പന്ന്യൻ രവീന്ദ്രൻ

October 30, 2020, 7:00 am

അറുപതാം വയസിന്റെ പോസ്റ്റിലേക്ക് മറഡോണയുടെ ആവേശഗോൾ…

കോടാനുകോടി കളിയാരാധകരുടെ അത്ഭുതതാരം
Janayugom Online
1986 മെക്സിക്കൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടുമായുള്ള ഏറ്റുമുട്ടലിൽ മറഡോണ വിഖ്യാതഗോൾ നേടുന്നു (ഫയൽ ചിത്രം)

പന്ന്യൻ രവീന്ദ്രൻ

ലോക ഫുട്ബോളിൽ വിവാദങ്ങളോടൊപ്പം വിജയകിരീടവുമായി ആരാധകലോകത്തെ അത്ഭുതപ്പെടുത്തിയ അർജന്റീനയുടെ വിഖ്യാതതാരമായ ഡീഗോ മറഡോണക്ക് അറുപത് വയസ്. ‘ദൈവത്തിന്റെ കയ്യും എന്റെ തലയും’ എന്ന സത്യസന്ധമായ വിശദീകരണത്തിലൂടെ കളങ്കമില്ലാത്ത കളിക്കാരനെന്ന് ലോകം തലകുലുക്കി സമ്മതിച്ച മികച്ച ഫുട്ബോളറാണ് മറഡോണ. അർജന്റീനയുടെ ഫുട്ബോൾ ചരിത്രവും ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളും പരിശോധനയ്ക്ക് തയ്യാറാവുന്ന ഏതൊരു ചരിത്ര വിദ്യാർത്ഥിക്കും ഫുട്ബോൾ നിരൂപകർക്കും മറഡോണയെ വിസ്മരിക്കാനാവില്ല.

മെക്സിക്കൻ ലോകകപ്പ് 1986ലാണ് നടന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജന്റീനയും നിറഞ്ഞാടിയ മത്സരങ്ങൾ. വിവാദമുയർത്തിയ സംഭവം നടന്നത് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ്. എതിരാളി കരുത്തരായ ഇംഗ്ലണ്ട്. രണ്ടാം പകുതിയുടെ ആറാമത്തെ മിനിറ്റിൽ മറഡോണയും ജോർഗേ വർഗാനോയും ചേർന്ന് കയറ്റിക്കൊണ്ടുവന്ന പന്ത്, വർഗാനോ പെനാൽറ്റി ഏരിയയിലേക്ക് ഉയർത്തിയടിച്ചു. പന്ത് നിയന്ത്രിക്കാനായി ഗോൾകീപ്പർ പീറ്റർ ഷിൽട്ടൻ ഉയർന്ന് ചാടുന്നു. അപ്പോഴേക്കും പറന്നെത്തിയപോലെ മറഡോണയും ആകാശത്തേയ്ക്കെത്തി. പന്ത് മിന്നായമായി ഇംഗ്ലണ്ടിന്റെ പോസ്റ്റിൽ കയറി. മൈതാനം നിറഞ്ഞിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു. ഗോൾ… ടുണീഷ്യക്കാരനായ റഫറി അലി ബിൻ നാസർലോംഗ് വിസിലടിച്ച് മൈതാന മധ്യത്തിലേക്ക് വിരൽ ചൂണ്ടി. ഇംഗ്ലണ്ട് താരങ്ങൾ പ്രതിഷേധിച്ച് ബഹളംകൂട്ടി. റഫറി വകവച്ചില്ല. സ്കോർബോർഡിൽ അർജന്റീനയുടെ പേരിൽ ഗോൾ രേഖപ്പെടുത്തി.

വിവാദ ഗോളിന്റെ ചർച്ചകൾ കാണികൾക്കിടയിലും പ്രസ് ഗ്യാലറിയിലും ചൂട് പിടിക്കുമ്പോൾ അപരാധബോധത്തോടെ മറഡോണ കളി തുടരുകയായിരുന്നു. പിന്നീട് മറഡോണ അത്ഭുതകരമായ ഫോമിലേക്കുയരുന്നതാണ് കണ്ടത്. നാല് മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പ്രായശ്ചിത്തഗോൾ നേടി. മൈതാനത്തിന്റെ മധ്യഭാഗത്തുള്ള ടച്ച് ലൈനിൽ നിന്ന് പന്തുമായി കുതിച്ച മറഡോണയുടെ മാർഗം തടയുവാൻ അഞ്ച് ഡിഫന്റർമാർ മാറിമാറി ശ്രമിച്ചിട്ടും ഒഴിഞ്ഞുതിരിഞ്ഞ് മുന്നോട്ട് കുതിച്ച മറഡോണ അപകടകരമായ ആങ്കിളിൽ നിന്നും നേടിയ ആ രണ്ടാംഗോളും ചരിത്രത്തിലെ മികച്ചതായി വിലയിരുത്തപ്പെട്ടു. അങ്ങനെ അർജന്റീനയ്ക്ക് സെമിബർത്ത് മറഡോണയുടെ വകയായി. കളി കഴിഞ്ഞപ്പോൾ തന്നെ വളഞ്ഞ പത്രക്കാർക്ക് മറുപടിയായി അദ്ദേഹം പറഞ്ഞതാണ് ‘ദൈവത്തിന്റെ കയ്യും എന്റെ തലയും’ എന്ന ദ്വയാർത്ഥ സൂചന.

