അപ്രസക്തമാകുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ മൂല്യങ്ങള്‍

Web Desk
Posted on February 05, 2019, 10:33 pm
karyavicharam

രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ധനാഗമ വഴികളെക്കുറിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ സത്യസന്ധത, വിശ്വാസ്യത, സുതാര്യത തുടങ്ങിയ മൂല്യങ്ങളോടുള്ള കക്ഷികളുടെയും നേതാക്കളുടെയും അയിത്തം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 2017–18 സാമ്പത്തിക വര്‍ഷം ദേശീയ രാഷ്ട്രീയ കക്ഷികള്‍ ഇരുപതിനായിരം രൂപക്കുമേല്‍ കൈപ്പറ്റിയ സംഭാവനകളുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതിനെ അവലംബിച്ച റിപ്പോര്‍ട്ടാണ് ഈ സര്‍ക്കാരിതര സന്നദ്ധസംഘടന പുറത്തിറക്കിയത്.
ഇതനുസരിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ലഭിച്ച സംഭാവന മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മൊത്തമായി ലഭിച്ചതിന്റെ 12 മടങ്ങാണ്. 2977 സംഭാവനകളില്‍ നിന്നായി ബിജെപിക്ക് 437.04 കോടി രൂപ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 777 സംഭാവനകളില്‍ നിന്ന് 26.65 കോടിയാണ് കിട്ടിയത്. എന്‍സിപി, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ കക്ഷികളാണ് രണ്ടും ഒന്നും കോടിയും അതില്‍ താഴെയുമായി അടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
ബിജെപി ഫണ്ടിന്റെ സിംഹഭാഗവും (154.30 കോടി രൂപ) നല്‍കിയത് പ്രൂഡന്റ് ഇലക്‌ടോറല്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ്. ദോഷം പറയരുതല്ലോ, കോണ്‍ഗ്രസിനെയും അവര്‍ പിണക്കിയില്ല. കൊടുത്തത് പത്തു കോടിയാണെങ്കിലും കോണ്‍ഗ്രസിന്റെ മുഖ്യദാതാക്കളായത് അവര്‍തന്നെ. കേന്ദ്രത്തില്‍ ഭരണം കയ്യാളുന്ന കക്ഷിക്ക് കൂടുതല്‍ ഫണ്ട് ലഭിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, തൊട്ടടുത്ത കക്ഷികളുമായി വരുന്ന ഭീമമായ അന്തരം തെരെഞ്ഞടുപ്പ് പ്രചാരണത്തിലും തല്‍ഫലമായി വോട്ടിങിലും പ്രതിഫലിക്കുമെന്നുറപ്പാണ്. സ്വതന്ത്രവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പ് എന്നൊക്കെ പറയുന്നത് വെറും തമാശയായേ കലാശിക്കുന്നുള്ളു എന്ന് പറയുന്നു ഈ കണക്കുകള്‍.
എന്നാല്‍ അതിലപ്പുറമുള്ള അരുതായ്മകള്‍ ചിലതുകൂടി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മുകളില്‍ പറഞ്ഞ കണക്കുകളൊക്കെ ഇത്ര കണിശമായി നല്‍കാന്‍ മാത്രം മര്യാദപുരുഷോത്തമന്മാരാണോ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന സംശയത്തിന് നിഷേധരൂപത്തിലാണ് എഡിആറിന്റെ വെളിപ്പെടുത്തലുകള്‍. കണക്കു കൊടുത്ത പാര്‍ട്ടികളില്‍ 4.95 കോടിയുടെ 219 സംഭാവനകള്‍ക്ക് ‘പാന്‍’ കാര്‍ഡ് വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. 119 സംഭാവനകളുടെ രേഖകളില്ലാത്ത ബിജെപി തന്നെയാണ് ഇവിടെയും മുന്നില്‍. സംഭാവനകള്‍ക്ക് അപൂര്‍ണവും അവാസ്തവവുമായ ‘പാന്‍’ വിവരങ്ങള്‍ നല്‍കിയും ചെക്ക് / ബാങ്ക് വിശദാംശങ്ങള്‍ പോലും നല്‍കാതെയുമുണ്ട്. സ്ഥാനാര്‍ഥിയുടെ സത്യവാങ് മൂലം പോലെതന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സമര്‍പ്പിക്കേണ്ട ഫോറം 24 എ രേഖയും മുഴുവനായി പൂരിപ്പിച്ചു നല്‍കണമെന്ന് 2013 സെപ്റ്റംബര്‍ 13ന് സുപ്രീംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍, ഇതൊന്നും പാലിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേവല ചട്ടപ്പടി റിപ്പോര്‍ട്ട് നല്‍കി തടിയൂരുകയാണ് പാര്‍ട്ടികള്‍ ചെയ്യുന്നത്. അതിനാല്‍ ഇപ്പോള്‍ വെളിപ്പെട്ട തുകയും കക്ഷികള്‍ ചെലവിടുന്നതും അതിനായി പിരിച്ചെടുക്കുന്നതും തമ്മില്‍ ബന്ധമൊന്നുമുണ്ടാവില്ലെന്നുതന്നെ കരുതണം.
ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമത്തിനു കീഴില്‍ പൊതു പരിശോധനയ്ക്കു ലഭ്യമാകത്തക്കവിധം ഫണ്ട് ദാതാക്കള്‍ അവരുടെ സംഭാവന വെളിപ്പെടുത്തണമെന്ന് എഡിആര്‍ ശുപാര്‍ശ ചെയ്യുന്നു. ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകളുടെ പൂര്‍ണവും വസ്തുതാപരവുമായ പ്രസ്താവനകള്‍ കമ്മിഷന് സമര്‍പ്പിക്കണമെന്നും പാര്‍ട്ടികള്‍ അവരുടെ ധനാഗമന വിനിയോഗ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ശുപാര്‍ശയിലുണ്ട്. ഇതൊക്കെയാണ് തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെ തന്നെയും ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിങിന് പരിധി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം വച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നത് ‘വ്യത്യസ്തമായൊരു പാര്‍ട്ടി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിതന്നെ. പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന നയപരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന് വന്‍തുക ചെലവ് വരുമെന്നും അത് നിയന്ത്രിച്ചാല്‍ പിന്നെ ജനം ജാതിയും വ്യക്തിസ്വാധീനവുമൊക്കെ നോക്കിയാവും വോട്ടുചെയ്യുക എന്നുമാണ് പാര്‍ട്ടിയുടെ ന്യായം. പരിധിയല്ല, സുതാര്യതയാണ് വേണ്ടതെന്ന് വാദിച്ചു ബിജെപി.
എന്നാല്‍, സുതാര്യതയുടെ കാര്യത്തില്‍ ബിജെപിയുടെ കാപട്യം 2017 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ തിടുക്കപ്പെട്ട് പാസാക്കിയെടുത്ത ധനബില്‍ പറയുന്നുണ്ട്. രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മൊത്തം ലാഭത്തിന്റെ ഏഴര ശതമാനം മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിനത്തില്‍ നല്‍കാനാവുമായിരുന്നുള്ളു. അത് ഏതൊക്കെ പാര്‍ട്ടിക്ക്, എത്ര നല്‍കിയെന്ന് വെളിപ്പെടുത്തണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍, സംഭാവനയുടെ പരിധിയും വെളിപ്പെടുത്തല്‍ നിബന്ധനയും എടുത്തുകളഞ്ഞുകൊണ്ടുള്ള ഭേദഗതിയോടെയുള്ള ബില്‍ ബിജെപി പാസാക്കിയെടുത്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ എന്തുമാത്രം അപ്രസക്തമായി തീരുന്നു എന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണിതൊക്കെയും. രാജ്യം നേരിടുന്ന അതിനിര്‍ണായകമായ ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയോഗ്യതയോ, രാഹുലിന്റെ യോഗ്യതയോ, പ്രാദേശിക കക്ഷികളുടെ കരുത്തോ മാറ്റുരയ്ക്കാനുള്ള സാധ്യതയല്ല, പണത്തിന്റെ ബലാബലം പ്രഖ്യാപിക്കാനുള്ള വഴിയാണ് ഇതൊക്കെ തെളിയിച്ചു കാട്ടുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്കു വെളിപ്പെടുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാട്ടേണ്ടത്.