Saturday
23 Feb 2019

ജനാധിപത്യത്തില്‍ തന്ത്രിമാരല്ല, ഭരണഘടനയാണ് വിധികര്‍ത്താവ്

By: Web Desk | Friday 12 October 2018 10:11 PM IST


ഇ എം സതീശന്‍

ഇ എം സതീശന്‍

ചരിത്രത്തില്‍ മതങ്ങളുടെയും ആരാധനാലയങ്ങളുടെയും നടത്തിപ്പും ആചാരാനുഷ്ഠാനങ്ങളും നിശ്ചയിച്ചത് ആണധികാര കേന്ദ്രങ്ങളാണ്. മനുഷ്യന്‍ എന്ന അവരുടെ പരികല്‍പനകളില്‍ സ്ത്രീ ഉള്‍പ്പെടുമായിരുന്നില്ല. അതുകൊണ്ടുതന്നെ മതങ്ങളും അതുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളും അവയുടെ നടത്തിപ്പും ആചാരാനുഷ്ഠാനങ്ങളും നിശ്ചയിച്ചത് പുരുഷാധികാര കേന്ദ്രങ്ങളാണ്.

മനുഷ്യനിര്‍മ്മിതങ്ങളായ എല്ലാ മതങ്ങളിലും പൗരോഹിത്യാവകാശം പുരുഷന്മാരുടെ കുത്തകയാണ്. ശബരിമല ക്ഷേത്രചരിത്രവും ഭിന്നമല്ല; സര്‍വമതസ്ഥര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെങ്കിലും തന്ത്രി, മേല്‍ശാന്തി സ്ഥാനങ്ങള്‍ ബ്രാഹ്മണപുരുഷന്മാരുടെ കുത്തകാവകാശവും യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധവുമാണ്.
ഹൈന്ദവ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണപുരുഷന്മാര്‍ക്കു മാത്രമേ തന്ത്ര മന്ത്ര പൂജാധികാരങ്ങള്‍ അനുവദിച്ചിട്ടുള്ളു. ചാതുവര്‍ണ്ണ്യ ധര്‍മവിധികളുടെ അടിസ്ഥാനത്തില്‍ ജാതിശ്രേണിയില്‍ ഉന്നതരായ ബ്രാഹ്മണ പുരുഷന്മാരുടെ തന്ത്രമന്ത്ര പൂജാധികാരങ്ങള്‍ ഓരോ ക്ഷേത്രങ്ങള്‍ക്കും ചാര്‍ത്തിക്കൊടുത്തത് രാജാക്കന്മാരാണ്. രാജാവിന്റെ അഭീഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാനും ഇംഗിതമറിഞ്ഞു സേവിക്കാനുമുള്ള ബ്രാഹ്മണകുടുംബങ്ങളിലെ പുരുഷന്മാരുടെ ശേഷിയായിരുന്നു ഇത്തരം പദവികള്‍ ഇഷ്ടദാനം നല്‍കാന്‍ രാജാവിന്റെ മുന്നിലുണ്ടായിരുന്ന മാനദണ്ഡം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇപ്പോഴും നിലനിര്‍ത്തി പരിപാലിച്ചുപോരുന്ന എല്ലാ പാരമ്പര്യ തന്ത്രമന്ത്രപൂജാധികാരങ്ങളും അതതു കുടുംബങ്ങള്‍ക്ക് ഇങ്ങനെ രാജസേവയുടെ ഭാഗമായി കൈവന്നിട്ടുള്ളതാണ്.

പണ്ടെന്നോ കാലത്ത് പന്തളം രാജാവ് ഔദാര്യപൂര്‍വ്വം നല്‍കിയ പദവികളാണ് ശബരിമലയിലെ തന്ത്രികുടുംബവും മറ്റു പാരമ്പര്യാവകാശികളും ഇപ്പോഴും വെച്ചനുഭവിച്ചുകൊണ്ടിരിക്കുന്നത്. വെറും രാജഭക്തരും സേവക്കാരുമായിരുന്ന തന്ത്രിമാരും മേല്‍ശാന്തിമാരും ഇതര പാരമ്പര്യ അവകാശികളും ഇപ്പോള്‍ ക്ഷേത്രങ്ങളുടെ സര്‍വാധികാര്യക്കാരും സര്‍വജ്ഞരുമായി വീമ്പിളക്കുന്നത് അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് യാതൊരു ബാധ്യതയുമില്ല.
1947 ആഗസ്റ്റ് 15 മുതല്‍ ഇന്ത്യയില്‍ എവിടെയും നിലനിന്ന രാജാധികാരങ്ങളും അവകാശങ്ങളും അവര്‍ കയാളിയിരുന്ന സ്ഥാവരജംഗമ സ്വത്തുവകകളും ഇന്ത്യാ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരിക്കുന്നു. അതുപ്രകാരം കേരളത്തില്‍ ശബരിമല ഉള്‍പ്പെടെ രാജാക്കന്മാരുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ നിയമസഭയുണ്ടാക്കിയ നിയമപ്രകാരം നിലവില്‍വന്ന ദേവസ്വത്തില്‍ നിക്ഷിപ്തമാണ്.

