25 April 2024, Thursday

കണക്കുകളില്ല, പല്ലവി എന്തിന്?

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 8, 2021 4:00 am

ൽഹി കേന്ദ്രമാക്കി പ്രവർത്തനം നടത്തിവരുന്ന ഒരു പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിഷ്ടിയുടെ ശ്രദ്ധേയമായൊരു ലേഖനം ദ ഹിന്ദു ദിനപത്രത്തിൽ (ഓഗസ്റ്റ് 19,2021) പ്രസിദ്ധീകരിച്ചിരുന്നു. വിവരാവകാശ നിയമം നിലവിലിരിക്കെ ഈ നിയമവ്യവസ്ഥ അടിസ്ഥാനമാക്കി സ്ഥിതിവിവരക്കണക്കുകൾ സംബന്ധമായ എന്തെങ്കിലും ആരെങ്കിലും അന്വേഷണങ്ങളുമായി അധികൃതരെ സമീപിക്കുമ്പോൾ, അവർക്കു കൃത്യമായ മറുപടി ലഭ്യമാവാത്ത ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലവിലുള്ളത് എന്ന് ഈ ലേഖനത്തിൽ പരാമർശമുണ്ട്. പലപ്പോഴും കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരുകളായാലും അസുഖകരമായ അന്വേഷണങ്ങളിൽ നിന്നും കണക്കുകൾ വെളിപ്പെടുത്തുന്നതിൽ നിന്നും തലയൂരാൻ സ്ഥിരമായി നല്കുന്ന ചില മറുപടിയുണ്ട്. ‘കണക്കുകൾ ഇപ്പോൾ ലഭ്യമല്ല’ അല്ലെങ്കിൽ ‘കണക്കുകൾ ശേഖരിച്ചുവരുന്നു’ എന്നൊക്കെ ആയിരിക്കും ഈ മറുപടികൾ. ഇതു രണ്ടുമല്ലെങ്കിൽ ഉന്നയിച്ച ചോദ്യങ്ങൾക്കു നിരക്കാത്ത മറുപടികളും ചിലപ്പോൾ കിട്ടുക പതിവാണ്- ‘അരി എത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന് പറയുന്നതുപോലെ’. ചോദ്യകർത്താക്കളെ വലയ്ക്കാനോ, നിശബ്ദരാക്കാനോ, ആയിരിക്കും ഇത്തരം അടവുകൾ.

ഈ സമീപനത്തെ കൃത്യമായി വിവരിക്കുന്നതിന് ലേഖിക ഒരു അമേരിക്കൻ ചൊല്ല് ഉദ്ധരിക്കുന്നുണ്ട്; ‘ദെെവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു; മറ്റുള്ളവരെല്ലാം സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കട്ടെ’, എന്ന്. ഈ വിധത്തിലുള്ള വാക്കുകൾ രേഖപ്പെടുത്തിയ ഒരു പരസ്യ ബോർഡ് നരേന്ദ്രമോഡി സർക്കാരിന് കീഴിലുള്ള ഒരു വകുപ്പിനു മുമ്പിലും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. ലേഖിക തമാശ രൂപത്തിൽ പറയുന്നത്, സർക്കാർ ഓഫീസുകളിൽ ‘കണക്കുകൾ ഇല്ല’ എന്ന തലക്കെട്ടോടുകൂടിയ മറുപടി രേഖകൾ സൂക്ഷിക്കാൻ ഒരു ഫയൽ പ്രത്യേകം കരുതിവയ്ക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ആ ഫയലായിരിക്കും ഏറ്റവും കനപ്പെട്ട ഒന്നായിരിക്കുക എന്നത് ഉറപ്പാക്കാവുന്നതാണ്. 2020 മാർച്ച് 24ന് കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ദേശീയ ലോക്ഡൗൺ പ്രഖ്യാപനം നടത്തുകയാണല്ലൊ, പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്തത്. സ്വാഭാവികമായും നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നും മറ്റും ലക്ഷക്കണക്കിന് തൊഴിലാളികളാണ് ദിവസക്കൂലി അടിസ്ഥാനത്തിലുള്ള തൊഴിൽ സാധ്യതകൾ കൂടുതലായി ലഭ്യമായിരുന്ന കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ‘അതിഥി’ തൊഴിലാളികളായി എത്തിയിരുന്നത്.

