25 April 2024, Thursday

ജാഗ്രതയോടെ വിദ്യാലയങ്ങൾ തുറക്കാം

എൻ ശ്രീകുമാർ
September 21, 2021 4:45 am

ഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗണിൽ അടഞ്ഞുപോയ വിദ്യാലയങ്ങൾ നവംബർ ഒന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നുള്ള തീരുമാനം അഭിശപ്തമായ കോവിഡ് കാലത്ത് വന്ന പ്രതീക്ഷാനിർഭരമായൊരു വാർത്തയാണ്. കുട്ടികൾ വിദ്യാലയങ്ങളിലേക്കെത്തുന്നതോടെ, സമൂഹം കൂടുതൽ ജാഗ്രതയുള്ളവരാകാൻ നിർബന്ധിതരാകും. സ്വാഭാവികമായും അത്തരമൊരു ജാഗ്രതയാണ് കേരളത്തിനിപ്പോൾ ആവശ്യവും. സമൂഹത്തിന്റെ ആകെ പിന്തുണയോടെയാകണം സ്കൂൾ ആരംഭം. രാഷ്ട്രീയഭേദമോ, മറ്റ് താല്പര്യങ്ങളോ ഇക്കാര്യത്തിൽ അഭിപ്രായം രൂപീകരിക്കാൻ തടസമാകരുത്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ഉള്ള അവസരമായല്ല, മറിച്ച് കരുതേണ്ട ജാഗ്രതകളെക്കുറിച്ച് തുറന്ന ചർച്ചയും ഐക്യവുമാണ് ആവശ്യം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ഇതിനകം ഭാഗികമായെങ്കിലും തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാൻ കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്കൂളുകളാണ് ഇതിനോടകം തുറന്നു കഴിഞ്ഞത്. ഹയർ സെക്കന്‍ഡറി, പ്രൈമറി വിഭാഗം ക്ലാസുകളാണ് ഈ ഇവിടങ്ങളിൽ ഏറെക്കുറെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞതും. പശ്ചിമ ബംഗാളിൽ നവംബറോടെ മാത്രമേ സ്കൂൾ തുറക്കൂ. കേരളവും ഇപ്പോൾ നവംബർ ആദ്യം മുതൽ സ്കൂൾ തുറപ്പിന് തീരുമാനിച്ചിരിക്കുന്നു. സ്കൂൾ തുറന്നു കഴിഞ്ഞ ഇതര സംസ്ഥാനങ്ങളുടെ അനുഭവം നമുക്ക് പാഠമാകണം.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നമുക്കാശ്വാസം നൽകുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരണം സംഭവിച്ചവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ 17 വയസിൽ താഴെയുള്ളു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. മരണപ്പെട്ട കോവിഡ് രോഗികളിൽ 88 ശതമാനവും 45 വയസിന് മുകളിലുള്ളവരത്രേ. കുട്ടികളുടെ ജീവന്റെ സുരക്ഷയും ആരോഗ്യവും പരമപ്രധാനമാകുമ്പോൾ ഈ കണക്കുകൾ ആശ്വാസകരമാണ്. കുട്ടികളുടെ കോവിഡ് പ്രതിരോധ ശക്തിയാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്.

 


ഇതുകൂടി വായിക്കു: കളിമുറ്റമൊരുക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍


സ്കൂളുകൾ തുറക്കുന്നത്, നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്താകെ വിദ്യാർത്ഥിപക്ഷത്ത് നിന്ന് ചിന്തിക്കുമ്പോൾ അനിവാര്യമാണുതാനും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പത്ത് ലോകരാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമാണ്. ലോകത്തെമ്പാടുമുള്ള 79.4 ശതമാനം വിദ്യാർത്ഥികളിൽ കോവിഡ് കാലം വളരെ വിപരീതമായ ശാരീരിക, മാനസിക അവസ്ഥയാണ് സൃഷ്ടിച്ചതെന്നാണ് പഠനം. മാനസിക പ്രയാസവും സ്വഭാവ വൈകല്യവും അവരിൽ ബാധിച്ചു. 22.5 ശതമാനം കുട്ടികൾ രോഗഭീതിയിലാണ്. അലസത ബാധിച്ച 33 ശതമാനം പേരുണ്ട്. ഈ ആധികാരിക വിവരങ്ങൾ എല്ലാം വീടിനുള്ളിൽ കുട്ടികൾ തളച്ചിടപ്പെടുന്ന സാഹചര്യത്തിൽ നിന്നുള്ള മോചനം ആവശ്യപ്പെടുന്നുണ്ട്.

