സാങ്കല്‍പിക ഭീഷണിവാദം മോഡിക്ക് രക്തസാക്ഷി പരിവേഷം നല്‍കാന്‍

Web Desk
Posted on September 27, 2018, 11:01 pm

രാജാജി മാത്യു തോമസ്

മോഡി യുഗത്തിന് അറുതിവരുത്താന്‍ രാജീവ് ഗാന്ധി മാതൃകയില്‍ മറ്റൊരു സംഭവത്തിനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ പൊലീസ് പൂനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഭീമാ കൊറെഗാവ് സംഭവങ്ങളുടെ മുന്നോടിയായി നടന്നതെന്ന് പൊലീസ് അവകാശപ്പെടുന്ന ‘എല്‍ഗാര്‍ പരിഷത്തു‘മായി ബന്ധപ്പെട്ട രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നുമായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ് അവര്‍. ദളിത് പ്രവര്‍ത്തകരായ സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്, ആക്ടിവിസ്റ്റുകളായ മഹേഷ് റൗത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മേല്‍ വിവരിച്ച ഗൂഢാലോചന നടപ്പാക്കാന്‍ ഇവര്‍ എട്ടുകോടി രൂപ, എം-4 റൈഫിള്‍, നാല് ലക്ഷം തിരകള്‍ എന്നിവ ശേഖരിക്കാന്‍ ശ്രമിച്ചതിന്റെ തെളിവായ കത്ത് പൊലീസ് കണ്ടെടുത്തതായി പ്രോസിക്യൂട്ടര്‍ ഉജ്വല പവാര്‍ കോടതിയെ അറിയിച്ചു. അവരെ പൊലീസ് റിമാന്‍ഡ് ചെയ്തു.
ജൂണ്‍ മാസത്തില്‍ നടന്ന സംഭവത്തിന്റെ പിന്തുടര്‍ച്ചയായി ഓഗസ്റ്റ് 28ന് പൂനെ പൊലീസ് അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അധ്യാപകര്‍ എന്നിങ്ങനെ മറ്റ് അഞ്ച് പ്രമുഖരുടെ വസതികളില്‍ റെയ്ഡ് നടത്തി. ഫരീദാബാദില്‍ നിന്നും സുധ ഭരധ്വാജ്, ഹൈദരാബാദില്‍ നിന്നും പ്രമുഖ കവി വരവര റാവു, ന്യൂഡല്‍ഹിയില്‍ നിന്നും ഗൗതം നവ്‌ലഖാ, മുംബൈയില്‍ വെര്‍നണ്‍ ഗൊണ്‍സാല്‍വാസ്, അരുണ്‍ ഫെറിയേറ എന്നിവരെയാണ് ഇത്തവണ അറസ്റ്റ് ചെയ്തത്. ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)മായി ബന്ധപ്പെട്ട ‘നഗര നക്‌സലു‘കളാണെന്നും ‘വന്‍തോതില്‍ അക്രമങ്ങള്‍ അഴിച്ചുവിടാനും സ്വത്തുവകകള്‍ നശിപ്പിക്കാനും അതുവഴി രാജ്യത്ത് കുഴപ്പം സൃഷ്ടിക്കാനും ശ്രമിച്ചുവരവെ‘യാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് ഭാഷ്യം.
ഇവരെ പൂനെയിലെത്തിച്ച് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനുള്ള നീക്കം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. എല്ലാവരെയും കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വീട്ടുതടങ്കലിലാക്കി. വിഖ്യാത ചരിത്രകാരി റൊമില ഥാപ്പര്‍, സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഭാത് പട്‌നായിക്, ദേവകി ജെയ്ന്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍ സതീഷ് ദേശ്പാണ്ഡെ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാജാ ദാരുവാല എന്നിവര്‍ നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി ഇടപെടല്‍. കുറ്റാരോപിതര്‍ അഞ്ചുപേരും ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്. ഈ കേസിന്റെ ഹിയറിങ്ങിനിടയിലാണ് ഇപ്പോള്‍ വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന ‘വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ്, വിയോജിപ്പ് അനുവദിക്കപ്പെട്ടില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചേക്കാം’ എന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം ഉണ്ടായത്.
