സംഘപരിവാര രാഷ്ട്രീയത്തിന്റെ വാർത്താവതാരങ്ങൾ

അഡ്വ. പി ഗവാസ്(ജോയിന്റ് സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി)
Posted on May 12, 2020, 5:55 am

ഒരു മാധ്യമം പുറത്തേക്ക് വിടുന്ന വാര്‍ത്തകളിലെ രാഷ്ട്രീയം പരിപൂര്‍ണമായും ആ മാധ്യമത്തിന്റെ മാനേജ്മെന്റ് ഉയര്‍ത്തിപ്പിടിക്കുന്ന താല്‍പര്യങ്ങളോട് യോജിച്ച് നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് സുധീര്‍ ചൗധരി എന്ന സി ന്യൂസ് ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവി തുടര്‍ച്ചയായി അവതരിപ്പിക്കുന്ന വിദ്വേഷ വാര്‍ത്തകള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യത്തിന്റെ വാദമുഖങ്ങളാണ് എന്നു പറയേണ്ടിവരുന്നത്. പ്രമുഖ വ്യവസായിയും സംഘ്പരിവാര രാഷ്ട്രീയത്തിന്റെ പ്രമുഖ വക്താവും ഇപ്പോള്‍ ബിജെപി പിന്തുണയോടെ ഹരിയാനയില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ സുഭാഷ് ചന്ദ്രയാണ് സി ടിവിയുടെ സ്ഥാപകനും ഉടമസ്ഥനും. ശതകോടീശ്വരനായ വ്യവസായിയായ എസ്സല്‍ ഗ്രൂപ്പിന്റെ സ്ഥാപനം എന്ന നിലയില്‍ മാത്രമല്ല ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ പ്രചരണത്തിന് വന്നു നിലകൊള്ളുകയും എന്നാല്‍ സ്വതന്ത്രമെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നവരാണവര്‍. ഹിന്ദുവിനും ഹിന്ദുസ്ഥാനും വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത് എന്ന് സുഭാഷ് നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാല ഇന്ത്യയില്‍ വിദ്വേഷത്തിന്റെയും വംശവെറിയുടെയും വാര്‍ത്തകള്‍ സൃഷ്ടിച്ചാണ് സി ന്യൂസ് അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. അര്‍ണബിന്റെ റിപ്പബ്ലിക്കന്‍ ചാനലിനെ പോലും ചിലപ്പോള്‍ കടത്തിവെട്ടുന്നുണ്ട്.

ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആശയഗതികളെ ശക്തമായി ജെഎന്‍യുവില്‍ അവതരിപ്പിച്ച് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതു മുതല്‍ സംഘപരിവാരത്തിന്റെ ശത്രുപട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു കനയ്യ കുമാര്‍. പാര്‍ലമെന്റ് ആക്രമണകേസില്‍ കുറ്റക്കാരനെന്ന് കണ്ട് കോടതി 2001 ല്‍ തൂക്കിലേറ്റിയ അഫ്‌സല്‍ഗുരുവിനെ അനുകൂലിച്ച് ക്യാമ്പസില്‍ പരിപാടി സംഘടിപ്പിച്ചുവെന്നും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നുമുള്ള വ്യാജ വീഡിയോ നിര്‍മ്മിച്ചാണ് സീ ന്യൂസ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുപ്പിച്ചത്. പിന്നീട് നടന്ന അന്വേഷണങ്ങളില്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണ് എന്ന് ബോധ്യമായെങ്കിലും ലോകം മുഴുവന്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് അപരാജിതാ രാജ എന്നീ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ജെഎന്‍യുവിനും എതിരായി ദേശദ്രോഹികള്‍ എന്ന് പ്രചരിപ്പിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിച്ചു. അവരുടെ വാര്‍ത്തകള്‍ പിന്നീട് സംഘപരിവാരം ഒന്നടങ്കം ഏറ്റെടുത്തു. സീ ന്യൂസിലെ വിശ്വാസ് ദീപക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജിവച്ചത് കനയ്യ കുമാറിനെതിരായ വ്യാജ വീഡിയോ നിര്‍മ്മിതിയിലുള്ള തന്റെ പ്രതിഷേധം ഉയര്‍ത്തിയാണ്. ഉന്നതരുടെ പിന്തുണയോടെയാണ് വ്യാജ വാര്‍ത്താ നിര്‍മ്മിതിയെന്നായിരുന്നു വിശ്വാസ് ദീപകിന്റെ വെളിപ്പെടുത്തല്‍.

