ബിനോയ് വിശ്വം

September 17, 2021, 4:37 am

സഖാവ് എംപി പ്രകാശത്തെ ഓർക്കുമ്പോൾ

Janayugom Online

രു കാലത്ത്, എറണാകുളത്ത് ‘ജനയുഗം’ എന്ന് പറഞ്ഞാൽ എം പി പ്രകാശം ആയിരുന്നു. അത് പ്രമുഖൻമാർ അരങ്ങ് വാണ കാലമായിരുന്നു. മനോരമയിലെ പി എസ് ജോൺ, മാതൃഭൂമിയിലെ കെ കെ സത്യവ്രതൻ, ദേശാഭിമാനിയിലെ എം എം ലാസർ എക്സ്പ്രസ്സിലെ സി വി പൈലി അങ്ങനെയുള്ളവരുടെ നീണ്ട നിര.…. അവർക്കിടയിൽ ജനയുഗത്തിന്റെ മുഖവും നാവും ആയി എം പി പ്രകാശം നിലകൊണ്ടു. അദ്ദേഹത്തിന് പൊക്കം കുറവായിരുന്നു. എന്നാൽ തലപ്പൊക്കമുള്ള ഒരാളായി തന്നെയാണ് എറണാകുളത്തെ പത്രലോകം ആ കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തകനെ കണ്ടത്. പ്രീഡിഗ്രിക്ക് പഠിക്കാൻ വൈക്കത്ത് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് ഞാൻ പ്രകാശം ചേട്ടനെ ആദ്യമായി കാണുന്നത്. അരക്കയ്യൻ ഷർട്ട് ഇട്ട്, മുണ്ട് മാടിക്കെട്ടി തിരക്കുപിടിച്ച് നടന്നുപോകുന്ന അദ്ദേഹത്തിന്റെ മുഖത്ത് സൗമ്യമായ ഒരു ഗൗരവം എപ്പോഴുമുണ്ടായിരുന്നു. അടുപ്പമുള്ളവരെ കാണുമ്പോൾ ആ ഗൗരവം പ്രകാശം പരത്തുന്ന ഒരു ചിരിയായി മാറും. വിദ്യാർത്ഥി കാലം മുതൽ പുഞ്ചിരി ഉടുത്ത ആ സ്നേഹം ഏറ്റുവാങ്ങാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടാണ് പ്രകാശം ചേട്ടന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഈ കൊച്ചു കുറിപ്പ് എഴുതുക എന്നത് ഒരു കടമയായി എനിക്ക് തോന്നിയത്. ഇത് ഒരു ജീവചരിത്ര കുറിപ്പ് അല്ല.

പത്രപ്രവർത്തനത്തിൽ സാങ്കേതിക വിദ്യ സമ്മാനിച്ച കുതിച്ചുചാട്ടങ്ങളുടെ കാലമാണിത്. പ്രകാശം ചേട്ടനെ പോലുള്ളവർ പത്രപ്രവർത്തനം നടത്തിയ കാലം എത്രയോ വ്യത്യസ്തമായിരുന്നു. ഒരു ടെലക്സ് മെഷീനായിരുന്നു അന്നത്തെ ജനയുഗം ഓഫീസുകളിലെ ‘അത്ഭുത യന്ത്രം’. അത്യാവശ്യമുള്ള വാർത്തകൾ പത്രമോഫീസുകളിലേക്ക് ടെലിഫോണിൽ പറഞ്ഞുകൊടുക്കും. അല്ലാത്തവയെല്ലാം മൂന്ന് മണിക്കോ നാല് മണിക്കോ ഉള്ള കൊല്ലം വഴി പോകുന്ന കെഎസ്ആർടിസി ബസിൽ കൊടുത്തയക്കും. ഉച്ചയ്ക്ക് മുമ്പ് രണ്ടോ മൂന്നോ പ്രധാനപ്പെട്ട പത്രസമ്മേളനങ്ങൾ ഉണ്ടാകും. വാർത്താകേന്ദ്രമായ എറണാകുളത്ത് നിന്ന് ഗൗരവമേറിയ ഒരു രാഷ്ട്രീയ കുറിപ്പുണ്ടാകണം. ഇതെല്ലാം ചെയ്ത് പൂർത്തിയാക്കാൻ ജില്ലാ ആസ്ഥാനത്തെ ഓഫീസിൽ മൂന്ന് നാല് പേരെങ്കിലും കാണുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. അതെല്ലാം ചെയ്തത് ഒരു ഒറ്റയാൾ പട്ടാളമായിരുന്നു. ഓഫീസ് സഹായിയായി ഇടക്കിടെ വന്നുപോകുന്ന ഒരു ചെറുപ്പക്കാരൻ മാത്രം. ഈ സാഹചര്യത്തിൽ പ്രകാശം ചേട്ടനും ആ തലമുറയിലെ ജനയുഗം ലേഖകരും എങ്ങനെ മികവ് കാണിച്ചുവെന്നും പേരെടുത്തുവെന്നും ചിന്തിക്കുമ്പോൾ ഇന്ന് അത്ഭുതം തോന്നുന്നു.

