എസ് സുധാകര്‍ റെഡി

January 22, 2021, 5:15 am

കര്‍ഷക പ്രക്ഷോഭം; മോഡിയുടെ സൈദ്ധാന്തിക മായാജാലങ്ങള്‍ വിലപ്പോകില്ല

Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭ ഏകോപന സമിതി ആരംഭിച്ച മഹാസമരം 57 ദിവസം പിന്നിട്ടിരിക്കുന്നു. നിരവധിവട്ടം ചര്‍ച്ചകള്‍ നടന്നിട്ടും പ്രശ്നപരിഹാരം ആയിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയെ കര്‍ഷകര്‍ അപ്പാടെ തിരസ്കരിക്കുകയായിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ കര്‍ഷകര്‍ ക്ഷുഭിതരാവാന്‍ കാരണം, സമിതിയോടല്ല കേന്ദ്ര സര്‍ക്കാരിനോടാണ് അവര്‍ ചര്‍ച്ച ചെയ്യാന്‍ താല്പര്യപ്പെടുന്നത് എന്നതുതന്നെ. അതിലുപരി സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും നിയമങ്ങളോട് പൂര്‍ണ യോജിപ്പ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ്.

സുപ്രീംകോടതിയുടെ വിശ്വാസ്യത കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും മുമ്പില്‍ എന്നേ നഷ്ടമായിരിക്കുന്നു. സുപ്രീം കോടതിയുടെ സ്വയംഭരണാധികാരം തന്നെ സംശയത്തിന്റെ നിഴലിലാണ്. കാര്‍ഷിക നിയമങ്ങളെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് അവസരം നിഷേധിക്കുകയും കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ബില്ലുകള്‍ പാര്‍ലമെന്ററി സ്ഥിരം സമിതികളുടെ പരിഗണനയ്ക്ക് വിടാന്‍ വിസമ്മതിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ അതേപ്പറ്റി കര്‍ഷകരുമായി ചര്‍ച്ചക്കു മുതിര്‍ന്നുവെന്നത് കൗതുകകരമാണ്. ചര്‍ച്ച അവസാനിപ്പിക്കാനോ സമരത്തെ അടിച്ചമര്‍ത്താനൊ കഴിയാത്തവിധം ധര്‍മ്മസങ്കടത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് രാജ്യത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. ചര്‍ച്ച ഒരു വശത്ത് തുടരുമ്പോള്‍ തന്നെ‍ കര്‍ഷകര്‍ ഖലിസ്ഥാന്‍വാദികളാണെന്ന് ബിജെപി നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. മന്ത്രിമാര്‍ തന്നെ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി.

കര്‍ഷകര്‍ ഇടനിലക്കാര്‍ക്കുവേണ്ടിയാണ് സമരം നടത്തുന്നതെന്ന പ്രചാരണവും ഉണ്ടായി. സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിലെ ഒരംഗം, ഭുപിന്ദര്‍സിങ്ങ് മാന്‍,‍ കര്‍ഷക രോഷം തിരിച്ചറിഞ്ഞ് തന്റെ നിലപാട് മാറ്റുകയും കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. അത് കമ്മിറ്റിക്കും സുപ്രീംകോടതിക്കും തിരിച്ചടിയായെന്നു മാത്രമല്ല കര്‍ഷകര്‍ക്ക് തെല്ല് നേട്ടവുമായി. ഇപ്പോള്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് നിയമങ്ങള്‍ കുറച്ചുകാലത്തേക്ക് മരവിപ്പിക്കാന്‍ സന്നദ്ധമായിട്ടുണ്ട്. നിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. കര്‍ഷകരോഷം തല്‍ക്കാലത്തേക്ക് തണുപ്പിക്കുകയാണ് സര്‍ക്കാര്‍ തന്ത്രം. പ്രധാനമന്ത്രിയാകട്ടെ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രഥമാണെന്ന് ആവര്‍ത്തിക്കുന്നെങ്കിലും അത് എപ്രകാരമെന്ന് വിശദീകരിക്കാന്‍ മുതിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളോട് ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്താതെ തിടുക്കത്തില്‍ നിയമനിര്‍മ്മാണത്തിന് മുതിര്‍ന്നതും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം ആരായാന്‍ വിസമ്മതിച്ചതുമാണ് പ്രശ്നത്തിന്റെ മൂലകാരണം.