എന്നിരുന്നാലും, രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കുട്ടികളെ വീടുകളിൽ നിന്ന് മോചിപ്പിക്കണമെന്നും സ്കൂളിലെ പഠനാന്തരീക്ഷത്തിലേക്കും സൗഹൃദങ്ങളിലേക്കും അവരെ നയിക്കണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, കുട്ടികൾ സ്കൂളിൽ നിന്ന് രോഗവാഹകരാകുന്ന അവസ്ഥ ഉണ്ടാകരുതെന്നും അവർക്ക് നിർബന്ധമുണ്ട്. അതിനായി സ്കൂൾ സംവിധാനമാകെ നല്ല കരുതലോടെ പ്രവർത്തിക്കണം.  അധ്യാപകർക്ക് സുപ്രധാന പങ്കാണ് സ്കൂൾ ആരംഭവുമായി ബന്ധപ്പെട്ട് ചെയ്യാനുള്ളത്. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഇനി അധ്യാപകരുടെ കൈകളിലായിരിക്കും. ആയതിനാൽ സ്കൂളുകളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സുരക്ഷിതമാക്കാൻ അവരാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. മാസ്ക്, സാനിറ്റൈസർ ഉപയോഗം, ശാരീരികാകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിഷ്കർഷ ഉറപ്പാക്കാൻ അധ്യാപകരുടെ ശ്രദ്ധ വേണം. എല്ലാ അധ്യാപകരും വാക്സിനേഷന് വിധേയരായവരാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണം. അതുപോലെ അനധ്യാപക ജീവനക്കാരും.

 


ഇതുകൂടി വായിക്കു:സ്കൂൾ തുറക്കാൻ വിപുല പദ്ധതി; തയ്യാറെടുപ്പുകൾ ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്‌


 

സ്കൂൾ ബസ് എങ്ങനെ പരിപാലിക്കണമെന്ന് കൃത്യമായ നിർദ്ദേശം വേണം. സ്കൂൾ പരിസരം വൃത്തിയാക്കൽ, ക്ലാസ് മുറി നല്ല വായു സഞ്ചാരമുള്ളതായി ക്രമീകരിക്കൽ, മാസങ്ങളായി അടഞ്ഞുകിടന്ന സ്കൂളും പരിസരവും വൃത്തിയുള്ളതും അണുവിമുക്തവുമാക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അധ്യാപക രക്ഷാകർത്തൃ സമിതിയുടെ പിന്തുണ ഇതിനൊക്കെ ആവശ്യമാണ്. കഴിഞ്ഞ പൊതു പരീക്ഷാക്കാലത്ത് ഓരോ സ്കൂളുകളും കേന്ദ്രീകരിച്ചു നടത്തിയതുപോലെ സ്കൂൾ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഇപ്പോഴും ആവശ്യമാണ്.

