പ്രത്യേക ലേഖകന്‍

September 22, 2021, 4:15 am

സെപ്റ്റംബര്‍ 24; സ്കീം തൊഴിലാളികളുടെ ദേശീയ പണിമുടക്ക്

Janayugom Online

ങ്കണവാടി, ആശ, ഉച്ചഭക്ഷണ വിതരണ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടുന്നതാണ് രാജ്യത്തെ സ്കീം തൊഴിൽ വിഭാഗം. ദേശീയ ആരോഗ്യ ദൗത്യം പ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ, എൻസിഎൽപി, എൻആർഎൽഎം തുടങ്ങിയ ദേശീയ പദ്ധതികളിലെ ജീവനക്കാരും അനുബന്ധ തൊഴിലാളികളുമൊക്കെ സ്കീം തൊഴിൽ വിഭാഗത്തിൽപ്പെടുന്നു. വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ പോഷകാഹാരം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന സേവന ജോലികളാണ് ഇവർ നിർവഹിക്കുന്നത്. മഹാമാരിയുടെ കാലത്ത് സ്വന്തം സുരക്ഷയോ ജീവനോ പരിഗണിക്കാതെയാണ് ഈ വിഭാഗം ജോലി നിർവഹിച്ചതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും. ദീർഘകാലമായി സർക്കാരുകൾക്ക് മുന്നിൽ അവതരിപ്പിച്ച അടിസ്ഥാനപരമായ ആവശ്യങ്ങൾപോലും അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ വിഭാഗത്തിൽപ്പെടുന്ന ഒരു കോടിയോളം വരുന്ന തൊഴിലാളികളും ജീവനക്കാരും സെപ്റ്റംബർ 24 ന് ഏകദിന പണിമുടക്ക് നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സർക്കാരും താഴേ തട്ടിലുള്ള ജനങ്ങളും തമ്മിൽ നേരിട്ട് ബന്ധപ്പെടുന്നവരാണ് സ്കീം തൊഴിലാളികളെങ്കിലും അതിന്റേതായ പരിഗണന ലഭിക്കാതെ അവഗണിക്കപ്പെടുകയാണ് ഈ വിഭാഗം.

 


ഇതുകൂടി വായിക്കു: ഭാരത് ബന്ദിലേക്ക്


 

പത്തു ലക്ഷത്തോളം ആശാ വർക്കർമാരാണ് രാജ്യത്തുള്ളത്. സമയപരിധിയോ അവധിയോ ഇല്ലാതെയാണ് ഇവർ ദൗത്യം നിർവഹിക്കുന്നത്. ഈ കോവിഡ് മഹാമാരിക്കാലത്തും വീടുകൾതോറും കയറിയിറങ്ങിയുള്ള സർവേകൾ നടത്തുന്നതിനുള്ള നിർദ്ദേശം അവർ നടപ്പിലാക്കുന്നു. രോഗികളെകുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നു, പരിശോധന നടത്തിയെന്ന് ഉറപ്പുവരുത്തുന്നു, രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നു, രോഗികളെ നിരന്തരം നിരീക്ഷിക്കുന്നു, രോഗമുക്തി നേടിയവർക്ക് തുടർചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നു എന്നിങ്ങനെ ആശാവർക്കർമാരുടെ ജോലി വിപുലമാണ്. ഇതിന്റെയെല്ലാമൊപ്പമാണ് ഇപ്പോൾ പ്രതിദിനം എട്ട്- ഒമ്പത് മണിക്കൂർ നീണ്ടുനില്ക്കുന്ന പ്രതിരോധ കുത്തിവയ്പ് പ്രക്രിയ കൃത്യമായി നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയെന്നത്. ഐസിഡിഎസുകൾക്കു കീഴിൽ 26 ലക്ഷം അങ്കണവാടി വർക്കേഴ്സും ഹെൽപ്പർമാരും ആശാവർക്കർമാര്‍ക്കു സമാനമായ ജോലി തന്നെയാണ് ചെയ്യുന്നത്. ഗുണഭോക്താക്കൾക്ക് വീടുകൾതോറും റേഷൻ എത്തിക്കുന്ന ഉത്തരവാദിത്തവും അവർക്ക് നിർവഹിക്കേണ്ടി വരുന്നുണ്ട്.

