June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

കാത്തിരിക്കാം, നല്ല വിദ്യാലയ ദിനങ്ങൾക്കായി

By Janayugom Webdesk
May 31, 2021

കുടക്കീഴിൽ കൂട്ടം ചേർന്ന് മഴ വെള്ളത്തുള്ളികളുടെ മുത്തുമാലകളണിഞ്ഞ് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന സ്കൂൾ തുറപ്പ് ഇക്കുറിയുമില്ല. എങ്കിലും പഠനം മുടങ്ങില്ലെന്ന്, ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിനുതന്നെ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ഉറപ്പായി. കുട്ടികളുടെ ആരവങ്ങൾക്കായി വിദ്യാലയങ്ങൾ നൊമ്പരപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിയെന്ന വില്ലൻ, കുട്ടികൾക്കും പള്ളിക്കൂടങ്ങൾക്കുമിടയിൽ തീർത്ത മതിൽ എന്നു തകർക്കപ്പെടുമെന്ന് ഇപ്പോഴും നിശ്ചയമില്ല. കഴിഞ്ഞ വർഷം ലോക്ഡൗണിനു മുന്നിൽ പകച്ചു നിൽക്കാതെ ലോകത്തിനു മാതൃകയായി നാം ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമിട്ടു. ജൂൺ ഒന്നിനു തന്നെ എല്ലാ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാക്കാനുള്ള ഇലക്ട്രോണിക്സ് ഡിവൈസുകൾ ഒരുക്കാൻ സമൂഹമാകെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയഗാഥ നാം കാണുകയും ചെയ്തു. ഇക്കുറിയാകട്ടെ, മുന്നനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചുകൂടി മുൻകരുതൽ കൈക്കൊള്ളാനും ശ്രമിക്കുന്നു. കാലം സൃഷ്ടിച്ച പരിമിതികളെ നാം യുക്തികൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും മറികടക്കാനാണ്, ആത്മവിശ്വാസത്തോടെ പരിശ്രമിക്കുന്നത്.

കൈറ്റ്, വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്ത ഓൺലൈൻ ക്ലാസ് — ഫസ്റ്റ് ബെൽ — കഴിഞ്ഞ വർഷം ലോക്ഡൗണിൽ സ്കൂൾ തുറപ്പിന്റെ അനിശ്ചിതത്വത്തിന് പരിഹാരമായി ജൂൺ ഒന്നിനു തന്നെ ആരംഭിച്ചുവെന്നത് ശരി. എന്നാൽ, അതിന്റെ മുന്നൊരുക്കങ്ങൾക്ക് ഒരുപാട് സമയം ലഭിച്ചിരുന്നില്ല. മുന്നനുഭവങ്ങളും ഇക്കാര്യത്തിൽ നമുക്കില്ലായിരുന്നു. എത്ര കാലം ഓൺലൈൻ പഠനം തുടരേണ്ടതായി വരുമെന്നും നിശ്ചയമില്ലായിരുന്നു. ഒന്നു മുതൽ 12 വരെ, വൊക്കേഷണൽ ഹയർസെക്കന്‍ഡറി മേഖല ഉൾപ്പെടെയുള്ള വൈവിധ്യമുള്ള വിഷയങ്ങൾ, എന്നാൽ പരാതിക്കിടയില്ലാതെ, ആകർഷകമായി സജ്ജീകരിക്കാൻ ക്ലാസുകൾക്കായി. പൊതു വിദ്യാലയങ്ങളിലെ അധ്യാപനത്തിന്റെ മാരിവില്ലഴക് ആ ക്ലാസുകൾക്കുണ്ടായിരുന്നു. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികളെ പ്രാപ്തമാക്കുംവിധമുള്ള ക്ലാസുകളായിരുന്നു, അവയെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.
എന്നാൽ, ആ ക്ലാസുകളുടെ അനുഭവം പുതിയ കുറെ തിരിച്ചറിവു നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ നടക്കുന്ന സംപ്രേക്ഷണത്തിന്റെ ചില പരിമിതികൾ അത് ബോധ്യപ്പെടുത്തി. ഓരോ കുട്ടിയേയും ശ്രദ്ധിച്ച് ടീച്ചർമാർ പഠന പിന്തുണ നൽകണമെന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാഴ്ചപ്പാട് സാധ്യമാക്കാൻ ഈ ക്ലാസുകൾ വഴി സാധിക്കില്ലെന്നതായിരുന്നു, പ്രധാന തിരിച്ചറിവ്. സ്കൂൾ തലത്തിൽ അധ്യാപകർ നടത്തിയ പിന്തുണാപ്രവർത്തനങ്ങളും അതിന് മതിയായില്ല എന്ന് മനസിലായി. ഈ സാഹചര്യത്തിൽ മറ്റു ചില പരിഹാര മാർഗങ്ങളെ കൂടി നാം കാണേണ്ടതുണ്ട് എന്നും ബോധ്യമായി. ഒരു ക്ലാസിലെ നിശ്ചിത എണ്ണം കുട്ടികൾക്ക്, അതത് ക്ലാസ് അധ്യാപകർക്കു തന്നെ തത്സമയം ഓൺലൈൻ വീഡിയോ ക്ലാസ് അനായാസമായി നൽകാൻ കഴിയുന്ന പ്ലാറ്റ്ഫോമുകൾ ലഭ്യമാണല്ലോ, ഇപ്പോൾ. ഈ സാഹചര്യത്തിൽ, കൈറ്റ്, വിക്ടേഴ്സ് ചാനൽ ക്ലാസുകൾക്കു പുറമേ, കുട്ടികൾക്ക് അവരുടെ അധ്യാപകരുടെ തന്നെ സ്കൂൾതല ഓൺലൈൻ ക്ലാസും നൽകാവുന്നതേയുള്ളു. കുട്ടികളുടെ പ്രവർത്തന മികവ്, താല്പര്യങ്ങൾ, പരിമിതികൾ ഇതെല്ലാം നേരിട്ടറിഞ്ഞ് ക്ലാസ് എടുക്കാനാവുക സ്വന്തം അധ്യാപകർക്ക് തന്നെയാണല്ലോ.