 


ഇതുകൂടി വായിക്കു: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം; ശുഭാപ്തി വിശ്വാസത്തിന് ഇടമുണ്ടോ


 

ലോക്ഡൗൺ പ്രാബല്യത്തിലായതോടെ, ഇത്തരം സാധ്യതകളും അവർക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ഗത്യന്തരമില്ലാതായതോടെ, അവരെല്ലാം കിലോമീറ്ററുകൾ താണ്ടി കാൽനടയായോ, കിട്ടിയ മുറയ്ക്ക് മറ്റ് വാഹനസൗകര്യങ്ങൾ വിനിയോഗിച്ചോ, സ്വന്തം നാടുകളിലേക്ക് മടക്കയാത്രക്ക് സന്നദ്ധരാവുകയാണുണ്ടായത്. ഈ ദരിദ്രജന വിഭാഗങ്ങളുടെ ദുരന്തയാത്ര സംബന്ധമായ ചിത്രങ്ങൾ വരെ ആഗോള മാധ്യമങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്തിരുന്നു. ലോകബാങ്ക് അക്കാലത്ത് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചത് 2020 ഏപ്രിൽ മാസത്തിൽ തന്നെ 40 മില്യൺ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽനഷ്ടമുണ്ടായി എന്നാണ്. എന്നാൽ അക്കാലത്ത് ഇതു സംബന്ധിച്ചുള്ളൊരു അന്വേഷണത്തിന് കേന്ദ്ര സർക്കാരിൽ നിന്നും കിട്ടിയ മറുപടി, ‘കണക്കുകൾ ഇല്ല’ എന്നായിരുന്നു. 2020 സെപ്റ്റംബറിൽ മറ്റൊരു വിവരം തിരക്കുകയുണ്ടായി. മഹാമാരിയുടെ കാലയളവിൽ എത്ര മുൻനിര ആരോഗ്യ പ്രവർത്തകരാണ് മരണമടഞ്ഞതെന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കിയ മറുപടിയും ‘കണക്കുകൾ ഇല്ല’ എന്നായിരുന്നു.

കണക്കുകൾ പൊതുജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുന്ന പരിപാടി, കൊറോണ പടർന്നു തുടങ്ങുന്നതിനു മുമ്പുതന്നെ നിലവിലിരുന്നൊരു വിദ്യയായിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് നാഷണൽ സ്റ്റാറ്റിസ്റ്റിക്ക്സ് ഓർഗനെെസേഷൻ (എൻഎസ്ഒ) 2017–18 കാലയളവിലേക്ക് ബാധകമായ വിധത്തിൽ തയ്യാറാക്കിയിരുന്ന അഖിലേന്ത്യാ ഉപഭോക്തൃ ചെലവ് സർവെ സംബന്ധിച്ചുള്ള വിവരങ്ങളും കണക്കുകളുമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നുള്ള നടപടിയായിരുന്നു ഇത്. ഈ കണക്കു പൂഴ്ത്തിവപ്പിന് ഒരു രാഷ്ട്രീയ ലക്ഷ്യം കൂടി ഉണ്ടായിരുന്നു. കാരണം, റിപ്പോർട്ട് സർക്കാരിന് കിട്ടുന്നത് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടുമുമ്പായിരുന്നു. കാരണം, റിപ്പോർട്ട് സർക്കാരിന് കിട്ടുന്നത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടുമുമ്പായിരുന്നു. സ്വാഭാവികമായും ഇതിലെ കണക്കുകൾ, ജനങ്ങളെ സ്വാധീനിക്കുമെന്ന ഭയപ്പാട് മോഡിക്കും സംഘപരിവാറിനും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പൂർത്തീകരിക്കപ്പെട്ടതിനുശേഷം 2019 നവംബറിൽ മാത്രമാണ്- ഏതാനും ചില വിവരങ്ങൾ അതിനുമുമ്പുതന്നെ ചോർന്ന് കിട്ടിയിരുന്നെങ്കിലും ഔദ്യോഗികമായി ലഭ്യമാക്കപ്പടുന്നത്. ഈ കാലതാമസത്തിനും ഒരു കാരണമുണ്ടായിരുന്നു. കണക്കുകളുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ… പോരെ, പൂരം’
എന്നാൽ, യഥാർത്ഥ കാരണം 1972–73നു ശേഷമുള്ള കാലയളവിൽ- അതായത്, ഉപഭോഗസംബന്ധമായ വിവരശേഖരണം ആരംഭം കുറിക്കുന്നതുമുതൽ ഇന്ത്യയിലെ സാധാരണജനങ്ങളുടെ ഉപഭോഗ നിലവാരത്തിലും ചെലവിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത് എന്നതുതന്നെ. തുടർന്നുള്ള കാലയളവിൽ മോഡി സർക്കാരിന്റെ ഭരണകാലഘട്ടവും ഉൾപ്പെടുമായിരുന്നു.

