ഡോ. കെ പി വിപിൻ ചന്ദ്രൻ

January 03, 2021, 5:30 am

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വേണം ഒരു വികസനനയം

Janayugom Online

ഡോ. കെ പി വിപിൻ ചന്ദ്രൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും നടന്നുകഴിഞ്ഞു. ഇനിമുതൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള വികസന നയത്തിന്റെ വ്യക്തമായ രൂപരേഖ തയ്യാറാക്കേണ്ട സമയമാണിത്. 73,74-ാം ഭരണഘടനാ ഭേദഗതിയിലൂടെ 1995 മുതൽ കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കി 25 വർഷങ്ങൾ പിന്നിടുകയും അതിനൊപ്പം 1996 ഓഗസ്റ്റ് 17 തീയതി കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായ വികേന്ദ്രീകൃത ആസൂത്രണ പദ്ധതിയായ ജനകീയാസൂത്രണവും നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുന്ന വേളയിൽ പ്രാദേശിക സർക്കാരുകൾക്ക് തങ്ങളുടെ മുൻഗണനാവിഷയങ്ങൾ പുനഃപരിശോധിച്ച് സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകുന്ന വികസന പദ്ധതികൾ വിഭാവനം ചെയ്യേണ്ട സമയമാണിത്.“വികസനവും സദ്ഭരണവും” എന്നതായിരിക്കണം പ്രാദേശിക സർക്കാരുകളുടെ മുഖ്യ അജണ്ട. മറ്റു പ്രധാനപ്പെട്ട പതിനഞ്ചു നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.

സ്മാർട്ട് വില്ലേജ് എന്ന ആശയം

കോവിഡാനന്തര ലോകത്ത് പ്രാദേശിക സർക്കാരുകൾക്ക് ഉത്തരവാദിത്തം വർദ്ധിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ യാത്രകൾ പരിമിതപ്പെടുത്തുമ്പോൾ പ്രാദേശികതലത്തിൽ തന്നെ ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന രീതിയിലുള്ള വികസന സമീപനമാണ് സ്വീകരിക്കേണ്ടത്. മുൻരാഷ്ട്രപതിയായ ഡോ. എപിജെ അബ്ദുൽ കലാം വിഭാവനം ചെയ്ത Pro­vid­ing urban Ameni­ties in Rur­al Areas — PURA എന്ന പദ്ധതി പ്രധാനമായി കൃഷി ഭക്ഷ്യസംസ്കരണം, വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമീണമേഖലയിലും ലഭ്യമാക്കുക, നിർണായക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സ്വാശ്രയത്വം എന്നിവയിലൂന്നിയതായിരുന്നു. കോവിഡ് 19 പോലുള്ള മഹാമാരികളുടെ സാഹചര്യത്തിൽ നമുക്ക് പ്രാദേശിക തലത്തിൽ നഗരകേന്ദ്രീകൃതമായി മാത്രം ലഭിക്കുന്ന സൗകര്യങ്ങൾ നടപ്പാക്കാനുള്ള “സ്മാർട്ട് വില്ലേജ്” എന്ന ആശയത്തിന് പ്രാധാന്യം നൽകുക എന്നതാണ് ഓരോ പ്രാദേശിക സർക്കാരുകളും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത്.

