കെ പ്രകാശ്ബാബു

January 10, 2021, 5:25 am

വീട്ടമ്മമാര്‍ക്ക് സുപ്രീംകോടതി നൽകിയ അംഗീകാരം

Janayugom Online

കെ പ്രകാശ്ബാബു

ജനുവരി അഞ്ചാം തീയതി ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി ഇന്ത്യയുടെ സാമൂഹ്യ മേഖലയിൽ വലിയ പ്രാധാന്യമുള്ളതായി കണക്കാക്കാവുന്നതാണ്. സ്ത്രീകൾ ചെയ്യുന്ന വീട്ടുജോലികൾക്ക് പുരുഷന്മാർ ചെയ്യുന്ന ഓഫീസ് ജോലിയേക്കാളും മൂല്യം ഒട്ടും കുറവല്ലയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2014 ഏപ്രിലിൽ ഒരു സ്ക്കൂട്ടർ ആക്സിഡന്റിൽ മരണപ്പെട്ട ദമ്പതികളുടെ ആശ്രിതർ നൽകിയ കേസിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചുകൊണ്ടുള്ളതാണ് സുപ്രധാനമായ ഈ വിധി. ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അവർ പരിഗണിച്ച കേസിൽ നഷ്ടപരിഹാര തുക 11.20 ലക്ഷം രൂപയിൽ നിന്നും 33.20 ലക്ഷം രൂപയായിട്ട് വർധിപ്പിച്ചു എന്നു മാത്രമല്ല 2014 മുതൽ ഒമ്പത് ശതമാനം പലിശയും നൽകാൻ ഉത്തരവിട്ടു. വിധിന്യായത്തിൽ 2011 ലെ സെൻസസ് റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, 159.85 ദശലക്ഷം സ്ത്രീകൾ ‘വീട്ടുജോലി’ അവരുടെ പ്രധാന തൊഴിൽ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതേസമയം 5.79 ദശലക്ഷം പുരുഷന്മാർ മാത്രമെ ‘വീട്ടുജോലി‘കളിൽ ഉള്ളൂ എന്നും ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ‘ടൈം യൂസ് ഇൻ ഇന്ത്യ‑2019’ എന്ന റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ സ്ത്രീകൾ, ശരാശരി നോക്കിയാൽ, ഒരു ദിവസം 299 മിനിട്ടുകൾ സ്വന്തം കുടുംബാംഗങ്ങൾക്കു വേണ്ടി ‘വേതനമില്ലാത്ത അടുക്കള ജോലി’ ചെയ്യുന്നു.

എന്നാൽ ഇക്കാര്യത്തിൽ പുരുഷാധ്വാനം ഒരു ദിവസം 97 മിനിട്ടാണെന്നും വിശദീകരിച്ചു. സ്വന്തം വീടുകളിലെ അംഗങ്ങളെ പരിചരിക്കാനും ശുശ്രൂഷിക്കാനും ഒരു സ്ത്രീ ഒരു ദിവസം 134 മിനിട്ടുകൾ ചെലവാക്കുമ്പോൾ ഒരു പുരുഷൻ 76 മിനിട്ടുകൾ മാത്രം ചെലവാക്കുന്നു. ചുരുക്കത്തിൽ ഒരു ദിവസത്തിന്റെ 16.9 ശതമാനം സമയം സ്ത്രീ സ്വന്തം വീട്ടിലെ ‘കൂലിയില്ലാത്ത അടുക്കള ജോലി‘ക്കായി ചെലവഴിക്കുമ്പോൾ അതേ ആവശ്യത്തിന് പുരുഷൻ 1.7 മുതല്‍ 0.88 ശതമാനമാണ് ചെലവാക്കുന്നത് എന്നും ജസ്റ്റിസ് രമണ ചൂണ്ടിക്കാണിച്ചു. സ്ത്രീകൾ സ്വന്തം വീടുകളിൽ ചെയ്യുന്ന ജോലിയുടെ മഹത്വം ഭരണാധികാരികൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തെ ഉന്നത നീതിപീഠം, ആ മഹത്വം തിരിച്ചറിഞ്ഞ് അംഗീകരിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. അടുക്കളയിൽ മാത്രമല്ല മുറ്റം വൃത്തിയാക്കാനും കർഷകരുടെ കുടുംബങ്ങളിൽ പലപ്പോഴും പാടത്തും സഹായഹസ്തവുമായി അവർ എത്തുന്നുണ്ട് എന്ന് ആദരണീയായ ജഡ്ജി ചൂണ്ടിക്കാണിച്ചു. സ്ത്രീകൾക്ക് സമൂഹത്തിലുള്ള സ്ഥാനം അംഗീകരിക്കാത്ത രാജ്യങ്ങളിലെ ഭരണാധികാരികൾ അറിഞ്ഞിരിക്കേണ്ടുന്ന ചില പരാമർശങ്ങളാണ് കോടതി നടത്തിയത്.

