23 April 2024, Tuesday

പ്രതിരോധത്തിന് പ്രതീക്ഷകളുടെ പുതു കണ്ടെത്തലുകള്‍

പൂവറ്റൂര്‍ ബാഹൂലേയന്‍
September 7, 2021 4:30 am

കോവിഡ് വാക്സിന്‍ പ്രതിരോധരംഗത്തു നടക്കുന്ന പുതുപഠനങ്ങളും കണ്ടെത്തലുകളും നല്കുന്ന ഫലങ്ങള്‍ ആശാവഹമാണ്. കോവിഡ് വരാതെ തടയുന്നതില്‍ ഏതുതരം വാക്സിനുകളും പൂര്‍ണമായി വിജയകരമല്ലെന്ന് പഠനങ്ങള്‍ പറയുമ്പോള്‍ കോവിഡ് ബാധിച്ചവര്‍ക്കുണ്ടാകുന്ന സ്വാഭാവിക പ്രതിരോധശേഷി ഇതിലും വളരെ മികച്ചതാണെന്ന കണ്ടെത്തല്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു. സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ആഹാര‑വ്യായാമ ക്രമങ്ങളുടെ പ്രസക്തി ഇത് എടുത്തുകാണിക്കുന്നു.

രോഗം മൂര്‍ച്ഛിക്കുന്നതും മരണം ഉണ്ടാകുന്നതും ഒരു പരിധിവരെ ഇല്ലാതാക്കുമെങ്കിലും കോവിഡ് പിടിപെടുന്നതു തടയുന്നതില്‍ വാക്സിനുകള്‍ പരാജയപ്പെടുന്നതായിട്ടാണ് സിഎസ്ഐആറിന്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി നടത്തിയ പഠനം വ്യക്തമാക്കുന്നത്. കോവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗവും ഡെല്‍റ്റ പോലെയുള്ള വെെറസ് വകഭേദങ്ങളും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നു. വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും വെെറസിനെതിരെയുള്ള ജാഗ്രതയുടെയും സ്വയാര്‍ജ്ജിത പ്രതിരോധശേഷിയുടെയും പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു.

 

 

കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഭൂരിപക്ഷം പേരിലും കുത്തിവയ്ക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചാണ് സിഎസ്ഐആറിലെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്. ഇത്രത്തോളം ഫലപ്രാപ്തി അവകാശപ്പെടാനില്ലാത്ത മറ്റ് ചില വാക്സിനുകളുടെ കാര്യത്തില്‍ ഇതിലും മോശമായിരിക്കും ഫലമെന്ന് അനുമാനിക്കാവുന്നതാണ്. കോവിഡ് പിടിപെടാതെ രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ 25.5 ശതമാനം പേരില്‍ കോവിഡ് പിടിപെട്ടുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ കോവിഡ് വന്നുപോയവരില്‍ വീണ്ടും കോവിഡ് വരാനുള്ള സാധ്യത വെറും 2.5 ശതമാനം മാത്രമാണെന്നും കണ്ടെത്തിയത് സ്വാഭാവിക പ്രതിരോധത്തിന്റെ പ്രസക്തി എത്ര വലുതാണെന്ന് കാണിക്കുന്നു.

 


ഇതുകൂടി വായിക്കു: കോവിഡ് വ്യാജ വാക്സിൻ: മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം


 