 


ഇതുകൂടി വായിക്കു: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കൂടുന്നു; പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുന്നു


 

പുതിയ വർഷാരംഭമായപ്പോഴും ഈ പതിവ് ഏർപ്പാട് കേന്ദ്രസർക്കാർ മാത്രമല്ല, അതിന്റെ ചുവടുപിടിച്ച് ചില സംസ്ഥാന സർക്കാരുകളും വിവരാവകാശ നിയമവ്യവസ്ഥകൾ വളച്ചൊടിച്ചൊടിക്കുന്ന പഴയ പരിപാടി തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. ഏറ്റവുമൊടുവിൽ നടന്ന മൺസൂൺകാല പാർലമെന്റ് സമ്മേളനവേളയിൽ മുൻകാലങ്ങളിലേതുപോലെ തോട്ടിപ്പണിയിലേർപ്പെട്ടിരിക്കുന്നവരുടെ എണ്ണം എത്രയുണ്ടെന്ന ചോദ്യത്തിന് ‘കണക്കുകൾ ഇല്ല’ എന്ന മറുപടിയാണ് കിട്ടിയത്. അതുപോലെതന്നെ, കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നുവരുന്ന കർഷകസമരത്തിൽ മരണമടഞ്ഞവരുടെ എണ്ണവും ഇല്ല എന്നായിരുന്നു മറുപടി. മാത്രമല്ല, അടിയന്തര പ്രാധാന്യവും സമകാലിക പ്രസക്തിയുമുള്ള കോവിഡ് 19 ദുരന്തത്തിൽപ്പെട്ട് മരിച്ചവരുടെ കണക്കും ഔദ്യോഗികമായി ലഭ്യമാക്കാൻ സാധ്യമല്ല എന്ന മറുപടി തന്നെയാണ് ആദ്യമൊക്കെ കിട്ടിയത്. ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ ഫലമായി എത്രമാത്രം സാമ്പത്തിക നഷ്ടമുണ്ടായി എന്ന അന്വേഷണത്തിനും നിഷേധരൂപത്തിലുള്ള മറുപടിയായിരുന്നു കിട്ടിയത്. ആഗോളതലത്തിൽ ജനാധിപത്യ വ്യവസ്ഥ നിലവിലുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇത്തരം ഷട്ട്ഡൗണുകളിൽ ഇന്ത്യയുടേത് ഒരു റെക്കോഡാണെന്ന സാഹചര്യം നിലവിലിരിക്കെയാണ് ഉത്തരവാദിത്തരഹിതമായ ഈ തണുപ്പൻ പ്രതികരണമെന്നൊർക്കുക. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാക്സിനുകളുടെ ക്ഷാമത്തെത്തുടർന്ന് എത്ര വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു എന്ന ചോദ്യത്തിന് യാഥാർത്ഥ്യത്തിന് നിരക്കാത്തൊരു മറുപടിയാണ്- വാക്സിനുകൾക്ക് ക്ഷാമമില്ലെന്ന്- രാജ്യസഭയിൽ 2021 ജൂലെെ 20ന് ആരോഗ്യവകുപ്പ് സ്റ്റേറ്റ് മന്ത്രി നല്കിയത്.

 


ഇതുകൂടി വായിക്കു: പൊതുമേഖലാ ഇൻഷുറൻസ് സ്വകാര്യ മേഖലയ്ക്ക്


 

മോഡി സർക്കാർ അതിവിദഗ്ധമായ രീതിയിലാണ് സ്ഥിതിവിവരക്കണക്കുകളുടെ സഹായത്തോടെ കഥകൾ മെനഞ്ഞെടുക്കുന്നത്. ഇതിനുള്ള ഉദാഹരണത്തിന് രണ്ടാം യുപിഎ സർക്കാരിന്റെ രണ്ടാം ഭരണകാലയളവിൽ വായുതരംഗങ്ങൾ വിറ്റഴിച്ചതിലൂടെ 1.76 ലക്ഷം കോടി രൂപയോളം ‘സാങ്കല്പികമായ നഷ്ടം’ വരുത്തിവച്ചതായൊരു കഥയുടെ സൃഷ്ടി. ഇതിലേക്കായി അങ്ങേയറ്റത്തെ സാമർത്ഥ്യത്തോടെയാണ് യുപിഎ സർക്കാരിന്റെ തന്നെ ഒരു സ്ഥിതിവിവര കണക്കുപയോഗിച്ചതെന്നോർക്കുക. സ്ഥിതിവിവരകണക്കുകൾക്ക് അമിതപ്രാധാന്യമില്ലെന്ന ധാരണ പരത്താൻ ശ്രമിക്കുന്നവർ തന്നെയാണ്, ലഭ്യമായ കണക്കുകൾ സൗകര്യാർത്ഥം വളച്ചൊടിക്കുകയും ദുർവിനിയോഗം ചെയ്തുവരുന്നതും എന്ന് നാം മറക്കരുത്. ഇത്തരത്തിലൊരു ഇര‍ട്ടത്താപ്പ് സമീപനം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നതിൽ സംശയിക്കേണ്ടതില്ലല്ലോ.
‘കണക്കുകൾ ഇല്ല’ എന്ന പല്ലവി ആവർത്തിക്കുന്നതിന് ആധാരമായ വസ്തുത എന്തെന്ന് നോക്കാം. ഒന്നാമത്, ഒരിക്കൽ കൃത്യമായ കണക്കുകൾ ഔദ്യോഗികമായി നല്കിയാൽ, അത് ഒരു കീഴ്വഴക്കമാവാനാണ് സാധ്യത. അതോടെ ഏതു നിസാര കാര്യത്തിലും, സർക്കാരിന് ഏതൊരു നടപടിക്കും അക്കൗണ്ടബിലിറ്റി ഏറ്റെടുക്കേണ്ടതായിവരും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതായിരിക്കും ഏതു സർക്കാരിനും കരണീയമായിരിക്കുക. പ്രത്യേകിച്ച്, രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കി വാഗ്ദാനങ്ങളുടെ ഒരു പരമ്പര തന്നെ പ്രഖ്യാപിക്കുന്ന നരേന്ദ്രമോഡി സർക്കാർ ചെയ്തുവരുന്നതുപോലെയാണ് കാര്യങ്ങളെങ്കിൽ. ‘ലെസ് ഗവർമ്മെന്റ്, മോർഗവേണൻസ്’, ‘അച്ഛാദിൻ’, ‘മേക്ക് ഇൻ ഇന്ത്യ’, ‘മേക്ക് ഫോർ ഇന്ത്യ’ തുടങ്ങിയ ലക്ഷ്യപ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഇന്നും എങ്ങും എത്താതിരിക്കുമ്പോൾ, കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്കായി ‘ബ്രേക്ക് ഇൻ ഇന്ത്യ’ യാണ് ഏറ്റവുമൊടുവിൽ ഉയർന്നുകേൾക്കുന്ന മുദ്രാവാക്യം. അത് ഏതായാലും യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. കാരണം, ഈ നയത്തിന്റെ ഗുണഭോക്താക്കളിൽ മുൻനിരക്കാർ മോഡിക്കു പ്രിയങ്കരരായ വൻകിട കോർപ്പറേറ്റുകൾ തന്നെയാണല്ലോ. പോരെങ്കിൽ മോട്ടോർ വാഹന നിർമ്മാണ മേഖലയിലെ കോർപ്പറേറ്റുകൾ വലിയ പ്രതിസന്ധിയിലുമാണ്.

