കാനം രാജേന്ദ്രൻ

November 23, 2020, 4:00 am

സംവരണവും സിപിഐ നിലപാടും

Janayugom Online

കാനം രാജേന്ദ്രൻ

2016 നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളുടെ അംഗീകാരത്തിനായി ഇടത് പക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലരായ പത്ത് ശതമാനം പേർക്ക് സംരക്ഷണം നൽകുന്നതിന് ഭരണഘടനാ ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നിലവിൽ കേരളത്തിൽ നാൽപ്പത് ശതമാനം ഒബിസി, എട്ട് ശതമാനം പട്ടിക ജാതി, രണ്ട് ശതമാനം പട്ടിക വർഗം എന്നിങ്ങനെയാണ് സംവരണം. നിലവിലുള്ള സാമുദായിക സംവരണത്തിനെ യാതൊരു കാരണവശാലും ബാധിക്കാത്ത തരത്തിൽ ആയിരിക്കണം മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രവിഭാഗത്തിൽ പത്ത് ശതമാനം അനുവദിക്കേണ്ടത് എന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉറപ്പ് നൽകിയിരുന്നു. 2019 ജനുവരിയിൽ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് നിയമം പാസാക്കി. ആയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവണ്മെന്റ് ഈ ഭേദഗതിക്ക് അനുസരിച്ച് കേരളത്തിൽ എങ്ങനെ ഇത് നടപ്പിലാക്കുമെന്ന് പഠിച്ച് ശുപാർശ ചെയ്യാൻ മുൻ ജഡ്ജി ശശിധരൻ നായരെയും അഡ്വ. എം രാജഗോപാലൻ നായരേയും ചുമതലപ്പെടുത്തി. ശശിധരൻ നായർ കമ്മിഷൻ വിശദമായ പഠനങ്ങൾക്കുശേഷം ഉപാധികളോടെ മുന്നാക്കക്കാരിലെ ദുർബലരായവർക്ക് (ഇഡബ്ല്യുഎസ്) സംവരണം നൽകുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് ഗവണ്മെന്റിന് നൽകി.

അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ മേഖലകളിലെ സർക്കാർ സർവ്വീസുകളിലും സർക്കാരിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ന്യൂനപക്ഷ വിഭാഗത്തിന്റേത് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തികമായി ദരിദ്രരായ മുന്നാക്ക വിഭാഗത്തിൽപെടുന്നവർക്ക് പൊതുവിഭാഗത്തിൽ നിന്ന് പത്ത് ശതമാനം സംവരണം നൽകുമെന്ന ഉത്തരവ് പുറപ്പെടുവിച്ചു, ഇതിനാധാരമായ സബോർഡിനേറ്റ് സർവ്വീസിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒക്ടോബർ 23ന് തീരുമാനം കൈക്കൊണ്ടു. ‌ഈ സംവരണ പ്രശ്നം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഇടതു മുന്നണി സർക്കാരിന്റെ സംവരണ നയത്തിന്റെ അടിസ്ഥാനം സാമ്പത്തിക സംവരണം ആണെന്ന നിലയിൽ പോലുമുള്ള പ്രചാരണം മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അഴിച്ചുവിട്ടിരിക്കുകയാണ്.

അതോടൊപ്പം, സിപിഐ സംവരണത്തെ സംബന്ധിച്ച അതിന്റെ പ്രഖ്യാപിത നിലപാടുകളിൽ നിന്നും നയങ്ങളിൽ നിന്നും പിന്നാക്കം പോയിരിക്കുന്നു എന്ന നിലയിലും പ്രചാരണം നടക്കുന്നുണ്ട്. സിപിഐക്ക് പങ്കാളിത്തമുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്റെ ഈ നയത്തിനെ എതിർക്കാത്തതിന്റെ പേരിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ഒരു കൂട്ടർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്തു ശതമാനം സംവരണം ജനറൽ കാറ്റഗറിയിൽ നിന്ന് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തെ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും ചരിത്രപരമായ വിഢിത്തമാണെന്ന് വിധിയെഴുതിക്കളഞ്ഞ ”ഇടത് വിപ്ലവകാരി”കളും ഈ വിമർശകരിൽപെടും. 2019ൽ നിലവിൽ വന്ന ഇക്കാര്യത്തിലുള്ള ഭരണഘടനാ ഭേദഗതി ഇവിടെ പ്രസക്തമാണ്. എന്നാൽ ആ അവസരത്തിലൊന്നുംതന്നെ ഇക്കാര്യത്തിൽ ഇപ്പോൾ പ്രകടിപ്പിക്കുന്ന തീവ്രമായ എതിർപ്പുകളുയർത്താനോ പ്രതിഷേധസ്വരം ഉയർത്താനോ ഇക്കൂട്ടരെ കണ്ടില്ല. കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച കോൺഗ്രസിനെതിരെ മുസ്‌ലിം ലീഗോ മറ്റുള്ളവരോ പ്രതികരിച്ചതുമില്ല.