കോവിഡ് വന്നുപോകുമ്പോഴാണ് വാക്സിന്‍ എടുക്കുമ്പോഴുണ്ടാകുന്ന പ്രതിരോധത്തെക്കാള്‍ മികച്ചതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പ്രതിരോധ ശേഷിയുള്ളവരില്‍ ഒറ്റ ഡോസ് വാക്സിന്‍ മാത്രം കുത്തിവച്ചാല്‍ മതിയാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് കൊച്ചിയിലെ കെയര്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റും റുമാറ്റോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തന്‍. കോവിഡ് ബാധിച്ചവര്‍ക്ക് പിന്നീട് ഒരു ഡോസ് വാക്സിന്‍ നല്കിയാല്‍ രണ്ട് ഡോസ് വാക്സിനേക്കാള്‍ മികച്ച ഫലമുണ്ടെന്നാണ് ഈ കണ്ടെത്തല്‍. അപ്പോള്‍ രണ്ടുവട്ടം കോവിഡ് ബാധിച്ചു സുഖപ്പെട്ടവര്‍ക്ക് രണ്ടു ഡോസ് വാക്സിനേക്കാള്‍ എത്രയോ മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

 

കോവിഡ് വന്നുപോയവര്‍, ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍, കോവിഡ് ബാധിച്ച ശേഷം ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി മുപ്പതുപേരെ വീതമാണ് കൊച്ചിയിലെ പഠനത്തിന് വിധേയമാക്കിയത്. കോവിഡ് ബാധിച്ച ശേഷം ഒരു ഡോസ് വാക്സിന്‍ എടുത്തവരില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരേക്കാള്‍ 30 ഇരട്ടി പ്രതിരോധശേഷി ഉണ്ടായതായി കണ്ടെത്തി. കോവിഡ് ബാധിച്ച് ഒരു ഡോസ് വാക്സിന്‍ എടുത്ത ഹെെബ്രിഡ് ഇമ്മ്യൂണിറ്റ് വിഭാഗക്കാര്‍ക്ക് രണ്ടുവട്ടം വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ കാലത്തെ പ്രതിരോധശേഷിയും പിന്നീട് കോവിഡ് വരാനുള്ള സാധ്യതക്കുറവും എടുത്തുപറയേണ്ടതാണ്.

അപ്പോള്‍, ആന്റിബോഡി ടെസ്റ്റിലൂടെ നേരത്തെ കോവിഡ് വന്നവരെ കണ്ടെത്തി അവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മാത്രം നല്കി മികച്ച പ്രതിരോധശേഷി ഉണ്ടാക്കാമെന്നും അതിലൂടെ കോടിക്കണക്കിനു രൂപയുടെ രണ്ടാം ഡോസ് വാക്സിനുകള്‍ ലാഭിക്കാമെന്നും പഠനം പറയുന്നു. ഐസിഎംആറിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന ഈ പഠനവും പറയാതെ പറയുന്നത് സ്വയമാര്‍ജ്ജിത പ്രതിരോധശേഷിയുടെ പ്രസക്തി തന്നെ.

സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് ശരിയായ ഭക്ഷണക്രമവും ശരിയായ വ്യായാമവുമാണ്. ശരിയായ ഭക്ഷണക്രമം എന്നു പറയുമ്പോള്‍ ഓരോ വ്യക്തിയുടെയും ശരീരഘടനയ്ക്ക് അനുസൃതവും അനുപേക്ഷണീയവുമായ ഭക്ഷണരീതി എന്നാണര്‍ത്ഥമാക്കേണ്ടത്. ശരിയായ വ്യായാമം എന്നു പറയുമ്പോഴാവട്ടെ ഓരോ വ്യക്തിയുടെയും ശരീരശേഷിക്കും നിലനില്പിനും അനുപേക്ഷണീയമായ വ്യായാമം എന്നുമാണ്. സൂര്യപ്രകാശത്തിന്റെയും മണ്ണിന്റെയും സാന്നിധ്യം അറിയാത്ത ഇന്നത്തെ ജീവിതശെെലിയില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കി സന്തുലനം സാധ്യമാക്കാം എന്നതിന് പ്രാധാന്യമേറെയാണ്. മനുഷ്യ ശരീരഘടനയ്ക്ക് അനുസൃതമായ പ്രകൃതിഭക്ഷണക്രമവും യോഗാസനമുറകളും ഇവിടെ ഏറെ പ്രസക്തമാവുന്നു.

