എ വിജയരാഘവന്‍

April 04, 2021, 9:55 pm

തുടര്‍ഭരണം വരും യുഡിഎഫ്‌ ശിഥിലമാകും

Janayugom Online

കേരളം നാളെ ബൂത്തിലേക്ക്‌ പോവുകയാണ്‌, പുതിയൊരു ചരിത്രം രചിക്കാന്‍. ഇടതുപക്ഷ വലതുപക്ഷ മുന്നണികളെ മാറിമാറി സ്വീകരിക്കുകയെന്ന പതിവ്‌ ഇക്കുറി ജനങ്ങള്‍ തിരുത്തും. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തിന്‌ അംഗീകാരം നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞുവെന്ന വിശ്വാസമാണ്‌ എല്‍ഡിഎഫിനുള്ളത്‌.

ചില കാര്യങ്ങള്‍ ഈ അവസരത്തില്‍ ഉറപ്പിച്ചു പറയാന്‍ കഴിയും. 2016 ല്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം എല്‍ഡിഎഫ്‌ നേടും. കോണ്‍ഗ്രസ്‌ സഹായത്തില്‍ ബിജെപി കഴിഞ്ഞ തവണ നേമത്ത്‌ തുറന്ന അക്കൗണ്ട്‌ ഇതോടെ പൂട്ടും. മാത്രമല്ല, ജനങ്ങളുടെ ഐക്യവും സ്വരജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി.ക്ക്‌ കേരള ജനത ഇത്തവണ സമ്മാനിക്കുന്നത്‌ പൂജ്യമായിരിക്കും.
ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ സമാധാനവും പുരോഗതിയുമാണ്‌. പശ്ചാത്തലസൗകര്യങ്ങളുടെയും ജീവിത സൗകര്യങ്ങളുടെയും കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍ ആകണം. അതുവഴി വ്യവസായവും കൃഷിയും ടൂറിസവും വികസിക്കണം. വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. കേരളത്തിന്റെ ഭാവിയെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുള്ള എല്‍ഡിഎഫിന്‌ മാത്രമേ ഇതു നിറവേറ്റാന്‍ കഴിയൂ എന്ന്‌ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന്‌ തെരഞ്ഞെടുപ്പ്‌ രംഗം നിരീക്ഷിച്ചവര്‍ക്ക്‌ മനസ്സിലാകും. വികസനത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും അനുകൂലമായ ജനവിധിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌.

എല്‍ഡിഎഫുമായി രാഷ്ട്രീയമായ ഒരു സംവാദത്തിന്‌ യുഡിഎഫ്‌ ഒരിക്കലും തയ്യാറായിരുന്നില്ല. സര്‍ക്കാരിനും സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും നയിക്കുന്നവര്‍ക്കും എതിരായ അപവാദപ്രചാരണത്തിനാണ്‌ തുടക്കം മുതല്‍ യുഡിഎഫ്‌. തയ്യാറായത്‌. നുണകള്‍ പടച്ചുവിടുന്നതില്‍ ഇടവേളകളുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ നല്ല പിന്തുണ യു.ഡി.എഫിന്‌ ലഭിച്ചു എന്ന്‌ പറയേണ്ടതുണ്ട്‌.

