എൻ ശ്രീകുമാർ

പ്രസിഡന്റ്, എകെഎസ്‌ടിയു

July 15, 2021, 4:48 am

ഉറച്ച നിലപാടുകളോടെ പൊതു വിദ്യാഭ്യാസ മേഖല

Janayugom Online

കേരളത്തിൽ ഈ കോവിഡ് കാലത്ത്, കുട്ടികളുടെ വിദ്യാഭ്യാസത്തെയും അവരുടെ ഭാവിയെയും കുറിച്ച് അത്ര ആശങ്ക പൊതു സമൂഹത്തിൽ ഉയർന്നിട്ടില്ല. ഈ മഹാമാരിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ സാധിക്കാത്തതു കൊണ്ടല്ല. മറിച്ച്, പുതിയ അന്വേഷണങ്ങളിലൂടെയും കൂട്ടായ ചിന്തകളിലൂടെയും അതിജീവനം സാധ്യമാണെന്ന് വളരെ വേഗം കേരളം തെളിയിച്ചതാണ് കാരണം. 2020 മാർച്ച് 17ന് അടഞ്ഞ വിദ്യാലയങ്ങൾ നാളിതു വരെ തുറന്നിട്ടില്ലെങ്കിലും വിദ്യാർത്ഥികൾക്ക് പഠനകാലം ഒട്ടും നഷ്ടപ്പെടാതെ കരുതാനും പരീക്ഷകൾ വിജയകരമായി നടത്താനുമായി. ഇപ്പോൾ എസ്എസ്എൽസി റിസൾട്ടും വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയശതമാനമാണ് ഇത്തവണ എന്നത്, വിദ്യാര്‍ത്ഥി-അധ്യാപക സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പ്രതീക്ഷകള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുന്നു. രാജ്യത്തെ തന്നെ ഇതര സംസ്ഥാനങ്ങളും മിക്ക ലോക രാജ്യങ്ങളും ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ് കേരളം മഹാമാരിക്കാലത്തെ വിദ്യാഭ്യാസ കാര്യത്തിൽ ഈവിധം മാതൃകാപരമായി മുന്നേറുന്നത്. ജി സ്യൂട്ട് പഠന പ്ലാറ്റ്ഫോം, എണ്ണായിരത്തോളം അധ്യാപകരുടെ നിയമനം എന്നീ അടുത്ത കാലത്തെ ഉറച്ച ഭരണ നിലപാടുകൾ ഈ മേഖലക്ക് പുതിയ ആവേശവും പകരുന്നു.

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലുള്ള കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വിക്ടേഴ്സ് ചാനലാണ് കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖല നേരിട്ട അന്തരാളഘട്ടത്തിന് അറുതി വരുത്താൻ സഹായിച്ചതെന്ന് എല്ലാവർക്കുമറിയാം. 2001 ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഐടി @ സ്കൂളും വിവര വിനിമയ സാങ്കേതിക വിദ്യാഭ്യാസ പദ്ധതിയും എത്ര ദീർഘവീക്ഷണമുള്ളതായിരുന്നുവെന്ന് കേരളം ഇന്ന് തിരിച്ചറിയുന്നു. മാറി വന്ന യുഡിഎഫ് സർക്കാരും ഐസിടി പഠനത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 2006ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ എഡ്യൂസാറ്റ് ഉപഗ്രഹ സംപ്രേക്ഷണ സാധ്യത ഉപയോഗപ്പെടുത്തി ഐടി @ സ്കൂളിനു കീഴിൽ വിക്ടേഴ്സ് ചാനലിനെ വികസിപ്പിച്ചത് ഈ രംഗത്ത് സുപ്രധാന അധ്യായമായി. ഇക്കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പൊതു വിദ്യാലയങ്ങളുടെ ഹൈടെക് വിദ്യാഭ്യാസ പരിപാടി, പഠന‑ബോധന പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യക്ക് എത്രമാത്രം ഇടപെടൽ സാധ്യത തുറന്നിടുന്നുണ്ടെന്ന് പറഞ്ഞുതന്നു.