 


ഇതുകൂടി വായിക്കു:കുട്ടികളില്‍ കോവിഡ് ഗുരുതരമാകാത്തതിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍


 

ചിട്ടയും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രതിരോധമാര്‍ഗങ്ങള്‍ തീര്‍ത്ത് മാതൃക സൃഷ്ടിച്ച കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഐസിഎംആറിന്റെ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ഏറ്റവും കുറഞ്ഞ രോഗവ്യാപനവും മരണനിരക്കും കേരളത്തിലാണെന്നത് ഇതു വ്യക്തമാക്കുന്നു. ആശങ്കപ്പെടാനില്ലാത്ത പുതുസാഹചര്യത്തില്‍ സാമ്പത്തിക, സാമൂഹികമേഖലകള്‍ സജീവമാകാന്‍ കരുതലോടെ തന്നെ അടച്ചുപൂട്ടലുകളില്‍ അയവുണ്ടാവട്ടെ. അതോടൊപ്പം കേരളത്തിന്റെ രോഗപ്രതിരോധത്തില്‍ എല്ലാ വെെദ്യശാസ്ത്രശാഖകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള പുതുസമീപനം കൂടുതല്‍ പ്രയോജനം ചെയ്യുമെന്നു കരുതേണ്ടിയിരിക്കുന്നു.

ആധുനിക വെെദ്യശാസ്ത്രത്തോടൊപ്പം ആയുര്‍വേദം, യോഗ, നേച്ചറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആയുഷ് വെെദ്യശാസ്ത്രശാഖകളുടെയും സേവനങ്ങള്‍ രോഗപ്രതിരോധത്തിലും ചികിത്സയിലും മികച്ച ഫലപ്രാപ്തി തരുമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇത് ഫലപ്രദമായി നടപ്പാക്കിവരുന്നു. എല്ലാ മെഡിക്കല്‍ കോളജുകളിലും മറ്റ് ആശുപത്രികളിലും വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ കോവിഡ് രോഗികളെ ചികിത്സിക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്കുകയും ചെയ്യുന്നു.

 

ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാനശിലയാണ് മെഡിക്കല്‍ വിദ്യാഭ്യാസം. എന്നാല്‍ കേരളത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ ആധുനിക വെെദ്യശാസ്ത്രത്തിനല്ലാതെ മറ്റുള്ള വെെദ്യശാസ്ത്ര ശാഖകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമോ പങ്കാളിത്തമോ ഉണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്. എന്നാല്‍ കേരളത്തിനു പുറത്ത് ലോകത്ത് മറ്റെവിടെയും കാണാത്ത അസ്‌പൃശ്യതയും അനാദരവുമാണ് ഇവിടെ മറ്റുള്ള വെെദ്യശാസ്ത്രശാഖകളോട് ആധുനിക വെെദ്യശാസ്ത്രം പുലര്‍ത്തുന്നത്. സ്വന്തം വെെദ്യശാഖയില്‍ തന്നെ അനര്‍ഹമായ ശമ്പള സ്കെയിലുകള്‍ക്കും പദവികള്‍ക്കും വേണ്ടി സാമൂഹിക ഉത്തരവാദിത്തം മറന്ന് പോരടിക്കുന്നത് വേറിട്ട മറ്റൊരു കാഴ്ചയും. എല്ലാ വെെദ്യശാഖകളിലേയും ഡോക്ടര്‍മാര്‍ക്ക് തുല്യ ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളും നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏതെങ്കിലും സാഹചര്യത്തില്‍ തുനിഞ്ഞാല്‍ ഇവിടെ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍ ഓര്‍ക്കാന്‍ കൂടി വയ്യ.