 


ഇതുകൂടി വായിക്കു: ജനയുഗം പ്രകാശം വിടപറഞ്ഞു


രാഷ്ട്രീയ ബോധമായിരുന്നു പ്രകാശം ചേട്ടന്റെ തലമുറയിലെ കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തകരുടെ കരുത്ത്. ഇല്ലായ്മകളെക്കുറിച്ച് പാർട്ടിക്കുള്ളിൽ പരിഭവം പറയുമ്പോഴും പാർട്ടി പത്രം പുറകിലായിക്കൂട എന്ന ചിന്ത അവരെ എന്നും മുന്നോട്ട് നയിച്ചു. പാർട്ടിക്കൂറിനാൽ മുന്നോട്ട് നയിക്കപ്പെട്ട പത്രപ്രവർത്തക പരമ്പരയിലെ തിളക്കമുള്ള കണ്ണിയായിരുന്നു പ്രകാശം ചേട്ടൻ. ചുരുട്ടിപ്പിടിച്ച ഒരു റൈറ്റിങ് പാഡ് എപ്പോഴും കയ്യിലുണ്ടാകും. എത്തുന്ന സ്ഥലത്ത് വച്ച് തന്നെ തിരക്കിട്ട് അദ്ദേഹം റിപ്പോർട്ടുകളെഴുതും. സെന്റ് തെരേസാസ് ഹോസ്റ്റലിന്റെ എതിർവശത്തുള്ള നാരകത്തറ റോഡിലായിരുന്നു ജനയുഗം ബ്യൂറോ. ആ ചെറിയ സൗകര്യത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും താമസിച്ചിരുന്നത്. മുറ്റത്ത് നിന്നുതന്നെ കൈയ്യെത്തുന്ന എഴുത്തുമേശക്കരികിലാണ് ഉച്ചതിരിഞ്ഞാൽ അദ്ദേഹത്തെ കാണുക. ബസിൽ കൊടുത്തയക്കാനുള്ള റിപ്പോർട്ടുകൾ എഴുതുകയായിരിക്കും. മിക്കവാറും ആ സമയത്തായിരിക്കും എസ്എഫിന്റെ എന്തെങ്കിലും വാർത്തകളുമായി ഞങ്ങൾ ആരെങ്കിലും ആ ജനാലയ്ക്കപ്പുറം എത്തുക. എഴുത്തുമുറിഞ്ഞ നീരസത്തിൽ അവിടെ വച്ചേക്ക് എന്ന് മാത്രമായിരിക്കും പ്രതികരണം.