Diego Maradona at World Cup 1986: the archangel

കളിക്കളത്തിൽ നിരന്തരം ചലിക്കുന്ന ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്ന മറഡോണയുടെ കുട്ടിക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. അർജന്റീനയിലെ പ്യൂറിറ്റോയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഡീഗോ അൽമാൻഡോ മറഡോണ കഞ്ഞുന്നാളിലെ പന്തുകളിയിൽ മുഴുകിയിരുന്നു. തുണിയും കടലാസും ചുരുട്ടിക്കെട്ടിയ പന്തുകൊണ്ടാണ് പാവപ്പെട്ട കുട്ടികൾ കളിച്ചിരുന്നത്. അച്ഛനും അമ്മയും വിളിക്കുന്നത് ‘എൽവിബേ’ എന്നാണ്. ‘ചെക്കൻ’ എന്നാണ് അർത്ഥം. കുഞ്ഞിന് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം അച്ഛൻ സമ്മാനിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിലാണ്. അത് മനോഹരമായ തുകൽ പന്തായിരുന്നു. ജീവിതയാത്രയിൽ ഒത്തിരി ഒത്തിരി ഉയരത്തിൽ കയറിപ്പോകാൻ ആ തുകൽ പന്തിന് കഴിയുമെന്നും ആ പന്തുമായി നാളെകളിൽ ലോകം കീഴടക്കുമെന്നും ആരും സ്വപ്നം കണ്ടിരുന്നില്ല. പക്ഷെ, മറഡോണയെന്ന കൊച്ചു പയ്യന്റെ ജീവിതത്തിന്റെ ജാതകം കുറിച്ചത് ആ പന്തിലായിരുന്നു. പിതാവ് ഡീഗോ സീനിയർ, മാതാവായ ഡെൽമയോട് പറഞ്ഞത് മകൻ ഫുട്ബോൾ താരമാകണം എന്ന ഒരാഗ്രഹം മാത്രമായിരുന്നു. മകന്റെ ആഗ്രഹവും അതുതന്നെ.

ഇറ്റലിയിൽ നിന്ന് കുടിയേറിയവരാണ് ഈ കുടുംബം. മൂന്ന് പെൺമക്കൾക്ക് ശേഷം പിറന്ന ആൺതരിയെ ഓമനിച്ചു വളർത്തി. എട്ട് മക്കളിൽ നാലാമൻ കുടുംബത്തിന്റെ തണലാകുമെന്നായിരുന്നു അവരുടെ സ്വപ്നം. കഷ്ടപ്പാടിനിടയിലും മകന്റെ മോഹങ്ങൾ നടക്കുമെന്നുറപ്പായിരുന്നു. കാരണം ഇറ്റലിക്കാരനായ പിതാവിന്റെ ഫുട്ബോൾ കമ്പം തന്നെ.

ഡീഗോയ്ക്ക് എട്ട് വയസുള്ളപ്പോഴാണ് തെരുവ് കുട്ടികളുടെ കാൽപന്ത്കളി കണ്ട ഫ്രാൻചെസ്കോ കോർണേ ജോ എന്ന ഫുട്ബോൾ പ്രമോട്ടർ, മികച്ച പ്രകടനം നടത്തുന്ന ഡീഗോയെ ശ്രദ്ധിച്ചത്. അടുത്ത ദിവസം ഡീഗോയുടെ ചേരിയിലെത്തിയ പ്രമോട്ടർ, ഡീഗോയെ ‘അർജന്റീനോ ജൂനിയേഴ്സ്’ എന്ന പ്രാദേശിക ക്ലബ്ബിലെ ബംബിനോ ടീമിൽ ചേർക്കാനുള്ള കരാറിൽ ഒപ്പുവയ്പിച്ചു. പരിശീലനവും പഠനവും കളിയുമായി ബാല്യകാലം വിടുമ്പോഴേക്ക് അവൻ ജൂനിയേഴ്സിന്റെ മികച്ച താരമായി. അടുത്ത കളം നേപ്പിൾസ്ബക്കാ ജൂനിയേഴ്സ് ആയിരുന്നു. യുവത്വത്തിലെത്തുമ്പോൾ ബാഴ്സലോണയിലെ താരമായി. സെവിച്ച, ന്യൂവേൽ, ഓൾഡ് ബോയ്സ് എന്നിവയിലൂടെ പ്രസിദ്ധനാവാൻ തുടങ്ങിയ ഡീഗോ വൈകാതെ രാജ്യത്തിന്റെ കുപ്പായമിട്ട് ദേശീയ ടീമിലെത്തി.