‘രാജീവ് ഗാന്ധി മാതൃകയിലുള്ള സംഭവം’, ‘നഗര നക്‌സലുകള്‍’ തുടങ്ങിയ പൂനെ പൊലീസിന്റെ ഭാഷ്യങ്ങള്‍ കേവലം യാദൃശ്ചികമല്ല. ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അവ. അംബേദ്കര്‍ ചിന്തകളുടെ നിര്‍ണായക സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ അഭൂതപൂര്‍വമായ ദളിത് ഉണര്‍വാണ് സമീപകാലത്ത് രാഷ്ട്രീയത്തില്‍ അവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. ദളിത് സമുദായങ്ങള്‍ക്കു പുറത്തും ബ്രാഹ്മണ മേധാവിത്വത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഉണര്‍വും സാമുദായിക ധ്രുവീകരണവും അവിടെ കരുത്താര്‍ജിക്കുന്നതായി കാണാം. അതിന്റെ പ്രകടമായ പ്രതിഫലനമായിരുന്നു കോളിളക്കം സൃഷ്ടിച്ച ഭീമാ കൊറെഗാവ് സംഭവം.
ഭീമാ കൊറെഗാവ് സംഭവം ഒറ്റപ്പെട്ട ഒന്നല്ല. രാജ്യത്തുടനീളം വിശിഷ്യാ ഉത്തരേന്ത്യയില്‍, ദളിത് ജനവിഭാഗങ്ങളുടെ മോഡി ഭരണത്തോടുള്ള നിരാശ വിവിധ രൂപങ്ങള്‍ കൈവരിക്കുന്നതായി കാണാനാവും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഗണ്യമായ സ്വാധീനമുള്ള ഭീം സേനയുമായി ബന്ധപ്പെട്ട് സജീവമായി നിലനില്‍ക്കുന്ന വ്യാപകമായ അസ്വസ്ഥതകള്‍, അന്യായമായ അറസ്റ്റുകളും തടഞ്ഞുവയ്ക്കലുകളുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ മോഡി ഭരണനയങ്ങളോടുള്ള ആ ജനവിഭാഗത്തിന്റെ പ്രതികരണമായി മാത്രം കാണാനാവില്ല. നരേന്ദ്രമോഡിയും, യോഗി ആദിത്യനാഥും, ദേവേന്ദ്ര ഫട്‌നാവിസുമടക്കം സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോടും അത് അത്തരം ജനവിഭാഗങ്ങള്‍ക്കുനേരെ കെട്ടഴിച്ചുവിടുന്ന വര്‍ഗീയ അതിക്രമങ്ങളോടുമുള്ള ആ ജനതയുടെ പ്രതിരോധത്തെയും പ്രതിഷേധത്തെയുമാണ് അവ അടയാളപ്പെടുത്തുന്നത്. അത് ദളിതരിലും ആദിവാസികളിലും മത ന്യൂനപക്ഷങ്ങളിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. മോഡി ഭരണകൂടത്തിന്റെ വിനാശകരമായ ഭരണനയങ്ങള്‍ പാര്‍ശ്വവല്‍ക്കരിച്ച കൃഷി ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളെയാകെ അത് ഗ്രസിച്ചിരിക്കുന്നു.
ഭരണനയങ്ങള്‍ തിരുത്താനോ സാമാന്യ ജനങ്ങള്‍ക്ക് സമാശ്വാസകരമായ നടപടികളിലൂടെ അനുദിനം ചോര്‍ന്നുകൊണ്ടിരിക്കുന്ന ജനവിശ്വാസം തടഞ്ഞുനിര്‍ത്താനോ ഉള്ള ശ്രമങ്ങളിലല്ല മോഡി ഭരണകൂടവും സംഘ്പരിവാറും. തങ്ങളുടെ കോര്‍പ്പറേറ്റ് പ്രതിബദ്ധത തെളിയിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. ആയിരക്കണക്കിന് കോടി രൂപ രാജ്യത്തെ കൊള്ളയടിച്ച് നികുതിസ്വര്‍ഗങ്ങളില്‍ താവളമടിച്ച ഓരോരുത്തര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബിജെപി ഉന്നതരുമായുള്ള വ്യക്തിബന്ധങ്ങള്‍ ഇന്ന് അങ്ങാടിപ്പാട്ടാണ്. അവര്‍ ഓരോരുത്തരും രാജ്യം വിടാന്‍ സുഗമപാത ഒരുക്കിയത് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമടക്കം സുപ്രധാന സര്‍ക്കാര്‍ ഏജന്‍സികളാണെന്നതും ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്ക് യുപിഎ ഭരണസംവിധാനത്തിലുണ്ടായിരുന്ന സ്വാധീനത്തില്‍ പഴിചാരി കുടുംബവാഴ്ചയെന്ന പാടിപ്പഴകിയ പല്ലവി ആവര്‍ത്തിക്കാനല്ലാതെ നരേന്ദ്രമോഡി ഭരണത്തിന് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് യഥാര്‍ഥ വസ്തുത.