സെപ്റ്റംബർ 23 ദേശീയ തൊഴിലാളി സമരം

കെ പി രാജേന്ദ്രൻ

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി

Posted on September 22, 2020, 5:30 am

കെ പി രാജേന്ദ്രൻ

കോവിഡ് മഹാമാരിയുടെ ദുരന്തമുഖത്ത് നിൽക്കുമ്പോഴും രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ അജണ്ട ജനങ്ങളും ആരോഗ്യവും ജീവൻ സംരക്ഷിക്കലും അതിനാവശ്യമായ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകലുമല്ല എന്ന് വ്യക്തമാക്കപ്പെടുകയാണ്. മാർച്ച് മാസം മൂന്നാമത്തെ ആഴ്ച മുതൽ ജനങ്ങൾ ദുരിതത്തിലും കഷ്ടപ്പാടുകളിലും കഴിയുകയാണ്. ഓരോ ദിവസവും അവർ കഴിയുന്നത് കൂടുതൽ ഭയത്തോടും ആശങ്കയോടും കൂടിയാണ്. പൂർണ്ണമായ ഒരു അരക്ഷിതാവസ്ഥ. സംരക്ഷിക്കേണ്ട, സഹായിക്കേണ്ട, ഒരു കൈത്താങ്ങായി നിൽക്കേണ്ട കേന്ദ്ര സർക്കാർ തങ്ങളെ കൈവിട്ടിരിക്കുന്നു എന്ന് കൂടുതൽ കൂടുതൽ ബോധ്യപ്പെടുകയാണ് ഓരോ ദിവസം കഴിയുംതോറും. ഇപ്പോൾ നടന്നുവരുന്ന പാർലമെന്റ് സമ്മേളനം ആ ധാരണ ഒന്നുകൂടി ബലപ്പെടുത്തി.

കൊറോണ വൈറസ് ലോകമാസകലം വ്യാപിക്കാനും അതൊരു മഹാദുരന്തമായി ജനങ്ങളുടെ ജീവിതത്തെ കശക്കി എറിയാനും തുടങ്ങിയതിന്റെ എല്ലാ കെടുതികളും ഏറ്റുവാങ്ങേണ്ടിവരുന്നത് അന്നന്ന് പണിയെടുക്കുന്ന, കിട്ടുന്ന കൂലി വാങ്ങി ജീവിക്കുന്ന തൊഴിലാളികളും സാധാരണ ജനങ്ങളും ആണ്. മാർച്ച് മൂന്നാമത്തെ ആഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ, അടച്ച് പൂട്ടലും ഇപ്പോഴും രാജ്യത്ത് വളരെയേറെ സ്ഥലങ്ങളിൽ തുടരുകയാണ്. ഇതിന്റെ ഫലമായി തൊഴിൽ നഷ്ടപ്പെട്ടവർ, വേതനം വലിയ തോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടവർ, തൊഴിൽ ചെയ്യാൻ സാഹചര്യം അനുവദിക്കാത്തവർ, തുടങ്ങി അപകടത്തിന്റെ മുന്നിൽ നിന്ന് സധൈര്യം തൊഴിൽ ചെയ്യാൻ മുന്നോട്ട് ഇറങ്ങിയവർ, എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുകയാണ്. ജനങ്ങൾക്ക് താങ്ങും തണലും ആയി നിൽക്കേണ്ട കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും ആരെയാണ് സംരക്ഷിക്കുന്നത് എന്ന് അവർ നല്ലവണ്ണം തിരിച്ചറിയുന്നു.