ഒരു വശത്ത്‌ അപവാദപ്രചാരണം, മറുവശത്ത്‌ ബി.ജെ.പി.യുമായി പല മണ്‌ഡലങ്ങളിലും രഹസ്യധാരണ ഈ രീതിയിലാണ്‌ ഇടതുപക്ഷ തുടര്‍ഭരണം തടയാന്‍ യുഡിഎഫ്‌. ശ്രമിച്ചത്‌. ഇതു രണ്ടിനെയും മറികടന്നാണ്‌ എല്‍.ഡി.എഫ്‌. വലിയ വിജയത്തിലേക്കു പോകുന്നത്‌. എല്‍ഡിഎഫിന്റെ വികസന അജണ്ടക്ക്‌ പകരം മറ്റൊന്നും മുന്നോട്ടുവയ്‌ക്കാന്‍ യുഡി.എഫിന്‌ കഴിഞ്ഞില്ല. നിഷേധ രാഷ്ട്രീയമാണ്‌ അവര്‍ കൈകാര്യം ചെയ്‌തത്‌. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൈഫ്‌ മിഷന്‍ പിരിച്ചുവിടും. കിഫ്‌ബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. കേരള ബാങ്ക്‌ ഉപേക്ഷിക്കും. ഇങ്ങനെപോയി യു.ഡി.എഫ്‌. നേതാക്കളുടെ പ്രഖ്യാപനങ്ങള്‍. അവശത അനുഭവിക്കുന്നവര്‍ക്കുള്ള സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണവും പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ അരിയും തടയുന്നതിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ ഇടപെടുവിക്കുന്നതില്‍വരെ ഈ നിഷേധരാഷ്ട്രീയം ചെന്നെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷം യു.ഡി.എഫ്‌. അനുവര്‍ത്തിച്ച നയത്തിന്റെ തുടര്‍ച്ചയായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. 2018ല്‍ മഹാപ്രളയം വന്നപ്പോള്‍ യു.ഡി.എഫ്‌. നേതൃത്വം എന്താണ്‌ ചെയ്‌തത്‌? സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന്‌ സഹായം സ്വീകരിക്കുന്നതുവരെ അവര്‍ തടസ്സപ്പെടുത്തി.

കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള വ്യക്തമായ പരിപാടി മുന്നോട്ടുവെച്ചാണ്‌ എല്‍ഡിഎഫ്‌ ജനങ്ങളെ സമീപിച്ചത്‌. നവകേരള നിര്‍മിതിയുടെ പുതിയ ഘട്ടത്തിലേക്ക്‌ നാം പ്രവേശിക്കുകയാണ്‌. പശ്ചാത്തലസൗകര്യവികസന രംഗത്ത്‌ പിണറായി വിജയന്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്‌. അസാധ്യമെന്ന്‌ കരുതിയ പല പദ്ധതികളും ഇവിടെ യാഥാര്‍ത്ഥ്യമാക്കി. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, കൂടംകുളത്തുനിന്ന്‌ വൈദ്യുതി കൊണ്ടുവരുന്നതിന്‌ ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ദേശീയപാതയുടെ വികസനം, ദേശീയ ജലപാത, മലയോരതീരദേശ ഹൈവേകള്‍, കൊച്ചി മെട്രോ, കണ്ണൂര്‍ വിമനത്താവളം ഇതെല്ലാം ഇന്ന്‌ യാഥാര്‍ത്ഥ്യമാണ്‌. ഈ മാതൃകയില്‍, ഈ വേഗത്തില്‍ കേരളം മുന്നോട്ടുകുതിയ്‌ക്കണം. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണം. അതോടൊപ്പം, പുതിയ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ ഉണ്ടാകണം. അതിനുവേണ്ടി കേരളത്തെ വിജ്ഞാനസമൂഹമായി പരിവര്‍ത്തനം ചെയ്യണം ഇതാണ്‌ എല്‍ഡിഎഫ്‌ മുന്നോട്ടുവെച്ച കാഴ്‌ചപ്പാടിന്റെ കാതല്‍.

