Monday
27 May 2019

പുല്‍വാമ ഭീകരാക്രമണം: അശാന്തിപുകയുന്ന കശ്മീര്‍ താഴ്‌വര

By: Web Desk | Monday 25 February 2019 10:58 PM IST


ശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14 ന് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നാളിതുവരെ ഭാരതത്തില്‍ ഉണ്ടായിട്ടുള്ള ചാവേര്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവമായി. എല്ലാവിധ സുരക്ഷാ നിരീക്ഷണങ്ങളും ഉള്ള പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കോണ്‍വോയി ആയി നീങ്ങിയ വാഹന വ്യൂഹത്തിനു നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാല്‍പതിലധികം ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. അശാന്തി പുകയുന്ന തണുത്തുറഞ്ഞ കശ്മീര്‍ താഴ്‌വരയില്‍ ജന്മനാടിന്റെ കാവല്‍ക്കാരായ ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നായി വീരമൃത്യു വരിച്ചവരില്‍ കേരളത്തില്‍ നിന്നുള്ള വി വി വസന്തകുമാറിന് ജനങ്ങള്‍ നിറമിഴികളോടെയാണ് യാത്രയയപ്പു നല്‍കിയത്. പാകിസ്ഥാന്‍ ആസ്ഥാനമായ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രാജ്യം ഒറ്റക്കെട്ടായി ഭീകരാക്രമണത്തെ അപലപിക്കുകയും ഭീകരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ പുല്‍വാമയില്‍ ചാവേറായി മാറിയത് ഇന്ത്യന്‍ വംശജനായ സ്‌ഫോടനം നടന്നതിനു പത്തുകിലോമീറ്റര്‍ മാത്രം അകലെ താമസിച്ചു വന്നിരുന്ന 20 വയസ് പ്രായമുള്ള ആദില്‍ മുഹമ്മദ് എന്ന കശ്മീരി ചെറുപ്പക്കാരനായിരുന്നു.

പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണം വിരല്‍ചൂണ്ടുന്നത് സൈനിക രഹസ്യാന്വേഷണ സംവിധാനത്തിന്റെ വീഴ്ചയിലേക്കാണ്. നാട്ടുകാരനായ ചാവേര്‍ സുരക്ഷാസേനയുടെ സംശയിക്കപ്പെടുന്ന പട്ടികയിലുള്ളയാള്‍. പുല്‍വാമയില്‍ എല്ലാ സുരക്ഷാ നിരീക്ഷണങ്ങളും ഉള്ള സ്ഥലത്ത് 350 കിലോഗ്രാം സ്‌ഫോടകവസ്തു നിറച്ച വാഹനം കോണ്‍വോയി ആയി നീങ്ങിയ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നത് ദുരൂഹതയായി തുടരുന്നു.

അഞ്ചുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 4395 പേര്‍ ആണ്. ഇവരില്‍ സൈന്യവും നാട്ടുകാരും തീവ്രവാദികളും പെടും. 2016-ല്‍ പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന തന്നെയാണ് എറ്റെടുത്തത്. പത്താന്‍കോട്ടില്‍ എല്ലാസുരക്ഷാ വലയവും ഭേദിച്ച് വ്യോമ താവളം തന്നെ ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടായിരത്തി അറുന്നൂറിലധികം സിആര്‍പിഎഫ് ജവാന്‍മാര്‍ കോണ്‍വോയി ആയി യാത്രചെയ്ത വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം നടത്തിയത്.

