ഡി രാജ

January 26, 2021, 5:35 am

ആർഎസ്എസിൽ നിന്ന് റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക

Janayugom Online

ആർഎസ്എസ് അതിന്റെ തുടക്കം മുതൽ ഭ്രഷ്ട്കല്പിച്ചിരുന്ന മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭാഗവത്: ആരെങ്കിലും ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ തീർച്ചയായും ദേശാഭിമാനിയായിരിക്കുമെന്നും അവന്റെയോ അവളുടെയോ പ്രകൃതത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനം അതായിരിക്കുമെന്നും പറയുകയുണ്ടായി.

ചില സമയങ്ങളിൽ അവന്റെയോ അവളുടെയോ ദേശാഭിമാനം തൊട്ടുണർത്തേണ്ടി വന്നേക്കാമെങ്കിലും ഒരിക്കലും അവർ ദേശ വിരുദ്ധരാകില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. ഈ പ്രസംഗം പെട്ടെന്നു തന്നെ വിവാദമാകുകയും ഈ പരാമർശത്തിന് പിന്നിലുള്ള വിഭാഗീയ അജണ്ട ജനങ്ങൾ തിരിച്ചറിയുകയും ചെയ്തു. ആർഎസ്എസ് — ബിജെപി നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഭരണഘടനയോടുള്ള അവരുടെ അവഗണനാ മനോഭാവം വെളിപ്പെടുത്തുന്നതും ബിജെപിയുടെയും ആർഎസ്എസിന്റെയും നികൃഷ്ടമായ ധാരണകൾ പ്രതിഫലിപ്പിക്കുന്നതുമാണ്.

തങ്ങളുടെ സാമുദായിക സ്വേച്ഛാധിപത്യ രാഷ്ട്രീയ അജണ്ടകൾ പൂർത്തീകരിക്കുന്നതിന് വിവിധ വിഭാഗം ജനങ്ങളെ ഹിന്ദുത്വത്തിന്റെ പേരിൽ ഏകോപിപ്പിക്കുന്നതിനുള്ള ഉപകരണമായാണ് ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് മതത്തെ ഉപയോഗിക്കുന്നത്. ദളിതർക്കും സ്ത്രീകൾക്കും ഒരുതരത്തിലുള്ള അംഗീകാരവും നല്കാതെ, നിരന്തരമായ കഷ്ടപ്പാടുകളും താഴ്ന്ന സ്ഥാനവും മാത്രമുള്ളവരാക്കിക്കൊണ്ട് സമൂഹത്തെ ഭിന്നിപ്പിച്ചു നിർത്തുന്ന മനുസ്മൃതിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. സ്ഥാപിതമായ 1925 മുതൽ ആർഎസ്എസ് ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നതിലും ബ്രിട്ടീഷുകാരോട് വിധേയത്വം പ്രകടിപ്പിക്കുന്നതിലും തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയിരുന്നു.

വിഭജനത്തിന്റെ കാലത്ത് അവർ സൃഷ്ടിച്ച വിഭാഗീയ മനോഭാവമാണ് പിന്നീട് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ മഹാനായ ദേശാഭിമാനിയെന്ന് ബിജെപിയും ആർഎസ്എസും പ്രശംസിക്കുന്ന നാഥുറാം ഗോഡ്സെ വധിക്കുന്നതിന് കാരണമായത്. ഭാഗവതിന്റെ ദേശാഭിമാനത്തിന്റെ നിർവചനത്തിൽ നാഥുറാം ഗോഡ്സെ ദേശാഭിമാനിയെന്ന നിലയിൽ അംഗീകരിക്കപ്പെടും. പക്ഷേ മനുഷ്യത്വ രഹിതവും വിവേചനപരവുമായ ഹിന്ദു പൗരോഹിത്യത്തെ നിരാകരിച്ചുകൊണ്ട് ബുദ്ധിസം സ്വീകരിച്ച ബാബാസാഹേബ് അംബേദ്കറെ അദ്ദേഹം ദേശാഭിമാനിയായി അംഗീകരിക്കില്ല.

