Monday
18 Feb 2019

അക്ഷരങ്ങളെ ഭയക്കുന്നവര്‍ മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു

By: Web Desk | Wednesday 3 October 2018 10:25 PM IST

ഇന്ത്യയിലാകെയുള്ള അച്ചടി മാധ്യമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനമാണ് രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഓഫ് ഇന്ത്യ(ആര്‍എന്‍ഐ). രാജ്യത്തെ ഏത് ഭാഷയിലുള്ള പ്രസിദ്ധീകരണത്തിനും അനുമതി നല്‍കുന്നത് ആര്‍എന്‍ഐ ആണ്. അതാത് ജില്ലാ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ നല്‍കിവരുന്നത്. ചില നിബന്ധനകള്‍ക്കു വിധേയമായാണ് അത് നല്‍കാറുള്ളത്. അംഗീകാരം നല്‍കിയ ദേശ വിരുദ്ധവും തീവ്രവാദവും സാമുദായിക സ്പര്‍ധയും വളര്‍ത്തുന്നതും ഭരണഘടനാതീതമായ പ്രവര്‍ത്തനങ്ങളുമുള്‍പ്പെടെയുള്ള ആശയപ്രചരണം ലക്ഷ്യമാകുന്നുവെന്ന് വ്യക്തമാകുന്ന ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ആര്‍എന്‍ഐക്ക് അധികാരമുണ്ട്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത സ്ഥാപനത്തെയും ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നുവെന്നതാണ് അവസ്ഥ.
ബിജെപി അധികാരമേറ്റതിന് ശേഷം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ, സാമൂഹ്യ പ്രവര്‍ത്തകരായ കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ എന്നിവരെല്ലാം ഹൈന്ദവ തീവ്രവാദ സംഘടനകളാല്‍ കൊല്ലപ്പെട്ടു. അതിന് പുറമേ ഏഴ് മാധ്യമപ്രവര്‍ത്തകരും കൊലക്കത്തിക്കിരയായി. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്തകളുടെ പേരില്‍ മുപ്പതിലധികം കേസുകളാണ് ചുമത്തപ്പെട്ടത്. മോഡി സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെ പേരില്‍ ഇതിന് പുറമേ ക്രിമിനല്‍ നടപടിക്രമങ്ങളിലെ മാന നഷ്ടമെന്ന വകുപ്പു പ്രകാരം ഇതുവരെയായി ഇരുപതിലധികം കേസുകളില്‍ മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എല്ലാ വിധത്തിലും മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. തെറ്റായ വാര്‍ത്തകളുടെ പേരിലല്ല എതിരായ വാര്‍ത്തകളുടെ പേരിലാണ് പലരും കേസുകളിലും മാനനഷ്ടക്കേസുകളിലും പ്രതികളായത്.
ഇത്തരം നടപടികളുടെ തുടര്‍ച്ചയാണ് ത്രിപുരയിലെ സിപിഐ(എം) മുഖപത്രമായ ഡെയിലി ദേശേര്‍ കഥ എന്ന പ്രസിദ്ധീകരണത്തിനുള്ള അംഗീകാരം റദ്ദാക്കിയ നടപടി. ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം ഇടതുപാര്‍ട്ടികള്‍ക്കുനേരെ നടക്കുന്ന പ്രതികാര പ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസിദ്ധീകരണത്തിന്റെ അംഗീകാരം റദ്ദാക്കിയ നടപടി. പ്രസിദ്ധീകരണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ ചില അവകാശങ്ങള്‍ ദുരുപയോഗം ചെയ്താണ് നടപടിയുണ്ടായിരിക്കുന്നത്.
പത്രത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അവിടെ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ ആരംഭിച്ചിരുന്നതാണ്. പത്രത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് പരാതി നല്‍കിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ ഉപയോഗിച്ച് അന്വേഷണം നടത്തിക്കുകയുമായിരുന്നു രീതി. വാര്‍ത്തകളുടെ പേരില്‍ പത്രത്തിലെ ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. എന്നിട്ടും പ്രസിദ്ധീകരണം മുന്നോട്ടുപോകുന്നുവെന്ന് വന്നപ്പോഴാണ് പടിഞ്ഞാറന്‍ ത്രിപുര ജില്ലാ മജിസ്‌ട്രേറ്റിനെ ഉപയോഗിച്ച് അംഗീകാരം നഷ്ടപ്പെടുത്തുന്നതിലുള്ള നടപടികള്‍ കൈക്കൊണ്ടത്. ദേശേര്‍കഥയ്‌ക്കെതിരായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടി. പത്രത്തിനെതിരെ ലഭിച്ച പരാതിയുടെ പേരില്‍ ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരണം തേടുന്നു. കൃത്യമായ മറുപടി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്നും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചേല്‍പ്പിക്കണമെന്നുമായിരുന്നു അധികാരികളുടെ നിലപാട്. അത്തരമൊരു നീക്കമുണ്ടായാല്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാധ്യതകള്‍ നിലവിലുണ്ടെങ്കിലും അതിന് കാത്തുനില്‍ക്കാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചുവെങ്കിലും അത് അംഗീകരിക്കാതെ അംഗീകാരം റദ്ദാക്കുന്ന നടപടിയാണ് ആര്‍എന്‍ഐ സ്വീകരിച്ചത്. ഡെയിലി ദേശേര്‍ കഥയുടെ അംഗീകാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഉല്‍പ്പെടെയുള്ളവ രംഗത്തെത്തിയിട്ടുണ്ട്.
ഒരു രാജ്യത്തെ ജനാധിപത്യസംവിധാനത്തില്‍ നാലാം തൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. അധികാരികളുടെ ദുഷ്‌ചെയ്തികളെ തുറന്നുകാട്ടുകയും സാമൂഹ്യപ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരികയും ചെയ്യുന്നുവെന്നതിനാല്‍ മാധ്യമങ്ങളും ഭരണസംവിധാനവും പരസ്പരപൂരകങ്ങളാണ്. എന്നാല്‍ അധികാരികള്‍ ധിക്കാരത്തിന്റെയും ഫാസിസത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ മാധ്യമങ്ങള്‍ അവരുടെ ശത്രുപക്ഷത്താകുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ത്രിപുരയിലെ പാഠപുസ്തകങ്ങള്‍ മാറ്റുന്നതിനും അവിടത്തെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ഥ ചരിത്രത്തെയും അവര്‍ ഭയക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ഇത്തരം നടപടികള്‍കൊണ്ട് പ്രതിഷേധങ്ങളെയോ എതിര്‍ശബ്ദങ്ങളെയോ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്നാണ് പിന്നെയും പിന്നെയും ഉയരുന്ന എതിര്‍ശബ്ദങ്ങളും പ്രതിഷേധങ്ങളും തെളിയിക്കുന്നത്.