2016 ലാണ് പ്രശസ്ത ഉറുദു കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഗൗഹര്‍ റാസക്കിനെതിരെ ചൗധരിയുടെ സി ന്യൂസ് വ്യാജ പ്രചരണം നടത്തിയത് സുധീര്‍. ജാവേദ് അക്തര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഡല്‍ഹിയിലെ ഒരു സാഹിത്യ സദസില്‍ അവതരിപ്പിച്ച ഒരു കവിതയില്‍ ജെഎന്‍യുവിനെയും ദേശദ്രോഹ കുറ്റത്തെക്കുറിച്ചും പരാമര്‍ശിച്ചതിന്റെ പേരില്‍ റാസയും ദേശവിരുദ്ധനായി. അഫ്സലിനെ സ്നേഹിക്കുന്നവരുടെ സംഘത്തില്‍ പെട്ടവന്‍ എന്ന് റാസയെ അഭിസംബോധന ചെയ്യാന്‍ മടികാണിച്ചില്ല സുധിര്‍ ചൗധരി. റാസയെക്കുറിച്ചുള്ള വാര്‍ത്ത സംപ്രേഷണം ചെയ്യുമ്പോള്‍ കനയ്യയെയും അഫ്സല്‍ ഗുരുവിനെയും സ്ക്രീനില്‍ കാണിച്ചു സി ന്യൂസ്. മതവിദ്വേഷവും വ്യക്തിഹത്യയും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 250 ലേറെ കലാകാരന്മാരും സാമൂഹിക പ്രവര്‍ത്തകരും ഒപ്പിട്ട പരാതി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

നസറുദ്ദീന്‍ഷാ, ഷര്‍മിള ടാഗോര്‍ തുടങ്ങി പരാതിയില്‍ ഉറച്ചു നിന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു നേരേയും വിഷം ചീറ്റുന്ന പരാമര്‍ശങ്ങളുമായി സുധീര്‍ ചൗധരിയും സി ന്യൂസും മടിയില്ലാതെ വാര്‍ത്തകള്‍ ചമച്ചു. നിരവധി തവണ മാനനഷ്ട കേസുകളും പരാതികളും ഉണ്ടായിട്ടും സി ന്യൂസ് അതില്‍നിന്ന് രക്ഷപ്പെട്ടത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടു കൂടിയാണ്. ഓരോ തവണ കേസുകള്‍ ഉണ്ടാവുമ്പോഴും അവര്‍ അതിനെ‍ മ്ലേച്ഛമായ രീതിയില്‍ നേരിടുന്നു. ചിലരോട് ക്ഷമാപണം പറയും, ചിലരെ ഭീഷണിപ്പെടുത്തും, ചിലരെ സ്ഥിരമായി ശല്യം ചെയ്യുകയും സര്‍ക്കാര്‍ സംവിധാനങ്ങളെ ഒപ്പം നിര്‍ത്തുകയും ചെയ്യും. സംവാദങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുത്ത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചാനലിന് വിശ്വാസ്യത നല്‍കുന്നു. മുസ്‌ലിം മതവിഭാഗത്തെ സമ്പൂര്‍ണമായി ആക്ഷേപിക്കുന്ന രീതിയില്‍ മാര്‍ച്ച് 11ന് സുധീര്‍ ചൗധരി ചാനലില്‍ അവതരിപ്പിച്ച ഡിഎന്‍എ എന്ന പരിപാടിക്കെതിരെ എഐവൈെഫ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി നല്‍കിയ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ കാര്യത്തിലും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ ചാനലിന്റെ രക്ഷകരായി പരസ്യമായി പ്രതികരിക്കുന്നതും സര്‍ക്കാര്‍ — സി ടിവി കൂട്ടുകെട്ടിന്റെ‍ പേരിലാണ്.

