February 5, 2023 Sunday

കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുക; സാലറി ചലഞ്ചിൽ പങ്കാളികളാവുക

എസ് വിജയകുമാരന്‍ നായര്‍
April 11, 2020 5:45 am

ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. വുഹാൻ സർവ്വകലാശാലയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരിക്കെ നാട്ടിലെത്തിയ തൃശൂർ സ്വദേശിനിയായിരുന്നു ആദ്യരോഗി. കേരളത്തിൽ രോഗം സ്ഥിരീകരിച്ച നിമിഷം മുതൽ രോഗപ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായിട്ടുള്ളതാണ്. ഇറ്റലിയുൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ കേരളത്തിലേയ്ക്ക് എത്താൻ തുടങ്ങിയതോടെ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കേണ്ടിവന്നു. രാജ്യത്താദ്യമായി കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങളാകെ യാതൊരു തൊഴിലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി. ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടം മൂലം ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും ഉപജീവന മാർഗ്ഗം ഇല്ലാതായി. സമ്പന്നരാഷ്ട്രങ്ങൾക്കു പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത വിധം അതിഗുരുതരമായ സാമ്പത്തിക തകർച്ചയിലേയ്ക്ക് ലോകം ചെന്നുപെട്ടപ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്ഥിരവരുമാനക്കാരായ സർക്കാർ‑പൊതുമേഖലാ ജീവനക്കാരൊഴികെയുള്ള മുഴുവൻ മലയാളികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കേണ്ട വലിയ ഉത്തരവാദിത്തമാണ് പെട്ടെന്ന് സർക്കാരിൽ വന്നു ചേർന്നത്. ഈ ഘട്ടത്തിലാണ് ആരും പട്ടിണി കിടക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രി, അതിഥി തൊഴിലാളികളും തെരുവിലലയുന്നവരും കടത്തിണ്ണകളിൽ കഴിയുന്നവരും പക്ഷിമൃഗാദികളും ഉൾപ്പെടെ സകലതിനെയും സംരക്ഷിക്കണമെന്ന നിർദ്ദേശം നൽകിയത്. കൊറോണ എന്നത് ഭയപ്പെടേണ്ട ഒന്നല്ല, അതിനെതിരെ ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശവും അദ്ദേഹം നൽകി.

ഓഖിയും രണ്ട് പ്രളയവും വരുത്തിവച്ച അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 20,000 കോടി രൂപയുടെ പ്രത്യേക കോവിഡ് പാക്കേജിനാണ് സർക്കാർ തയ്യാറായത്. ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് അഡ്വാൻസും നൽകാൻ തീരുമാനിച്ചു (യുഡിഎഫ് ഭരണമൊഴിയുമ്പോൾ 600 രൂപ വീതമുള്ള പെൻഷൻ 1600 കോടി രൂപ കുടിശ്ശികയായിരുന്നു). 1500 കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ആർക്കും പട്ടിണിയില്ലാത്ത സാഹചര്യമൊരുക്കി. അതിഥി തൊഴിലാളികൾക്കായി 4603 ക്യാമ്പുകൾ, അവർക്ക് മനസ്സിലാകുന്ന ഹിന്ദി, ഒഡിയ, ബംഗാളി ഭാഷകളിൽ രോഗത്തെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമുള്ള ലഘുലേഖകൾ, ട്രാൻസ്ജന്റേഴ്സിന് പ്രത്യേക പാക്കേജ്. 87 ലക്ഷം റേഷൻകാർഡുടമകൾക്കും എപിഎൽ‑ബിപിഎൽ വ്യത്യാസമില്ലാതെ സൗജന്യ റേഷൻ, റേഷൻ കാർഡില്ലാത്തവർക്കും റേഷൻ നൽകുന്നു! നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേകം ഭക്ഷണക്കിറ്റുകൾ നൽകാൻ തീരുമാനിച്ചു. സമൂഹ വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സമൂഹമാണ് നമ്മുടേതെന്ന തിരിച്ചറിവാണ് കർശന നടപടികളെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഈയൊരു സ്തംഭനാവസ്ഥയിൽ ജനങ്ങൾക്കു മുഴുവൻ സഹായമെത്തിക്കുന്നതിനുള്ള ചുമതലയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രി സൗകര്യങ്ങളും അടിസ്ഥാനാവശ്യങ്ങളായ മാസ്ക്, പിപിഇ കിറ്റ്, വെന്റിലേറ്ററുകൾ തുടങ്ങിയ ചെലവേറിയ സംവിധാനങ്ങളും അടിയന്തരമായി അധികമായി സജ്ജീകരിക്കേണ്ടി വന്നു.