സ്വാഭാവികമായും ഭരണനിർവഹണത്തിൽ വാഗ്ദാനം നല്കപ്പെട്ടവിധത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത സാഹചര്യം പിന്നിട്ട ഏഴ് വർഷക്കാലത്തെ മോഡി ഭരണസാരഥ്യത്തിനു കീഴിലും വ്യക്തമായ നിലക്ക് ‘അച്ഛാദിൻ’ എന്നതിനുപകരം സർക്കാർ പരസ്യങ്ങളിൽ ‘താങ്ക്യു മോഡി’ എന്ന പ്രതിഛായാ സൃഷ്ടി കേന്ദ്രീകരിച്ചുള്ള വാക്കുകളാണ് കാണാൻ കഴിയുന്നത്: ഈ വാക്കുകളിലൂടെ പൊതു ജനശ്രദ്ധ തിരിച്ചുവിടാൻ ലക്ഷ്യമിടുന്നത് എന്തെന്ന് വ്യക്തമാണ്. മോഡിജിക്ക് ആഗ്രഹങ്ങളില്ലാഞ്ഞിട്ടല്ല, ഭരണരംഗം മെച്ചപ്പെടാതിരിക്കുന്നത്, മറിച്ച് രാജ്യത്തെ ഭരണവ്യവസ്ഥയിൽ നിലവിലിരിക്കുന്ന അപാകതകളാണ് ഇതിനു പ്രതിബന്ധങ്ങളായിരിക്കുന്നതെന്നാണ്. ഇത്തരമൊരു ധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായ തോതിലാണ് പ്രചരിപ്പിച്ചുവരുന്നതും. ഈ ഗൂഢപദ്ധതി വിജയിപ്പിക്കുന്നതിന് അവശ്യംവേണ്ടത് ഔദ്യോഗികതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള കൃത്യവും സത്യസന്ധവുമായ കണക്കുകൾ അവരിൽ നിന്നും മറച്ചുവയ്ക്കുക എന്നതാണ്. കർഷകരുടെ മരണമായാലും കോവിഡിന് ഇരയാവുന്നവരുടെ എണ്ണമായാലും അവരിൽ എത്രപേർക്ക് രോഗപ്രതിരോധ വാക്സിനേഷൻ, ഓക്സിജൻ ലഭ്യത ഉറപ്പാക്കിയെന്നും വിശപ്പും ദാരിദ്ര്യവും എത്ര ഗുരുതരാവസ്ഥയിലാണ് തുടരുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നും മറച്ചുവച്ചേതീരൂ. ഇതേപ്പറ്റിയൊക്കെ അധികൃത സ്ഥാനത്തുള്ളവർക്ക് അറിവുണ്ടായിരുന്നു എന്ന് കണക്കുകളിലൂടെ വെളിപ്പെട്ടാൽ മാത്രമല്ലേ സർക്കാരിനെ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിൽ പരാജയമടഞ്ഞതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്താൻ സാധ്യമാകൂ. ദാരിദ്ര്യത്തിലും പട്ടിണിയിലും അകപ്പെട്ടവരുടെ എണ്ണം, തൊഴിലവസരങ്ങളുടെ നഷ്ടം, ഉപഭോഗ നിലവാരത്തകർച്ച തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവരാനിരിക്കുന്നിടത്തോളം സർക്കാരിന് അതിനുള്ള ബാധ്യത ഏറ്റെടുക്കേണ്ടിവരുകയുമില്ല. സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്താതിരിക്കുന്നതിന്റെ യഥാർത്ഥ ലക്ഷ്യം മറ്റൊന്നുമല്ല.