ഡിഎന്‍എ (ഡെയ്‌ലി ന്യൂസ് അനാലിസിസ്) എന്നത് വാര്‍ത്താ വിശകലന പരിപാടിയാണ്. മാര്‍ച്ച് 11 ന് ഇത് സംപ്രേഷണം ചെയ്യുമ്പോള്‍ ലോകത്ത് കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭീതിജനകമായ വ്യാപനം ലോകത്തും നമ്മുടെ രാജ്യത്തും ആരംഭിച്ച് തുടങ്ങിയ ദിവസങ്ങള്‍. ‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ പ്രവേശനത്തെ ഇന്ത്യ നിയന്ത്രിക്കാന്‍ തീരുമാനിച്ച ദിവസം, സാമ്പത്തിക പ്രതിസന്ധികള്‍, ഡല്‍ഹി കൂട്ടക്കൊലയെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രിയുടെ പ്രതികരണം ഇവയെല്ലാം വാര്‍ത്തയായ ദിവസം സുധീറിന്റെ വാര്‍ത്താവലോകനം ജിഹാദിനെ കുറിച്ചായിരുന്നു. മതസ്പര്‍ധയും വര്‍ഗീയതയും പ്രചരിപ്പിക്കുക വഴി കലാപത്തിനുള്ള ആഹ്വാനമാണ് ഡിഎന്‍എ മുന്നോട്ടു വച്ചത്. ഒരു കാരണവശാലും മതനിരപേക്ഷ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യപ്പെടാന്‍ പാടില്ലാത്ത പരിപാടി. ജിഹാദിനെക്കുറിച്ചായിരുന്നു മാർച്ച് 11 ന് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി ചാനലിൽ അവതരിപ്പിച്ച ഡിഎൻഎ എന്ന പരിപാടി. വ്യത്യസ്തമായ ജിഹാദുകൾ എന്ന വിഷയമായിരുന്നു അന്നത്തെ പരിപാടിയുടെ ഉള്ളടക്കം. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കയ്യിലെ ആയുധമാണെന്ന് പറയുന്ന ചൗധരി ജിഹാദിനെ കഠിനമായ ജിഹാദെന്നും സൗമ്യമായ ജിഹാദെന്നും വേർതിരിക്കുകയും ചെയ്യുന്നു. ചൗധരിയുടെ പരിപാടി മതപരമായ സ്പർധ വളർത്തുന്നതോടൊപ്പം ഒരു മതവിഭാഗത്തിന് നേരെ കൃത്യമായി പക ഉണർത്തുകയും പരോക്ഷമായി കലാപാഹ്വാനം നടത്തുകയുമാണ് ചെയ്യുന്നത്. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) ന്റെ നഗ്നമായ ലംഘനമാണ്.

കൂടാതെ ഐ ടി ആക്ട് സെക്ഷൻ 66 (A), കേബിൾ ടി വി റെഗുലേഷൻ ആക്ട് 2018 എന്നിവ പ്രകാരം ശിക്ഷാർഹവുമാണ്. ഒപ്പം ഇന്ത്യൻ ശിക്ഷാ നിയമം 153 a, 153 b, 295 a, 502, 503 എന്നിവ പ്രകാരവും കേസെടുക്കാൻ കഴിയുന്ന കുറ്റമാണ്. എഐവൈഎഫ് സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സിറ്റി പൊലിസ് കമ്മിഷണർക്ക് സമർപ്പിച്ച പരാതിയിൽമേൽ കാര്യങ്ങളെല്ലാം വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 295 (a) പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുധീർചൗധരി പരിപാടിയിൽ ജിഹാദിനെ മാധ്യമ ജിഹാദ്, സാംസ്കാരിക ജിഹാദ്, മതേതരത്വ ജിഹാദ്, ഭൂമി ജിഹാദ്, ജനസംഖ്യാ ജിഹാദ്, വിദ്യാഭ്യാസ ജിഹാദ്, ഇരകളുടെ ജിഹാദ് എന്നിങ്ങനെ തരം തിരിക്കുന്നു. പെയ്ഡ് ജേണലിസ്റ്റുകളെ വശത്താക്കി ഇസ്ലാമിനെ മഹത്വവല്ക്കകരിക്കുന്നതാണ് മാധ്യമ ജിഹാദ്. സിനിമ, സംഗീതം എന്നിവയിലൂടെ ഇസ്ലാമിനെയും മുഗൾ കാലഘട്ടത്തെയും ആകർഷകമായി അവതരിപ്പിക്കുന്നതാണ് സാംസ്കാരിക ജിഹാദ്. ഇടത്, കമ്മ്യൂണിസ്റ്റ്, ലിബറൽ നേതാക്കളെ കൂടെ നിർത്തി നടത്തുന്നതാണ് മതേതരത്വ ജിഹാദ്. കൂടുതൽ വിവാഹങ്ങൾ കഴിച്ച് കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതാണ് ജനസംഖ്യാ ജിഹാദ്.