സർക്കാർ ‑സ്വകാര്യ ആശുപത്രികളിലായി ഒന്നേകാൽ ലക്ഷം കിടക്കകളും 10,813 ഐസൊലേഷൻ കിടക്കകളും സജ്ജീകരിച്ചു. 517 കൊറോണ കെയർ സെന്ററുകളിലായി 17,461 ഐസൊലേഷൻ കിടക്കകളും സജ്ജമാക്കി. കർണ്ണാടകത്തിലേക്ക് രോഗികളെ കടത്തിവിടാതെ അതിർത്തികളടച്ചപ്പോൾ കാസർകോട് മെഡിക്കൽ കോളജിനെ പ്രത്യേക കൊറോണ ആശുപത്രിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ട ടീമിനെ അവിടെയെത്തിച്ച് ചികിത്സാനടപടികൾ ആരംഭിച്ചു. 273 പുതിയ തസ്തികകളും സൃഷ്ടിച്ചു. ലോക്ഡൗൺ തുടർന്നതോടെ സർക്കാരിന്റെ എല്ലാ വരുമാന മാർഗ്ഗങ്ങളും നിലച്ചു. തനത് നികുതി, നികുതിയേതര വരുമാനങ്ങളും നികുതിവിഹിതവും ഇല്ലാതായി. കേന്ദ്രവിഹിതം കുറഞ്ഞു. ജിഎസ്‌ടി ഇല്ലാതായി. നികുതി ലഭിച്ചിരുന്ന കച്ചവടമൊന്നും നടക്കുന്നില്ല. മോട്ടോർ വാഹന നികുതിയില്ല. മുദ്രപത്ര കച്ചവടമില്ല. ടൂറിസം മേഖല സ്തംഭിച്ചു. മദ്യക്കച്ചവടവും ഇല്ലാതായി. 20 ലക്ഷം മലയാളി പ്രവാസികൾ പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപയാണ് കേരളത്തിലേയ്ക്ക് അയച്ചിരുന്നത്. ഗൾഫ് മേഖലയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കൊവിഡ് 19 ഭീതി പടർത്തിയപ്പോൾ സ്വന്തം നാട്ടിലേയ്ക്ക് വന്ന വരുമാനമില്ലാതായ പ്രവാസികളെ സംരക്ഷിക്കേണ്ടതിന്റെയും സഹായിക്കേണ്ടതിന്റെയും ചുമതലയും സംസ്ഥാന സർക്കാരിലെത്തി. അടുത്ത മാസം ശമ്പളം കൊടുക്കാൻ കഴിയാത്തത്ര സാമ്പത്തിക ബുദ്ധിമുട്ടിലാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യവകുപ്പു മന്ത്രി പറഞ്ഞത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം അഞ്ച് ശതമാനത്തിനു പോലും വരുമാനമില്ലാത്ത അവസ്ഥയിൽ ബാക്കി 95 ശതമാനം പേരെയും പൂർണ്ണമായും സംരക്ഷിക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സർക്കാരിന് എത്രകാലം കഴിയും?. പ്രളയസമയത്ത് സഹായിക്കാത്ത കേന്ദ്രസർക്കാർ അതിനെക്കാൾ ക്രൂരമായാണ് ഇപ്പോൾ കേരളത്തോട് പെരുമാറുന്നത്. കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുകയും രോഗവ്യാപനം തടയുന്നതിന് രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയാകുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന കേരളത്തിന് കോവിഡ് ഫണ്ടായി അനുവദിച്ചത് 157 കോടി രൂപ മാത്രമാണ്.

