Janayugom Online
sabarimala-temple-ayyappan

‘വിശ്വാസിനി‘കളെ തടയേണ്ട, അവര്‍ തീരുമാനിക്കട്ടെ

Web Desk
Posted on July 26, 2018, 10:24 pm
അഡ്വ. എം എസ് താര

വിശ്വാസങ്ങളും ആചാരങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും സാമൂഹികമൂല്യങ്ങളുടെയും അളവുകോലുകള്‍ കൊണ്ട് തിട്ടപ്പെടുത്തി സമകാലികമാക്കാനുള്ള ശ്രമങ്ങളോടുള്ള മതങ്ങളുടെ സന്നദ്ധത പ്രശ്‌നവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കും. അത് സ്വാഭാവികമായും സമൂഹത്തിന്റെ വളര്‍ച്ചയുടെ ലക്ഷണവുമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വ്യത്യസ്ത വീക്ഷണങ്ങളും ചര്‍ച്ചകളും ഈ നിലയ്ക്കാണ് പ്രസക്തമാകുന്നത്. സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുള്ള കേസില്‍ അന്തിമമായ തീര്‍പ്പ് വരാനിരിക്കുന്നതേയുള്ളൂ. കോടതിവിധി ഏതുതരത്തിലുള്ളതായാലും അത് കേരളത്തില്‍ വലിയതോതിലുള്ള ചര്‍ച്ചക്ക് തുടക്കംകുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി കേസ് ഇതാദ്യമല്ല. 1991 ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ സ്ത്രീകള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ ബാധകമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെ അവഗണിച്ച്, പുതിയൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കോടതി അന്ന് തയാറായില്ല. ഇതേചോദ്യം കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും സുപ്രിംകോടതി അന്ന് തയ്യാറായില്ല. ഇതേചോദ്യം കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ സ്ത്രീനീതിയുടെയും ആരാധാനാലയങ്ങളില്‍ പ്രാര്‍ഥന നിര്‍വഹിക്കാനുള്ള സ്ത്രീകളുടെ ഭരണഘടനാദത്തമായ അവകാശങ്ങളുടെയും നിയമപരമായ പ്രാബല്യമാണ് പരിശോധിക്കപ്പെടുന്നത്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നൈതികത രാജ്യത്തെ നിയമംകൊണ്ട് തെളിയിക്കപ്പെടേണ്ടതാണോ എന്ന മറുവാദം ഉയര്‍ത്തി വലിയൊരു വിഭാഗം ജനങ്ങളും നമ്മോടൊപ്പമുണ്ട്.

ജനകീയ താല്‍പ്പര്യവും രാഷ്ട്രീയ സൈദ്ധാന്തിക അടിത്തറകളും മാറിമാറിവരുന്ന സര്‍ക്കാരുകളെ ഈ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. വിശ്വാസികളുടെ പൊതുവായ താല്‍പ്പര്യം പരിഗണിക്കുന്നതോടൊപ്പം ആചാരവിധികളില്‍ അഭിപ്രായം പറയുന്നവരെകൂടി മാനിച്ചുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാനാവുക. ഓരോ നിലപാടുകളുടെയും സാധ്യതകളും പരിമിതികളും വീണ്ടും ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുകയാണ്. പത്തിനും അന്‍പതിനും മധ്യേ പ്രായമായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോ എന്ന വിഷയം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് രാജ്യത്തെ പരമോന്നത നീതിപീഠമാണ്. മതകീയമായ മണ്ഡലങ്ങളില്‍ ഇതേവിഷയം കൈകാര്യം ചെയ്യുമ്പോള്‍ മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും രേഖകളും ആചാരങ്ങളുമൊക്കെയാവും വിധി തീര്‍പ്പിനുള്ള അടിത്തറകള്‍. അത്തരം വിശ്വാസങ്ങള്‍ ജീവിതത്തിന്റെയും ആരാധനയുടെയും കാര്യങ്ങളില്‍ സ്ത്രീകളോട് ഏതെങ്കിലും തരത്തില്‍ വിവേചനം കാണിക്കുന്നുണ്ടോ എന്ന് നിയമശാസനകളുടെ അടിത്തറയിലാണ് കോടതി പരിഗണിക്കുന്നത്.
നിയമങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങളും വിധികളും ഉണ്ടാകുന്നതിനെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവുകയില്ല. സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മാറ്റവും വളര്‍ച്ചയും നിയമരംഗത്തും മറ്റ് ഏത് മേഖലയിലുമെന്നപോലെ പ്രകടമാകുക സ്വാഭാവികം. കേരള ഹൈക്കോടതി ഒരിക്കല്‍ തീര്‍പ്പുപറഞ്ഞ കേസ് സുപ്രിംകോടതിയില്‍ വീണ്ടും പരിഗണനയ്ക്കു വരുമ്പോള്‍ കാലവും സാഹചര്യവും ഒരുപാട് മാറിയിട്ടുണ്ട്. 41 ദിവസത്തെ ക്ഷമാപൂര്‍വമായ വ്തരം അനുഷ്ഠിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള തടസങ്ങളും ബുദ്ധിമുട്ടുകളും മുന്‍നിര്‍ത്തിയും നിത്യബ്രഹ്മചാരിയായ അയ്യപ്പനാണ് ശബരിമലയിലെ ആരാധനാമൂര്‍ത്തി എന്ന കാര്യവുമാണ് കോടതിയില്‍ അന്ന് മുഖ്യകാര്‍മികന്‍ ബോധിപ്പിക്കുകയും അനുകൂലമായ നിലപാട് സമ്പാദിക്കുകയും ചെയ്തത്. വിശ്വാസപരവും അനുഷ്ഠാനപരവുമായ ഈ വൈതരണികള്‍ ഇപ്പോഴും പ്രധാനവാദങ്ങളായി നിലനില്‍ക്കുന്നുണ്ട്.