 


ഇതുകൂടി വായിക്കു: ഡിസംബറില്‍ സമ്പദ്‌വ്യവസ്ഥ പൂര്‍വസ്ഥിതിയിലെത്തും: കോവിഡ് രാജ്യത്തെ രൂക്ഷമായി ബാധിച്ചില്ലെങ്കില്‍ മാത്രം


 

ആയുഷ് വിഭാഗത്തില്‍ തന്നെ ആയുര്‍വേദവും ഹോമിയോപ്പതിയും ഒഴികെയുള്ള യോഗ‑നേച്ചറോപ്പതി, സിദ്ധ, യുനാനി വിഭാഗങ്ങള്‍ക്ക് ഇവിടെ കാര്യമായ സ്ഥാനമില്ല. സിദ്ധ, യുനാനി ശാഖകള്‍ക്ക് പരിമിതമെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും മഹാത്മാഗാന്ധി മഹത്തരമായി കണ്ടതും ജീവിതത്തില്‍ പകര്‍ത്തിയതുമായ യോഗ‑പ്രകൃതിചികിത്സാ സമ്പ്രദായത്തില്‍ ഒരൊറ്റ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനവും കേരളത്തില്‍ ഇല്ല. 1981ല്‍ വര്‍ക്കലയില്‍ ആരംഭിച്ച സര്‍ക്കാര്‍ പ്രകൃതിചികിത്സാ ആശുപത്രി സര്‍ക്കാര്‍ മേഖലയില്‍ ലോകത്തുതന്നെ ആദ്യത്തെ സംരംഭമാണെന്നിരിക്കെയാണ് ഈ വെെചിത്ര്യം. കേരളത്തോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട്ടില്‍ ഇരുപതോളവും കര്‍ണാടകം പോലെയുള്ള സംസ്ഥാനങ്ങളില്‍ ഡസന്‍ കണക്കിന് മെഡിക്കല്‍ കോളജുകള്‍ ഈ രംഗത്തുണ്ട്.  പ്രകൃതിയെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും തൊട്ടറിഞ്ഞും പ്രകൃതിയോടിണങ്ങിയുള്ള ജീവിതം രോഗങ്ങളില്ലാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതില്‍ ഏതു വാക്സിനേക്കാളും വലുതാണ് അവിടെ കേരള, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ഏതു പ്രദേശങ്ങളിലേക്കും കയറുന്നതിനും ഇറങ്ങുന്നതിനും മറ്റുമുള്ള അടച്ചുപൂട്ടലുകള്‍ക്കും ക്വാറന്റൈനുകള്‍ക്കും ഒരു പ്രസക്തിയുമില്ല.

 

എത്ര നിയന്ത്രണങ്ങള്‍ വന്നാലും ഈ വേലികള്‍ക്കതീതമാവും വെെറസുകളുടെ ശരീരസഞ്ചാരം. ഐസിഎംആറിന്റെ സെറോ സര്‍വേ പ്രകാരം കേരളത്തിലെ ഒന്നര കോടി ആളുകള്‍ക്ക് വെെറസിനെതിരായ ആന്റി ബോഡി ഉണ്ടായി എന്നു പറയുന്നു. ഇനി രണ്ട് കോടിയോളം പേര്‍ക്ക് കൂടി ആന്റി ബോഡി ഉണ്ടാകേണ്ടതുണ്ട് എന്നാണ് സൂചന. വെെറസ് വന്നാലും പോയാലും പ്രതിരോധത്തില്‍ പ്രധാനം സ്വാഭാവികമായ ശരീരത്തിന്റെ പ്രതിരോധ ശേഷിയാണെന്ന് ആധുനിക വെെദ്യശാസ്ത്രവും അടിവരയിടുമ്പോള്‍ അതിനനുസൃതമായ ജീവിതശെെലികള്‍ രൂപപ്പെടുത്തുന്നതില്‍ തര്‍ക്കമുണ്ടാവേണ്ടതില്ല. പ്രകൃതിയെ നശിപ്പിക്കുന്നതൊഴിവാക്കി ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനുമായി പ്രകൃതിനിയമങ്ങളും ശുചിത്വചിട്ടകളും പാലിച്ചുള്ള പ്രകൃതിജീവനമാണ് പ്രധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.