രാജ്യത്തെ 40 ശതമാനത്തോളം തൊഴിലാളികൾ ഇന്ന് തൊഴിൽരഹിതരാണ്. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുകളും എല്ലാം കെടുതികളും ദുരന്തങ്ങളായി വളരുന്നു. സ്വകാര്യവത്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും വ്യാപകമായി നടപ്പിലാക്കുകയാണ്. സർക്കാർ ഉത്തരവുകളിലൂടെയും ഓർഡിനൻസുകളിലൂടെയും തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നു. നിലവിലുള്ള മിനിമം വേതന നിയമം ഉൾപ്പെടെ നാല് തൊഴിൽ നിയമങ്ങൾ റദ്ദാക്കി കൊണ്ടുള്ള പുതിയ നിയമം “വേജ് കോഡ്” രാജ്യത്ത് കോവിഡ് മഹാമാരിയുടെ അപകടം മൂർച്ഛിച്ച് നിൽക്കുമ്പോൾ തന്നെ നടപ്പിലാക്കി കഴിഞ്ഞു. ചർച്ചകൾക്കൊന്നും ഇവിടെ കാര്യമില്ല. വേജ് കോഡ് നിയമത്തിന്റെ ബില്ലിന്റെ അവതരണവും പാസാക്കലും പാർലിമെന്റിൽ ഒരു പ്രഹസനം പോലെയാണ് നടന്നത്. ഒരു ചർച്ച പോലും ഉണ്ടായില്ല. അതിന് അവസരം നൽകിയില്ല. എന്നാൽ ഇതിന്റെ ചട്ടം തയ്യാറാക്കാൻ കേന്ദ്ര സർക്കാർ ജൂലൈ മാസത്തിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം ആരാഞ്ഞിരിന്നു. കേന്ദ്ര ട്രേഡ് യൂണിയനുകൾ ഒന്നിച്ച് തയ്യാറാക്കി കൊടുത്ത നിർദ്ദേശങ്ങളോ, അഭിപ്രായങ്ങളോ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. മാത്രമല്ല ഏകപക്ഷീയമായി ഇപ്പോൾ ചട്ടം പ്രസിദ്ധീകരിച്ചു.

നിയമം നടപ്പിലായി എന്നർത്ഥം. മറ്റ് മൂന്ന് നിയമങ്ങൾ പാസാക്കാനുള്ള ബില്ലുകൾ സെപ്റ്റംബർ 19 ന് പാർലമെന്റിൽ അവതരിപ്പിച്ചു. നിലവിലുള്ള രാജ്യത്തെ 44 നിയമങ്ങൾ റദ്ദാക്കപ്പെടുന്നു. കഴിഞ്ഞ മെയ് മാസത്തിൽ കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി വിളിച്ച് കൂട്ടിയ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗത്തിൽ എല്ലാ സംഘടനകളും ഈ നീക്കങ്ങളെ ഒന്നിച്ച് എതിർത്തിരുന്നു. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നടപടികളും നിയമനിർമ്മാണങ്ങളുമായി മുന്നോട്ട് പോയ ഈ കഴിഞ്ഞ മാസങ്ങളിലെല്ലാം അതിശക്തമായ പ്രതിഷേധം എഐടിയുസിയും മറ്റ് കേന്ദ്ര ട്രേഡ് യൂണിയനുകളും ഉയർത്തി കൊണ്ടുവന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ജുഗുപ്സാവഹവുമായ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിക്ഷേധിക്കാനും അതിനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുവാനും കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് സെപ്തംബർ 23ന് രാജ്യ വ്യാപകമായ സമരത്തിന് തീരുമാനിച്ചിട്ടുള്ളതും തുടർന്നുള്ള പ്രക്ഷോഭങ്ങൾക്ക് മുന്നോട്ട് വന്നിട്ടുള്ളതും.