സിപിഐയുടെ സംവരണ നയത്തിൽ ഒരു വ്യതിയാനവും വരുത്തിയിട്ടില്ല എന്നു മാത്രവുമല്ല ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നുമില്ല എന്നത് പ്രസ്താവിച്ചുകൊള്ളട്ടെ. സിപിഐ സംവരണത്തിന്റേയും സാമൂഹ്യ നീതിയുടേയും കാര്യത്തിൽ ഇതപര്യന്തം എടുത്ത നിലപാടുകളിൽ വെള്ളം ചേർക്കുന്നു എന്ന നിലയിലുള്ള വസ്തുതാ വിരുദ്ധമായ പ്രചാരണം അഴിച്ചുവിടുന്നവർ ചരിത്രത്തെ മനപ്പൂർവം അവഗണിക്കുകയാണ്. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ച് അവർക്കെതിരെയുള്ള എല്ലാ വിവേചനങ്ങൾക്കുമെതിരെ സാമൂഹ്യനീതിയുടെ മുദ്രാവാക്യം ഇന്ത്യയിൽ ആദ്യമായി ഉയർത്തിപ്പിടിച്ചത് സിപിഐ ആണെന്ന കാര്യം ഇക്കൂട്ടരെ ഓർമ്മിപ്പിക്കേണ്ടതുണ്ട്.  ചരിത്ര രേഖകളുടെ പരിശോധന ഇക്കാര്യത്തിൽ അനിവാര്യമാണ്. ”1930ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച പ്രക്ഷോഭത്തിന്റെ പൊതുവേദി” എന്ന പരിപാടിയിലാണ് സാമൂഹ്യ നീതിയുടെ പ്രശ്നം അടിസ്ഥാനപരമായ നിലയിൽ ഉന്നയിച്ചത്. ദേശീയവാദവും ഇടതുപക്ഷ ദേശീയവാദവും സാമൂഹ്യനീതിയുടെ പ്രശ്നം ഗൗരവമായി എടുത്തിട്ടില്ല. സമുന്നത ദേശീയ നേതാക്കളായ അംബേദ്കറും ഗാന്ധിജിയും തമ്മിൽ 1931 മുതൽ ദീർഘകാലം നടത്തിയ സംവാദം ശ്രദ്ധിച്ചു പഠിക്കുന്ന ഏത് രാഷ്ട്രീയ വിദ്യാർത്ഥിക്കും ഇക്കാര്യം വ്യക്തമാകും.

എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി സാമൂഹ്യനീതിയുടെ പ്രശ്നം മൂർച്ചയോടെ നേരത്തെതന്നെ ഉന്നയിച്ചു. ബ്രിട്ടീഷ് ഭരണം ജന്മിത്വ സമ്പ്രദായം, ഏറ്റവും പിന്തിരിപ്പനായ ജാതി വ്യവസ്ഥ, മതപരമായ കാപട്യങ്ങൾ ഇവയെല്ലാം അടിച്ചേൽപ്പിക്കുന്ന പഴയ കാലം മുതൽക്കുള്ള അടിയായ്മയും ദുഷിച്ച പാരമ്പര്യങ്ങളും ജനങ്ങളെ ശ്വാസം മുട്ടിപ്പിക്കുകയാണ്.  ഇരുപതാം നൂറ്റാണ്ടിലും മേൽപ്പറഞ്ഞ കീഴ് ജാതിക്കാർക്കും അന്യസഹോദരന്മാരുമായി ഇടപെടാനോ പൊതുകിണറിൽ നിന്നും വെള്ളം കോരാനോ പൊതുവിദ്യാലയത്തിൽ പഠിക്കാനോ ഒന്നും സാധിച്ചിരുന്നില്ല. ഈ നാണക്കേട് അവസാനിപ്പിക്കുന്നതിനു പകരം ഗാന്ധിജിയും ചില കോൺഗ്രസ് നേതാക്കളും ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയാണ് നിർഭാഗ്യവശാൽ ചെയ്തത്. അധ്വാനിക്കുന്നവരുടേയും അശരണരുടേയും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹ്യവും നിയമപരവും ആയ മോചനം സാധിക്കണമെങ്കിൽ ജാതി വ്യവസ്ഥയും ബ്രിട്ടീഷ് ഭരണവും അവസാനിക്കണം. കാർഷിക വിപ്ലവവും അതിനോടൊപ്പം നടത്തണം.