കേന്ദ്ര മോഡി സർക്കാർ സ്ഥിതിവിവര കണക്കുകളുടെ കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നതിന് രണ്ടാമതൊരു ലക്ഷ്യമുള്ളത് സ്വന്തം ബാധ്യത കഴിയുമെങ്കിൽ മൊത്തമായി സംസ്ഥാന സർക്കാരുകൾക്കു മേൽ ചാർത്തിനല്കുക എന്നതാണ്. ഇതിലൂടെ കേന്ദ്ര ഭരണകൂടത്തിനെതിരായി വെല്ലുവിളി ഉയർത്തുന്നതിൽ സംസ്ഥാന സർക്കാരുകളെ ഒരു പരിധിവരെയെങ്കിലും പിന്തിരിപ്പിക്കുകയും ചെയ്യാം. ഈവിധത്തിൽ സംസ്ഥാന സർക്കാരുകളെ മെരുക്കിയെടുക്കാൻ മോഡി സർക്കാർ നടത്തിയതിന്റെ പ്രതിഫലനമാണ് പിന്നിട്ട ഏഴു വർഷത്തോളമായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതത്തിൽ വന്നുചേർന്നിരിക്കുന്ന ഇടിവ്. ധനകാര്യ കമ്മിഷൻ ഈ നികുതികൈമാറ്റം 41 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്നത് ശരിയാണെങ്കിലും ഈ വർധിച്ച വിഹിതത്തിന്റെ ഗുണഫലം സംസ്ഥാന സർക്കാരുകൾക്ക് കിട്ടാതിരിക്കുന്നത് ലക്ഷ്യമാക്കിയാണ് പെട്രോളിയം ഉല്പന്നങ്ങൾക്കുമേൽ എക്സൈസ് നികുതി നിരക്കിൽ വർധനവു വരുത്തുന്നതിനു പകരം സെസ് ചുമത്തുന്നത്. സെസ് വഴി പിരിഞ്ഞു കിട്ടുന്ന നികുതി വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ട ബാധ്യത കേന്ദ്രത്തിനില്ലാത്തതിനാൽ അത് മുഴുവനായും കേന്ദ്ര ഖജനാവിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്തുവരുന്നത്. മാത്രമല്ല, കോഓപ്പറേറ്റീവ് ഫെഡറലിൽ എന്ന ലക്ഷ്യം പ്രഖ്യാപനത്തിൽ മാത്രം ഒതുക്കിനിർത്തുകയാണ് മോഡി സർക്കാരിന്റെ നയസമീപനം. സഹകരണ മേഖല സ്റ്റോറിന്റെ നിയന്ത്രണത്തിലുള്ള വിഷയമാണെങ്കിലും സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സഹകരണ മേഖലാ സ്ഥാപനങ്ങൾ വലിയതോതിലുള്ള നിക്ഷേപമാണ് കൈകാര്യം ചെയ്യുന്നതെന്നതിനാൽ കേന്ദ്ര സർക്കാരിനു കീഴിൽ സഹകരണ മേഖലക്കായി ഒരു പ്രത്യേക വകുപ്പിന് രൂപം നല്കുന്നതിലാണിപ്പോൾ കേന്ദ്ര സർക്കാർ തിടുക്കം കൂട്ടുന്നത്. സമ്പന്നമായ ഈ ജനകീയ പങ്കാളിത്ത മേഖലയുടെ സമ്പന്നത നേരിട്ട് ബോധ്യമുള്ള വ്യക്തികൂടിയാണല്ലോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മന്ത്രിസഭാംഗമെന്ന നിലയിൽ അദ്ദേഹത്തിന് സംസ്ഥാന സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപവരുന്ന നിക്ഷേപം കള്ളപ്പണമായിരുന്നു എന്ന ആരോപണം ഒരവസരത്തിൽ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നതുമാണ്. ഈ തുക ഡിമോണറൈസേഷന്റെ മറവിൽ വെളുപ്പിച്ചെടുത്തതായും വാർത്തയുണ്ടായിരുന്നു. അമിത് ഷായ്ക്കു തന്നെയാണ് കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതല എന്നതും യാദൃശ്ചികമല്ല.