സേവാഗ്രാമകേന്ദ്രങ്ങളുടെ രൂപീകരണവും

ഗ്രാമസഭകളെ ശക്തിപ്പെടുത്തലും കരുതലോടെ കൈപിടിച്ചു ഒരുമയോടെ സമൂഹത്തിന്റെ ഉന്നമനത്തിനായി ഗാന്ധിജി വിഭാവനം ചെയ്ത സേവാഗ്രാമകേന്ദ്രങ്ങൾ എല്ലാ പ്രാദേശിക സർക്കാരുകളും വാർഡുതലത്തിൽ രൂപീകരിക്കണം. സേവാഗ്രാമ കേന്ദ്രങ്ങൾ നടപ്പിലാക്കുമെന്ന് രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സൂചിപ്പിച്ചിരുന്നു. ഓരോ വാർഡിലെയും ഗ്രാമസഭയുടെ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ട് വാർഡിലെ എല്ലാ വികസന പദ്ധതികളുടെയും പ്രധാന കേന്ദ്രമായി സേവാഗ്രാമത്തിനെ മാറ്റിയെടുക്കണം. ഇതിനൊടൊപ്പം ഓരോ വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ സംബന്ധിച്ച് സാമൂഹ്യ സാമ്പത്തിക സർവേ നടത്തുകയും ഓരോ കുടുംബങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം പ്രാദേശിക വിഭവ സാധ്യതകളെക്കുറിച്ചും സഹായകരമാകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് വാർഡിലെ പ്രാഥമിക വിവരശേഖരണ റിപ്പോർട്ട് തയ്യാറാക്കണം. തുടർന്ന് കൃഷിക്കാർ, യുവജനങ്ങൾ, സ്ത്രീകൾ, പ്രവാസികൾ, സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കിടയിൽ അനൗപചാരികമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കണം.

ഈ ജനകീയ ചർച്ചകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി തങ്ങളുടെ വാർഡിനെ സംബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ കണ്ടെത്തി ക്രോഡീകരിച്ചു വിവിധ പ്രോജക്റ്റുകൾ തയ്യാറാക്കണം. തുടർന്ന് തങ്ങളുടെ പ്രദേശത്തെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഗ്രാമസഭ എന്ന ഔപചാരിക വേദിയിൽ വികസന ചർച്ചകൾ നടത്തി ഈ പദ്ധതികൾ പ്രാദേശിക സർക്കാരുകൾക്ക് കൈമാറാനുള്ള അടിസ്ഥാന യൂണിറ്റായി പ്രവർത്തിക്കാൻ ഗ്രാമസേവാ കേന്ദ്രങ്ങൾക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കാൻ സാധിക്കും. ഇന്ന് ഗ്രാമസഭകൾ വെറും ഗുണഭോക്താക്കൾ മാത്രം ഒത്തുചേരുന്ന അവസ്ഥയാണുള്ളത്. ജനങ്ങൾ അവർക്ക് ആനുകൂല്യം കിട്ടുന്ന ഇടം എന്ന നിലയിലാണ് ഗ്രാമസഭയെ കണ്ടത്. എന്നാൽ പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് ഒരു പുതിയ വികസനകാഴ്ചപ്പാട് രൂപപ്പെടുത്തുകയും അതിലൂടെ പ്രാദേശികതലത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി വികസന കാര്യങ്ങൾ ചർച്ച ചെയ്യുകയും ക്ഷേമ പദ്ധതികൾ ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്യുന്ന രീതിയിൽ ഗ്രാമസഭകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രാദേശിക സർക്കാരുകൾ ഊന്നൽ നല്കണം.

