ടി കെ പ്രഭാകരകുമാര്‍

January 29, 2021, 6:08 am

അന്ധവിശ്വാസം വാഴുന്ന രാജ്യത്തെ മനുഷ്യക്കുരുതികൾ

Janayugom Online

മഹത്തായ ഭാരതസംസ്കാരത്തിൽ നമ്മളെല്ലാം ഊറ്റംകൊള്ളുമ്പോഴും മനുഷ്യക്കുരുതിക്കിടയാക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭ്രാന്തെടുത്ത മതഭക്തിവിശ്വാസങ്ങളും ഇവിടെ കൊടികുത്തിവാഴുകയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി നിയമങ്ങൾ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന രാജ്യഭരണാധികാരികളാകട്ടെ മനുഷ്യത്വഹീനവും മാനവിക സംസ്കാരത്തിന് നിരക്കാത്തതുമായ ദുരാചാരങ്ങൾ കർശനമായി തടയുന്നതിന് പര്യാപ്തമായ ഒരു നിയമവും കൊണ്ടുവരുന്നില്ല. അധികാരകേന്ദ്രങ്ങളുടെയും നിയമവ്യവസ്ഥയുടെയും നിഷ്ക്രിയത്വം അവസരമാക്കി നമ്മുടെ രാജ്യത്ത് ദുർമന്ത്രവാദികളും വ്യാജ സിദ്ധൻമാരും മനുഷ്യദൈവങ്ങളും പടർന്നുപന്തലിക്കുകയാണ്. അന്ധവിശ്വാസത്തിന്റെ അന്ധകാരം നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കുന്ന ആൾദൈവങ്ങൾ നടത്തുന്ന കൂട്ട നരഹത്യകൾപോലും വിശ്വാസത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുന്ന കാലം.

നിത്യാനന്ദയെപ്പോലുള്ള ആൾദൈവങ്ങളും കപടസന്യാസിമാരും ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകൾക്ക് കൈയും കണക്കുമില്ല. ഫ്രാങ്കോയെ പോലുള്ള പുരോഹിതവർഗം സ്ത്രീത്വത്തെ പിച്ചിചീന്താനാണ് വിശ്വാസത്തെ ഉപയോഗിക്കുന്നത്. അധികാര സോപാനങ്ങളിലും രാഷ്ട്രീയ അന്തഃപുരങ്ങളിലും ഇത്തരക്കാർ നേടിയെടുത്ത സ്വാധീനമാകാം നാടിന്റെ സകല പുരോഗന മുന്നേറ്റങ്ങളെയും കാർന്നുതിന്നുന്ന ദുഷ്ടശക്തികളായി വളരാൻ ഇവർക്ക് അനുകൂലപരിസരമൊരുക്കിക്കൊടുക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദുരാചാരങ്ങളുടെ പേരിൽ ആവർത്തിക്കപ്പെടുന്ന കൊടുംക്രൂരതകളും കൊള്ളരുതായ്മകളും സാധാരണ വാർത്തകളായി വായിച്ചുതള്ളുന്ന നമ്മുടെയൊക്കെ ലാഘവത്വം നാടിനെ ഓർക്കാൻ പോലും ഭയപ്പെടുന്ന ഇരുണ്ട യുഗത്തിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന പാതകമായി പരിണമിക്കുകയാണ്. ആന്ധ്രാപ്രദേശിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പ്രായപൂർത്തിയായ രണ്ട് പെൺമക്കളെ അധ്യാപകദമ്പതികൾ ബലി നൽകിയ സംഭവം രാജ്യത്തിന്റെ യശസിന് തന്നെ തീരാക്കളങ്കം വരുത്തിവച്ചിരിക്കുകയാണ്. നിരക്ഷരരായ ഗോത്രസമൂഹങ്ങൾക്കിടയിലല്ല ഇത്തരമൊരു ദാരുണസംഭവം നടന്നിരിക്കുന്നത്.