വിഷയത്തിന്റെ ഗൗരവമനുസരിച്ച് പിറ്റേന്ന് ആ വാർത്ത പത്രത്തിൽ അച്ചടിച്ച് വരുമ്പോൾ, ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്. അത് വാരികയും ബാലയുഗവും സിനിരമയും നോവൽ പതിപ്പും എല്ലാം ഉള്ള കാലമാണ്. അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടത് ഈ ബ്യൂറോ ചീഫ് തന്നെയാണെന്ന് തോന്നുന്നു. വേറെ ആരേയും അവിടെ ഞാൻ കണ്ടിട്ടില്ല. ഇതിന്റെയെല്ലാമിടയിലും പാർട്ടി പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തും. സമരത്തിലോ സമ്മേളനങ്ങളിലോ ഉദ്ഘാടകൻ എത്താൻ വൈകിയ രണ്ട് മൂന്ന് സന്ദർഭങ്ങളിലെങ്കിലും രാഷ്ട്രീയ പ്രസംഗം ചെയ്യുന്ന സഖാവ് എം പി പ്രകാശത്തിന്റെ മുഖം ഓർമ്മയിൽ വരുന്നു. പാർട്ടിയുടെ എറണാകുളം ഡിസിയിൽ അദ്ദേഹത്തോടൊപ്പം ഞാനും ഒരു അംഗമായിരുന്നു. സഖാവ് സി ടി സേവ്യർ ആയിരുന്നു ഡി സി സെക്രട്ടറി. അപൂർവമായിട്ടേ പ്രകാശം ചേട്ടൻ ചർച്ചകൾക്കായി എഴുന്നേൽക്കാറുള്ളു. അങ്ങനെ ഇടപെടുമ്പോഴെല്ലാം അതിൽ തീർച്ചയും മൂർച്ചയുമുണ്ടായിരുന്നു.

 

 

സമരവീര്യമാർന്ന വയലാറിന്റെ മണ്ണിൽ നിന്നാണ് എം പി പ്രകാശം വരുന്നത്. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വയലാർ പുന്നപ്ര സമരം അദ്ദേഹം വായിച്ച് മാത്രമല്ല മനസ്സിലാക്കിയത്. കുട്ടിയായിരിക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറാൻ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് അദ്ദേഹം വളർന്നത്. പാർട്ടിയുടെ പരീക്ഷണ ദിനങ്ങളിൽ നേതാക്കൾ തമ്മിലുള്ള ആശയ വിനിമയത്തിന് സ്കൂളുകൾ കേന്ദ്രീകരിച്ച് പാർട്ടി ഉണ്ടാക്കിയ വിദ്യാർത്ഥി ടെക്ക് സംവിധാനത്തിന്റെയും ഭാഗമായിരുന്നു എം പി പ്രകാശം. വയലാറിൽ വെടിവെപ്പ് നടന്ന ഒക്ടോബർ 27 ന് അവിടെ നടന്നുവരാറുള്ള സമ്മേളനങ്ങളിൽ ശ്രോതാവായി ആരോഗ്യം അനുവദിക്കുന്ന കാലംവരെ അദ്ദേഹം എത്താറുണ്ടായിരുന്നു.

ജനയുഗം എം പി പ്രകാശത്തിന് പോരിന്റെയും വീറിന്റെയും ഓർമ്മകളുടെ ഭാഗമായിരുന്നു. നവ ജീവൻ, നവയുഗം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പുതുപ്പള്ളി രാഘവൻ, ജോസഫ് മുണ്ടശ്ശേരി, കെ ദാമോദരൻ, സി കെ ജി നായർ, കാമ്പിശ്ശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയ പ്രതിഭാശാലികളായ പത്രാധിപന്മാർക്കൊപ്പം നടന്നാണ് അദ്ദേഹം പത്രപ്രവർത്തകനായത്. ആലപ്പുഴയിലെ തൊഴിലാളി സമരങ്ങളെക്കുറിച്ച് റിപ്പോർട്ടുകളെഴുതി ജനയുഗത്തിന് അയച്ചുകൊണ്ടായിരുന്നു ആരംഭം. ആ ഒരു പ്രത്യേകതരം വികാരവായ്പോടെയാണ് അദ്ദേഹം ജനയുഗത്തെ സ്നേഹിച്ചത്. ആ വികാരവായ്പിന്റെ തലമുറയിലെ ഒരു കണ്ണിയാണ് അറ്റുപോയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഖാക്കളുടേയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് വിപ്ലവകാരിയായ ആ പത്രപ്രവർത്തകന്റെ സ്മരണയ്ക്ക് മുമ്പിൽ തലകുനിക്കട്ടെ.