ഈയൊരു ചരിത്ര പശ്ചാത്തലത്തിൽ കൂടി വേണം, വിക്ടേഴ്സ് ചാനൽ ഇന്ന് സംപ്രേക്ഷണം ചെയ്യുന്ന ‘ഫസ്റ്റ് ബെൽ’ ഓൺലൈൻ ക്ലാസുകളെ കാണേണ്ടത്. നേരത്തെ നിലമൊരുക്കാനും കൃഷിയിറക്കാനും നാം തയ്യാറായതിനാൽ, ആപത്തുകാലത്ത് ഫലം കൊയ്തെടുക്കാനായി എന്ന് ചിന്തിച്ചാൽ മതി! ഒരധ്യയന വർഷം പൂർണമായും അടുത്ത അധ്യയന വർഷമാരംഭിച്ച് നാളിതുവരെയും ഓൺലൈൻ വിദ്യാഭ്യാസത്തെ തന്നെ നാം വിജയകരമായി ആശ്രയിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനം ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യതയിൽ പണമുള്ളവനും പാവപ്പെട്ടവനും തമ്മിൽ നിലനിൽക്കുന്ന അന്തരമാണ്. ‘ഡിജിറ്റൽ ഡിവൈഡ്’ എന്ന ഈ പ്രശ്നം പക്ഷേ, നാം ജനകീയ പങ്കാളിത്തം കൊണ്ട് ഏറെക്കുറെ അതിശയകരമായി മറികടന്നു. 

ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും മനുഷ്യ സ്നേഹികളും ഒരുമിച്ചപ്പോൾ അസാധ്യമെന്നു കരുതിയ കാര്യങ്ങളൊക്കെ വഴിമാറി നിന്നു. ടിവി/മൊബൈൽ ചലഞ്ചുമായി സംഘടനകൾ രംഗത്തിറങ്ങിയപ്പോൾ ചുരുങ്ങിയ സമയംകൊണ്ട് കേരളം ലക്ഷ്യം നേടി. പൊതുജനങ്ങളുടെ കൂട്ടായ്മ പൊതുവിദ്യാലയങ്ങൾക്ക് ഏറ്റവും നേട്ടമായത് കോവിഡിനെ പ്രതിരോധിച്ചുകൊണ്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ നടത്താൻ തീരുമാനിച്ചപ്പോഴാണ്. സ്കൂൾ തലത്തിൽ സന്നദ്ധ സേനയായി പൊതുജനങ്ങൾ പ്രവർത്തിച്ചപ്പോൾ, സാമൂഹിക അകലവും കൈ കഴുകലും സാനിറ്റൈസർ ഉപയോഗവുമെല്ലാം കുറ്റമറ്റനിലയിൽ ഉറപ്പാക്കി പരീക്ഷക്കാലത്ത് കുട്ടികളെ സുരക്ഷിതരാക്കി.

പഠനത്തിന്റെ ഏറ്റവും കയ്പേറിയ പ്രതലം പരീക്ഷയാണല്ലോ. മിടുമിടുക്കരായ കുട്ടികൾ വരെ പരീക്ഷയെ പേടിയോടെയാണ് കാണുന്നത്. 2020 ജൂൺ ഒന്നു മുതൽ ആരംഭിച്ച വിദ്യാലയ വർഷത്തിൽ, ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ മാത്രമെ, ഒരു വർഷം പൂർണമായി വിദ്യാർത്ഥികൾക്ക് ആശ്രയിക്കാനായിരുന്നുള്ളുവല്ലോ. അപ്പോൾ അധ്യാപകരുടെ നേരിട്ടുള്ള പഠന ക്ലാസുകൾ ലഭിക്കാതെ പരീക്ഷയിലേക്ക് പോകാൻ വിദ്യാർത്ഥികൾ സ്വാഭാവികമായും ആശങ്ക പ്രകടിപ്പിക്കും. എന്നാൽ, ഇവിടെ പാഠഭാഗങ്ങളിലെ ഫോക്കസ് മേഖല നിർണയിച്ചു നൽകി പഠനഭാരം ലഘൂകരിച്ചു നൽകിയതോടെ കുട്ടികൾക്ക് ആശ്വാസമായി. പരീക്ഷാ പരിഷ്ക്കരണത്തെയും ഭയമില്ലാത്ത പരീക്ഷയെയും പറ്റി ഗൗരവത്തോടെ ചിന്തിക്കുന്നവർക്ക് കേരളത്തിലെ കോവിഡ് കാലത്തെ പരീക്ഷ നല്ല മാതൃകയായിരിക്കും.