രാജപദവി ഇല്ലാതായതോടെ കേരളത്തിലെ വിവിധ മഹാക്ഷേത്രങ്ങളിലായി വിവിധ രാജാക്കന്മാര്‍ വിവിധ ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് കനിഞ്ഞുനല്‍കിയ താന്ത്രിക പൗരോഹിത്യ പദവികളും അതിന്റെ ഭാഗമായി അനുഭവിച്ചുവന്ന അധികാരാവകാശങ്ങളും യഥാര്‍ഥത്തില്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ശബരിമലയിലും ബാധകമാണ്. അടുത്തകാലത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിച്ചതുപോലെ ശബരിമല ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദം കൂടാതെ തന്ത്രം പഠിച്ചവരെ തന്ത്രിമാരായി നിയമിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

മനുഷ്യരുടെ പ്രത്യേകിച്ച് ഭക്തരുടെ മനസില്‍ നൂറ്റാണ്ടുകളായി അടിച്ചേല്‍പിക്കപ്പെട്ട അന്ധമായ പലതരം വിശ്വാസങ്ങളുടെ പേരിലാണ് ക്ഷേത്രകാര്യങ്ങളില്‍ താന്ത്രിക വചനങ്ങള്‍ അവസാനവാക്കെന്നു പരിഗണിക്കപ്പെടുന്നത്. പ്രഭുക്കന്മാരെ കള്ളംപറഞ്ഞു ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നു വിശേഷിപ്പിച്ചു രാജാക്കന്മാരായി വാഴിച്ചത് ദൈവജ്ഞരെന്ന് സ്വയംപൊലിപ്പിച്ച ഈ തന്ത്രിപുംഗവന്മാരാണ്. ദുരാചാരമായ സതി അടിച്ചേല്‍പിച്ച് ആയിരത്താണ്ടുകാലം സ്ത്രീകളെ ജീവനോടെ ചുട്ടുകൊന്നതും മാറുമറച്ചു ക്ഷേത്രങ്ങളിലും നടവഴികളിലും പ്രവേശനം വേണമെന്നുപറഞ്ഞ പിന്നാക്കജാതി സ്ത്രീകളുടെ മുലക്കച്ച വലിച്ചുകീറി മുലയറുത്തതും വൈക്കത്ത് വഴിനടക്കാന്‍ സംവത്സരങ്ങളോളം സമരം നടത്തിയ ആയിരക്കണക്കിന് ശൂദ്രസഹോദരങ്ങളുടെ നവദ്വാരങ്ങളില്‍ മുളകുപൊടിയെഴുതിയ ക്രൂരതയും രാജ്യചരിത്രത്തില്‍ അരങ്ങേറിയത് ഇത്തരം തന്ത്രിമാരുടെ ദൈവജ്ഞകല്‍പനകളുടെ ഫലമാണ്.പില്‍ക്കാലത്തു ഗുരുവായൂരിലും കുട്ടംകുളത്തും പാലിയത്തും ഉള്‍പ്പെടെ വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനുമെല്ലാമായി നടന്ന എണ്‍പത്തിയഞ്ചു ശതമാനത്തിലധികം വരുന്ന പിന്നോക്ക പട്ടികജാതി ജനതയുടെ സംഗ്രാമഭൂമികളില്‍ മൃഗീയ പീഡന കൊടുംക്രൂരതകള്‍ നടമാടിയതും ദൈവത്തിന്റെ പേരില്‍ തന്ത്രിമാര്‍ നടത്തിയ വൃത്തികെട്ട കല്‍പനകളുടെ ഫലംതന്നെയായിരുന്നു.

ഇവര്‍ പ്രവചിച്ച ദൈവേച്ഛകള്‍ സവര്‍ണ്ണ ബ്രാഹ്മണവാഴ്ച സംരക്ഷിക്കാന്‍ മാത്രമായിരുന്നെന്നു ഇപ്പോള്‍ പകല്‍പോലെ വ്യക്തമാണ്.തന്ത്രിമാരുടെ വിലക്കുകള്‍ അതിലംഘിച്ചു മാറുമറക്കാനും വഴിനടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും സ്വാതന്ത്ര്യം നേടിയ അധഃസ്ഥിത ജനതയെ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞിട്ട് പതിറ്റാണ്ടുകള്‍ തന്നെ പിന്നിട്ടിരിക്കുന്നു.

ചരിത്രത്തിലെ ചുമരെഴുത്തുകള്‍ ഇനിയും തിരിച്ചറിയാത്ത സംഘപരിവാര്‍ ശക്തികള്‍ കാലവും ദൈവങ്ങളും തോട്ടില്‍വലിച്ചെറിഞ്ഞ തന്ത്രിമാരെയും അവരുടെ യുക്തിരഹിതമായ ദൈവ പ്രതിപുരുഷ കല്‍പനകളെയും തോളിലേറ്റി ഇപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരുപറഞ്ഞു തെരുവിലിറങ്ങിയിരിക്കുന്നു.ശബരിമലയായാലും ശനി ശിഗ്‌നാപുര്‍ ക്ഷേത്രമായാലും ഭരണഘടനക്ക് അതീതമല്ല. നൂറ്റാണ്ടുകള്‍നീണ്ടുനിന്ന രക്തസ്‌നാനമായ സമരങ്ങളിലൂടെ ജനങ്ങള്‍ സാക്ഷാല്‍ക്കരിച്ച സ്വതന്ത്ര ഇന്ത്യ രൂപംകൊടുത്ത ഭരണഘടന ഈ രാജ്യം ഭരിക്കും.ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നു പറഞ്ഞു പ്രചരിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്തു തടിച്ചുകൊഴുത്ത താന്ത്രിക പൗരോഹിത്യ അധികാരക്കോട്ടകള്‍ അരുവിപ്പുറത്തും വൈക്കത്തും ഗുരുവായൂരിലും തകര്‍ന്നുവീണതുപോലെ ശബരിമലയിലും തകര്‍ന്നടിയും. ജനാധിപത്യത്തില്‍ തന്ത്രിമാരല്ല, ഭരണഘടനയാണ് വിധികര്‍ത്താവ് എന്നു ജനങ്ങള്‍ പ്രഖ്യാപിക്കുക തന്നെ ചെയ്യും.