ആർഎസ്എസിന്റെ ദേശീയത എന്ന കാഴ്ചപ്പാട് വേരാഴ്ത്തിയിരിക്കുന്നത് വിഭാഗീയതയിലാണ് സൗഹാർദ്ദത്തിലല്ല. സംഘപരിവാർ പ്രസംഗിക്കുന്ന മതം, ജാതി, ലിംഗം, ദേശീയത തുടങ്ങിയവ മറ്റു പലതിനെയും ആശ്രയിച്ചാണിരിക്കുന്നത്. ആർഎസ്എസിന്റെ രണ്ടാമത്തെ സംഘചാലകും ഏറ്റവും സ്വാധീനമുള്ള സൈദ്ധാന്തികനുമായ എം എസ്‍ ഗോൾവാൾക്കർ എഴുതിയത്: ‘ഹിന്ദുസ്ഥാനിലെ (യഥാർത്ഥ ഹിന്ദുസ്ഥാനിൽ നിന്ന് വ്യത്യസ്തമായത്) ഹിന്ദു ഇതരർ ഒന്നുകിൽ നിർബന്ധമായും ഹിന്ദുസംസ്കാരത്തെയും ഭാഷയേയും സ്വീകരിക്കണം, ഹിന്ദു സമുദായത്തെ ആദരിക്കാനും അംഗീകരിക്കാനും പഠിച്ചിരിക്കണം. അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, പൂർവികത അംഗീകരിക്കപ്പെടാതെ, മുൻഗണനാ പരിഗണന ഇല്ലാതെ, ഒരു പൗരന്റെ സാധാരണ അവകാശങ്ങൾ ഒന്നുമില്ലാതെ തീർത്തും വിധേയപ്പെട്ട് ഇവിടെ താമസിച്ചുകൊള്ളണം’ എന്നായിരുന്നു.

ഹിന്ദുത്വത്തിന്റെ ഈ അക്രമണോത്സുക ഏകരാഷ്ട്രവാദമാണ് സമൂഹത്തിലെ വലിയ വിഭാഗം വരുന്ന ജനങ്ങളെ വിദേശികളെന്നോ അന്ന്യരെ­ന്നോ ആയി മുദ്രകുത്തുന്നതിനും നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ അംഗീകരിച്ച പൗരത്വ സങ്കല്പത്തിന് വിരുദ്ധമായി അവരെ അംഗീകരിക്കാതിരിക്കുന്നതിനും കാരണമാകുന്നത്. ആർഎസ്എസ് മുഖ്യന്റെ ഇപ്പോഴത്തെ അഭിപ്രായത്തിന് സ്വാതന്ത്ര്യസമരത്തിലും റിപ്പബ്ലിക്കിന്റെ മറ്റ് വികസന പ്രവർത്തനങ്ങളിലും മറ്റ് മതത്തിൽപ്പെട്ടവർ, മതേതരവാദികൾ, യുക്തിവാദികൾ എന്നിവരുടെ സംഭാവനകൾ അംഗീകരിക്കാതിരിക്കുക, അവഗണി­ക്കുക എന്നീ അജണ്ടകളുമുണ്ട്. ഭാഗവതിന്റെ അഭിപ്രായത്തിൽ ഒരു മൗലാന ആസാദും ഖാൻ അബ്ദുൾ ഗാഫർഖാനും മുസ്‌ലിം സമുദായത്തിൽപ്പെടുന്നവരാ‍യതുകൊണ്ട് ദേശാഭിമാനികളല്ല. പാഴ്സികളായ ദാദാ ഭായ് നവറോജിയും ഹോമി ജഹാംഗീർ ഭാഭയും ദേശാഭിമാനികളുടെ യോഗ്യതാ പട്ടികയിൽപ്പെടില്ല. ഒരിക്കൽപോലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരിക്കുകയും കോളനി വാഴ്ചക്കാരോട് വ്യക്തമായ വിധേയത്വം പുലർത്തുകയും ചെയ്ത ആര്‍എസ്എസ്, വിപ്ലവകാരിയായ ഭഗത്സിങ് നിരീശ്വരവാദിയായതുകൊണ്ട് അദ്ദേഹത്തിന്റെ ദേശാഭിമാനത്തെയും ചോദ്യം ചെയ്യുമായിരുന്നു. രാജ്യത്തെ പൗരത്വത്തിനുള്ള മാനദണ്ഡം പ്രത്യേക മതവുമായി ബന്ധപ്പെടുത്തുന്നത് സമൂഹത്തെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ മതേതര പാരമ്പര്യങ്ങളെയും സംബന്ധിച്ച് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.