സുസ്ഥിര കൃഷി രീതിയും ജൈവ വൈവിധ്യ സംരക്ഷണവും

രണ്ടു വലിയ പ്രളയങ്ങൾക്കും അതുപോലെ ഓഖിപോലുള്ള ചുഴലിക്കാറ്റുകൾക്കും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നാം സാക്ഷിയായി.ഇതിനെ നേരിട്ടതിൽ കേരളത്തിലെ പ്രാദേശിക സർക്കാരുകളുടെ ഇടപെടൽ അഭിനന്ദനീയമാണ്. എന്നിരുന്നാലും മാറികൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാന ഭീഷണികളെ നേരിടാൻ ഓരോ പ്രാദേശിക സർക്കാരുകളും തയ്യാറെടുക്കേണ്ടതായിട്ടുണ്ട്. കൃഷി പരിസ്ഥിതിയെയും പരിസ്ഥിതി കൃഷിയെയും പരസ്പരം ശക്തിപ്പെടുത്തുന്ന വികസന സമീപനമാണ് സ്വീകരിക്കേണ്ടത്. അതിനൊപ്പം പ്രാദേശികമായ കാർഷിക രീതികളെയും കൃഷിവിജ്ഞാനവും വർധിപ്പിക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തണം. ഇതിനായി പരിസ്ഥിതി സംരക്ഷണം പ്രാദേശിക സർക്കാരുകളുടെ മുഖ്യപരിഗണന വിഷയമായി മാറണം. ബഹുരാഷ്ട്ര കോർപ്പറേറ്റുകളുടെ കടന്നുവരവ് കാർഷിക മേഖലയിൽ തടയുന്നതിനായി പ്രാദേശികതലത്തിൽ പോലും പ്രാദേശിക സർക്കാരുകൾ “കാർഷിക ബജറ്റ്” തയ്യാറാക്കി തങ്ങളുടെ പ്രദേശത്തെ കർഷകർക്ക് ന്യായവില ഉറപ്പു വരുത്തുകയും ശാസ്ത്രീയമായ കൃഷി രീതികൾ പിന്തുടർന്ന് മെച്ചപ്പെട്ട വിള ഉണ്ടാക്കുകയും കർഷകർക്ക് പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിലുള്ള വിപണിയിൽ മെച്ചപ്പെട്ട വില ഉറപ്പുവരുത്തുകയും ചെയ്യണം. അതിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിഷരഹിതമായ പച്ചക്കറികൾ, അരി, മറ്റു ധാന്യങ്ങൾ എന്നിവയ്ക്ക് പൊതുവി­പണി ഉണ്ടാക്കുകയും കൂടുതൽ സ്വീകാര്യത നേടിയെടുക്കാൻ ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും സ്വയംസഹായ സംഘങ്ങളും സ­ന്നദ്ധസംഘടനകളും ഉൾപ്പെട്ട ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുകയും ജൈവ കൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയും വേണം. അ­തിനൊപ്പം തങ്ങളുടെ പ്രദേശത്തെ സ്വാഭാവിക നീരുറവകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും ചെയ്യണം.

കൂടാതെ ആ പ്രദേശത്തെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി ജൈ­വവൈവിധ്യങ്ങളെ സംരക്ഷിക്കാനുള്ള ബൃഹത്തായ പദ്ധതികളും താഴെത്തട്ടിൽ ആവിഷ്കരിക്കണം.

തദ്ദേശീയ സുസ്ഥിര ദുരന്തനിവാരണ സംവിധാനം

ഒരു പ്രദേശത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും ജനസാന്ദ്രതയുമാണ് പ്രകൃതിദുരന്ത സാധ്യതയ്ക്ക് ആധാരമായ ഘടകങ്ങൾ. സുസ്ഥിരതയെ തുണയ്ക്കാത്ത ഭൂവിനിയോഗം, വാസയോഗ്യമാണെന്ന് വിശ്വസിക്കുന്ന ഇടങ്ങളിലേക്കുള്ള കുടിയേറ്റം, ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രാദേശിക തലത്തിലുള്ള പ്രകടമായ വെളിപ്പെടുത്തലുകൾ എന്നിവയിലൂടെ കേരളം നാൾക്കുനാൾ പ്രകൃതിദുരന്തസാധ്യതയുള്ള പ്രദേശമായി മാറിക്കഴിഞ്ഞു. പ്രളയാനന്തര കേരളത്തി­ൽ നാം പലപ്പോഴും ചർച്ച ചെയ്യുന്നത് പ്രളയ നഷ്ടങ്ങ­ളുടെ സാമ്പത്തിക വശങ്ങൾ മാത്രമാണ്. എന്നാൽ സാമ്പത്തികേതര ഘടകമായ ജൈവവൈവിധ്യത്തിന്റെ നഷ്ടത്തെക്കുറിച്ച് ആരും ബോധവാന്മാരല്ല. ഒന്നാംപ്രളയത്തിൽ നിന്നും രണ്ടാം പ്രളയത്തിലേക്കുള്ള യാത്രയിൽ കേരളജനത സ്വായത്തമാക്കിയത് ദുരന്ത ലഘൂകരണ ബാലപാഠങ്ങൾ മാത്രമാണ്. മാറിവരുന്ന കാലാവസ്ഥ വ്യതിയാന സാഹചര്യത്തില്‍ ഭാവിയിൽ വലിയ പ്രളയങ്ങൾക്കും കൊടുങ്കാറ്റുകള്‍ക്കും കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് പ്രാദേശിക സർക്കാരുകളുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാകുന്നത്. ദുരന്തനിവാരണ അതോറിറ്റികൾ കേന്ദ്ര സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നുവെങ്കിലും അവരുടെ നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പ്രാദേശിക സർക്കാരുകൾക്ക് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ സാധിക്കും.

അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ദുരന്തനിവാരണ സെല്ലുകൾ വാർഡുതലത്തിൽ രൂപീകരിക്കുകയും ഇതിന് പഞ്ചായത്ത് തലത്തിലും നഗരസഭ തലത്തിലുമുള്ള കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ രൂപവത്കരിക്കുകയും വേണം. ഭൗമപരമായ സാധ്യത നിർണയത്തിന്റെ ആദ്യപടി ഭൂപ്രകൃതി, നീർച്ചാലുകൾ, കൃഷിരീതികൾ, കെട്ടിടങ്ങൾ, ഭൂവിനിയോഗം, ലഭിക്കുന്ന മഴ എന്നിങ്ങനെ ഓരോന്നിനെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഭൂപടം തയ്യാറാക്കണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ ദുരന്തസാധ്യതകളുടെ മാപ്പിംഗ് പ്രാദേശികതലത്തിൽ തയ്യാറാക്കുകയും ദുരന്ത നിവാരണ ഏജൻസി കൈമാറുകയും വേണം. ദുരന്തങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങളും അതിനുശേഷമുള്ള ആഘാതങ്ങളും ലഘൂകരിക്കുന്നതിനായി പ്രാദേശിക സർക്കാരിന്റെ നേതൃത്വത്തിൽ പങ്കാളിത്താധിഷ്ഠിത ദുരന്തതീവ്രത അപഗ്രഥനം നടത്തുകയും വേണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ നിലനിൽക്കുന്ന അപകടങ്ങളെക്കുറിച്ച് തദ്ദേശീയരെ ബോധവാൻമാരാക്കുകയും ചെയ്യാൻ പ്രാദേശിക സർക്കാരുകൾ മുൻകൈ എടുക്കേണ്ടതായിട്ടുണ്ട്. ദുരന്ത നിവാരണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കും. ദുരന്തനിവാരണ മേഖലയിൽ വൈദഗ്ധ്യം നേടിയവരുടെ മാർഗ്ഗനിർദ്ദേശത്തോടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ അപകട സാധ്യതകളെ വിലയിരുത്തുകയും അതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയുമാണ് പ്രാദേശിക സർക്കാറുകൾ ചെയ്യേണ്ടത്. വിഭവഭൂപടം, സാമൂഹ്യ ഭൂപടം, അപകടസാധ്യത പ്രദേശഭൂപടം, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴികൾ ഉൾപ്പെടുത്തിയുള്ള ഭൂപടം തയ്യാറാക്കൽ, പ്രദേശത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ മുൻഗണനാക്രമം തയ്യാറാക്കൽ, പ്രശ്ന വിശകലനം തുടങ്ങിയ സാമൂഹ്യാധിഷ്ഠിത ദുരന്തനിവാരണ പദ്ധതികൾ രൂപീകരിക്കുന്നതിലും പ്രാദേശിക സർക്കാറുകൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ സാധിക്കും. (അവസാനിക്കുന്നില്ല)