ഉയർന്ന വിദ്യാഭ്യാസവും അറിവും സ്വായത്തമാക്കിയ വിദഗ്ധരായ അധ്യാപക ദമ്പതികളുടെ വീട്ടിലാണ് ദുർമന്ത്രവാദത്തിന്റെ പേരിലുള്ള അരുംകൊലകൾ സംഭവിച്ചത്. ഏതോ ഒരു ദുർമന്ത്രവാദിയുടെ ഉപദേശം കേട്ട് ഈ രക്ഷിതാക്കൾ തങ്ങളുടെ രണ്ട് പെൺമക്കളെ ഡംബൽകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മക്കൾക്ക് പുനർജൻമം കിട്ടാൻ വേണ്ടിയാണ് തങ്ങൾ ഇങ്ങനെയൊരു കൃത്യം നടത്തിയതെന്നാണ് സർക്കാർ വനിതാ കോളജിലെ രസതന്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും സ്വകാര്യ സ്കൂൾ അധ്യാപികയായ പത്മജയും പൊലീസിനോട് വെളിപ്പെടുത്തിയത്. ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ 27 കാരിയായ അലേഖ്യയും എ ആർ റഹ്മാന്റെ മുംബൈയിലെ സംഗീത സ്കൂളിൽ വിദ്യാർത്ഥിനിയായ ബിബിഎ ബിരുദധാരി സായ് ദിവ്യ(22)യുമാണ് സ്വന്തം മാതാപിതാക്കളുടെ കൈകളാൽ കൊലചെയ്യപ്പെട്ടത്. കലിയുഗം അവസാനിക്കുന്ന രാത്രിയിൽ ബലി നൽകിയാൽ സത്യയുഗം തുടങ്ങുന്ന അടുത്ത ദിവസംതന്നെ ഇവർ പുനർജനിക്കുമെന്നും ദമ്പതികൾ പൊലീസിനോട് കൂസലില്ലാതെ അവകാശപ്പെടുകയായിരുന്നു. അന്ധവിശ്വാസം മാരക മയക്കുമരുന്നുപോലെ ഇവരുടെ തലച്ചോറിനെ എത്രമാത്രമാണ് മന്ദീഭവിപ്പിച്ചിരിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാകുകയാണ്.

ഗണിതശാസ്ത്രത്തിൽ സ്വർണമെഡൽ നേടിയ ജേതാവ് കൂടിയാണ് പത്മജ എന്നറിയുമ്പോൾ ശാസ്ത്രം നൽകുന്ന യുക്തിഭദ്രമായ ദിശാബോധം ഇവരുടെ മനസിന്റെ നാലയലത്തുകൂടി പോലും കടന്നുപോയിട്ടില്ലെന്ന് വ്യക്തമാകുകയാണ്. വിദ്യാഭ്യാസമില്ലാത്തവരും വിദ്യാഭ്യാസം കുറഞ്ഞവരുമാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിമപ്പെടാറുള്ളതെന്നാണ് പൊതുവെ വിലയിരുത്താറുള്ളത്. എന്നാൽ ഉന്നതവിദ്യാഭ്യാസമുള്ളവർക്കിടയിലും അന്ധവിശ്വാസികൾ ഏറെയാണ്. സാമാന്യയുക്തിക്കുപോലും നിരക്കാത്ത ചില വിശ്വാസങ്ങൾ ചെറുപ്പകാലം മുതലേ കൊണ്ടുനടക്കുകയും അതിൽനിന്ന് ഒരു കാരണവശാലും മോചിതരാകാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾ തങ്ങൾ നേടിയ ഉന്നതവിദ്യാഭ്യാസത്തെ അന്ധവിശ്വാസവുമായി ബന്ധിപ്പിച്ചായിരിക്കും ജീവിതത്തിലെ ഓരോ കാര്യങ്ങളും വിലയിരുത്തുക. അന്ധവിശ്വാസങ്ങൾക്കും ജാതിവിവേചനങ്ങൾക്കും അയിത്താചരണത്തിനുമെതിരെ ഒട്ടേറെ നവോത്ഥാന പോരാട്ടങ്ങൾ നടന്ന കേരളം പോലും ദുരാചാരങ്ങളിൽ നിന്ന് പൂർണമുക്തി നേടിയിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാരീതികളോട് മുഖം തിരിച്ചുനിൽക്കുകയും ദുർമന്ത്രവാദചികിത്സയിൽ വിശ്വസിക്കുകയും ചെയ്യുന്നവരിൽ നിരക്ഷരരെപ്പോലെ സാക്ഷരരും ഉണ്ട്. ദുർമന്ത്രവാദികളുടെയും വ്യാജസിദ്ധൻമാരുടെയും കൊടുംചൂഷണങ്ങൾക്ക് ഇരകളാകുന്നവരിൽ വലിയൊരു ശതമാനവും സ്ത്രീകളാണ്. നിയമവിരുദ്ധവും പ്രാകൃതവുമായ ദുർമന്ത്രവാദചികിത്സകൾക്ക് വിധേയരായി രോഗം മൂർഛിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം പെരുകുമ്പോഴും സമൂഹത്തിന്റെ കണ്ണ് തുറക്കുന്നില്ല. പിന്നെയും വ്യാജചികിത്സകരുടെ മാന്ത്രിക വലയത്തിൽ കുടുങ്ങി പലരും ആരോഗ്യവും സമ്പത്തും പാഴാക്കുകയാണ്.