 


ഇതുകൂടി വായിക്കു:മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കണം: കാനം


ഉച്ചഭക്ഷണ വിതരണ രംഗത്ത് ഏകദേശം 27 ലക്ഷം പേർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. ഈ മഹാമാരിക്കാലത്ത് ഇവരും സ്കൂൾ പഠിതാക്കളായ വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുക, കമ്മ്യൂണിറ്റി സെന്ററുകളിലും ക്വാറന്റൈൻ സെന്ററുകളിലും സേവനം നടത്തുക തുടങ്ങിയ അധിക ജോലികൾ ചെയ്യേണ്ടി വന്നവരാണ്. 108 ആംബുലൻസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കോവിഡിനെതിരായ പോരാട്ടത്തിൽ സജീവ പങ്കാളികളാണ്. എൻസിഎൽപി, എൻആർഎൽഎം എന്നീ പദ്ധതികൾക്കു കീഴിലുള്ളവരും തങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ പരിഗണിക്കാതെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും യാതൊരു വിധത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് അവരുടെയെല്ലാം ജോലി. എന്തിന് മാസ്കും സാനിറ്റൈസറും പോലും ലഭ്യമാകുന്നില്ല. ഏതെങ്കിലും വിധത്തിലുള്ള അപകടസാധ്യതാ അലവൻസിനോ നഷ്ടപരിഹാരത്തിനോ ഈ വിഭാഗത്തെ പരിഗണിക്കുന്നതുമില്ല. വൻ കോലാഹലത്തോടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻ‍സ് പരിരക്ഷയും മഹാമാരിക്കാലത്ത് ജീവൻ നഷ്ടപ്പെട്ട ഈ മുൻനിര പോരാളികളുടെ കുടുംബത്തിലേക്ക് എത്തുന്നില്ല. വേതനമെന്ന പേരിൽ നല്കുന്ന പേരിനുള്ള ആനുകൂല്യമാകട്ടെ അടിസ്ഥാന വേതനത്തിന്റെ എത്രയോ താഴെയുള്ളതാണ് (ഉച്ചഭക്ഷണത്തൊഴിലാളികൾക്കാണെങ്കിൽ പത്തുമാസം പ്രതിമാസം ആയിരം രൂപ വീതം മാത്രവും). അതുതന്നെ പല സംസ്ഥാനങ്ങളിലും മൂന്നു മുതൽ ഏഴുമാസം വരെ കുടിശികയായിരിക്കുകയാണ്. എന്നുമാത്രമല്ല ഈ വിഭാഗത്തിന് കുറഞ്ഞ വേതനം, സ്ഥിരപ്പെടുത്തൽ, പെൻഷൻ എന്നിവ നടപ്പിലാക്കണമെന്ന 45-ാമത് ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അവഗണിക്കുകയും കുറ്റകരമായ മൗനം തുടരുകയുമാണ്. സ്കീം വിഭാഗത്തിൽപ്പെട്ടവരെ തൊഴിലാളികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ ഇതുവരെ കേന്ദ്രം തയാറായതുമില്ല. ഇ‑ശ്രം എന്ന പോർട്ടലിൽ ചിലർക്കുമാത്രം രജിസ്ട്രേഷൻ ലഭിച്ചപ്പോൾ മഹാഭൂരിപക്ഷവും പുറത്താകുന്ന സ്ഥിതിയായിരുന്നു.