 


ഇതുകൂടി വായിക്കു: രാജ്യം വില്പനയ്ക്കുവച്ച് കേന്ദ്രസര്‍ക്കാര്‍


 

അതേ അവസരത്തിൽ കോവിഡ് എന്ന ദുരന്തം പൊട്ടിപ്പുറപ്പെട്ടതോടെ ഒരു സംസ്ഥാന വിഷയമായ ആരോഗ്യം കയ്യൊഴിയാനുള്ള വ്യഗ്രതയാണ് മോഡി സർക്കാർ തുടക്കം മുതൽ പ്രകടമാക്കിയത്. യഥാർത്ഥത്തിൽ ലോക രാഷ്ട്രങ്ങളാകെ ഈ ദുരന്തത്തെ ഒരു ദേശീയ പ്രശ്നമായി നിരീക്ഷിക്കുകയും ഉദാരമായ സഹായം രാജ്യത്തെ മുഴുവൻ ജനതയ്ക്കും എത്തിച്ചുകൊടുക്കുകയുമായിരുന്നു ചെയ്തത്. എന്നാൽ മോഡി സർക്കാർ വക്താക്കൾ തുടർച്ചയായി ആവർത്തിച്ചിരുന്നൊരു പല്ലവി ‘ആരോഗ്യം ഒരു സംസ്ഥാന വിഷയം’ ആണെന്നായിരുന്നു. കേന്ദ്ര സർക്കാർ കോവിഡ് ബാധിതരായവർ ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് ആയിരക്കണക്കിനുപേർ മരണമടയാൻ തുടങ്ങിയതോടെ അതിൽ നിന്നും രക്ഷപ്പെടാൻ പറഞ്ഞിരുന്ന തൊടുന്യായം സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് സഹായകമായവിധത്തിൽ കൃത്യമായ കണക്കുകൾ നല്കുന്നില്ലെന്നായിരുന്നു. അതായത് മരണത്തിന് കാരണക്കാർ കേന്ദ്ര സർക്കാരല്ല, സംസ്ഥാന സർക്കാരുകളാണ് എന്ന് വരുത്തിത്തീർക്കാനായിരുന്നു പരിശ്രമിച്ചതെന്നർത്ഥം.
സ്ഥിതിവിവര കണക്കുകൾ കൃത്യമായി നിജപ്പെടുത്തുകയും ഇതു സംബന്ധമായ വിവരങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്യുന്നതിനു പകരം, അവ മനഃപൂർവം ഒളിപ്പിച്ചുവക്കാൻ കൂടുതൽ വ്യഗ്രത പ്രകടമാക്കുകയാണ് മോഡി സർക്കാർ ചെയ്തുവരുന്നത്. യാഥാർത്ഥ്യം ഒരിക്കലും പുറത്തുവരാൻ പാടില്ല.

അതിനുവേണ്ടി എന്തുചെയ്യാനും സർക്കാർ സന്നദ്ധവുമാണ്. ഇതിന്റെ ഭാഗമായിട്ടുവേണം നാഷണൽ ഹെൽത്ത് മിഷന്റെ ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം തന്നെ നഷ്ടമായതായി പ്രചരണം നടത്തിയത്. വെബ്സൈറ്റിൽ നിന്നും പൊടുന്നനെ ഈ സംവിധാനം അപ്രത്യക്ഷമാവുകയായിരുന്നു. മാധ്യമങ്ങൾ ഇതിനെതിരായി രംഗത്തുവരുകയും സ്ഥിതിവിവര കണക്കുകൾ സ്ഥിരമായി നിരീക്ഷണം നടത്തിവന്നിരുന്നവർ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തതോടെ ഈ വെബ്സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെടുകയാണുണ്ടായത്. നമ്മുടെ കൂട്ടത്തിൽ ഏതാനും പേർക്കെങ്കിലും ഇതെല്ലാം ഏതോ അപസർപ്പക കഥകളായി അനുഭവപ്പെട്ടേക്കാം. ഓക്സിജൻ ലഭ്യത ഇല്ലാത്തതിനെ തുടർന്ന് മരണമടഞ്ഞവരുടെ കണക്ക്, പിഞ്ചു കുഞ്ഞുങ്ങളടക്കം ഇന്നും അജ്ഞാതമായിതന്നെ തുടരുകയാണെന്നോർക്കുക. സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഓക്സിജൻ സിലിണ്ടറുകൾ ശിശുരോഗാശുപത്രിയെലെത്തിച്ച് നിരവധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഡോ. കഫീൽഖാനെ വേട്ടയാടിയ യുപി മുഖ്യൻ‍ യോഗി ആദിത്യനാഥിന്റെ പേരെങ്കിലും സംഘപരിവാർ രചിക്കാനിരിക്കുന്ന ചരിത്രത്തിൽ ഇടം കണ്ടെത്തിയേക്കാം. ഒരു സേവകനെന്ന നിലയിലായിരിക്കില്ല എന്നു മാത്രം.
ഔദ്യോഗികതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധമായ വിവരങ്ങൾ കിട്ടുക എന്നത് അനുദിനം കൂടുതൽ ദുഷ്കരമായി മാറുകയാണ്.