ആർഎസ്എസ് ഉദ്ദേശിക്കുന്ന രീതിയിലുള്ള പൗരോഹിത്യ ബ്രാഹ്മണിക ഹിന്ദുരാഷ്ട്ര സങ്കല്പത്തിന് പകരം ഇന്ത്യ മതേതരത്വവും ബഹു സംസ്കാരങ്ങളും ബഹുഭാഷകളും അംഗീകരിക്കുന്ന ജനാധിപത്യ സംവിധാനത്തെയാണ് സ്വീകരിച്ചത്. ഭരണഘടനയെയും മതേതര ജനാധിപത്യത്തെയും സ്വാതന്ത്ര്യസമരകാലം മുതൽ പിന്തുടരുന്ന ഉൾക്കൊള്ളൽ സംവിധാനവും തകർക്കാനുള്ള ഈ ശ്രമങ്ങൾക്കെതിരെ നാം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യത്യസ്ത ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും വിവിധങ്ങളായ നദീപ്രവാഹങ്ങളുടെ സംഗമമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം. കമ്മ്യൂണിസ്റ്റുകാർ വിദേശികളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി മാത്രമല്ല എല്ലാതരത്തിലുള്ള ചൂഷണങ്ങളിൽ നിന്നുമുള്ള വിമോചനത്തിനായാണ് നിലകൊണ്ടത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഗാന്ധി അതേകാലത്തുതന്നെ സാമ്രാജ്യത്ത വിരുദ്ധ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ നേതാവായി മാറി. അക്കാലത്തെ സവിശേഷ വിഷയങ്ങളായ ഹിന്ദു — മുസ്‌ലിം ഐക്യവും ബന്ധങ്ങളും ഗാന്ധി ഉയർത്തിക്കൊണ്ടുവന്നു. 1920ൽ ലണ്ടനിൽ നിന്ന് തിരികെയെത്തിയ ഡോ. അംബേദ്കർ ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയും സാമൂഹ്യനീതിയുടെയും ജാതി ഉന്മൂലനത്തിൽ ശ്രദ്ധിക്കേണ്ടതുമായ വിഷയങ്ങൾ എടുത്തുകാട്ടുകയും ചെയ്തു.

നിരവധി സങ്കീർണമായ വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കും ഗാന്ധിക്കും അംബേദ്കറിനും വ്യത്യസ്തമായ ധാരണകളുണ്ടായിരുന്നു. പക്ഷേ അവർ ഒരുമിച്ചുനിന്ന് ജനങ്ങളെ സംഘടിപ്പിക്കുകയും കോളനിവാഴ്ചയ്ക്ക് അന്ത്യംകുറിക്കുകയും ചെയ്തു. പ്രസ്തുത ദേശാഭിമാനബോധവും മെച്ചപ്പെട്ട ഇന്ത്യയെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള പ്രതിബദ്ധതയും സംശയങ്ങൾക്ക് അതീതമായിരുന്നു. അവരുടെ വാക്കുകൾ ചരിത്രപരവും ഇപ്പോഴും പ്രചോദനത്തിന്റെ ഉറവിടവുമാണ്. പുതിയതും ആധുനികവുമായ ഇന്ത്യയുടെ സൃഷ്ടിയിൽ ഈ മൂന്ന് കൂട്ടരും നിർണ്ണായക പങ്ക് വഹിക്കുകയും നിരവധി സംഭാവനകൾ നല്കുകയും ചെയ്തു. 1947ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉടൻതന്നെ ഇന്ത്യൻ റിപ്പബ്ലിക് ഉദ്ഘാടനം ചെയ്യണമെന്നതുകൊണ്ട് കരട് ഭരണഘടനാ നിർമ്മാണത്തിനായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ചേർന്നപ്പോൾ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങളുടെ ഏകീകരണത്തിനായി ഈ മൂന്ന് വിഭാഗവും പരസ്പരം ഇടപഴകിയാണ് പ്രവർത്തിച്ചത്.

ഇപ്പോൾ അധികാരത്തിലുള്ളവരുടെ പൂർവഗാമികളായ മറ്റൊരു കൂട്ടർ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ദേശീയ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടിയുള്ള എല്ലാ ശ്രമങ്ങളെയും തകർക്കാൻ ശ്രമിക്കുകയായിരുന്നു. കെ ബി ഹെഗ്ഡേവാർ, എം എസ് ഗോൾവാൾക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ആർഎസ്എസും വി ഡി സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയുമായിരുന്നു ആ കൂട്ടർ. തുടക്കം മുതൽ അവർ ബ്രിട്ടീഷ് കോളനി മേധാവികളോട് വിശ്വസ്തത കാട്ടി സ്വാതന്ത്ര്യത്തിനു വേണ്ടിയും ജാതിവിവേചനത്തിനെതിരെയും പോരാടുകയും ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ കൂടുതൽ സമത്വപൂർണമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെ തങ്ങളുടെ കഴിവുകളെല്ലാം ഉപയോഗിച്ച് സമരം നടത്തുകയും ചെയ്തു.