അതിനാൽ അധ്വാനിക്കുന്ന എല്ലാ പിന്നാക്ക ജനവിഭാഗങ്ങളോടും പട്ടികജാതിക്കാരോടും മറ്റും വിപ്ലവപരമായ ഐക്യമുന്നണിയിൽ ചേരാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അഭ്യർത്ഥിക്കുന്നു. (1930ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പൊതുപരിപാടി, എൻ ഇ ബാലറാം സമ്പൂർണ കൃതികൾ വോള്യം 10). ഇന്ത്യൻ സമൂഹത്തിലെ ജാതീയ അസമത്വങ്ങളും വിവേചനങ്ങളുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളരെ ശാസ്ത്രീയവും യുക്തിസഹവുമായ നിലപാട് എക്കാലവും ഉണ്ടായിരുന്നു എന്നത് ബോധ്യപ്പെടുന്നതാണ് മേൽപറഞ്ഞിരിക്കുന്ന 1930ലെ സിപിഐ പാർട്ടി പരിപാടിയിലെ പ്രസക്ത ഭാഗം. ഇന്ത്യൻ സമൂഹത്തിലെ ജാതീയ അസമത്വങ്ങളും വിവേചനങ്ങളുമായി ദളിത് പിന്നാക്ക സമൂഹങ്ങളുടെ സാമൂഹിക രാഷ്ട്രീയ അവകാശങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ രാഷ്ട്രീയ നിലപാടുകൾ മുന്നോട്ടുവെച്ചത്.

ജാതീയമായ അസമത്വങ്ങളേയും മർദ്ദന രൂപങ്ങളേയും വസ്തുനിഷ്ഠമായി കുറേക്കൂടി തറപ്പിച്ചു പറഞ്ഞാൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകളിൽ നിന്നും നോക്കിക്കാണുന്ന സമീപനമാണ് സിപിഐ ഇതേവരെ പിന്തുടർന്നുപോന്നിട്ടുള്ളത്. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ദളിത് പിന്നാക്ക സമുദായങ്ങൾ, സഹസ്രാബ്ദങ്ങളായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന വംശീയ മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും അടിസ്ഥാനപരമായി, വർഗപരമായ ഒരസ്തിത്വമുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളായ ഈ അധഃസ്ഥിത സമൂഹങ്ങളെ ജാതീയ മർദ്ദനത്തിൽ തളച്ചിടാൻ സവർണ ഹിന്ദുത്വശക്തികൾക്ക് സാധിച്ചത് സമൂഹത്തിന്റെ അടിസ്ഥാന ചാലകശക്തികളായ ഈ ജനവിഭാഗം വർഗപരമായി ഏറ്റവും വിപ്ലവ സ്വഭാവമുള്ളവർ ആയതുകൊണ്ടാണ്. സവർണ ഫ്യൂഡൽ ശക്തികൾ അവരെ അടിച്ചമർത്തിയും ചൂഷണം ചെയ്തുമാണ് തങ്ങളുടെ അധിനിവേശം നിലനിർത്തിപ്പോന്നത്. ഈ കൊടിയ മർദ്ദനങ്ങൾക്കും ചൂഷണങ്ങൾക്കും അസ്‌പൃശ്യതക്കുമെതിരെ നിരന്തരം പോരടിക്കുകയും അധഃസ്ഥിത ജനവിഭാഗങ്ങളുടെ എല്ലാ വിധത്തിലുള്ള സാമൂഹ്യവും സാമ്പത്തികവുമായ മോചനത്തിനായി നിലകൊള്ളുകയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
ചാതുർവർണ്യത്തിൽ നിന്ന് പിറവിയെടുത്ത ജാതിവ്യവസ്ഥ ആര്യൻ സമൂഹത്തെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർ എന്നിങ്ങനെ നാല് വർണങ്ങളായി വിഭജിച്ച് അവരെ ഓരോ കള്ളിയിൽ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. തൊഴിലുകൾ പ്രത്യേക വിഭാഗങ്ങൾക്കായി നീക്കിവയ്ക്കുന്ന സമ്പ്രദായം നിലവിൽ വന്നു.