കഴിഞ്ഞ 20 മാസങ്ങളിലായി വീടുകളിൽ തുടരുന്ന കുട്ടികളെ പഠന പാതയിലേക്കെത്തിക്കാൻ പ്രത്യേക പരിപാടികൾ ആവശ്യമാണ്. കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ വിജയകരമായി നൽകാൻ നമുക്കായിട്ടുണ്ട്. എന്നാൽ, കുട്ടികൾ തുടക്കത്തിൽ കാട്ടിയ സ്വീകാര്യത അതിൽ തുടർന്നു നിലനിന്നില്ല. ജൈവികമല്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ അവർ സ്വീകരിക്കുകയില്ലയെന്നത്, വിദ്യാർത്ഥി മനസിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ്. സ്കൂളിലേക്കെത്തുമ്പോൾ അവരിലെ പഠനശേഷി വീണ്ടെടുക്കാനുള്ള പ്രവർത്തനമുൾപ്പെടെ വേണ്ടി വരും. മാനസികോല്ലാസവും ആരോഗ്യ കായികക്ഷമതയും അവർക്ക് ഉറപ്പാക്കണം. ഇതിനൊക്കെ അധ്യാപകർക്ക് ശരിയായ മാർഗനിർദ്ദേശങ്ങളോ പരിശീലനമോ വേണം.
കേരളത്തിൽ ഒന്നു മുതൽ ഏഴുവരെയും 10,12 ക്ലാസുകളിലേയും കുട്ടികളാണ് ആദ്യഘട്ടത്തിൽ സ്കൂളിലേക്കെത്തുക. എന്നാൽ, അതത് ക്ലാസിലെ എല്ലാ കുട്ടികളും വരാനും നിർദ്ദേശിക്കാനാവില്ല. ഒന്നിടവിട്ടുള്ള ദിനങ്ങളിൽ പകുതി കുട്ടികൾ വീതം മാത്രം എത്തിച്ചേരാനാകും നിർദ്ദേശിക്കാനിടയുള്ളത്. നിശ്ചിത കുട്ടികൾ അടങ്ങിയ പ്രത്യേകം ബബിളുകൾ / കൂട്ടങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ചും ആലോചിക്കേണ്ടതായി വരും. തുടക്കത്തിലെങ്കിലും കേവലം രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമായി അധ്യയനം അവസാനിപ്പിക്കാൻ തീരുമാനിക്കണം.

 


ഇതുകൂടി വായിക്കു:സ്കൂൾ തുറക്കാൻ വിപുല പദ്ധതി; തയ്യാറെടുപ്പുകൾ ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്‌


 

വിശദമായ ചർച്ചയാണ് ഇക്കാര്യങ്ങളിലൊക്കെയാവശ്യം. ആരോഗ്യ വിദഗ്ധർ, പൊതു പ്രവർത്തകർ, അധ്യാപകർ, മനഃശാസ്ത്രജ്ഞർ, തദ്ദേശ ഭരണസമിതി അംഗങ്ങൾ എല്ലാവരുമായി ആലോചിച്ച് മാർഗനിർദ്ദേശം രൂപീകരിക്കാനും ഘട്ടംഘട്ടമായി സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിക്കാനുമാണ് തീരുമാനിക്കേണ്ടത്.
കഴിഞ്ഞ കുറെ മാസങ്ങളിലായി നാം ശീലിച്ച ഓൺലൈൻ ക്ലാസുകളെ തുടർന്നും ഉപയോഗപ്പെടുത്താനും പദ്ധതി വേണം. കുട്ടികൾ സ്കൂൾ എന്ന പൊതുസ്ഥലത്ത് എത്തുന്നത് പാഠപുസ്തകം പഠിക്കാൻ മാത്രമല്ലല്ലോ. കൂടിച്ചേരാനും, ആശയ വിനിമയം നടത്താനും സഹകരണ ചിന്തയുണ്ടാകാനും ഒക്കെയാണ്. അധ്യാപകർ പഠിപ്പിക്കാതെ തന്നെ സ്കൂളുകൾ ഒട്ടേറെ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അതിനാൽ ആരോഗ്യ സുരക്ഷ ഉറപ്പായി, കുട്ടികൾ പൂർണ സ്കൂൾ സമയം പാലിക്കുന്ന കാലം വരെ സ്കൂൾ അനുഭവത്തിനൊപ്പം കുട്ടികൾക്ക് നിർബന്ധമായും ഓൺലൈൻ പഠനവും തുടരണം. തുടർന്ന്, ആവശ്യാനുസരണം ഇപ്പോൾ സഹായകമായി നിലനിൽക്കുന്ന സാങ്കേതിക ഉപയോഗം സ്വീകരിക്കാനും തീരുമാനിക്കണം. ശാസ്ത്രീയമായി ഇക്കാര്യങ്ങളൊക്കെ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സന്നദ്ധമാകുമെന്ന് കരുതാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.