കൂടുതൽ ഭൂമി കൈവശപ്പെടുത്തി പള്ളികളും മറ്റും പണിത് സ്വാധീനം ഉറപ്പിക്കുന്നതാണ് ഭൂമി ജിഹാദ്. മദ്രസകൾ വർദ്ധിപ്പിക്കുകയും അറബിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് വിദ്യാഭ്യാസ ജിഹാദ്. തങ്ങൾ ഇരകളാണെന്ന് പ്രചരിപ്പിച്ച് സഹതാപം നേടിയെടുക്കുന്നതാണ് ഇരകളുടെ ജിഹാദ്. ഒപ്പം സംവരണ ആനുകൂല്യങ്ങളും നേടിയെടുക്കുന്നു. ഇതിനെല്ലാം പുറമെയാണ് നേരിട്ടുള്ള ജിഹാദ്. ഇത് മുസ്ലീം അല്ലാത്തവർക്ക് നേരെയുള്ള കായിക ആക്രമണമാണെന്നും ആത്യന്തികമായ ലക്ഷ്യം ഭീകരവാദവും കലാപവുമാണെന്ന് സുധീർ ചൗധരി പരിപാടിയിൽ പറയുന്നു. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെ മറ്റു വിഭാഗങ്ങളുടെ വിദ്വേഷം വളർത്താനാണ് പരിപാടിയിലൂടെ ചൗധരി ലക്ഷ്യമിട്ടത്. ദേശീയതലത്തില്‍ എഐവൈഎഫിനെയും പരാതിക്കാരനെയും കേരളത്തിലെ പൊലീസിനെയും വളരെ മോശമായി ചിത്രീകരിക്കാന്‍ ബിജെപി സംഘപരിവാര്‍ സംഘടനകള്‍ വലിയ ശ്രമം നടത്തുന്നുണ്ട്. പരാതിക്കാരന്‍ പകല്‍ കമ്മ്യൂണിസ്റ്റും രാത്രിയില്‍ മുസ്‌ലിം മതമൗലിക വാദിയുമാണെന്നാണ് പ്രചരിപ്പിക്കുന്നത്. പതിവുപോലെ കേന്ദ്രത്തിലെ മന്ത്രിമാരും എംപിമാരും ബിജെപി നേതാക്കളും ചാനലിനും സുധീറിനും പിന്തുണയുമായി രംഗത്ത് വരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി സുധീര്‍ ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച ഹാഷ് ടാഗുകള്‍ നിര്‍ബാധം പ്രചരിക്കുകയാണ്. പ്രകോപനങ്ങള്‍ക്കും ഭീഷണികള്‍ക്കും രാഷ്ട്രീയവും നിയമപരവുമായി എഐവൈഎഫ് മറുപടി നല്‍കും. ഒരുതരത്തിലും പിറകോട്ടില്ല. രാജ്യവ്യാപകമായി വലിയ പിന്തുണ ഇക്കാര്യത്തില്‍ എഐവൈഎഫിനുണ്ട്.