ചുവന്ന പ്രഭാതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കമ്മ്യൂണിസ്റ്റുകാരൻ

പന്ന്യൻ രവീന്ദ്രൻ
Posted on July 08, 2020, 5:30 am

പന്ന്യൻ രവീന്ദ്രൻ

ചുവന്ന പ്രഭാതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു, ഇന്നലെ വിടപറഞ്ഞ പെരുമ്പുഴ ഗോപാലകൃഷ്ണൻ. ഉടുപ്പിലും നടപ്പിലും പ്രവർത്തനത്തിലും ഉന്നത മൂല്യങ്ങൾ കാത്തുസൂക്ഷിച്ച പ്രിയ സഖാവ്, വിദ്യാർത്ഥിയായിരിക്കെ കൊല്ലം എസ്എൻ കോളജിൽ തുടങ്ങിയ പൊതുപ്രവർത്തനം ഏഴുപതിറ്റാണ്ടുകാലവും നില്ക്കാതെ മുന്നോട്ട് കൊണ്ടുപോയി. തുടങ്ങിവച്ച ചില പദ്ധതികൾ പൂർത്തീകരിക്കാനായില്ലെങ്കിലും പ്രധാനപ്പെട്ട പലതും നമുക്കായി സമ്മാനിച്ചിട്ടാണ് ആ വലിയ മനുഷ്യൻ വിട പറഞ്ഞത്.

ജീവചരിത്രകാരൻ, കവി, ഗാനരചയിതാവ്, സാംസ്കാരിക പ്രവർത്തകൻ, പത്രപ്രവർത്തകൻ തുടങ്ങി, അദ്ദേഹം ബന്ധപ്പെടാത്ത മേഖലകളില്ല. എൺപത്തിയഞ്ചാം വയസിലും പ്രവർത്തനനിരതനായിരുന്നു പെരുമ്പുഴ. കിടപ്പിലാകുന്നതുവരെ പാർട്ടി മുഖപത്രമായ നവയുഗം പത്രാധിപസമിതി അംഗമെന്ന നിലയിൽ എം എൻ സ്മാരകത്തിൽ നിറസാന്നിധ്യമായിരുന്നു. വിദ്യാർത്ഥിയായി എസ്എൻ കോളജിൽ എത്തിയപ്പോൾ എഐഎസ്എഫിന്റെ നേതൃനിരയിലെ പ്രധാനികളിലൊരാളായി. പുതുശ്ശേരി രാമചന്ദ്രൻ, ഒഎൻവി, ഒ മാധവൻ തുടങ്ങിയ മുൻനിര നേതാക്കളിൽ പെരുമ്പുഴയും ഉണ്ടായിരുന്നു. എസ്എൻ കോളജ് ആ കാലത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ കേന്ദ്രമായിരുന്നു. കോളജ് യൂണിയന്റെ ബലത്തിൽ ഇന്ത്യ അറിയുന്ന കമ്മ്യുണിസ്റ്റ് നേതാക്കളെയെല്ലാം കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ പങ്കെടുപ്പിക്കുക പതിവായിരുന്നു. അവിടത്തെ കോളജ് യൂണിയൻ പ്രവർത്തനമാണ് പെരുമ്പുഴയെയും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി മാറ്റിയത്.

കോളജ് പഠനം പൂർത്തിയാക്കി അദ്ദേഹം വിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയൽ സ്റ്റാഫിൽ ഉദ്യോഗസ്ഥനായി. ജോയിന്റ് കൗൺസിൽ, യുവകലാസാഹിതി, ഇപ്റ്റ, ഐപ്സോ എന്നിവയുടെ പ്രവർത്തകനും നേതാവുമായി മാറി. തിരുവനന്തപുരം കർമ്മമണ്ഡലമാക്കിയപ്പോൾ ശർമ്മാജി, സി ഉണ്ണിരാജ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് അന്ന് പുതുമയായിരുന്നില്ല. ജോലി നഷ്ടപ്പെട്ടതിൽ മനോവ്യഥയില്ലാതെ, തന്റേടത്തോടെ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളിൽ പങ്കാളിയായ ധീരനായിരുന്നു പെരുമ്പുഴ. 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ജോലിയിൽ തിരികെ എത്തി. എൻ ഇ ബാലറാം മന്ത്രിയായിരുന്ന കാലത്താണ് പെരുമ്പുഴ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയത്. തലസ്ഥാന നഗരിയിലെ സാംസ്കാരിക പ്രവർത്തനത്തിൽ നിറഞ്ഞുനിന്ന പെരുമ്പുഴ, ‘ശക്തിഗാഥ’ എന്ന സംഗീത ഗ്രൂപ്പിന്റെ ചെയർമാൻ, ദേവരാജൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ ജീവചരിത്രം, പി ഭാസ്കരൻ മാസ്റ്ററുടെ ജീവിതചരിത്രം എന്നിവയും സംഗീത, ഗാന മേഖലകളെ സംബന്ധിക്കുന്ന പുസ്തകങ്ങളും രചിച്ചു. പി ഭാസ്ക്കരൻ, ഒഎൻവി, വയലാർ, ദേവരാജൻ, തോപ്പിൽ ഭാസി എന്നിവരുമായും അടുത്ത സൗഹൃദമായിരുന്നു. വിപ്ലവ കവിതകൾ, പ്രണയഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ തുടങ്ങി കാവ്യരചനകളിലും അദ്ദേഹം മുന്നിലായിരുന്നു. നിറദീപങ്ങൾ തെളിഞ്ഞു സ്വരരാഗങ്ങൾ നിറഞ്ഞു… എന്ന മനോഹരഗാനം ഉൾപ്പെടെ ഒമ്പത് ഗാനങ്ങൾ ചേർന്ന ഓഡിയോ കാസറ്റ് വേലായുധന്റെ സംഗീതസംവിധാനത്തിൽ തയ്യാറായിക്കൊണ്ടിരിക്കെയാണ് വേർപാട്.