വിവരം എന്നാൽ ഫലത്തിൽ അധികാരം തന്നെയാണ്. വിവരമില്ലാത്ത ഒരു സ്ഥിതിയോ? അധികാരത്തിന്റെ അഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. സ്വാഭാവികമായും കാര്യക്ഷമവും ജനക്ഷേമകരവുമായി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയാതെവരുമ്പോൾ അധികാരം കയ്യാളുന്നവർ കണക്കുകളും വിവരങ്ങളും ഒളിച്ചുവയ്ക്കാൻ താല്പര്യപ്പെടുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനവും അതിന്റെ പൗരന്മാരും തമ്മിലുള്ള അകലം ക്രമേണ വർധിച്ചുവരുന്നു. ഈ അകലം നിലനിർത്താനായി സംസ്ഥാനം കൂടുതലായി ആശ്രയിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യയെയാണ്. അതിന്റെ ഭാഗമായ ഉപാധികളെയാണ് ആധാർ തന്നെ ഉദാഹരണമായെടുക്കുക, അത്യാധുനികവും സങ്കീർണവുമായ ബയോമെട്രിക്സിന്റെ സഹായത്തോടെ രൂപം നല്കപ്പെട്ട ആധാർപോലുള്ള ‘വിദ്യകൾ’ സാധാരണക്കാരന് എളുപ്പത്തിൽ ദഹിക്കുന്നവയല്ല. ഇത്തരം വിദ്യകളാണ് പാവപ്പെട്ടവന്റെ റേഷൻ വിതരണത്തിന്റെ തന്നെ ആധാരരേഖയാക്കി വരുന്നതും. ഇത്തരം ബയോമെട്രിക് സംവിധാനങ്ങളെ നിയമത്തിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടാനും പഴുതുകളില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതൊക്കെ സഹിച്ചേ തീരൂ. അതായത് ഒരുവശത്ത് സാധാരണക്കാരന്റെ അവകാശങ്ങൾക്കു മേൽ സംസ്ഥാനത്തിന്റെ നിയന്ത്രണം ഉയർത്തിവരുമ്പോൾ മറുവശത്താവട്ടെ അത് ചോദ്യം ചെയ്യുന്നതിനാവശ്യമായ വിവരങ്ങളും കണക്കുകളും അവന് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്റ്റേറ്റിന്റെ നിയന്ത്രണം കടുപ്പിക്കാൻ പര്യാപ്തമായ സാങ്കേതിക സംവിധാനങ്ങൾ അനുദിനം മെച്ചപ്പെട്ടുവരുന്നതോടൊപ്പം സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ എന്തെന്നറിയാതിരിക്കാൻ പൗരന്മാരെ പരമാവധി ഇരുട്ടിൽ നിർത്താനുള്ള വഴികൾ വർധിച്ചതോതിൽ ദുരുപയോഗം ചെയ്തുവരുകയുമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമായ തുല്യതയും അറിയാനുള്ള അവകാശവും പൗരന്മാർക്ക് തീർത്തും നിഷേധിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് തന്മൂലം ഉടലെടുക്കുന്നത്. ഒരുവശത്ത് പൗരന്മാർ ഇരുട്ടിൽ നില്ക്കേണ്ടിവരുമ്പോൾ മറുവശത്ത് അധികാരിവർഗത്തിന് ആരെപ്പറ്റിയും എന്തും അറിയാനും കഴിയുന്നു എന്നതാണ് അവസ്ഥ.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അടങ്ങുന്ന പാർലമെന്റിൽ ഏതെങ്കിലും ഒരു പ്രതിനിധി ഏതെങ്കിലും ഒരു പൊതുതാല്പര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു വിവരം നേടുമ്പോൾ സർക്കാരിന്റെ കൈവശം അതുസംബന്ധമായ കണക്കുകൾ ഇല്ല എന്ന് ഒറ്റയടിക്ക് ഒരു മറുപടി നല്കുന്നത് തീർത്തും അനൗചിത്യം. മാത്രമല്ല, അനീതിയും കൂടിയാണ്. അതേ അവസരത്തിൽ സർക്കാരിനാണെങ്കിൽ ഓരോ പൗരനെ സംബന്ധിച്ചും എന്തു വിവരവും എപ്പോൾ വേണമെങ്കിലും കിട്ടുകയും ചെയ്യും. ‘ശക്തനായൊരു ഭരണാധികാരി’ എന്ന പദവിയിലെത്താൻ ഇത്തരമൊരു സംവിധാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് കരുതുന്നതിൽ യുക്തിയില്ല. കാരണം, ഇത് സാധ്യമാകുന്നത് വിവരങ്ങൾ മറച്ചുവയ്ക്കുന്നതിലൂടെയാണ്, കണക്കുകൾ പുറത്ത് കൊണ്ടുവരാതിരിക്കുന്നതിലൂടെയാണ്. ഈ വിധത്തിലുള്ള അധികാര കേന്ദ്രീകരണ പ്രവണത വിവരാവകാശ നിയമം അനുശാസിക്കുന്ന വ്യവസ്ഥകളുടെ പൂർണമായ നിഷേധവുമാണ്.

