരാഷ്ട രംഗത്തെ പബ്ലിക് പോളിസി വിദഗ്ധനായ മുരളി തുമ്മാരക്കുടിയുടെ നിരീക്ഷണം ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ “നമ്മുടെ അടുത്ത തലമുറയെ വിശ്വസിച്ച് അവരുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുതൽമുടക്കി അത് കൂടുതൽ ഭാവിയും ശക്തമായ സമ്പദ്‌വ്യവസ്ഥയും ഉണ്ടാകുമെന്നും ഇന്നത്തെ കടങ്ങൾ അവർ മുതലും പലിശയും ഉൾപ്പെടെ തിരിച്ചടച്ചു കൊള്ളുമെന്നും പറയുമ്പോൾ അതൊരു ‘വിഷൻ’ ആണ്. അത്തരം ദീർഘവീക്ഷണമാണ് നാം നല്ല നേതൃത്വത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. അതിൽ ഒരു റിസ്ക് ഉണ്ട്, സമൂഹത്തിനു വേണ്ടി അത്തരം റിസ്ക് എടുക്കാനാണ് നമ്മൾ നേതാക്കളെ തെരഞ്ഞെടുക്കുന്നത്.

വരവനുസരിച്ച് ചെലവ് നടത്തിക്കൊണ്ടുപോകാനാണെങ്കിൽ ഉദ്യോഗസ്ഥരും മാനേജർമാരും ചാർട്ടേർഡ് അക്കൗണ്ടന്റും മതി”. അദ്ദേഹത്തിന്റെ ഈ അഭിപ്രായം നോളജ് ഇക്കോണമിയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് അവതരിപ്പിച്ച കേരള ബജറ്റിന്റെ വർത്തമാനകാല പ്രസക്തിയെയാണ് യഥാർത്ഥത്തിൽ ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യ ക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നൽ നൽകിയാണ് കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ബജറ്റുകൾ അവതരിപ്പിച്ചത്. എന്നാൽ 2020 ൽ കോവിഡ് സൃഷ്ടിച്ച സാമൂഹ്യ — സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കേരളം ഒരു വിജ്ഞാന സമൂഹമായി മാറണമെന്ന തിരിച്ചറിവിലൂടെയാണ് ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാവർക്കും ക്ഷേമം ഉറപ്പു വരുത്തുന്നതിനൊപ്പം എല്ലാവർക്കും തൊഴിൽ നൽകുകയും അതിലൂടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം ഉയർത്തി സാമ്പത്തിക വളർച്ച നേടിയെടുക്കാൻ കഴിയണം. അതിനായി ജ്ഞാനോല്പാദനം, അതിന്റെ അടിസ്ഥാനത്തിലുള്ള നൂതന വിദ്യകൾ, അവ സ്വായത്തമാക്കുന്നതിനുള്ള നൈപുണി പരിശീലനങ്ങൾ, സംരംഭകത്വം, വൈജ്ഞാനിക തൊഴിലുകൾ എന്നിവ ചേർന്നുകൊണ്ടുള്ള സുസ്ഥിരവികസന തന്ത്രമാണ് ഭാവി കേരളത്തിന് വേണ്ടതെന്ന തിരിച്ചറിവും അത് നേടിയെടുക്കാനുള്ള ശുഭാപ്തിവിശ്വാസവുമാണ് നമുക്കാവശ്യം.