ചാതുർവർണ്യം മയാസൃഷ്ടം എന്ന മനു കൽപ്പന ജാതി വേർതിരിവിന് ദൈവീകത്വവും പരിപാവനതയും കൽപ്പിക്കുകയായിരുന്നു. ഇതിൽ ശൂദ്ര വർഗത്തിന് സേവനവും തൊഴിലുമല്ലാതെ വിദ്യാഭ്യാസംപോലും നിഷിദ്ധമായിരുന്നു. ഈ ചാതുർവർണ്യം പടിപടിയായി ജനങ്ങളെ താഴെ തട്ടുകളായി തിരിച്ച് ഏറ്റവും അടിത്തട്ടിൽ ഹരിജനങ്ങളെ നിർത്തിക്കൊണ്ടാണ് ജാതി വ്യവസ്ഥ അരക്കിട്ടുറപ്പിച്ചത്. മനുവിന്റെ ധർമ്മശാസ്ത്രമാണ് ഒടുവിൽ ഹിന്ദു മതത്തിന്റെ അടിത്തറയായി ജാതി വ്യവസ്ഥയെ സ്ഥാപിച്ചത്.
വർണാശ്രമ ധർമ്മത്തിലും അതിന്റെ വികാസമായ ജാതിധർമ്മത്തിലും മനുഷ്യർ തുല്യരല്ല. മനുഷ്യർക്ക് സാമൂഹ്യമായ സമത്വം അനുവദിക്കുന്നില്ല. അത്രയുമല്ല, മനുഷ്യർ തമ്മിൽ കാണാനോ ഒരേ ഭാഷ സംസാരിക്കാനോ വിവാഹം കഴിക്കാനോ അനുവദിക്കാത്ത നിയമങ്ങളാണ് ധർമ്മശാസ്ത്രത്തിൽ നിർദ്ദേശിച്ചത്. ഈ ധർമ്മശാസ്ത്രമാണ് നൂറ്റാണ്ടുകളോളം നമ്മുടെ സിവിൽ നിയമങ്ങളായി വർത്തിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് വർണാശ്രമ ധർമ്മങ്ങളുടെ സ്ഥാനത്ത് പുതിയ നിയമ സംഹിതകൾ നിലവിൽ വന്നത്. അതിന്റെ ഭാഗമായിട്ടാണ് സംവരണം എന്ന ആശയം ഉടലെടുക്കുന്നതും പ്രാബല്യത്തിൽ വരുന്നതുമെന്നത് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. വർണാശ്രമ സംഹിതകളുടെ സ്ഥാനത്ത് സംവരണം ഉൾപ്പെടെയുള്ള സാമൂഹ്യ നീതിയുടേതായ പുതിയ നിയമങ്ങൾ, പരിഷ്കാരങ്ങൾ നിലവിൽ വരികയായിരുന്നു.