പുരുഷന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്നാണ് വിശ്വാസമെങ്കില്‍ സ്ത്രീയും അതേ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ജീവിതത്തിലും ആരാധനയിലും സ്ത്രീകള്‍ക്ക് വിവേചനം കല്‍പ്പിക്കുന്ന വിശ്വാസദര്‍ശനങ്ങളെ തള്ളിക്കളയണമെന്നും പുരോഗമനപരമായി ചിന്തിക്കുന്ന ഏതൊരാളും അഭിപ്രായപ്പെടും. ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഏതു സ്രോതസില്‍ നിന്നാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന കാര്യം ആധുനികകാലത്ത് പ്രശ്‌നവല്‍ക്കരിക്കപ്പെടുന്ന വിഷയമാണ്. ഓരോ കാലത്തുമുള്ള പ്രായോഗികതകളെ ആചാരങ്ങളുടെ മാനദണ്ഡങ്ങളാക്കിയും പിന്നീട് മതത്തിന്റെ അനിവാര്യ നിര്‍ദേശങ്ങളായി ഉയര്‍ത്തിക്കാട്ടിയുമാണ് മതപുരോഹിതന്മാര്‍ പൊതുവെ സമൂഹത്തെ മുന്നോട്ടുനയിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ സാമൂഹിക വികാസത്തെ കൃത്യമായി നിര്‍വചിക്കുന്നവര്‍ക്ക് ചരിത്രത്തിന്റെയും സംസ്‌കാരങ്ങളുടെയും പൂര്‍വപാഠങ്ങളെ അടിസ്ഥാനമാക്കി ഈ വസ്തുത തെളിയിക്കുന്നതിന് പ്രയാസമുണ്ടാകില്ല.
സാമൂഹിക ജീവിതത്തിന്റെ പൊതുമണ്ഡലത്തില്‍ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രസക്തി നിലനിര്‍ത്തുന്നതിന് അനിവാര്യമായും ഉണ്ടാകേണ്ട ഒരു ഗുണം അത് ഗുണാത്മകമായ സംവാദങ്ങള്‍ക്ക് എപ്പോഴും തയ്യാറായിരിക്കണമെന്നതാണ്. നിര്‍ഭാഗ്യവശാല്‍ കൊട്ടിയടക്കപ്പെട്ട മുറികളിലാണ് ഇപ്പോള്‍ മതചിന്തകള്‍ രൂപപ്പെടുകയും പകര്‍ത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമൂലം മതത്തിന്റെ വക്താക്കള്‍ മിക്കപ്പോഴും ദോഷകരമായ പ്രതികരണശൈലിയാണ് അഭിപ്രായപ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സമകാലികമായ ഉദാഹരണങ്ങള്‍ നിരവധിയാണ്. സഹിഷ്ണുതയുടെ നല്ലവശങ്ങള്‍ യഥാസ്ഥിതിക വാദക്കാര്‍ തെല്ലും പഠിക്കുന്നില്ലെന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് യോജിച്ചതല്ല.
ശബരിമലയില്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഏതേതു മാനദണ്ഡങ്ങളിലാണ് പരിഗണിക്കുന്നതെന്നതാണ് ചോദ്യം. ദൈവത്തിന്റെയും മതത്തിന്റെയും ആധാരങ്ങളാണ് അഭിപ്രായങ്ങളുടെ മാനദണ്ഡമെങ്കില്‍ സ്ത്രീയെയും പുരുഷനെയും വേര്‍തിരിക്കുന്ന വിശ്വാസ സംഹിതകള്‍ക്ക് ഇനിയും അതിജീവനശേഷി കുറയുമെന്ന് അഭിപ്രായപ്പെടുന്നുവര്‍ക്ക് മുന്‍തൂക്കം വരും. ആചാരങ്ങളുടെ അടിസ്ഥാനം പ്രായോഗികതയാണെന്നാണ് വാദമെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ആചാരങ്ങള്‍ വിധേയമാകുകതന്നെ വേണം. ആചാരങ്ങള്‍ ഒരിക്കലും വിവേചനപരമാകാന്‍ പാടില്ലെന്ന് അനുശാസിക്കുകയും വേണം.