ധനകാര്യം, പ്രതിരോധം, റയിൽവേ, ഇരുമ്പുരുക്ക്, പെട്രോളിയം, ഊർജ്ജം, തുടങ്ങി സുപ്രധാനവും തന്ത്രപ്രധാനവുമായ പൊതുമേഖലാ സ്ഥാപനങ്ങളൊന്നന്നായി സ്വകാര്യവത്കരിക്കുകയാണ്. തൊഴിൽ നഷ്ടവും വേതനം വെട്ടിക്കുറയ്ക്കലും കൂടുതൽ വ്യാപകമാക്കപ്പെടുന്നു. നിർബന്ധിത വിരമിക്കൽ അടിച്ചേൽപ്പിക്കുന്നു. ക്ഷാമബത്തയും ക്ഷാമാശ്വാസവും മരവിപ്പിക്കുന്നു. ഇതിനോടൊപ്പം തന്നെ കാർഷിക രംഗത്തെ പുത്തൻ പരിഷ്കാരങ്ങളും അവശ്യവസ്തുനിയമ ഭേദഗതികളും ഓർഡിനൻസുകളായി പുറത്തുവന്നു. ഇപ്പോൾ പാർലമെന്റ് സമ്മേളനം ഏകപക്ഷീയമായി ചർച്ചയും വോട്ടെടുപ്പും ഒന്നും ഇല്ലാതെ മൂന്ന് കർഷകവിരുദ്ധ ബില്ലുകളും പാസ്സായതായി പ്രഖ്യാപിച്ചു. സർക്കാരിന്റെ ഈ നീക്കങ്ങൾ എല്ലാം തന്നെ ജനവിരുദ്ധവും കർഷക, തൊഴിലാളിദ്രോഹ നടപടികളും ദേശീയ താല്പര്യങ്ങൾക്ക് അങ്ങേയറ്റം ഹാനികരവുമായ ഒന്നാണെന്ന് കൂടുതൽ വ്യക്തമാക്കപ്പെടുന്നു.

സർക്കാരിന്റെ ദൃഷ്ടിയിൽപെടാത്ത തെരുവ് കച്ചവടക്കാർ, ആക്രി കച്ചവടക്കാർ, റിക്ഷാ തൊഴിലാളികൾ, ചുമട് തൊഴിലാളികൾ, ഡ്രൈവർമാർ, ഗാർഹിക തൊഴിലാളികൾ, കൂലി പണിക്കാരായ പട്ടിണി പാവങ്ങൾ തുടങ്ങി വലിയൊരു വിഭാഗം തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. പട്ടിണിയും ദാരിദ്യവും വർധിച്ചു വരുന്നതിന്റെ പ്രകടമായ തെളിവാണ് ബാലവേലയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കുടിയേറ്റ തൊഴിലാളികൾ (അതിഥി തൊഴിലാളി) ജീവിക്കാനുള്ള പെടാപ്പാടിൽ മരിച്ചുവീഴുന്നത് നമ്മുടെ കൺമുന്നിലല്ലേ. രാജ്യത്തെ ഭരണാധികാരികളോട് ഉന്നത നീതിപീഠത്തിന് “നിങ്ങൾ ഉറക്കത്തിലാണോ” എന്ന് ചോദിക്കേണ്ടി വന്നില്ലേ? എത്ര ലജ്ജാകരമായ അവസ്ഥ.

കോവിഡ് മഹാമാരിയെ ചെറുക്കാൻ മുൻനിരയിൽ നിന്നു പോരാടുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും ആശ, അങ്കണവാടി വർക്കർമാരുടെയും ദുരിതങ്ങൾ ഓരോ ദിവസവും കഴിയുംതോറും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യാദിനം കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ വലിയ പ്രതിഷേധ സമരമായി “സേവ് ഇന്ത്യാദിന“മായി നടത്തിയത്. ദശലക്ഷക്കണക്കായ തൊഴിലാളികളും കർഷകരും അന്ന് തെരുവിലിറങ്ങി പ്രതിഷേധത്തിൽ പങ്കെടുത്തു. ചരിത്രപരമായ ആ പ്രതിഷേധത്തിനു പിന്നാലെ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിനു പകരം പ്രതിഷേധക്കാർക്കെതിരെ പ്രതികാര മനോഭാവത്തോടെ കേസ് എടുക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് തുനിഞ്ഞത്. “പൊതുമേഖലയെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക,” എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 18ന് രാജ്യത്തെ തൊഴിലാളികൾ പൊതുമേഖലാ സംരക്ഷണ ദിനം ആചരിച്ചപ്പോൾ രാഷ്ട്രത്തിന്റെ സ്വത്തായ പൊതുമേഖലയെ മാത്രമല്ല രാജ്യത്തെ തന്നെ വിൽക്കുമെന്ന തരത്തിലുള്ള ധാർഷ്ട്യമാണ് മോഡി സർക്കാർ പ്രകടിപ്പിച്ചത്.