1982 FIFA World Cup™ - News - Diego Maradona - FIFA.com

കേവലം 16 വയസാകുമ്പോഴേക്കും ഡീഗോ അത്ഭുത ഫുട്ബോളറായി മാറി. അന്ന് ജനങ്ങൾ പറഞ്ഞത്, ഇവന്റെ ശരീരത്തിൽ ഒരു പ്രത്യേക രാസപദാർത്ഥത്തിന്റെ ചേരുവ ഉണ്ടെന്നാണ്. കാരണം പന്തുകൊണ്ട് കാണിക്കുന്ന വൈവിധ്യ പ്രകടനങ്ങൾ അത്ഭുതകരമാണ്. പത്തും പതിനഞ്ചും മിനിറ്റുകൾ പന്തുകൊണ്ട് കാണിക്കുന്ന എകാംഗ പ്രകടനം പത്രത്താളുകളിൽ ഇടംപിടിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ബൊക്ക ജൂബിയേഴ്സ് ആറു ദശലക്ഷം ഡോളർ വിലകൊടുത്ത് ഈ ഫുട്ബോൾ മാന്ത്രികനെ സ്വന്തമാക്കി. രാജ്യത്തെ വലിയ കളിക്കാരേക്കാൾ കൂടിയ വില ആയിരുന്നു ഇത്. പക്ഷെ ഡീഗോയ്ക്ക് അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ വയ്യ. ഒടുവിൽ അതിനും ക്ലബ്ബ് പരിഹാരം കണ്ടു. കുടുംബത്തിന്റെ താമസവും അവർ ഏറ്റെടുത്തു.

1978ലെ ലോകകപ്പ് അർജന്റീനയിലായിരുന്നു. അവിടെ രാജ്യത്തിന്റെ ജഴ്സിയണിയാൻ ഡീഗോയുണ്ടാകുമെന്ന് എല്ലാവരും കരുതി. പ്രഗത്ഭനായ കോച്ച് സീസർ ലൂയി മെനോട്ടി പക്ഷെ അതിനു സമ്മതിച്ചില്ല. അദ്ദേഹത്തിന് പ്രിയപ്പെട്ട ഡീഗോയെ ഇത്രയും ചെറുപ്പത്തിൽ വേൾഡ് കപ്പിനയച്ചാൽ ഭാവി അപകടത്തിലാകുമെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞു. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ പറ്റാത്ത ദുഃഖം ഡിഗോയുടെ എക്കാലത്തെയും നൊമ്പരമാണ്. വിവരമറിഞ്ഞ ഡീറോ അന്ന് മൈതാനത്ത് കത്തിയിരുന്നു കരഞ്ഞു. ആ ലോകകപ്പിൽ അർജന്റീന ഹോളണ്ടിനെ തോൽപ്പിച്ച് കിരീടം ചൂടി. 1930ൽ ഫൈനലിൽ തോറ്റ ദുഃഖം 48 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷിക്കാൻ വകയായി. ദുഃഖിതനായിരുന്ന ഡീഗോയും രാജ്യത്തിന്റെ വിജയത്തിൽ ആഹ്ലാദിച്ചു.