ദീര്‍ഘനാളുകളായി നിലനില്‍ക്കുന്ന കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന മോഡി സര്‍ക്കാര്‍ പുല്‍വാമ ഭീകരാക്രമണത്തിനുശേഷം എടുക്കുന്ന നിലപാടുകള്‍ ആശങ്ക ഉളവാക്കുന്നതാണ്. പിഡിപി യുമായി ബിജെപി മുന്നണിസര്‍ക്കാരുണ്ടാക്കി ഭരണം നടത്തിയിട്ടും ഇപ്പോള്‍ ഗവര്‍ണര്‍ ഭരണം നടത്തുമ്പോഴും കശ്മീരിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ബിജെപി യും സംഘപരിവാര്‍ സംഘടനകളും ഇതൊരു സുവര്‍ണാവസരമായി കണ്ട് തങ്ങളുടെ രഹസ്യ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള നിലപാടുമായി മുന്നോട്ടു പോവുകയാണ്. പാകിസ്ഥാനുമായി അതിര്‍ത്തിയില്‍ അനുദിനം സംഘര്‍ഷം വര്‍ധിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഇന്ത്യ പാകിസ്ഥാനുമായി ഒരു യുദ്ധത്തിനു തയാറാണെന്ന പരസ്യ പ്രഖ്യാപനം തന്നെ നടത്തി. അധികാരം ഉപയോഗിച്ച് കശ്മീര്‍ ജനതയ്ക്കു നേരെ അക്രമം അഴിച്ചുവിട്ട് ഇന്ത്യാവിരുദ്ധ വികാരം ആളികത്തിക്കാന്‍ സാഹചര്യമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കശ്മീര്‍ ജനതയുടെ രാജ്യസ്‌നേഹം പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്കാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കശ്മീരില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തുവന്ന കശ്മീരി വ്യാപാരികളേയും കച്ചവടക്കാരേയും തെരഞ്ഞുപിടിച്ച് ആക്രമണത്തിന് ഇരയാക്കി. ഡല്‍ഹിയിലും, യുപിയിലും, പഞ്ചാബിലും സര്‍വകലാശാലകളിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ പരക്കെ അക്രമം അഴിച്ചുവിട്ടു. കശ്മീരി ജനതയ്ക്കുനേരെ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണത്തില്‍ സുപ്രീം കോടതി ഇടപെട്ട് കേന്ദ്രസര്‍ക്കാരിനോട് കശ്മീരി വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും സംരക്ഷണം നല്‍കണം എന്നു നിര്‍ദ്ദേശിക്കേണ്ടി വന്നിരിക്കുകയാണ്.
പാകിസ്ഥാനിലേക്ക് നാളിതുവരെ സ്വതന്ത്രമായി ഒഴുകിയിരുന്ന വെള്ളം പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ഇനി നല്‍കില്ലായെന്നും അണകെട്ടി വെള്ളം തിരിച്ചുവിടാനുമുള്ള തീരുമാനം കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതലയോഗമാണു ഇപ്രകാരമൊരു തീരുമാനമെടുത്തതെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി പരസ്യമായി പറഞ്ഞു. പാകിസ്ഥാന്‍ ജനതയില്‍ ഇന്ത്യാവിരുദ്ധവികാരം ഇളക്കിവിടാന്‍ ഈ തീരുമാനം കാരണമായി. ഇന്ത്യക്കനുകൂലമായി നിലപാടെടുത്ത ലോകരാഷ്ട്രങ്ങള്‍ പലതും ഈ നിലപാടില്‍ പരസ്യ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു.

ആണവശക്തിയായ പാകിസ്ഥാനുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ അതിന്റെ പരിണിതഫലം എന്തായിരിക്കും. ഇന്ത്യയ്ക്ക് അനുകൂലമായി സംസാരിക്കുന്ന അമേരിക്കയുടെ ഏറ്റവും അടുത്ത ആയുധ പങ്കാളിയാണു പാകിസ്ഥാന്‍ എന്നു നാം മറന്നുകൂടാ. പാകിസ്ഥാനിലെ രാഷ്ട്രീയ സംവിധാനത്തെ താങ്ങിനിര്‍ത്തുന്നത് അമേരിക്കയാണെന്നുള്ളതും ശ്രദ്ധേയമാണ്. ആയുധ കച്ചവടക്കാരായ അമേരിക്കയുടേയും സാമ്രാജ്യത്വ ശക്തികളുടേയും ലക്ഷ്യം സ്വന്തം ആയുധങ്ങള്‍ വിറ്റഴിക്കാനുള്ള നല്ല അവസരങ്ങളാണ്. ഇന്ത്യ-പാക് സംഘര്‍ഷസാഹചര്യങ്ങളും അത്തരം ഒന്നായിതന്നെയാണ്. അവര്‍ കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ തികഞ്ഞ അവധാനതയോടുകൂടിയ ശ്രമകരമായ ജോലിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. നയതന്ത്രമാര്‍ഗത്തിലൂടെ ശക്തമായ നിലപാടെടുക്കുന്നതിനോടൊപ്പം കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. ജെയ്‌ഷെ മുഹമ്മദ്, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളിലേക്ക് ഇനിയുമൊരു ഇന്ത്യാക്കാരനും നയിക്കപ്പെടില്ല എന്നു ഉറപ്പാക്കുവാന്‍ സര്‍ക്കാരിനു കഴിയണം. കശ്മീരിനുള്ള പ്രത്യേക പദവിയെ മാനിച്ചുകൊണ്ട് സമാധാനത്തിനുള്ള പാത ചര്‍ച്ചകളില്‍ക്കൂടി വെട്ടി തെളിയിക്കാന്‍ കഴിയണം.

(ജനറല്‍ സെക്രട്ടറി,ഐപ്‌സോ)