അഞ്ചുവര്‍ഷം കൊണ്ട്‌ ഇരുപതു ലക്ഷം അഭ്യസ്‌തവിദ്യര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്ന്‌ എല്‍ഡിഎഫ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 15 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും. അഞ്ചുവര്‍ഷത്തിനകം അഞ്ചു ലക്ഷം വീടുകള്‍ പണിതു നല്‍കും. കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. തീരദേശ വികസനത്തിന്‌ 5,000 കോടി രൂപയുടെ പാക്കേജും ഇതിലുണ്ട്‌. നടപ്പാക്കാന്‍ കഴിയുമെന്ന്‌ ഉറപ്പുള്ള പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌. പറഞ്ഞതെല്ലാം നടപ്പാക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. 2016 ലെ പ്രകടനപത്രികയില്‍ 600 ഇനങ്ങളാണുണ്ടായിരുന്നത്‌. 580 വാഗ്‌ദാനങ്ങളും നടപ്പാക്കി അഭിമാനത്തോടെയാണ്‌ ഞങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്‌.
ഒരു തരത്തിലുള്ള വര്‍ഗീയതയുമായും എല്‍ഡിഎഫ്‌ സന്ധി ചെയ്യില്ലെന്ന്‌ പ്രകടനപത്രിക അസന്ദിഗ്‌ദമായി പ്രഖ്യാപിക്കുന്നുണ്ട്‌. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വസിക്കാത്തവരടക്കം എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും എല്‍ഡിഎഫ്‌ പ്രതിജ്ഞാബദ്ധമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവം നോക്കൂ. വര്‍ഗീയ ലഹകളോ വര്‍ഗീയ സംഘര്‍ഷങ്ങളോ നമ്മുടെ സംസ്‌ഥാനത്തുണ്ടായില്ല. എന്തുകൊണ്ടാണ്‌ ഇതു സാധ്യമായത്‌? എല്ലാ വര്‍ഗീയശക്തികളെയും സര്‍ക്കാര്‍ അകറ്റി നിര്‍ത്തി. വര്‍ഗീയശക്തികള്‍ക്കു മുമ്പില്‍ മുട്ടുമടക്കിയില്ല. ഈ നിലപാട്‌ എല്‍ഡിഎഫ്‌ ഉയര്‍ത്തിപ്പിടിക്കും.

എന്താണ്‌ മറുവശത്ത്‌ യു.ഡി.എഫ്‌. ചെയ്യുന്നത്‌? ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേ സമയം കൂട്ടുകെട്ടുണ്ടാക്കിയാണ്‌ അവര്‍ മുമ്പോട്ടു പോകുന്നത്‌. ജമാ അത്തെ ഇസ്‌ലാമിയുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്ന്‌ ചില എതിര്‍പ്പുകളും വിയോജിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. മുസ്‌ലീംലീഗിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി ആ എതിര്‍പ്പ്‌ കോണ്‍ഗ്രസ്‌ ഉപേക്ഷിച്ചു. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ട്‌ തുടരുന്നു.

ആര്‍എസ്‌എസ്‌ നിയന്ത്രിക്കുന്ന ബി.ജെ.പി.യുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടുതന്നെയാണ്‌ ജമാ അത്തെ ഇസ്‌ലാമിയെയും തങ്ങളുടെ ചിറകിനടിയിലേക്ക്‌ യുഡിഎഫ്‌ കൊണ്ടുവന്നത്‌. ബിജെപിയെ തങ്ങള്‍ എതിര്‍ക്കുകയാണെന്ന്‌ വരുത്താന്‍ നേമത്ത്‌ സ്വന്തം സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കോണ്‍ഗ്രസ്‌, സംസ്‌ഥാനത്തെ പല മണ്‌ഡലങ്ങളിലും അവരുമായി ധാരണയിലാണ്‌. ചില കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ അതു തുറന്നു പറയുന്നുണ്ട്‌. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബി.ജെ.പി.യുടെ പത്രികകള്‍ തള്ളിപ്പോയത്‌ നോട്ടപ്പിശകുകൊണ്ടാണെന്ന്‌ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല. തലശ്ശേരിയിലും ഗുരുവായൂരിലുമെങ്കിലും ഇവരുടെ രഹസ്യധാരണ മറനീക്കി പുറത്തുവന്നിട്ടുണ്ട്‌.