ഇപ്പോഴിതാ എംപി ഫണ്ട് രണ്ട് വർഷത്തേക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുന്നു. ഈ ഘട്ടത്തിലാണ് പ്രളയകാലത്തെപ്പോലെ വീണ്ടുമൊരു സാലറി ചലഞ്ച് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. പ്രളയ സമയത്ത് സർക്കാർ ജീവനക്കാർ ഉൾപ്പെടെ ലോകത്തുള്ള എല്ലാ മലയാളികളും അവരുടെ ഒരു മാസത്തെ വേതനം നൽകണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചതെങ്കിൽ, ഇത്തവണ സർക്കാർ- പൊതുമേഖലാ ജീവനക്കാരോട് മാത്രമാണ് അഭ്യർത്ഥന. കാരണം ഇന്ന് ആകെ വരുമാനമുള്ളത് ആ വിഭാഗത്തിന് മാത്രമാണല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിഭാഗങ്ങളെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പു നൽകുകയും ചെയ്തു. കേരളത്തിനൊരു പ്രതിസന്ധിയുണ്ടാകുമ്പോൾ ആഹ്ലാദിക്കുന്ന ചില കൂട്ടർ എക്കാലത്തുമുണ്ടായിട്ടുണ്ട്. അവരുടെ ലക്ഷ്യം ഈ സമൂഹത്തിന്റെ നന്മയല്ല. ഇഷ്ടമുള്ളത് കൊടുത്താൽ മതിയെന്ന് പറഞ്ഞ് ജീവനക്കാരെ പിന്തിരിപ്പിക്കുകയും കോടതിയിൽ പോകുമെന്ന് വീമ്പിളക്കുകയും ഞങ്ങൾ തരില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ചില കൂട്ടർ അവരുടെ മുൻകാലചെയ്തികൾ മറന്ന് ജീവനക്കാരെ കബളിപ്പിക്കുകയും സംസ്ഥാനത്തെ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയുമാണ്. ജനപ്രതിനിധികളുടെ ശമ്പളം ഒരു വർഷത്തേയ്ക്ക് 30 ശതമാനം വെട്ടിക്കുറച്ചു. എംപി ഫണ്ട് നിർത്തലാക്കി. ഇതുപോലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും ബാധകമാക്കിക്കൂടെന്നില്ല. വേണമെങ്കിൽ സംസ്ഥാന സർക്കാരിനും ഒരു മാസത്തെയോ അര മാസത്തേയോ ശമ്പളം പിടിച്ചെടുക്കാമായിരുന്നു. ലീവ് സറണ്ടർ മരവിപ്പിക്കുകയും ചെയ്യാമായിരുന്നു. സംസ്ഥാനത്ത് ഇത്തരം പ്രതിസന്ധികളൊന്നുമില്ലാതിരുന്ന 1983 ൽ ഏകപക്ഷീയമായി ലീവ് സറണ്ടർ മരവിപ്പിച്ചത് നാം മറന്നു പോകരുത്. ആ ഭരണകാലത്ത് തന്നെയാണ് ഒന്നിലധികം അനിശ്ചിതകാല പണിമുടക്കങ്ങൾക്കും ക്രൂരമായ പൊലീസ് പീഢനം ഏറ്റുവാങ്ങിയതിനു ശേഷവും ജീവനക്കാർക്കും അധ്യാപകർക്കും അർഹതപ്പെട്ട 21 മാസത്തെ ശമ്പളക്കുടിശ്ശിക നഷ്ടപ്പെട്ടത്.

2002 ൽ സറണ്ടർ ഉൾപ്പെടെ എത്രയോ ആനുകൂല്യങ്ങളാണ് അന്നത്തെ സർക്കാർ കവർന്നത്. അന്ന് പ്രളയമോ ഓഖിയോ നിപ്പയോ കൊറോണയോ പോയിട്ട് എടുത്തു കാണിക്കാൻ ഒരു ഉരുൾപൊട്ടൽ പോലുമുണ്ടായിരുന്നില്ല. എസ്മ പ്രകാരം അറസ്റ്റ് ചെയ്ത് ജീവനക്കാരെ ആഴ്ചകളോളം ജയിലിൽ പാർപ്പിക്കുകയായിരുന്നു. വനിതകൾക്കുൾപ്പെടെ ക്രൂരമായ പൊലീസ് മർദ്ദനമായിരുന്നു സമ്മാനം. അന്ന് പുതുതായി സർവീസിൽ വന്നവർ ഒരു വർഷം അടിസ്ഥാന ശമ്പളം മാത്രം വാങ്ങി. 2013 ഏപ്രിൽ ഒന്നു മുതൽ സർവീസിൽ കയറിയ ജീവനക്കാർക്ക് അന്നു മുതൽ എല്ലാ മാസവും സർക്കാർ 10 ശതമാനം നിർബന്ധിത സാലറി ചലഞ്ച് ഏർപ്പെടുത്തിയപ്പോഴും ഇപ്പോൾ ജീവനക്കാരോട് കപട സ്നേഹം കാണിക്കുന്നവരാരും കോടതിയിൽ പോയില്ലെന്നു മാത്രമല്ല, എല്ലാം നാടിന്റെ നന്മയ്ക്കാണെന്നാണ് പറഞ്ഞ് നടന്നത്. മറ്റു സംസ്ഥാനങ്ങളിൽ സാലറി ചലഞ്ച് ഇല്ലെന്ന് വാദിക്കുന്നവർ ആ സർക്കാരുകൾ നൽകുന്ന ആനൂകൂല്യങ്ങൾ വിശദീകരിക്കുന്നില്ല. അവിടങ്ങളിലെ ആരോഗ്യ രംഗത്തെക്കുറിച്ചോ പൊതുവിതരണത്തെക്കുറിച്ചോ ഇവർ മിണ്ടുന്നില്ല. അവിടെയെല്ലാം ക്ഷേമ പെൻഷൻ ഉണ്ടോയെന്ന് അന്വേഷിക്കുന്നുമില്ല. അവിടെ മുഴുവൻ ജനങ്ങൾക്കും സൗജന്യ റേഷൻ നൽകുന്നുണ്ടോ എന്ന് തിരക്കുന്നില്ല. അന്വേഷിച്ചാൽ ഇതൊന്നും കാണാൻ കഴിയില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുടിയേറ്റത്തൊഴിലാളികൾ കുടുംബങ്ങളോടൊപ്പം പലായനം ചെയ്യുന്ന കരളലിയിക്കുന്ന കാഴ്ച കേരളത്തിൽ കാണാനേ കഴിയില്ല. അതു കൊണ്ടാണ് കേരള മോഡലിനെ ലോകമെങ്ങും പ്രശംസിക്കുന്നത്. അതാണ് കേരളത്തിന്റെ അഭിമാനവും.