പി ഭാസ്ക്കരൻ മാസ്റ്ററുടെ ജീവിതചരിത്രം തയ്യാറാക്കിയ ശേഷം അത് വെളിച്ചം കാണാൻ വലിയ ആഗ്രഹമായിരുന്നു. എം ടി വാസുദേവൻ നായരുടെ അവതാരികയുമായി പുസ്തകം പുറത്തിറങ്ങിയപ്പോൾ പെരുമ്പുഴ ഒരു പാട് സന്തോഷിച്ചു. ഏഴ് പതിറ്റാണ്ടുകാലം കമ്മ്യൂണിസ്റ്റ് ജീവിതശൈലി അണുകിടതെറ്റാതെ പ്രവർത്തിച്ച നിരന്തര പരിശ്രമശാലിയാണ് പെരുമ്പുഴ. തന്റെ ജീവിതംതന്നെ പാർട്ടിക്കുവേണ്ടി മാറ്റിവച്ച പാർട്ടി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാൻ ശ്രമിച്ച അച്ചടക്കമുള്ള കമ്മ്യൂണിസ്റ്റുകാരനാണ് എന്നെന്നേക്കുമായി വിടപറഞ്ഞത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എം എൻ നൽകിയ സംഭാവനകൾ ഇന്നും തിട്ടപ്പെടുത്താനാകാത്തതാണ്. എം എൻ പുതിയ സഖാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനെക്കുറിച്ച് പെരുമ്പുഴ വാചാലനാവുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ചിന്നക്കടയിൽ വച്ചാണ് എമ്മെനെ പെരുമ്പുഴ ആദ്യമായി കാണുന്നത്. അന്ന് ഒ മാധവനും പുതുശ്ശേരിയും ഒപ്പമുണ്ടായിരുന്നു. എമ്മെനെ അതുവരെ നേരിട്ട് കാണാതിരുന്ന പെരുമ്പുഴ മൗനിയായി അകന്നുനിന്നു. എം എൻ ചോദിച്ചു: ഇയാളെവിടെയാണ്? ശബ്ദം താഴ്ത്തി പെരുമ്പുഴ മറുപടി പറഞ്ഞു. അന്ന് ഒരുപാട് തമാശകൾ പറഞ്ഞു. എമ്മെനിലെ വലിയ നേതാവിനോടുള്ള ഭയം അകന്നു. അടുത്ത കൂട്ടുകാരനെപ്പോലെയാവാൻ നിമിഷങ്ങളേ എടുത്തുള്ളൂ. ഒരു പാർട്ടി പ്രവർത്തകൻ എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന ബാലപാഠം എമ്മെനാണ് പഠിപ്പിച്ചതെന്ന് പെരുമ്പുഴ പറയുമായിരുന്നു. അതുകൊണ്ട് എം എൻ ആണ് തന്റെ ഗുരുനാഥൻ എന്നുപറഞ്ഞ് മേനിനടിക്കാൻ താനില്ല.

സി അച്യുതമേനോൻ, എം എൻ, ടി വി, ബാലറാം, പി കെ വി, വെളിയം, പി എസ് ശ്രീനിവാസൻ തുടങ്ങിയ ത്യാഗധനരായ നേതാക്കന്മാരുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുവാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്ന് പറഞ്ഞ ഉത്തമനായ സഖാവാണ് പെരുമ്പുഴ. നമ്മുടെ രാജ്യത്തിന്റെ യശസ്സും മതനിരപേക്ഷതയും ഐക്യവും അഖണ്ഡതയും തകർത്ത് മതാധിഷ്ഠിത രാജ്യവും കലാപ ഭൂമിയുമാക്കുവാൻ ഭരണത്തിന്റെ ഒത്താശയോടെ ഹൈന്ദവ വർഗീയത അഴിഞ്ഞാട്ടം നടത്തുകയാണ്. ഇതിനായി സാംസ്കാരിക മേഖലയെയാണ് അവർ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. അതിനെതിരെ സത്യത്തിന്റെ വഴിയിൽ യോജിച്ച സാംസ്കാരിക മുന്നേറ്റം അനിവാര്യമായ സമയമാണിത്. ഇത്തരമൊരു കടമ നിറവേറ്റാൻ പ്രാപ്തിയും അനുഭവസമ്പത്തുമുള്ള നേതാക്കന്മാരുടെ അഭാവം പുരോഗമന പ്രസ്ഥാനങ്ങൾക്ക് ക്ഷീണമാകും. സഖാവ് പെരുമ്പുഴയുടെ വേർപാടും ഈ ഘട്ടത്തിൽ പുരോഗമന മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്.