 


ഇതുകൂടി വായിക്കു:ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 1200 കേന്ദ്രങ്ങളിൽ സത്യഗ്രഹം


 

ബഹുഭൂരിപക്ഷത്തിനും തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലച്ചതിന്റെ ഫലമായി ദാരിദ്ര്യമുണ്ടാവുകയും മേന്മയേറിയ പൊതുജനാരോഗ്യ പരിപാലനം അനിവാര്യ ഘടകമാണെന്ന ആവശ്യം ഉടലെടുത്തുവെങ്കിലും 2021–22 സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഉച്ചഭക്ഷണ പദ്ധതി വിഹിതം മുൻവർഷം ചെലവഴിച്ച അതേ തുകയായ 1400 കോടിയായി നിജപ്പെടുത്തി. മുൻവർഷം അനുവദിച്ച വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ ഐസിഡിഎസിന്റേത് 30ശതമാനമാണ് കുറവ് വരുത്തിയത്. മുൻനിര പ്രവർത്തകർക്ക് ഇൻഷുറൻ‍സ് പ്രഖ്യാപിച്ചുവെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിനും വിഹിതത്തിൽ കാര്യമായ വർധനയുണ്ടായില്ല. ഇതിന്റെയെല്ലാം കൂടെ കേന്ദ്രസർക്കാർ ഇത്തരം പദ്ധതികൾ സ്വകാര്യവല്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുകയാണ്. നാഷണൽ ഡിജിറ്റൽ ആരോഗ്യ മിഷനും ജില്ലാ ആശുപത്രികൾ സ്വകാര്യവല്ക്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ആരോഗ്യ മേഖലയിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഐസിഡിഎസിന് കീഴിൽ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യാനും ഡിജിറ്റൈസേഷന്റെ പേരുപറഞ്ഞ് സർക്കാർ ഇതര സംഘടനകളെയും കോർപറേറ്റുകളെയും ഏല്പിക്കുന്നതിനും അടിസ്ഥാന അവകാശത്തിന് പകരം കാരുണ്യപ്രവർത്തനമായി മാറ്റുന്നതിനും നീക്കം ആരംഭിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണ പരിപാടിയിലും നേരിട്ട് പണം നല്കുന്ന രീതി അവതരിപ്പിച്ചുകഴിഞ്ഞു. കൂടാതെ കേന്ദ്രീകൃത അടുക്കളകൾ അവതരിപ്പിക്കുന്നതിന് വൻകിട കോർപറേറ്റുകളെയും സർക്കാർ ഇതര സംഘടനകളെയും ഏല്പിക്കുവാൻ പോകുകയുമാണ്. മൂന്ന് കാർഷിക കരിനിയമങ്ങൾ, പ്രത്യേകിച്ച് അവശ്യ വസ്തുനിയമ ഭേദഗതി നടപ്പിലാകുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ച ഐസിഡിഎസ്, എംഡിഎംഎസ് തുടങ്ങിയ പദ്ധതികളുടെ മരണമണിയായി മാറും.

ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങളും നിരവധിയാണ്. അവിടങ്ങളിലെല്ലാം ചെറുതും വലുതുമായ പ്രതിഷേധങ്ങളും സമരങ്ങളും ഈ മഹാമാരിക്കാലത്തും നടത്തേണ്ട ഗതികേടിലാണ് അവർ. പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ജമ്മു കശ്മീർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം സ്കീം തൊഴിലാളികളുടെ നിരവധി സമരങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ സ്കീം തൊഴിലാളി സംഘടനകളുടെ ഐക്യവേദി 24 ന് ദേശീയപണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, എൽപിഎഫ്, യുടിയുസി, സേവ എന്നിവയാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്ര തൊഴിലാളി സംഘടനകൾ. 21,000 രൂപ അടിസ്ഥാന വേതനം, ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ തൊഴിൽ സുരക്ഷാ സംവിധാനങ്ങൾ അനുവദിക്കുക എന്നിങ്ങനെ 17 ആവശ്യങ്ങളാണ് പണിമുടക്കിൽ മുന്നോട്ടുവയ്ക്കുന്നത്.