പുതിയകാലത്ത് മതങ്ങളും വിശ്വാസങ്ങളും സ്വകാര്യമായ ഇടപാടുകള്‍ മാത്രമല്ല നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മോക്ഷമാര്‍ഗമെന്ന ചിന്തകള്‍ക്ക് അപ്പുറം സാമൂഹികമായ ഇടങ്ങളിലേക്ക് മതത്തിന്റെ സ്വാധീനം കനപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ സമൂഹം ആര്‍ജിക്കുന്ന സാംസ്‌കാരിക വളര്‍ച്ചയ്ക്ക് അനുരൂപമായ നിലപാടുകളിലേക്ക് മതചിന്തകള്‍ക്ക് വളര്‍ന്നെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പരിശോധന ഉചിതമായിരിക്കും. വിവിധ വിഭാഗങ്ങള്‍ക്കിടയിലും സ്ത്രീപുരുഷന്മാര്‍ക്കിടയിലും വിവേചനത്തിന്റെ ധ്വനികള്‍ മതപക്ഷത്തുനിന്ന് ഉണ്ടാകരുതെന്ന് ഏവരും കാംക്ഷിക്കുന്നുണ്ട്.
സുപ്രിംകോടതി ഒരു വിഷയത്തില്‍ വിധി പുറപ്പെടുവിക്കുക ഭരണഘടനാപരവും നിയമപരവുമായ അടിത്തറകളില്‍ നിന്നുകൊണ്ടായിരിക്കും. വിവേചനങ്ങള്‍ക്ക് അടിവരയിടുന്ന ആചാരങ്ങളെ തീര്‍ച്ചയായും നിയമവഴിയിലൂടെ തുറന്നുകാട്ടുന്ന സാഹചര്യമുണ്ടാകും. ആര്‍ത്തവം സ്ത്രീയോടുള്ള വിവേചനമായിട്ടല്ല, സ്ത്രീക്കുള്ള സ്വാതന്ത്ര്യമായിട്ടാവും പുതിയ വിധികളിലൂടെ സ്ഥാപിക്കപ്പെടുകയെന്ന് നിയമവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും ആരാധിക്കാനും എല്ലാവര്‍ക്കും വിശ്വസിക്കാനും ആവശ്യമുള്ളവര്‍ക്ക് വിശ്വസിക്കാതിരിക്കാനും ജനാധിപത്യപരമായ അവകാശങ്ങളുണ്ട്. അപ്പോള്‍ സ്ത്രീകള്‍ക്ക് ആരാധനകള്‍ നിര്‍വഹിക്കുന്നതിന് പ്രായോഗികമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ സംവിധാനങ്ങളും ആരാധാനാലയങ്ങളും തയാറാകുന്ന പശ്ചാത്തലമൊരുങ്ങുമെന്ന് കരുതപ്പെടുന്നു. ശാരീരികവും മാനസികവും പ്രായോഗികവുമായ അവസ്ഥാവിശേഷങ്ങളില്‍, ആരാധനാലയങ്ങളിലേക്ക് പോകണമോ വേണ്ടയോ എന്ന് സ്ത്രീകള്‍ സ്വയം തീരുമാനിക്കുന്ന സാഹചര്യമാണ് ഉരുത്തിരിയേണ്ടത്. പുരുഷനുള്ള മാനദണ്ഡങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകാന്‍ പാടുള്ളൂ. സ്ത്രീയോടുള്ള വിവേചനത്തെയല്ലേ, വിവിധ വിഭാഗങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ യഥാര്‍ത്ഥത്തില്‍ കോപാകുലനാക്കേണ്ടത്.

(ലേഖിക സംസ്ഥാന വനിതാകമ്മിഷന്‍ അംഗമാണ്.)