1982,86,90, 94 അങ്ങനെ നാലു ലോകകപ്പുകളിൽ കളിച്ചു. സ്വന്തം കളിക്കരുത്തിന്റെ ബലത്തിൽ രാജ്യത്തിന് ഒരു ലോകകപ്പ് വിജയം സമ്മാനിച്ചു. 1986 ൽ മെക്സിക്കോയിൽ പശ്ചിമ ജർമ്മനിയെ 3–2 ന് തോൽപ്പിച്ചാണ് വിജയം നേടിയത്. താരതമ്യേന വലിയ കരുത്തില്ലാത്ത അർജന്റീന ഡീഗോയെന്ന അത്ഭുത താരത്തിന്റെ കരുത്തിലാണ് വിജയം കയ്യിലാക്കിയത്. ടൂർണമെന്റിലെ മികച്ച താരം ഡീഗോ തന്നെയായിരുന്നു. കളിയുടെ മുഖ്യ ചാലകശക്തി മറഡോണ തന്നെ. ആദ്യം ഗോൾ നേടിയത് ജർമ്മനി. തിരിച്ചടിച്ചു അർജന്റീന. മറഡോണയ്ക്ക് പന്ത് കിട്ടിയാൽ കൊടുംകാറ്റും ചുഴലിക്കാറ്റും ഇടിവെട്ടും കാണാം. നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിൽ കാഴ്ചക്കാർ ചൂണ്ടുവിരലിൽ എഴുന്നേറ്റ് നിൽക്കുന്ന അത്യപൂർവ്വ നിമിഷങ്ങളാവും അത്.

Diego Maradona | Biography & Facts | Britannica

നാലു ലോകകപ്പ്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ. വിജയത്തിന്റെ ചിഹ്നമായ മറഡോണ ഫുട്ബോൾ ലോകത്തെ അതികായരിൽ മുൻനിരയിൽ തന്നെയാണ്. കോടാനുകോടി കളിയാരാധകർ ഒരിക്കലും മറക്കാത്ത അപൂർവ്വതയുടെ ആൾരൂപമാണ് മറഡോണ. കളിക്കളത്തിലെ പോരാളി പലപ്പോഴും കാണികളുടെ പ്രോത്സാഹനത്തെ സ്വാധീനിക്കാറുണ്ട്. കളിക്കളത്തോട് വിടപറഞ്ഞിട്ടും കാറ്റുനിറച്ച പന്തിനൊപ്പമുള്ള ആ കാവ്യശൈലി ഇന്നും മനസുകളുടെ അകത്തളങ്ങളിൽ ആവേശമുണർത്തിക്കൊണ്ടേയിരിക്കുന്നു. മറഡോണയുടെ കളിയെ ഏറെ ഇഷ്ടപ്പെടുന്ന ക്യൂബൻ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധകനാണ്. ഇരുവരുടെയും കൂടിക്കാഴ്ചകൾ വിഖ്യാതമാണ്.

പെലെയുടെ കാലത്ത് ലോകഫുട്ബോളിൽ സാംബനൃത്തച്ചുവട് തരംഗമായെങ്കിൽ മറഡോണയുടെ വിടവാങ്ങൽ ഫുട്ബോളിലെ ശരിയുടെ ഭാഗം മനുഷ്യന്റെ ചിന്താമണ്ഡലത്തെ സ്വാധീനിച്ചു. മറഡോണയുടെ കളിജീവിതം പോലെ തന്നെ പ്രധാനമാണ് പൊതുജീവിതവും.

Diego Maradona | Biography & Facts | Britannica

ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെമ്പാടും സംഘടിപ്പിക്കുവാനും ചൂഷകവർഗ്ഗത്തെ എതിർക്കുവാനും അദ്ദേഹം മുൻപന്തിയിലുണ്ട്. ചരിത്രത്തിൽ ലോകം നെഞ്ചിലേറ്റിയ ഒരുപാട് പ്രമുഖ താരങ്ങളുണ്ടായിരുന്നു. ആ കൂട്ടത്തിൽ മറഡോണയുടെ പേര് ഏറെ ഉയരത്തിൽ ആണ്. ചിലർ അദ്ദേഹത്തെ പെലെയുമായി താരതമ്യം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഫുട്ബോൾ രാജാവ് പെലെയും ഫുട്ബോൾ മാന്ത്രികൻ റൊണാൾഡോയും രണ്ടുതരത്തിൽ കാണേണ്ടവരും ഇതിഹാസ താരങ്ങളുമാണ്.

ദൈവവിശ്വാസിയായ മറഡോണ സത്യസന്തനായ ഒരു ഫുട്ബോളർ ആണ്. തനിക്ക് ശരിയെന്നു തോന്നുന്ന ഏതു കാര്യത്തിലും എത്ര ഉന്നതരുമായും കൊമ്പുകോർക്കും. ഒരിക്കൽ അമേരിക്കൻ പ്രസിഡന്റുമായും പോൾ മാർപ്പാപ്പ തിരുമേനിയുമായും പരസ്യമായി ഏറ്റുമുട്ടി. സാമ്രാജ്യത്വത്തിനെതിരായും കറുത്ത മനുഷ്യരുടെ സുരക്ഷയ്ക്കുവേണ്ടി നടന്ന പോരാട്ടത്തിലും മറഡോണയുണ്ടായി. ലോകമാരാധിക്കുന്ന താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നു.