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ രക്ഷപ്പെടാനാവാത്ത വിധം പ്രതിക്കൂട്ടിലാണ് നരേന്ദ്രമോഡി. ഭരണകൂടത്തിലെ മറ്റാരെയെങ്കിലുമോ ഉദേ്യാഗസ്ഥ വൃന്ദത്തെയോ മാപ്പുസാക്ഷിയാക്കി സ്വന്തം തടിശുദ്ധമാക്കാന്‍ പാലും കഴിയാത്തത്ര നേരിട്ടുള്ള ഇടപെടലാണ് അനില്‍ അംബാനിക്കുവേണ്ടി മോഡി നടത്തിയതെന്ന വസ്തുത ഇതിനകം പുറത്തുവന്നു. മുന്‍ ഗവണ്‍മെന്റുകള്‍ സമാന സാഹചര്യങ്ങളില്‍ അവലംബിച്ച സംയുക്ത പാര്‍ലമെന്ററി സമിതി അനേ്വഷണത്തിനുപോലും മുതിരാതെ തടസവാദങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പുവരെ സമയം നീട്ടിവാങ്ങാനാണ് ഇപ്പോള്‍ ശ്രമം. നാളിതുവരെ റഫാല്‍ ഇടപാടിനെപ്പറ്റി യാതൊന്നും പ്രതികരിക്കാതെ ഇടപാടിനെപ്പറ്റി തികച്ചും അജ്ഞയായ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനടക്കം മന്ത്രിമാരെ മുന്‍നിര്‍ത്തി പ്രതിരോധത്തിനാണ് പ്രധാനമന്ത്രി ശ്രമിച്ചുപോന്നത്. അത് ഇനിയും വിലപ്പോകില്ലെന്ന ഘട്ടമെത്തിയപ്പോള്‍ സംഘടിതാക്രമണത്തിന്റെ ഇരയാണെന്ന് വരുത്തി തീര്‍ക്കാനുള്ള പുതിയ തന്ത്രം പയറ്റാനാണ് നരേന്ദ്രമോഡിയുടെ ശ്രമം.
റഫാല്‍ ഇടപാടിനെതിരായി ഉയരുന്ന ആരോപണങ്ങള്‍ അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും സംഘ്പരിവാറും. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ വെളിപ്പെടുത്തലാണ് അത്തരം ഒരാരോപണത്തിന് ബിജെപിക്ക് അവസരം നല്‍കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ സേവന പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു എന്നാണ് ഒലാന്ദ് വെളിപ്പെടുത്തിയത്. അത് നിരസിക്കാനോ അതെപ്പറ്റി അഭിപ്രായം പറയാനൊ ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിസമ്മതിക്കുകയായിരുന്നു. ദസോ ഏവിയേഷന്‍ മേധാവികളും മോഡിയുടെ രക്ഷക്കെത്തിയില്ലെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷം ആവശ്യപ്പെടുന്നതനുസരിച്ച് ജെപിസിയുടെയോ സുപ്രിംകോടതി മേല്‍നോട്ടത്തിലൊ അനേ്വഷണം നടന്നാല്‍ കള്ളി വെളിച്ചത്താകുമെന്നായിരിക്കെ പ്രധാനമന്ത്രിക്ക് പ്രതിരോധം ഒരുക്കുന്ന തത്രപ്പാടിലാണ് ബിജെപിയും സംഘപരിവാറും. അന്താരാഷ്ട്ര ഗൂഢാലോചനയെന്ന ആരോപണത്തിന്റെ മറവില്‍ കപടദേശീയത ഇളക്കിവിട്ട് നരേന്ദ്രമോഡിയുടെ വികലമായ പ്രതിഛായക്ക് രക്തസാക്ഷിത്വ പരിവേഷം കല്‍പിച്ചുനല്‍കാനാണ് ശ്രമം. പൊതു തെരഞ്ഞെടുപ്പ് അടുക്കുന്തോറും പരിഭ്രാന്തി പടരുന്ന ബിജെപി സംഘപരിവാര്‍ പാളയം വധശ്രമം, നക്‌സല്‍ ഭീഷണി, അന്താരാഷ്ട്ര ഗൂഢാലോചന തുടങ്ങിയ സാങ്കല്‍പിക ഭീഷണികളുയര്‍ത്തി അധികാരം നിലനിര്‍ത്താനുള്ള ദയനീയ ശ്രമത്തിലാണ്.