ഈ സാഹചര്യത്തിൽ ചെറുത്തുനിൽപ്പും പോരാട്ടങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും കൂടുതൽ കൂടുതൽ ബോധ്യപ്പെടുകയാണ്. രാജ്യവ്യാപകമായി നീണ്ടുനിൽക്കുന്ന വലിയ പണിമുടക്കിന് തൊഴിലാളികൾ തയ്യാറെടുക്കുകയാണ്. ഒരു തൊഴിലാളി സംഘടനയ്ക്കും ഇതിൽ നിന്നു മാറി നിൽക്കാൻ കഴിയില്ല. സാഹചര്യങ്ങൾ ആ ദിശയിലേക്കാണ് പോകുന്നത്. ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സാമൂഹ്യ സുരക്ഷാ കോഡ്, വ്യവസായ ബന്ധ കോഡ്, തൊഴിൽ സുരക്ഷ ആരോഗ്യ തൊഴിൽ സാഹചര്യ കോഡ് എന്നീ നിയമങ്ങൾ പാസ്സാക്കുന്ന തോടുകൂടി എല്ലാ അവകാശങ്ങളും നിയമപരമായി കിട്ടി കൊണ്ടിരുന്ന പരിരക്ഷയും സാമൂഹ്യ സുരക്ഷാ സംരക്ഷണവുമെല്ലാം നഷ്ടപ്പെടും എന്ന് രാജ്യത്തെ തൊഴിലാളികൾക്ക് നല്ലവണ്ണം ബോധ്യപ്പെടുന്നുണ്ട്. അതു തിരിച്ചറിയാൻ കഴിയാത്തത് പ്രധാനമന്ത്രിക്കും കേന്ദ്ര ഭരണാധികാരികൾക്കുമാണ്. ഇതു വിശ്രമിക്കാനുള്ള സമയമല്ല.

നമ്മുടെ രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാനും ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങളും സേവനവേതന വ്യവസ്ഥകളും ഉപജീവന മാർഗങ്ങളും നിലനിർത്തുവാനും ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. എഐടിയുസി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യവ്യാപകമായി തൊഴിലാളികളുടെ യോജിച്ച സമരത്തിന് കരുത്തുറ്റ നേതൃത്വം നൽകുന്ന അമർജിത് കൗർ സെപ്റ്റംബർ 20ന് നടന്ന എഐടിയുസി സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചത് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കും നിയമങ്ങൾക്കും എതിരായ പ്രക്ഷോഭത്തിൽ ഉയർന്ന് വരുന്ന ഐക്യവും യോജിപ്പും ഈ ജനദ്രോഹ സർക്കാരിനെ അധികാരത്തിൽ പുറം തള്ളാനുള്ള ജനകീയ ശക്തിയുടെ ഉയർച്ചയും ആവേശവും കരുത്തുമാകുമെന്നുമാണ്. പോരാട്ടങ്ങളുടെ വേദി ഉണർന്നു കഴിഞ്ഞു. ആ പോരാട്ടങ്ങളിൽ രാജ്യത്തെ മുഴുവൻ തൊഴിലാളി വർഗവും ബഹുജനങ്ങളും നമ്മളോടൊപ്പം അണിചേരുമെന്നും നമുക്ക് ഉറപ്പുണ്ട്.

ഈ വാക്കുകൾ ആത്മവിശ്വാസത്തിന്റെയും രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങൾ നൽകുന്ന പിന്തുണയിൽ നിന്നും ഉയർന്നു വരുന്നതാണ്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ തൊഴിലാളി സമരത്തിൽ പങ്കെടുക്കുവാൻ എല്ലാ വിഭാഗം തൊഴിലാളികളോടും സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുവാൻ മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.