ദേശീയതലത്തില്‍ ബി.ജെ.പിക്ക്‌ ബദലാണ്‌ കോണ്‍ഗ്രസ്‌ എന്ന്‌ വാദിക്കുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്താണ്‌ ചെയ്‌തത്‌? രാഹുല്‍ഗാന്ധിയടക്കം കോണ്‍ഗ്രസ്സിന്റെ ഒരുപാട്‌ നേതാക്കള്‍ കേരളത്തില്‍ പ്രചാരണത്തിന്‌ വന്നു. ബി.ജെ.പി.യുടെ വര്‍ഗീയധ്രുവീകരണ അജണ്ടയെ എതിര്‍ക്കാന്‍ ഒരു നേതാവിനും നാവ്‌ പൊങ്ങിയില്ല. കാരണം വ്യക്തമാണ്‌. ബി.ജെ.പി.യെ ഒരു വിധത്തിലും അലോസരപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറല്ല. ബി.ജെ.പി.യുടെ സഹായത്തില്‍ കുറച്ചു സീറ്റുകള്‍ കിട്ടണം.
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേ സമയം കൂട്ടുകൂടുന്ന കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. വോട്ടെടുപ്പില്‍ ജനങ്ങള്‍ ഇതിന്‌ മറുപടി നല്‍കും. വര്‍ഗീയശക്തികളുമായുള്ള സഹകരണമാണ്‌ കോണ്‍ഗ്രസ്‌ എന്ന ദേശീയ പാര്‍ട്ടിയെ ഇന്നത്തെ പരിതാപകരമായ അവസ്‌ഥയില്‍ എത്തിച്ചതെന്ന്‌ അതിന്റെ നേതാക്കള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ മലയാളിയായ ദേശീയ നേതാവാണല്ലോ എ.കെ. ആന്റണി. അദ്ദേഹവും ബി.ജെ.പി.ക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല. ഇടതുപക്ഷ തുടര്‍ഭരണം വന്നാല്‍ സര്‍വനാശമെന്നാണ്‌ ആന്റണി ശപിച്ചത്‌. ഒരു രാഷ്ട്രീയ നേതാവിന്റെ അധ?പതനം എന്നല്ലാതെ എന്തു പറയാന്‍. കേരളത്തില്‍ നൂറു വര്‍ഷത്തേക്ക്‌ ഇടതുപക്ഷം അധികാരത്തില്‍ വരില്ലെന്ന്‌ എണ്‍പതുകളില്‍ ഇതേ ആന്റണി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം നാലു തവണ ഇടതുപക്ഷം കേരളം ഭരിച്ചു. മൃദുഹിന്ദുത്വ നയം കാരണം കാലിനടിയിലെ മണ്ണ്‌ ഒലിച്ചുപോവുകയാണെന്ന്‌ ആന്റണിയെപ്പോലുള്ളവര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.

