ഡോ. എന്‍ ജെ ബിനോയ്

February 03, 2021, 6:30 am

മാനസികരോഗങ്ങൾ ഭാരതീയ മനഃശാസ്ത്രത്തിൽ

Janayugom Online

വൈദ്യശാസ്ത്ര ചരിത്രത്തിൽ ആദ്യമായി രോഗങ്ങൾക്ക് രണ്ട് ഇരിപ്പിടം ഉണ്ടെന്നും അവ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മെ പഠിപ്പിച്ചത് ഭാരതീയ മനഃശാസ്ത്രജ്ഞരാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുൻപേ ഭാരതീയർ ശാരീരിക‑മാനസിക രോഗങ്ങളെ തിച്ചറിഞ്ഞ് ചികിത്സിച്ചിരുന്നു. ശാരീരിക‑മാനസിക രോഗകാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സകൾ, അസാധ്യലക്ഷണങ്ങൾ, പഥ്യങ്ങൾ, അപഥ്യങ്ങൾ ഇവയെ വിശകലനം ചെയ്ത് വ്യക്തമായി ആയുർവേദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മനസാണ് നമ്മുടെ വിധികർത്താവ്. കഴിഞ്ഞകാലവും ഭൂതകാലവും വർത്തമാനകാലവും വിജയവും പരാജയവും സന്തോഷവും സങ്കടവും സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും നശിപ്പിക്കുന്നതും എല്ലാം മനസാണ്. മനസ് എന്ന പ്രതിഭാസത്തിന്റെ കർമ്മമണ്ഡലം സർവ്വശരീരം ആണെങ്കിലും അതിന്റെ കാതലായ ഇരിപ്പിടം ഹൃദയവും തലച്ചാറും ആണ്. എന്താണ് മനസ്? ചിന്തിക്കുന്നതിനും ബോധത്തെ നിലനിർത്തുന്നതിനും അറിവുനേടുന്നതിനും നമ്മുടെ ചിന്തകളെയോ വീക്ഷണങ്ങളെയോ വികാരങ്ങളയോ ഭാവനകളെയോ ഓർമ്മകളെയോ ബോധപൂർവം ഉപയോഗിക്കുന്ന സാധനത്തെ മനസ് എന്ന് വിളിക്കാം.

പ്രവര്‍ത്തനംകൊണ്ട് മാത്രം അറിയാനും മനസിലാക്കാനും സാധിക്കുന്നതും സർവശരീരവ്യാപിയും സർവകർമ്മങ്ങളുടെയും ഉപജ്ഞാതാവുമാണ് മനസ്. മനസിന്റെ പ്രവർത്തനതലങ്ങൾ? ഭാരതീയ മനഃശാസ്ത്രം ചിന്ത, ബുദ്ധി, ബോധം, ജ്ഞാനം, ഓർമ്മ, ശീലം, ശരീരഭാഗങ്ങളുടെ പ്രവൃത്തി, ഭക്തി, ആചാരം ഇവയെ മനസിന്റെ പ്രവർത്തനതലങ്ങളായി കണക്കാക്കുന്നു. ഇവയുടെ ശക്തവും വ്യക്തവുമായ പ്രവർത്തനം മനസിന്റെ ആരോഗ്യത്തെയും മാറ്റങ്ങൾ, വിഭ്രമങ്ങൾ രോഗാവസ്ഥയെയും സൂചിപ്പിക്കുന്നു. ചിന്ത: വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി ചിന്തിക്കേണ്ടതിനെ മാത്രം ചിന്തിക്കുകയും ചിന്തിക്കാൻ പാടില്ലാത്തതിനെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുകയും വേണം. ചിന്തിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുകയും ചിന്തിക്കാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്യുന്നത് മാനസികവിഭ്രമമായി കാണണം. ബുദ്ധി: പ്രപഞ്ചത്തിൽ ഉള്ളതിനെ മാത്രം ഉള്ളതായി അറിയുകയും മനസിലാക്കുകയും ചെയ്യുകയും ഇഷ്ടപ്പെടണ്ടതിനെ മാത്രം ഇഷ്ടപ്പെടുകയും ഇഷ്ടം അല്ലാത്തതിനെ സൂചിപ്പിക്കുകയും തിരസ്കരിക്കുകയും വേണം.

