Monday
27 May 2019

ഇടതുപക്ഷം കൂടുതല്‍ കരുത്ത് നേടും

By: Web Desk | Saturday 16 February 2019 10:56 PM IST


സുധാകര്‍ റെഡ്ഡി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കൂടുതല്‍ കരുത്തു നേടും. നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന വികാരം കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളില്‍ വളര്‍ന്നുവരികയാണ്. അതിനായുള്ള മതേതര കൂട്ടായ്മയും ഉയര്‍ന്നുവരുന്നു.
ഇന്ത്യയെ കൊള്ളയടിക്കാന്‍ നരേന്ദ്രമോഡി കോര്‍പ്പറേറ്റുകളെ വലിയതോതില്‍ ഉപയോഗിക്കുകയാണ്. മോഡി ഭരണത്തില്‍ അഴിമതി വ്യാപകമായിരിക്കുന്നു. റഫാല്‍ അഴിമതിയുടെ തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നു. സുപ്രീംകോടതിയില്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നു. സിഎജിയെകൊണ്ട് കള്ള റിപ്പോര്‍ട്ട് തയാറാക്കി. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പോലും മടിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.

ഗുജറാത്ത് മോഡല്‍ വികസനം രാജ്യത്ത് നടപ്പിലാക്കാന്‍ വോട്ട് ചെയ്യാനാണ് നരേന്ദ്രമോഡി ആഹ്വാനം ചെയ്തത്. എന്നാല്‍ ഗുജറാത്ത് പല രംഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണെന്ന വസ്തുത അദ്ദേഹം വിസ്മരിച്ചു. അധികാരത്തിലെത്തിയശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും മോഡി ആക്രമിച്ചു. പശുസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തി. മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെ വ്യാപകമായ ആക്രമണം ഉണ്ടായി. കുറ്റവാളികളെ രക്ഷിക്കുകയാണ് മോഡി ഭരണം ചെയ്തത്.
ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ വിശാലമായ മതേതര-ജനാധിപത്യ ഐക്യവേദി കെട്ടിപ്പടുക്കാനാണ് സിപിഐ പരിശ്രമിക്കുന്നത്. രാജ്യത്തെ പട്ടിണി മാറ്റാന്‍ സോഷ്യലിസത്തിനു മാത്രമേ കഴിയൂ. കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വനിതകളുടെയും യോജിച്ച ഐക്യനിര വളര്‍ന്നുവരണം. ഇവരുടെ കരുത്തുറ്റ പ്രക്ഷോഭം വളര്‍ത്തിയെടുക്കണം.

ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ബിജെപിക്കും സംഘപരിവാറിനുമെതിരെ രൂപീകരിച്ച കൂട്ടായ്മ വ്യാപകമായ പിന്തുണ നേടിയിട്ടുണ്ട്. നാനാതട്ടിലും ഉള്ള വിഭാഗങ്ങള്‍ അതിനു താല്‍പര്യം കാണിക്കുന്നുണ്ട്. കൂട്ടായ്മയിലെ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകളോടെ കുറേ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവര്‍ ഒന്നിച്ചു തന്നെയാണ് നില്‍ക്കുന്നത്. തെലങ്കാന, ഒഡിഷ പോലെ ഉള്ള ചില ഇടങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ഇവിടെയൊക്കെ മുഖ്യമന്ത്രിമാര്‍ ബിജെപിയോട് അടുത്ത നിലപാടിലാണ്. തെലങ്കാന മുഖ്യമന്ത്രി പറയുന്ന ഫെഡറല്‍ ഫ്രണ്ട് ബിജെപിയെ സഹായിക്കാനാണ്. എന്നാല്‍ ബിജെഡി നേതാവ് നവീന്‍ പട്‌നായിക് ആരോടും ചേര്‍ന്നിട്ടില്ല.

ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഫെബ്രുവരി മൂന്നിന് നടന്ന ഇടതുപക്ഷത്തിന്റെ മഹാറാലിയില്‍ അഞ്ചോ ആറോ ലക്ഷമോ അതില്‍ കൂടുതലോ, ജനങ്ങളാണ് പങ്കെടുത്തത്. ഇത് ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചു. അത് മമതയുടെ തൃണമൂല്‍ റാലിയെക്കാള്‍ വളരെ മികച്ചതായിരുന്നു. ഇടതുപക്ഷം പുനരുജ്ജീവിക്കുകയാണിവിടെ.

ബിഹാറില്‍ മഹാസഖ്യത്തിന്റെ വലിയൊരു വേദിയാണുള്ളത്. നിതീഷിന്റെ നേതൃത്വത്തില്‍ ജെഡിയു ആണ് ഉള്ളത്. എതിരെ ആര്‍ജെഡി കോണ്‍ഗ്രസ് ഇടതുഗ്രൂപ്പില്‍ കൂടുതല്‍ പേര്‍ ഒത്തുചേരും. എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട ഒരു ഗവണ്‍മെന്റാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നല്‍കും, രണ്ട് കോടി പേര്‍ക്ക് തൊഴില്‍, കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പായില്ല. പണക്കാര്‍ കൂടുതല്‍ സമ്പന്നരായി. പട്ടിണിക്കാര്‍ കൂടുതല്‍ പട്ടിണിക്കാരുമായി.
കേരളത്തില്‍ ഇടതുഭരണത്തിന്റെ ഗുണഫലങ്ങള്‍മൂലം പുതിയ നിരവധി വിഭാഗങ്ങളുടെ പിന്തുണ ഇടത്പക്ഷത്തിനു കരുത്തേകിയിട്ടുണ്ട്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മികച്ച പ്രകടനം നടത്തും എന്ന് നല്ല വിശ്വാസമുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിലെ വിജയങ്ങളെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനാകില്ല. എന്നാല്‍ മിക്ക സ്ഥലങ്ങളിലും മികച്ച നിലയാകും ഇടതുപക്ഷത്തിനു ഉണ്ടാവുക. തമിഴ്‌നാട്, ബിഹാര്‍, മണിപ്പൂര്‍, ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളില്‍ എല്ലാം നല്ല വിജയം പ്രതീക്ഷിക്കുന്നു.