വിദേശ രാജ്യങ്ങളിൽ കഴിയുന്ന മലയാളികളെല്ലാം ഒരേ സ്വരത്തിൽ പറയുന്നു, ഞങ്ങൾക്ക് നാട്ടിൽ വരണം. വിദേശത്തുനിന്നും നാട്ടിലെത്തി ചികിത്സ തേടിയവർ ആശ്വസിക്കുന്നു — ഇവിടെയായതു കൊണ്ട് ഞങ്ങൾ ജീവിച്ചിരിക്കുന്നു. 93 വയസ്സുള്ള തോമസും 88 വയസ്സുള്ള മറിയാമ്മയും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നു. ഇനിയും ഈ സാലറി ചലഞ്ചിനെ ആരും എതിർക്കരുത്. കേരളത്തിലെ സാലറി ചലഞ്ചിന്റെ കാര്യം പറയുമ്പോൾ നിങ്ങൾ ദയവ് ചെയ്ത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് അതിനെ തകർക്കാൻ കൂട്ടു നിൽക്കരുത്. താരതമ്യം ചെയ്യുന്നെങ്കിൽ എല്ലാം താരതമ്യം ചെയ്യണം. ഈ സാലറി ഒരു കുറവും വരാതെ, ഈ സിവിൽ സർവീസ് ഇത്രയും ശക്തമായി നിലനിൽക്കുന്നതെന്തുകൊണ്ടെന്ന് സത്യസന്ധമായി വിലയിരുത്തണം. അതിന്റെ ഭാഗമായ ആരോഗ്യമേഖല ശക്തമായതു കൊണ്ടാണ് ജനങ്ങൾ ധൈര്യമായി ഇവിടെ ആശുപത്രിയിലെത്തുന്നത്. ഒന്നു മുതൽ രണ്ടരലക്ഷം വരെ അമേരിക്കക്കാർ കൊറോണ മൂലം മരിക്കുമെന്നാണ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതെങ്കിൽ, സംസ്ഥാനത്ത് ആദ്യ കൊറോണ മരണം ഉണ്ടായപ്പോൾ പത്ര സമ്മേളനം നടത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇന്ന് നമുക്ക് ദുഃഖകരമായ ദിവസമാണ്, കൊവിഡ് 19 ബാധിച്ച ഒരാളിന് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. സ്വന്തം ജനതയോടുള്ള അതിരറ്റ കരുതലാണത്. കഴിയുന്നവരെല്ലാം ഈ സർക്കാരിനെ സഹായിക്കണം. സർക്കാർ ജീവനക്കാർ മുഴുവൻ സാലറി ചലഞ്ചിൽ പങ്കെടുത്ത് ഒരു മാസത്തെ ശമ്പളം നൽകി സർക്കാരിന് കരുത്തു പകരണം. ഇല്ലെങ്കിൽ ചരിത്രം നമുക്ക് മാപ്പു തരില്ല.

(ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.