കോവിഡ് ഭീഷണിയുടെ രണ്ടാം തരംഗം ശക്തമായതോടെ, പുതിയ അധ്യയന വർഷവും ഓൺലൈൻ പഠനത്തിലേക്കു തന്നെയാണല്ലോ പോയിരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനേഷൻ നടപടികൾക്ക് കേന്ദ്ര സർക്കാർ നിലപാടു മൂലം വേഗതയും കിട്ടുന്നില്ല. വിദ്യാർത്ഥികളെ കോവിഡ് രോഗത്തിനു മുന്നിൽ ബലിയാടുകളാക്കാൻ കഴിയാത്തതിനാൽ തന്നെ, സർക്കാർ ഓൺലൈൻ പഠന കാലത്തിനാണ് വീണ്ടും പച്ചക്കൊടി കാട്ടിയത്. പക്ഷേ, 2020 ജൂൺ മുതൽ നടന്ന ഒരു വർഷത്തെ ഓൺലൈൻ പഠനം തന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ 2021 ജൂണിൽ മുതൽ നടന്നുവരുന്ന ഓൺലൈൻ ഫസ്റ്റ് ബെൽ‑2 ക്ലാസുകൾക്ക് പരമാവധി മുന്നൊരുക്കം നടത്താനായി എന്നതാണ് ആശ്വാസം. അധ്യാപനം കേവലം അധ്യാപരുടെ വാമൊഴിയിലൂടെ മാത്രമാകാതെ, അനുബന്ധമായി വീഡിയോ പ്രദർശനം, വിദഗ്ധരുമായി അഭിമുഖം തുടങ്ങിയ സങ്കേതങ്ങളും കൂടി ഉപയോഗിക്കാൻ ശ്രമിച്ചു. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെടുത്തിയും ആകർഷകമായും ക്ലാസുകൾ നടന്നുവരുന്നുണ്ട്.

അധ്യാപകർ അതത് സ്കൂളിലെ കുട്ടികൾക്ക് തന്നെ ക്ലാസ് നയിക്കുമ്പോഴാണ് കുട്ടികളുടെ താൽപര്യങ്ങളും പഠന വ്യത്യാസങ്ങളും തിരിച്ചറിഞ്ഞ് പിന്തുണ നൽകാനാകുന്നത്. അവർക്ക് ശരിയായ പരിഗണനയും ഉറപ്പാക്കാൻ സാധ്യമാകുന്നത് അപ്പോഴാണെന്ന കാര്യത്തിൽ തർക്കമില്ല. ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ സ്വന്തം അധ്യാപകർക്കു തന്നെ ക്ലാസ് നയിക്കാൻ സാധ്യമാണ്. എന്നാൽ, അതിന് എല്ലാ വിദ്യാർത്ഥികൾക്കും സ്മാർട്ട് മൊബൈൽ ആദ്യം ഉറപ്പാക്കണം. ഡേറ്റ കവറേജ് ഒരു പ്രശ്നമാകാതിരിക്കണം. കുട്ടികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കയുമരുത്. വിദ്യാർത്ഥികളെ സംബന്ധിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാവുക, പുറത്തു നിന്നുള്ളവർ ലിങ്ക് ഉപയോഗിച്ച് ക്ലാസുകളിൽ നുഴഞ്ഞ് കടക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ കാര്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ ഇതിനു മുന്നിലുണ്ട്.
ഇത്തരമൊരു സാഹചര്യത്തെയെല്ലാം പരിഗണിച്ച് പുതിയൊരു ഓൺലൈൻ പഠന പദ്ധതി ആസൂത്രണം ചെയ്യാനാണ് കേരള സർക്കാർ തീരുമാനിക്കുന്നത്. 