പിതാ രക്ഷതി: കൗമാരേ, ഭർതൃ രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വാർദ്ധക്യേന: സ്ത്രീ സ്വാതന്ത്ര മർഹതി എന്ന മനുവാദത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ യാഥാസ്ഥിതിക വിഭാഗം ഇനിയെങ്കിലും കണ്ണുതുറന്ന് ഇന്ത്യൻ സ്ത്രീകളെ അറിയാൻ ശ്രമിക്കണം. ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്കു വന്ന’വർ പോലും മനുവാദികളായി മാറുന്ന കാഴ്ചയും ഇന്നു നാം കാണുന്നു. സ്ത്രീയെ കേവലം ഉപഭോഗവസ്തുവായി മാത്രം ഇന്നും കാണാൻ ആഗ്രഹിക്കുന്ന പുരുഷാധിപത്യ ഇന്ത്യൻ സമൂഹം സ്ത്രീകൾക്കെതിരെ നടക്കുന്ന ബലാത്സംഗങ്ങൾ ഉൾപ്പെടെയുള്ള ഹീനമായ ആക്രമണങ്ങൾക്കെതിരെ വേണ്ടത്ര രംഗത്തു വരുന്നില്ലായെന്നത് മറച്ചുവച്ചിട്ടു കാര്യമില്ല. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളോട് സ്ത്രീ സംഘടനകള്‍ പോലും മടിച്ചു മടിച്ചാണ് പ്രതികരിക്കുന്നത്. പൊലീസ് മാത്രം കൈകാര്യം ചെയ്യുന്ന ഒരു വിഷയമായി മാറുകയാണ് ഇന്ത്യയിൽ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍. രാഷ്ട്രീ­യ മാനങ്ങൾക്കപ്പുറം പൊതുസമൂഹം ഇത് ഏറ്റെടുക്കുന്നതിൽ വൈമനസ്യം കാണിക്കുന്നു. ക്ഷേത്രത്തിൽ തൊഴാൻ പോയ വിശ്വാസിയായ വീട്ടമ്മയെ ലഖ്നൗവിലെ ബദായൂമിൽ അതേ ക്ഷേ­ത്രത്തിലെ പൂജാരിയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നു. ഹത്രാസിന്റെ തേങ്ങലൊടുങ്ങും മുൻപെ ഉത്തർപ്രദേശിൽ നിന്നുതന്നെ എത്രയെത്ര സമാന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആദിത്യനാഥിന്റെ ഭരണകൂടത്തിന് സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. രാജ്യം ഭരിക്കുന്ന മോഡി-യോഗി ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനു തുല്യം പദവി അംഗീകരിക്കുന്ന ഒന്നല്ല. അതുകൊണ്ട് ദേശീയ വനിതാ കമ്മിഷൻ അംഗം ചന്ദ്രമുഖീ ദേവിക്ക് സ്ത്രീകൾ സന്ധ്യ കഴിഞ്ഞ് വീട്ടിൽനിന്നു പുറത്തിറങ്ങുന്നതുകൊണ്ടാണ് സ്ത്രീ പീഡനങ്ങൾ എല്ലാം നടക്കുന്നത് എന്ന രീതിയിൽ ലഖ്നൗവിൽ പറയേണ്ടിവന്നത്. മനുവാദികളുടെ സ്ത്രീ സങ്കല്പം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഘപരിവാർ ശക്തികൾക്ക് സ്ത്രീകളുടെ സാമൂഹ്യ പദവി അംഗീകരിക്കാൻ വൈമനസ്യം ഉണ്ടാകും. അത് ഭരണകൂടങ്ങളെയും ബാധിക്കും. സുപ്രീംകോടതിയുടെ വിധി സാമൂഹ്യ മേഖലയിൽ മാത്രമല്ല സാമ്പത്തിക മേഖലയിലും സ്ത്രീ നൽകുന്ന വിലപ്പെട്ട സംഭാവനകളെ മാനിക്കുന്നതാണ്.

ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇന്ത്യൻ ഗൃഹനാഥകൾ നൽകുന്ന അധ്വാനശക്തിയെ ഇനി അവഗണിക്കാൻ കഴിയില്ല. സമ്പത്തുല്പാദനത്തിൽ ഇന്നലെവരെ തിട്ടപ്പെടുത്തിയിട്ടില്ലാത്ത ഒരു പുതിയ ഘടകത്തിന്റെ മൂല്യമാണ് സുപ്രീം കോടതി ഉത്തരവിൽ കൂടി എണ്ണപ്പെടാൻ ഇടയാകുന്നത്. സമ്പത്തുല്പാദനത്തിൽ സ്ത്രീകളുടെ പങ്ക് എന്നത് സാമ്പത്തിക വിദഗ്ധർക്കും തള്ളിക്കളയാൻ കഴിയുന്ന ഒരു സമീപനമല്ലയെന്ന് അംഗീകരിക്കേണ്ടിവരും. 1863 ൽ സ്വകാര്യ സ്വത്തിനെക്കുറിച്ച് എഴുതുമ്പോൾ കാറൽ മാർക്സ് ചൂണ്ടിക്കാണിച്ചു, ‘സമ്പത്തിന്റെ അസന്തുലിതമായ വിതരണത്തിന്റെ-അളവിലും ഗുണത്തിലും-ആദ്യ അംശം കുടുംബത്തിനുള്ളിലാണ്’. ‘സ്ത്രീകളും കുട്ടികളും കുംടുബനാഥനായ പുരുഷന്റെ അടിമകളാണ്’. ‘മാർക്സ് മറ്റൊരു സന്ദർഭത്തിൽ ചൂണ്ടിക്കാണിച്ചു, ‘സാമൂഹ്യ പുരോഗതിയുടെ അളവുകോൽ സ്ത്രീകളുടെ സമൂഹത്തിലെ പദവിയാണെന്ന്’. സ്ത്രീപങ്കാളിത്തമില്ലാതെ ഒരു വിപ്ലവവും സാധ്യമല്ലെന്ന് പറഞ്ഞ വി ഐ ലെനിന്റെ വാക്കുകളും ഇവിടെ പ്രസക്തമാണ്. ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടുകൂടിയും സാമൂഹ്യവിപ്ലവത്തിന്റെ ചിന്തകൾക്ക് ഊർജ്ജം പകരുന്നതുമായ ഒരു വിധിയാണ് ഗൃഹനാഥകളുടെ അധ്വാനത്തിനും ത്യാഗത്തിനും മഹത്വം കല്പിക്കുന്ന സുപ്രീംകോടതി പ്രസ്താവിച്ചത്.