ബി.ജെ.പി.യുടെ വോട്ട്‌ കിട്ടാന്‍ ഇരിയ്‌ക്കുന്ന കൊമ്പ്‌ മുറിയ്‌ക്കുന്ന വങ്കത്തരമാണ്‌ യുഡിഎഫ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഗുരുവായൂരിലെ യുഡിഎഫ്‌. സ്‌ഥാനാര്‍ത്ഥിയും മുസ്‌ലീംലീഗ്‌ നേതാവുമായ കെഎന്‍എ. ഖാദര്‍ പറഞ്ഞത്‌, പൗരത്വഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ പൂരിപ്പിച്ചു നല്‍കാന്‍ മുസ്‌ലീങ്ങളെ അദ്ദേഹത്തിന്റെ പാര്‍ട്ടി സഹായിക്കുമെന്നാണ്‌. മതത്തിന്റെ അടിസ്‌ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം നടപ്പാക്കാന്‍ സഹകരിക്കും എന്നതാണോ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട്‌? രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതും ഭരണഘടനക്ക്‌ നിരക്കാത്തതുമായ നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. അതിന്റെ കൂടെ നില്‍ക്കുന്നതിന്‌ പകരം വോട്ടു കിട്ടാന്‍ മതന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടല്ലേ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌? കെ.എന്‍.എ. ഖാദര്‍ മത്സരിക്കുന്ന ഗുരുവായൂരില്‍ ബി.ജെ.പി.ക്ക്‌ സ്‌ഥാനാര്‍ത്ഥിയില്ലെന്ന്‌ കൂടി ഓര്‍ക്കണം. പക്ഷേ, ഈ കീഴടങ്ങല്‍ ഗുരുവായൂര്‍ മാത്രം ലക്ഷ്യമാക്കിയല്ല. കേരളത്തിലാകെയുള്ള ബിജെപി യുഡിഎഫ്‌ ധാരണ ബലപ്പെടുത്തുന്നതിനാണ്‌. കെ.എന്‍.എ. ഖാദറിന്റെ പ്രസ്‌താവനയെപ്പറ്റി ലീഗ്‌ നേതൃത്വം ഇതുവരെ ഒരക്ഷരം പറഞ്ഞില്ല എന്നത്‌ അത്ഭുതകരമാണ്‌. ആരില്‍ നിന്നാണോ മതന്യൂനപക്ഷങ്ങള്‍ ആക്രമണം നേരിടുന്നത്‌, അവരുമായി കൂട്ടുചേരാന്‍ മുസ്‌ലീംലീഗിന്‌ ഒരു മടിയും ഇല്ല. മുന്‍ അനുഭവങ്ങളും അതുതന്നെയാണ്‌.
നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ യു.ഡി.എഫ്‌. സംവിധാനം തകരുമെന്ന്‌ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്‌. സംസ്‌ഥാനത്തിന്റെ പല ഭാഗത്തും കോണ്‍ഗ്രസില്‍ നിന്ന്‌ നേതാക്കളും പ്രവര്‍ത്തകരും ഇടതുപക്ഷത്തേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്‌. കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ ഒരിക്കലും ബി.ജെ.പി.യിലേക്ക്‌ പോകില്ല. കോണ്‍ഗ്രസില്‍ നിന്ന്‌ മാത്രമല്ല, മുസ്‌ലീംലീഗ്‌ ഉള്‍പ്പെടെയുള്ള യു.ഡി.എഫ്‌. കക്ഷികളില്‍ നിന്നും ധാരാളം പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക്‌ വരുന്നുണ്ട്‌. ഇതിലൂടെ എല്‍.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ വിപുലമാകും. ജനപിന്തുണ വര്‍ധിക്കും. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന്‌ ഉറപ്പിച്ചു പറയാം. മൃദുഹിന്ദുത്വം ഉപേക്ഷിക്കാതെ കോണ്‍ഗ്രസിന്‌ നിലനില്‍പ്പുണ്ടാകില്ല.

ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ക്കുള്ള ബദല്‍ ഉയര്‍ത്തിയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്‌. പൊതുവിദ്യാലയങ്ങളുടെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും മാറ്റം കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കുള്ള ബദലാണ്‌. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം കിട്ടുന്നത്‌. പൊതുമേഖലാ കമ്പനികള്‍ വിറ്റുതുലയ്‌ക്കുന്ന സാമ്പത്തിക നയത്തെ എതിര്‍ക്കുന്ന ഇടതുപക്ഷം കേരളത്തില്‍ പരിമിതമായ അധികാരം ഉപയോഗിച്ച്‌ ബദല്‍ കാഴ്‌ചവെച്ചു. സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനങ്ങളെ ശക്തിപ്പെടുത്തി. കേന്ദ്രം വില്‌പനയ്‌ക്കുവെച്ച ചില കമ്പനികള്‍ ഏറ്റെടുക്കാനും സംസ്‌ഥാനം തയ്യാറായി. സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ കാര്യത്തില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും പൂര്‍ണ്ണ യോജിപ്പാണ്‌. ഇതു തുടങ്ങിവെച്ചതുതന്നെ കോണ്‍ഗ്രസ്സാണല്ലോ. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നയങ്ങള്‍ക്കും കോര്‍പ്പറേറ്റ്‌ അനുകൂല സാമ്പത്തിക നയങ്ങള്‍ക്കും എതിരായ പോരാട്ടത്തിന്‌ ശക്തിയും ഊര്‍ജവും നല്‍കുന്നതായിരിക്കും കേരളത്തിലെ ഇടതുപക്ഷ വിജയവും തുടര്‍ഭരണവും.

പോളിംഗ്‌ ബൂത്തുകളിലേക്ക്‌ പോകാന്‍ ഇനി മണിക്കൂറുകളേയുള്ളൂ. നുണ പ്രചാരണങ്ങള്‍ക്കും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ അവസാന നിമിഷം വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരോട്‌ അഭ്യര്‍ത്ഥിക്കുന്നു. വിജയം നമ്മുടേതാണ്‌.