വിവര വിനിമയ ശൃംഖലയിലെ സുപ്രധാന ദാതാക്കളായ ഗൂഗിളുമായി ഒരു കരാറുണ്ടാക്കിക്കൊണ്ട്, കേരളത്തിലെ വിദ്യാർത്ഥികളുടെയും പൊതു സമൂഹത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുംവിധം ദൃഢനിശ്ചയത്തോടെ സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടു പോവുകയാണ്. ജി-സ്യൂട്ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന എഡ്യൂക്കേഷൻ പ്ലാറ്റ്ഫോമിലൂടെ പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാംതരം വരെയുള്ള അരക്കോടിയോളം വരുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ലഭ്യത ഉറപ്പാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് സർക്കാർ വിഭാവന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ നെറ്റ് കവറേജ് ഉറപ്പാക്കാനായി ഡേറ്റ സേവന ദാതാക്കൾ, ഡിജിറ്റൽ ഉപകരണ ലഭ്യത ഉറപ്പാക്കാനായി മലയാളി വ്യവസായ പ്രമുഖർ എന്നിവരുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ച നടത്തിക്കഴിഞ്ഞു. അധ്യാപകർക്ക് ഇതിനു വേണ്ട പരിശീലന പരിപാടികളും സജ്ജീകരിച്ചിരിക്കുന്നു. അധ്യാപകർക്ക് ഓൺലൈൻ പഠന പരിശീലനം ഉറപ്പാക്കുന്ന കാര്യത്തിലും നാം നന്നായി ശ്രദ്ധിക്കുന്നുവെന്ന് ദേശീയ കണക്കുകൾ തന്നെ പറയുന്നുണ്ട്.

കോവിഡ് കാലത്ത് സ്കൂളുകൾ തുറക്കാതിരിക്കുമ്പോൾ, കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പുതിയ അധ്യാപക നിയമനങ്ങൾക്ക് സാംഗത്യമില്ല. എന്നാൽ, സ്കൂളുകൾ അടഞ്ഞുകിടക്കുമ്പോഴും കുട്ടികൾക്ക് പഠന പിന്തുണയുമായി അധ്യാപകർ സജീവമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി കുട്ടികൾക്ക് പാഠാനുബന്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചു. രണ്ടു വർഷമായി മുടങ്ങിക്കിടന്ന നിയമനങ്ങൾ, പുതിയ സർക്കാർ അധികാരത്തിലേറി കേവലം ഒരു മാസം പിന്നിട്ടപ്പോൾ തന്നെ, പൊതു സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് തീരുമാനം കൈക്കൊണ്ടു. 

എണ്ണായിരത്തിലധികം അധ്യാപക തസ്തികകൾക്ക് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ അംഗീകാരം നൽകിക്കൊണ്ടാണ് സുപ്രധാന തീരുമാനം ഇടതുപക്ഷ സർക്കാർ സ്വീകരിച്ചത്. പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ, പ്രൈമറി പ്രഥമാധ്യാപക നിയമനം, ഡയറ്റ് അധ്യാപക നിയമനം, ഹയർ സെക്കന്‍ഡറി മേഖല ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കി സമഗ്രമാക്കൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഇനിയും സർക്കാരിന് മുന്നിലുണ്ട്. പൊതു വിദ്യാഭ്യാസത്തോട് ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാർ ആവശ്യമായ കാര്യങ്ങൾ യഥാസമയം ചെയ്യുമെന്ന് എല്ലാവരും ഉറച്ച് പ്രതീക്ഷിക്കുകയാണ്.