ഭരണഘടനാനുസൃതം കൃഷി ഒരു സമവര്‍ത്തി വിഷയമാണ്. നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും മുമ്പ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നു. അത്തരം പരിഗണനകളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പറത്തി നടത്തിയ നിയമനിര്‍മ്മാണമാണ് പ്രശ്നം അനന്തവും സങ്കീര്‍ണവുമായി മാറാന്‍ കാരണം. ഇരുവശത്തും പിടിവാശി എന്തുകൊണ്ട് എന്ന് ചോദിക്കുന്ന ചിലരുണ്ട്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പ്രശ്നമാണ്. നിയമങ്ങള്‍ കുറഞ്ഞ താങ്ങുവിലയുടെ നിയമസാധുത ഇല്ലാതാക്കുക മാത്രമല്ല ലഭ്യമായിരുന്ന ചന്തകള്‍ തന്നെ ഇല്ലാതാക്കും. കോര്‍പ്പറേറ്റുകളുടെ കടന്നുവരവോടെ കൃഷിയും കൃഷിഭൂമിയും കര്‍ഷകര്‍ക്ക് അന്യമാവും. അവിടെയാണ് ഭേദഗതികള്‍ അപ്രസക്തമാകുന്നതും നിയമങ്ങള്‍ പിന്‍വലിക്കുക എന്ന കര്‍ഷകരുടെ ആവശ്യം പ്രസക്തമാകുന്നതും. സര്‍ക്കാരിന്റെ പിടിവാശിയുടെ ഒന്നാമത്തെ കാരണം പ്രധാനമന്ത്രിയുടെ അതിരുകടന്ന അഹംബോധമാണ്. നിയമത്തില്‍ നിന്ന് പിന്‍തിരിയുന്നത് അപമാനകരമാണെന്ന് മോഡി കരുതുന്നു. രണ്ടാമതായി, കേന്ദ്രസര്‍ക്കാരും ബിജെപിയും തങ്ങളെ അധികാരത്തിലേറ്റിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ നല്കിയ ഉറപ്പാണ്. അവര്‍ക്ക് ഏറെ ലാഭകരമായ ഒരു സംരംഭത്തില്‍ നിന്നു പിന്മാറി കോര്‍പ്പറേറ്റുകളെ നിരാശപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. മൂന്നാമതായി, കാര്‍ഷിക പരിഷ്കാരം സംബന്ധിച്ച ലോകബാങ്കിന്റെ ശുപാര്‍ശകള്‍ അപ്പാടെ നടപ്പാക്കാനുള്ള വ്യഗ്രതയാണ്.

കര്‍ഷകര്‍ക്കുള്ള സബ്സിഡികള്‍ പൂര്‍ണമായും നിര്‍ത്തണമെന്നും ഏറ്റവും പാവപ്പെട്ട ആവശ്യക്കാര്‍ക്ക് അല്പം പണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സഹായം ഒതുക്കണമെന്നുമാണ് അവയില്‍ ഒന്ന്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സമ്പൂര്‍ണമായി അടച്ചുപൂട്ടി ഭക്ഷ്യസംഭരണ രംഗം സ്വകാര്യവല്‍ക്കരിക്കണം. എഫ്‌സിഐയുടെ മികവുറ്റ പ്രവര്‍ത്തനം അവസാനിപ്പിച്ച് പൂഴ്ത്തിവയ്പിനു നിയമസാധുത നല്‍കുന്ന നടപടിയാണ് അത്. അഡാനി ഇതിനകം എട്ട് സംസ്ഥാനങ്ങളില്‍ ധാന്യസംഭരണം ആരംഭിച്ചുകഴിഞ്ഞു. എഫ്‌സിഐയുടെ പങ്ക് നിരാകരിക്കുന്ന ഏതു നടപടിയും ഭക്ഷ്യസുരക്ഷയുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയെന്ന പമ്പര വിഡ്ഢിത്തമായിരിക്കും. കര്‍ഷക സമരം ഒരു വടക്കേ ഇന്ത്യന്‍ പ്രശ്നമായി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ആദ്യം രംഗത്തുവന്നത് പഞ്ചാബിലെ കര്‍ഷകരാണെങ്കിലും ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കെല്ലാം അത് പടര്‍ന്നുപിടിച്ചു. വിദൂര സംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരങ്ങളാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്നത്. വിദൂര സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ഐക്യദാര്‍ഢ്യ സമരങ്ങളാണ് നടന്നുവരുന്നത്. സ്വതന്ത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പത്ത് ലക്ഷത്തിലധികം കര്‍ഷകരും ഒരു ലക്ഷത്തോളം ട്രാക്ടറുകളും ഒരേസമയം പങ്കെടുക്കുന്ന അവസ്ഥയിലേക്ക് പ്രക്ഷോഭം വളര്‍ന്നിരിക്കുന്നു. ഒരുപറ്റം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോള്‍ ഇരട്ടിപ്പേര്‍ രംഗത്തുവരുന്നു.