ആധുനിക ക്ലാസ് മുറിയുടെ സിദ്ധാന്തപരവും പ്രവർത്തനപരവുമായ കാഴ്ചപ്പാട്, പക്ഷേ ഓൺലൈൻ ക്ലാസുകൾക്കില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. പഠനാനുഭവങ്ങൾ ഓരോ കുട്ടിയിലും അറിവ് സൃഷ്ടിക്കുന്നുണ്ട്. ആ അറിവിനെ സഹപഠിതാക്കൾ നേടിയ അറിവുമായി ചർച്ച ചെയ്ത് സ്വയം മെച്ചപ്പെടാനുള്ള പ്രവർത്തനങ്ങൾ ഇന്നത്തെ ക്ലാസ് മുറിക്കുള്ളിൽ നടക്കുന്നുണ്ട്. അറിവ് പരസ്പരം പങ്കുവയ്ക്കണമെന്നും അത് നൽകാനും സ്വീകരിക്കാനും സന്നദ്ധമാവണമെന്നും ക്ലാസ് റൂം കുട്ടികളെ പഠിപ്പിക്കുന്നു. മികച്ച സാമൂഹിക ബന്ധം ഊട്ടി ഉറപ്പിക്കുന്ന സംഘപഠനമെന്ന ഈ പ്രവർത്തനക്രമം പക്ഷേ, ഓൺലൈൻ ക്ലാസുകൾക്കാവില്ല. കുട്ടികൾ ക്ലാസ് മുറിയിൽ നിന്ന് പഠിക്കുന്നതിലും എത്രയോ കൂടുതൽ സ്കൂൾ എന്ന പൊതു സമൂഹത്തിൽ നിന്ന് പഠിക്കുന്നുണ്ട്! അവന്റെ സ്വഭാവ രൂപീകരണത്തിൽ കൂട്ടുകൂടലും പങ്കുവയ്ക്കലും വലിയ സ്വാധീനം സൃഷ്ടിക്കുമല്ലോ. പ്രവൃത്ത്യുന്മുഖമായ അവരുടെ നൈസർഗിക ശേഷികളെ പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പരിമിതിയുണ്ട്. എന്നാൽ അതിനേക്കാൾ ഗുരുതരമാണ് സാമൂഹികാന്തസത്ത നഷ്ടപ്പെടുന്ന പഠനം നടത്തേണ്ട സാഹചര്യം. അതിനാലാണ് ഓൺലൈൻ ക്ലാസുകളുടെ കാലത്തുനിന്ന് യഥാർത്ഥ ക്ലാസ് മുറിയിലേക്ക് എത്രയും വേഗം കടന്നുവന്നേ കഴിയൂ എന്ന ചിന്തയും ആഗ്രഹവും പൊതു വിദ്യാഭ്യാസ സ്നേഹികളിൽ ശക്തിയാർജ്ജിക്കുന്നത്.

പുതിയ മന്ത്രിസഭയും പുതിയ വിദ്യാഭ്യാസ മന്ത്രിയുമാണ് നമുക്കിപ്പോൾ ഉള്ളത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പൊതുവിദ്യാഭ്യാസ രംഗത്ത് പ്രൊഫ. സി രവീന്ദ്രനാഥ് സൃഷ്ടിച്ച അനുപമ പ്രവർത്തന മികവിന്റെ ഊർജം ഇപ്പോഴുമുണ്ട്. വി ശിവൻകുട്ടി എന്ന പുതിയ മന്ത്രിക്ക് അതിനാൽ വേഗത്തിൽ കാര്യങ്ങൾ ചെയ്യാനാവും. കൂടുതൽ ചടുലമായി കാര്യങ്ങൾ ചെയ്യാൻ കരുത്തും ധാരണയുമുള്ള മന്ത്രിയാണദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്നയാളാണ്, ഈ മന്ത്രി. അദ്ദേഹം പൊതുവിദ്യാഭ്യാസ രംഗത്ത് തന്റേതായ കാഴ്ചപ്പാടുൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആറു ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ വർധിച്ചത്. ഈ വർഷവും നല്ല വർധനവ് ഉറപ്പാണെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. ഒന്നാം ക്ലാസിൽ സ്കൂളിൽ പ്രവേശനം നേടുന്ന കുട്ടികൾ കൂടാതെ, ഇതര സിലബസിൽ നിന്ന് കൂട്ടത്തോടെ കുട്ടികൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഏതു പ്രതിസന്ധിയിലും പഠനവും പരീക്ഷയും നടത്താനും കുട്ടികളുടെ ഭാവിയെ ജാഗ്രതയോടെ കാണാനും കഴിയുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ള അംഗീകാരമാണത്. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തിന് കാവലാളുകളായി പൊതുജനം ഉണ്ടായിരുന്നു. തുടർന്നും ആ പിൻബലം ഉറപ്പാണെങ്കിൽ, ഏതു കെടുകാലത്തെയും അതിജീവിക്കാനുള്ള ശക്തി നമ്മുടെ വിദ്യാഭ്യാസ രംഗം കൈവരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.