 


ഇതുകൂടി വായിക്കു: പോരാടിനേടിയ സ്വാതന്ത്ര്യം അപകടത്തിൽ


 

ചില അവസരങ്ങളിൽ സംസ്ഥാനത്തെ ഇത്തരം കാര്യങ്ങളിൽ ബോധവല്ക്കരിക്കുന്നതിന് മരിച്ചുപോയവർ തന്നെ ശ്രമിക്കേണ്ടതായി വരുമെന്നാണ് ലേഖിക സീമാ ചിഷ്ടി പറയുന്നത്. ഇതിലേക്കായി അവർ ചൂണ്ടിക്കാട്ടുന്നത് കോവിഡന്റെ രണ്ടാം തരംഗത്തിനിടെ ജഡങ്ങൾ മറവുചെയ്യാൻ ശ്മശാനങ്ങളിൽ ഇടമില്ലാതെവന്നപ്പോൾ നിരവധി മൃതശരീരങ്ങൾ ഗംഗാനദിയിൽ ഒഴുക്കിവിടാൻ ജനങ്ങൾ നിർബന്ധിതരായി. യു പിയിലെ ഭരണകർത്താക്കൾ പ്രതീക്ഷിച്ചതുപോലെ പ്രശ്നം ഇവിടംകൊണ്ടും അവസാനിച്ചില്ല. യോഗി ആദിത്യനാഥ് ആദ്യഘട്ടത്തിൽ ഈ വാർത്ത അപ്പാടെ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി അതിശക്തമായി മഴ പെയ്തതോടെ ഗംഗാനദി കരകവിഞ്ഞൊഴുകുകയും ചീഞ്ഞളിഞ്ഞ നിരവധി മൃതശരീരങ്ങൾ നദീതീരത്ത് അടിയുകയുമായിരുന്നു. അങ്ങനെ 2020 ജൂലൈ 30ന് യു പി സർക്കാർ മുൻകൈ എടുത്ത് ഈ ശവശരീരങ്ങളെല്ലാം ഗംഗാനദീതീരത്തുതന്നെ മൂടുകയാണുണ്ടായത്.

ഇത്തരം സംഭവങ്ങൾ അപ്രതീക്ഷിതമോ, ഒറ്റപ്പെട്ടതോ, നാടകീയ സ്വഭാവമുള്ളതോ ഒക്കെയായി വിശേഷിപ്പിക്കപ്പെടാൻ കഴിഞ്ഞേക്കാം. എന്നാൽ, ഇസ്രേലി ചാര സംഘടനയായ എൻഎസ്ഒക്ക് കീഴിൽ ആണോ ഈ തലത്തിൽ പ്രവർത്തനം നടത്തിവരുന്ന പെഗാസസിനെപ്പറ്റിയുള്ള എന്തെങ്കിലും വിവരം പുറത്തുവിടാൻ സാധ്യമല്ലെന്ന മോഡി സർക്കാരിന്റെ നിലപാട് ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ല. രാജ്യസുരക്ഷാ സംബന്ധമായ വിവരങ്ങൾ വെളിപ്പെടുത്തണമെന്നില്ല. മറ്റുള്ളവയുടെ കാര്യത്തിലും എന്തിനാണ് ഈ ഒളിച്ചുകളി? രാജ്യസഭയിൽ സിപിഐ അംഗം ബിനോയ് വിശ്വം നേരിട്ടൊരു ചോദ്യമാണ് ഈ വിഷയത്തിൽ ചോദിച്ചിരുന്നത്. അതായത് പെഗാസസിന് കടന്നുവരാൻ മോഡി സർക്കാർ അനുമതി നല്കിയിരുന്നോ, എന്നായിരുന്നു ഇത്. ഇതിനും മറുപടി നിഷേധിക്കപ്പെടുകയായിരുന്നു. ഇത്രയൊന്നും സങ്കീർണതയില്ലാത്ത കോവിഡ് 19ന്റെ വരവിന്റെ ഭാഗമായി ഓക്സിജന്റെ ലഭ്യതയില്ലാതെ മരണമടഞ്ഞവർ എത്ര എന്ന ചോദ്യത്തിനും ‘കണക്കുകളില്ല എന്ന മറുപടിയാണ് കിട്ടിയത്.
ഈ വിധത്തിലാണ് മോഡി സർക്കാരിന്റെ പ്രതികരണം എന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, കണക്കുകളും വിവരങ്ങളും നിഷേധിക്കുക എന്നത് വെറും യുക്തിയുടെ പ്രതിഫലനമല്ല, ധാർമ്മികതയുടേതുമല്ല ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റേതാണത്. ആർഎസ്എസ് — സംഘപരിവാർ വൃന്ദം നയിക്കുന്ന മോഡി ഭരണകൂടത്തിൽ നിന്നും മറിച്ചൊരു പ്രതികരണം ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നവർക്കാണ് തെറ്റുപറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.