ഈ വിഭാഗങ്ങൾ മുസോളിനിയുടെ ഫാസിസ്റ്റ് പാർട്ടി, ഹിറ്റ്ലറുടെ നാസി പാർട്ടി എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു. കോളനിവല്ക്കരണ ശക്തികളുടെ വിഭജന ശ്രമങ്ങൾക്കെതിരെ ഇന്ത്യയാകെ ഒറ്റക്കെട്ടായി നിന്നപ്പോൾ ആർഎസ്എസും ഹിന്ദുമഹാസഭയും രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയായിരുന്നു. വിഭജനകാലത്ത് അവർ വിതച്ച വിദ്വേഷത്തിന്റെ വിത്തുകൾ ആത്യന്തികമായി ഗാന്ധിജിയുടെ ജീവനെടുക്കുന്നതിലാണ് കലാശിച്ചത്. വിചിത്രമെന്നു പറയട്ടെ, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാതിരുന്ന ആർഎസ്എസും അതിന്റെ അനുബന്ധമായിനിലകൊള്ളുന്ന ബിജെപിയും ഇപ്പോൾ ദേശാഭിമാനത്തിന്റെ സർട്ടിഫിക്കറ്റുകൾ നല്കുന്നവരായി മാറിയിരിക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾ, ദളിതതർ, യുക്തിവാദികൾ എന്നിവർക്കെതിരായിരുന്നു എല്ലാ കാലത്തും ആർഎസ്എസ്. മുസ്‌ലിങ്ങളെയും ദളിതരെയും യുക്തിവാദികളെയും കൂടാതെ എല്ലാ ജനകീയപോരാട്ടങ്ങളെയും വിശ്വാസ വഞ്ചകർ, ദേശവിരുദ്ധർ, നഗര നക്സലുകൾ എന്നിങ്ങനെ മുദ്രകുത്തി വിദ്വേഷ പ്രചരണം, തെറ്റിദ്ധാരണ പരത്താന്‍ കള്ളങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയില്‍ മുഴുകിയിരിക്കുകയാണ് കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് ആർഎസ്എസും അനുബന്ധ സംഘടനകളും. വലതുപക്ഷ ഫാസിസ്റ്റ് സംഘടനകളിൽ നിന്നുള്ള കനത്ത വെല്ലുവിളികളും വലിയ ഭീഷണികളുമാണ് ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആർഎസ്എസും അതിന്റെ നിഴൽ സൈന്യങ്ങളും ചേർന്ന് രാജ്യത്തെയും ദേശീയതയെയും പുനർനിർവചിക്കുന്നതിനുള്ള കുത്സിതശ്രമങ്ങളെ ആക്രമണോത്സുകമായി മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

ഒരു അധികാരകേന്ദ്രത്തോടും ഉത്തരം നൽകേണ്ടാത്ത ഒരു സംഘടനയെന്ന നിലയിൽ ആർ‌എസ്‌എസ്, ഹിന്ദു സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രാതിനിധ്യവും ആരൊക്കെയാണ് ദേശീയവാദിയെന്നും രാജ്യസ്‌നേഹിയെന്നും സാക്ഷ്യപ്പെടുത്താനുമുള്ള അവകാശം ഏറ്റെടുത്തിരിക്കുന്നുവെന്നത് വലിയൊരു വിരോധാഭാസമാണ്. ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമെന്ന നിലയിലാണ് ബിജെപി കേന്ദ്ര അധികാരം കയ്യടക്കിയത്. അധികാരം അവർ ഭരണഘടനയെ വളച്ചൊടിക്കുന്നതിനുള്ള അവസരമാക്കുകയാണ്. ഘ­ട­ന മാറ്റാതെതന്നെ ഭരണത്തിലുണ്ടാകുന്ന നേരിയ മാറ്റത്തിലൂടെ ഭരണഘടന വളച്ചൊടിക്കാനും അതിന്റെ സമീപനത്തിനും അന്തസത്തയ്ക്കും വിരുദ്ധമാക്കുകയും ചെയ്യുക എളുപ്പമാണെന്ന് ഡോ. അംബേദ്കർതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരോടും ഗാന്ധിയന്മാരോടും അംബേദ്കർ അനുയായികളോടും ചരിത്രം ആവശ്യപ്പെടുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിനെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ഏറ്റെടുക്കുവാനാണ്.