ദീര്‍ഘവും സമാധാനപൂര്‍ണവുമായ കര്‍ഷക പ്രക്ഷോഭത്തിന് ഒരുപക്ഷെ സമാനതകള്‍ കണ്ടെത്താനാവില്ല. ലോകചരിത്രത്തിലെ തന്നെ മഹത്തായ ഒരു പ്രക്ഷോഭത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അഭൂതപൂര്‍വമായ ഈ മഹാസമരത്തെപ്പറ്റി സുപ്രീം കോടതിക്ക് വ്യക്തതയില്ല. കാര്‍ഷിക നിയമങ്ങളുടെ സാധുത പരിശോധിക്കുന്നതിനു പകരം സര്‍ക്കാരനുകൂല വ്യക്തികളുടെ സമിതിയെ നിയോഗിക്കുകയാണ് കോടതി ചെയ്തത്. പിന്നീട് സര്‍ക്കാരിന്റെ ബി ടീമായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച കോടതി നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിച്ചു. റിപ്പബ്ലിക്ക് ദിന ട്രാക്ടര്‍ റാലി തടയാനും കോടതി വിസമ്മതിച്ചു. പ്രായമായവരും സ്ത്രീകളും കുട്ടികളും സമരരംഗത്തുനിന്ന് തിരികെപ്പോകണമെന്ന കോടതിയുടെ നിര്‍ദ്ദേശം പുരുഷാധിപത്യപരമായ ലിംഗവിവേചന മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. ഒരു ജനകീയ സമരത്തിനും പ്രായ, ലിംഗഭേദങ്ങള്‍ ബാധകമല്ല. ഇവിടെ കര്‍ഷക സമൂഹങ്ങളെ ഒട്ടാകെ ബാധിക്കുന്ന പ്രശ്നത്തോടാണ് കുടുംബങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുന്നത്.

പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോയി കര്‍ഷകരില്‍ മടുപ്പുളവാക്കി പ്രക്ഷോഭം അട്ടിമറിക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ പൊളിയുകയാണ്. ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് കര്‍ഷകര്‍ തെളിയിക്കുകയാണ്. എല്ലു തുളച്ചുകയറുന്ന കൊടുംതണുപ്പിലും അവര്‍ പിന്തിരിഞ്ഞില്ല. 140ലധികം കര്‍ഷകര്‍ മരിച്ചുവീണിട്ടും പ്രക്ഷോഭകര്‍ പതറിയില്ല. കര്‍ഷകപ്രക്ഷോഭം രാജ്യത്താകെ പടര്‍ന്നുകഴിഞ്ഞു. തന്റെ സെെദ്ധാന്തിക മായാജാലങ്ങള്‍ ഇനിമേല്‍ വിലപ്പോകില്ലെന്ന് മോഡി തിരിച്ചറിയണം. കാര്‍ഷിക കരിനിയമങ്ങള്‍ രാജ്യത്തിനുമേല്‍ അടിച്ചേല്പിച്ച നരേന്ദ്രമോഡിക്കു മുന്നില്‍ അവ‍ പിന്‍വലിക്കുക മാത്രമാണ് കരണീയമായ ഏകമാര്‍ഗം.