എന്നാൽ ബുദ്ധിക്ക് വിഭ്രമം ഉണ്ടായ രോഗി ഉള്ളതിനെ ഇല്ലാത്തതായും ഇല്ലാത്തതിനെ ഉള്ളതായും ഇഷ്ടമായിരുന്ന കാര്യങ്ങളെ വെറുക്കുകയും എപ്പോഴും വെറുത്തിരുന്ന കാര്യങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യും. മലം, മൂത്രം ഇവ കൈയിൽ എടുക്കുന്നതും ഭക്ഷിക്കാൻ ശ്രമിക്കുന്നതും ഇതിനു ഉദാഹരണം ആണ്. അറിവ് അഥവാ സംജ്ഞ: ബാഹ്യവും ആന്തരികവുമായ ചോദനകളെ അറിയുക എന്നതാണ് സംജ്ഞ. വിശപ്പ്, ദാഹം, വേദന, സ്പര്‍ശനം ഇവയെ വൃക്തമായി അറിയാനും മനസിലാക്കാനും സൂചിപ്പിക്കാനും സാധിക്കുക. തീയുടെ പൊള്ളൽ, വേദന, മുറിവ് ഇവയെ അറിയാതെ വരുന്നത് സംജ്ഞാ വിഭ്രമം ആണ്. ഓർമ്മ: അറിവ് വിവരം അനുഭവം എന്നിവയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ആവശ്യാനുസരണം തിരിച്ചെടുക്കാനും സഹായിക്കുന്ന മനോവ്യാപാരമാണ് ഓർമ്മ. ലഭിക്കുന്ന അറിവിനെ രൂപത്തിലോ സങ്കല്പത്തിലോ ശേഖരിക്കുകയും അതിനെ സൂക്ഷിക്കുകയും സൂചനകൾക്ക് അനുസരിച്ചു മനസിന്റെ ബോധമണ്ഡലത്തിലേക്ക് കൊണ്ടുവരുകയും വേണം.

ഓർമ്മിക്കാൻ കഴിയാതെ വരുക, സന്ദർഭത്തിൽ അല്ലാതെ ഓർക്കുക, തെറ്റായി ഓർക്കുക, കുറച്ചുമാത്രം ഓർക്കുക ഇതെല്ലാം സ്മൃതിവിഭ്രമ ലക്ഷണമാണ്. ഭക്തി: വാക്ക്, പ്രവൃത്തി, വായന, അനുഭവം ഇവകളിൽ നിന്ന് ഒരു വ്യക്തിക്ക് ഒരു പ്രസ്ഥാനത്തോടോ പ്രത്യയശാസ്ത്രത്തോടോ, വ്യക്തിയോടോ ഉണ്ടാകുന്ന ബഹുമാനം അടുപ്പം ആദരവ് പ്രത്യേക താല്പര്യം ഇവയെല്ലാം ഭക്തിയുടെ സൂചനകളാണ്. വിശ്വാസത്തിനും താല്പര്യത്തിനും ബഹുമാനത്തിനും ഒക്കെ വരുന്ന മാറ്റങ്ങൾ ഭക്തി വിഭ്രമമാണ്. ശീലം: ചിന്തകൾ പ്രവൃത്തികളായി മാറുന്നു, പ്രവർത്തികൾ ശീലങ്ങളായി രൂപാന്തരപ്പെടുന്നു. നല്ല ശീലങ്ങളെ മാത്രം തുടരുക തെറ്റായ ശീലങ്ങളെ തുടക്കത്തിലെ നിയന്ത്രിക്കുക. ദേഷ്യമില്ലാത്ത ആൾ വളരെ അധികം ദേഷ്യപ്പെടുക വേഗത്തിൽ കാര്യങ്ങൾ ചെയ്തിരുന്ന വ്യക്തി വളരെ സാവധാനം കാര്യങ്ങൾ ചെയ്യുക ഇവ ശീലഭ്രമത്തെ സൂചിപ്പിക്കുന്നു. ചേഷ്ട: സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് നിയന്ത്രിതമായി ശരീര ഭാഗങ്ങളുടെ ചലനമാണ് ചേഷ്ട. മുഖത്തെ ഭാവമാറ്റങ്ങൾ, ചിരി, കരച്ചിൽ, നൃത്തം എന്നിവ അസ്ഥാനത്തു ഉണ്ടായാൽ അത് ചേഷ്ടാവിഭ്രമമാണ്. ആചാരം: സാമൂഹിക ജീവിതത്തിൽ നിന്ന് അനുഭവം നിയമം അനുഷ്ഠാനം ഇവകളാൽ കാലങ്ങളായി തുടർന്നുപോരുന്ന കർമ്മങ്ങൾ ആണ് ആചാരം.