കരുനാഗപ്പള്ളിയിൽ മന്ത്രവാദചികിത്സക്കിടെ ഒരു യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം നടന്ന് അധികനാളൊന്നും ആയിട്ടില്ല. കാസർകോട്ട് ഒരു അധ്യാപികയെ ദുർമന്ത്രവാദപൂജയ്ക്ക് വിധേയയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ചിത്രകലാ അധ്യാപകനും സഹായിക്കുമെതിരായ വിചാരണാനടപടിക്രമങ്ങൾ ജില്ലാ കോടതിയിൽ പുരോഗമിക്കുകയാണ്. സാത്താൻ സേവയിൽ വിശ്വസിച്ച് മാനസികരോഗിയായ യുവാവ് തന്റെ കുടുംബത്തെ മുഴുവൻ കൂട്ടക്കൊല ചെയ്ത സംഭവം നടന്നത് കേരളത്തിലാണ്. മകളുടെ വിവാഹക്കാര്യം ശരിയാകാൻ ഭക്ഷണത്തിൽ ഒരു ആധ്യാത്മിക കേന്ദ്രത്തിന്റെ പത്രം അരച്ച് ഭക്ഷണത്തിൽ കലർത്തിക്കൊടുത്ത അമ്മ ജീവിക്കുന്നതും പ്രബുദ്ധകേരളത്തിൽ തന്നെ. കാസർകോട്, പാലക്കാട്, ഇടുക്കി, പനത്തടി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ അതിർത്തിപ്രദേശങ്ങളിൽ ദുർമന്ത്രവാദ പൂജകൾ നിർബാധം തുടരുന്നുണ്ട്. പ്രേതബാധയൊഴിപ്പിക്കലെന്ന പേരിലുള്ള ചടങ്ങുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നടക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെയാണ് പ്രേതങ്ങളുടെ ഉപദ്രവമായി വ്യാഖ്യാനിക്കുന്നത്. മാനസികാരോഗ്യം നേടിയെടുക്കുന്നതിനുള്ള കൗൺസിലിംഗ് അടക്കമുള്ള ചികിത്സാരീതികളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ലൈംഗിക‑സാമ്പത്തിക ചൂഷണങ്ങൾ ഏറെയും നടക്കുന്നതും അന്ധവിശ്വാസങ്ങളുടെ മറവിലാണ്. രോഗശാന്തി ശുശ്രൂഷകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ നിയമത്തിന്റെ കൺമുന്നിൽ മറയില്ലാതെ അരങ്ങേറുന്നു. ഇല്ലാത്ത ഭൂതപ്രേതപിശാചുക്കളെ ഒഴിപ്പിക്കുന്ന ക്രിയകൾ കേരളത്തിലെ പല കുടുംബങ്ങളുടെയും തറവാടുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും നടക്കാറുണ്ട്.

സാങ്കല്പിക പൈശാചിക ശക്തികൾ യഥാർത്ഥ്യമാണെന്ന് കരുതി ഭയപ്പെട്ട് ജീവിക്കുന്ന കുട്ടികൾ മാനസികരോഗികളായിട്ടായിരിക്കും വളരുക. തങ്ങൾ കാണാത്ത നിഗൂഢലോകത്തെ അജ്ഞാത രൂപങ്ങൾ തങ്ങളെ വേട്ടയാടുന്നുവെന്ന ചിന്തയിൽ ജീവിക്കുന്ന കുട്ടികളിൽ നിന്ന് നല്ലൊരു തലമുറ വാർത്തെടുക്കപ്പെടുകയില്ല. പെൺകുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വാദോഷമുണ്ടെന്ന് വിശ്വസിക്കുന്ന കുടുംബങ്ങൾ കേരളത്തിൽ ഏറെയാണ്. പുരോഗമന ആശയം കൊണ്ടുനടക്കുന്നവരുടെ കുടുംബങ്ങളിൽപ്പോലും ചൊവ്വാദോഷം എന്ന വികല ചിന്തയെ മാറ്റി നിർത്താൻ കഴിയുന്നില്ല. വിവാഹത്തിന്റെ കാര്യം വരുമ്പോൾ ചൊവ്വാദോഷം പ്രധാന ഘടകമായി മാറുകയാണ്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ദുർമന്ത്രവാദത്തിന്റെ പേരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങൾ പതിവാകുകയാണ്.

കുടുംബജീവിതം മെച്ചപ്പെടാനും ഉയർന്ന ജോലി ലഭിക്കാനും പ്രശസ്തി നേടിയെടുക്കാനും ഒക്കെ കുരുന്നുകളെ ബലികൊടുക്കണമെന്ന നിർദ്ദേശം നൽകുന്ന ദുർമന്ത്രവാദികളുടെ സ്വൈര്യവിഹാരകേന്ദ്രങ്ങളാണ് രണ്ട് സംസ്ഥാനങ്ങളും. അന്ധവിശ്വാസത്തിന്റെ ബലിയാടുകളായി കഴുത്തറുക്കപ്പെട്ട കുരുന്നു ശരീരങ്ങൾ വലിച്ചെറിയപ്പെടുമ്പോഴും ഇതിനെതിരെ കർശനമായ നിയമം വേണമെന്ന് നമ്മുടെ അയൽ സംസ്ഥാനങ്ങൾ ഭരിക്കുന്നവർക്ക് തോന്നാറില്ല. കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജന നിയമം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഇത്തരം നടപടികളിലേക്ക് സർക്കാര്‍ നീങ്ങിയിട്ടില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കി മനുഷ്യർ ദുരാചാരങ്ങളുടെ ഇരകളായി മാറാതിരിക്കാനുള്ള നടപടികൾ അനിവാര്യമാകുകയാണ്.