ബ്രിട്ടീഷുകാരുടെ ഔദാര്യം കൊണ്ടൊന്നുമല്ല ഈ അവകാശങ്ങൾ ലഭിച്ചത്. ഇന്ത്യയിൽ വളർന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഇതിനു പിന്നിൽ. ഉദാഹരണത്തിന് അബ്രാഹ്മണ പ്രസ്ഥാനമെന്നും ശ്രീനാരായണ പ്രസ്ഥാനമെന്നും നിവർത്തന പ്രസ്ഥാനം എന്നും മറ്റുംപേരിൽ വളർന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ് സാമൂഹ്യനീതിക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്.
1873ൽ മഹാത്മ ഫൂലെയാണ് കീഴാള വർഗത്തിന്റെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ആദ്യമായി ശബ്ദമുയർത്തിയത്. കൊളോണിയലിസത്തേക്കാൾ ഭീകരമാണ് ബ്രാഹ്മണിസമെന്ന് വിലയിരുത്തിയ അദ്ദേഹം അധഃസ്ഥിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിക്കണമെന്നും വിദ്യാഭ്യാസം നേടിയവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ ജനസംഖ്യാനുപാതികമായി ഉദ്യോഗം നൽകണമെന്നും പ്രാദേശിക സർക്കാരുകളിൽ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിതരെ ബഹുജൻസ് എന്നും അസ്‌പൃശ്യരെ ദളിതർ എന്നുമാണ് ഫൂലെ വിശേഷിപ്പിച്ചത്. കോൽഹാപൂർ രാജാവായ ഷാഹുവാണ് 1902ൽ അബ്രാഹ്മണർക്കും മറ്റ് പിന്നാക്ക ജാതിക്കാർക്കും സർവ്വീസിൽ സംവരണവും അതിന്റെ ഭാഗമായി സൗജന്യ വിദ്യാഭ്യാസവും അനുവദിച്ചത്.  1909ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം മിന്റോ മോർലി പരിഷ്കരണം നടപ്പിലാക്കിയപ്പോൾ മുസ്‌ലിങ്ങൾക്ക് നിയമനിർമ്മാണ സഭയിൽ സംവരണം അനുവദിച്ചു. 1911-12 ബ്രിട്ടീഷ് സർക്കാരിന്റെ ഭരണ പരിഷ്കരണത്തോടെ സംവരണ നടപടികൾ കൊണ്ടുവന്നു. 1921 സെപ്റ്റംബർ 16ന് ജസ്റ്റിസ് പാർട്ടി മലബാർ ഉൾപ്പെട്ട മദ്രാസ് പ്രസിഡൻസിയിൽ അബ്രാഹ്മണ വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് സീറ്റുകളിൽ സംവരണം പ്രഖ്യാപിച്ചു. തൊഴിലിലെന്നല്ല അധികാര ശ്രേണിയിലേക്ക് അബ്രാഹ്മണർക്ക് കയറിക്കൂടുവാൻ ഇത് വഴിവെച്ചു. 1917ൽ ആരംഭിച്ച സംവരണ പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് ഈ സംവരണം നിലവിൽ വന്നത്.

1932ൽ നിലവിൽ വന്ന കമ്മ്യൂണൽ അവാർഡും പൂനാ കരാറും പ്രഖ്യാപിച്ചത് സർ രാംസേയ് മക്ഡൊണാൾഡ് ആയിരുന്നു. മുസ്‌ലിങ്ങൾക്കും സിഖുകാർക്കും മറ്റ് മത ന്യൂനപക്ഷങ്ങൾക്കും ഒപ്പം അധഃസ്ഥിത വിഭാഗത്തിനും നിയമ നിർമ്മാണ സഭയിൽ സീറ്റുകൾ സംവരണം ചെയ്ത് നൽകി. അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് ഡബിൾ വോട്ടിങ് അവകാശം ഉണ്ടായിരുന്നു. പിന്നീടത് ഗാന്ധിജിയുടെ സമ്മർദ്ദംമൂലം എടുത്ത് കളയുകയായിരുന്നു. അംബേദ്കറുമായി ഗാന്ധിജി ഒപ്പുവെച്ച പൂനാ കരാറിൽ കമ്മ്യൂണൽ അവാർഡ് മുഖേനയുള്ള സംവരണത്തിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇതാണ് കമ്മ്യൂണൽ അവാർഡും പൂനാ കരാറും.
സ്വാതന്ത്ര്യത്തിനു മുമ്പ് മേൽവിവരിച്ചിരിക്കുന്നതല്ലാതെ സംവരണ ശ്രമങ്ങൾ പല സന്ദർഭങ്ങളിലും ഇന്ത്യയിൽ പല ഭരണാധികാരികളും നടപ്പിൽ വരുത്തിയിട്ടുണ്ട്. എല്ലാ ചരിത്രവും ഇവിടെ വിവരിക്കുന്നില്ല.

(അവസാനിക്കുന്നില്ല)