വ്യക്തിപരമായ കുടുംബപരമായ മതപരമായ ആ­ചാരങ്ങളും അ­നുഷ്ഠാനങ്ങളും വേണ്ടെന്നുവയ്ക്കുക, പെട്ടന്ന് വളരെ അധികം ചെ­യ്യുക ഇവ ആചാരവിഭ്രമത്തെ സൂചിപ്പിക്കുന്നു. മനസ്, ബു­ദ്ധി, സംജ്ഞ, ഓർമ്മ, ചേ­ഷ്ട, ഭക്തി, ശീലം, ആചാരം ഇവയുടെ ഒ­രുമിച്ചുള്ള വിഭ്രമങ്ങൾ ഉന്മാദത്തെ­(സൈ­ക്കോസിസ്)­യും സൂചിപ്പിക്കുന്നു. വാതോന്മാദം, പിത്തോന്മാദം, കഫജോന്മാദം, എന്നിവ അവയിൽ വളരെ പ്രധാനപ്പെട്ടവയാണ്. മനോവിഭ്രമത്തോട് ഒപ്പം ചേഷ്ട, ഭക്തി, ശീലം, ആ­ചാരം ഇവയിൽ ഏതെങ്കിലും മാത്രമുള്ള വിഭ്രമങ്ങൾ (ന്യൂറോസിസിനെ) സൂചിപ്പിക്കുന്നു. ചിത്വഉത്വേകം, ക്രോധം, വിഷാദം, ഭയം ഇവ ചില ഉദാഹരണങ്ങളാണ്. ഈ മാനസികരോഗങ്ങളുടെ എല്ലാ ലക്ഷണങ്ങളും രോഗം വളരെ വിഷമഘട്ടത്തിലേക്ക് പോകുന്ന കാലയളവും എപ്പോൾ ഒരിക്കലും ഭേദമാക്കാൻ പറ്റാത്ത സ്ഥിതി വരുമെന്നും വ്യക്തമായ പരാമർശങ്ങൾ ഉണ്ട്. മാനസിക ചികിത്സകൾ മനോരോഗി അയാളുടെ രോഗത്തിൽ പലപ്പോഴും സുഖിമാനായിരിക്കും. എന്നാൽ ചിലപ്പോൾ രോഗിക്കും ബന്ധുക്കൾക്കും സമൂഹത്തിനും ഒരുപോലെ ഉപദ്രവകാരിയാകും. അതുകൊണ്ട് രോഗം വളരെ വേഗം ശാന്തമാകണം. ഉന്മാദകാരണങ്ങളെ ശരീരത്തിൽ നിന്ന് കളയാൻ ഉള്ള ശോധന ചികിത്സകൾ അഥവാ പഞ്ചകർമ്മങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. രോഗാനുസൃതമായി നിർമ്മിച്ച നെയ്യ് സേവിക്കുക, വിയർപ്പിക്കുക, തലയിൽ ചെയ്യുന്ന തലപൊതിച്ചിൽ, തളം, ധാര, തൈല പ്രയോഗങ്ങൾ ഇവ വളരെ ഫലപ്രദമാണ്.

രോഗശമനത്തിനായി ധാരാളം ഔഷധ യോഗങ്ങൾ നിർദ്ദേശിച്ചിരിക്കുന്നു. ശംഖപുഷ്‌പി, അമുക്കുരം, വയമ്പ്, സർപ്പഗന്ധ, ജ്യോതിഷ്‌മതി, ഇരട്ടിമധുരം ഇവയുടെ പലതരത്തിലുള്ള ഉപയോഗം വളരെപ്പെട്ടെന്ന് രോഗശാന്തി ഉണ്ടാക്കുന്നു. സത്വാവജയചികിത്സ അഥവാ സൈക്കോതെറാപ്പി ആദ്യമായി ലോകത്തിനു സംഭാവന നൽകിയത് ഭാരതീയർ ആണ്. മനോരോഗചികിത്സയിൽ ഇന്നുള്ള എല്ലാ രീതികളും ഭാരതീയർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ പ്രയോഗിച്ചിരുന്നു. രോഗിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാനസികരോഗത്തിനെ നമുക്ക് ഒരുമിച്ച് നേരിടാം.