തരൂര്‍ പറയാതെ പറയുന്നത്

Web Desk
Posted on April 11, 2019, 10:03 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയിലും സവിശേഷമായ ഒരു രാഷ്ട്രീയ ലേഖനം എഴുതാന്‍ ശശി തരൂര്‍ സമയം കണ്ടെത്തി. വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിനെ വെള്ളപൂശുക എന്നതായിരുന്നു ആ ലേഖനത്തിന്റെ ലക്ഷ്യം. സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു മത്സരത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് കച്ചകെട്ടുമ്പോള്‍ അദ്ദേഹത്തെ തുണയ്ക്കാന്‍ താനും ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാവാം കാരണം. ശശി തരൂര്‍ രാഷ്ട്രീയത്തില്‍ വന്നിറങ്ങിയ ആദ്യ ദിനം മുതല്‍ ഇമ്മാതിരി വ്യഗ്രതയും കൗശലവും കൂടെ കൊണ്ടു നടന്നയാളാണ്. ഐക്യരാഷ്ട്ര സഭയിലെ അനുഭവങ്ങളാണ് അദ്ദേഹത്തിന് തുറുപ്പുചീട്ട്. അവിടെ നിന്നിറങ്ങി ഏറെ വൈകും മുമ്പ് അദ്ദേഹം കോണ്‍ഗ്രസിന്റെ എംപിയും മന്ത്രിയും എല്ലാമായി. ആ ബഹുമാന്യ സുഹൃത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ താത്വിക വ്യാഖ്യാതാവ് കൂടിയാണ്.

ഐക്യരാഷ്ട്രസഭയ്ക്കും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനും ഇടയിലുള്ള ഹ്രസ്വകാലം അദ്ദേഹം ഗള്‍ഫില്‍ ഉണ്ടായിരുന്നുവത്രേ. ബഹു ഭാഷാ പണ്ഡിതനായ തരൂര്‍ ശ്രദ്ധിക്കപ്പെട്ട സാഹിത്യ രചനകളുടെ കര്‍ത്താവും കൂടിയാണ്. ഐക്യരാഷ്ട്ര സഭാ കാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു കൃതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതില്‍ അദ്ദേഹം കോണ്‍ഗ്രസുകാരെ പറ്റി പറഞ്ഞത് ഖദറുടുത്ത മാംസ പിണ്ഡങ്ങള്‍ എന്നായിരുന്നു. ഇറ്റലിയിലെ കരാറുകാരന്റെ മകളെന്ന് സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചതും ആ സാഹിത്യ പ്രതിഭ ആയിരുന്നു. ഗള്‍ഫ് ജീവിതവും ഐപിഎല്‍ കമ്പവും എല്ലാം കഴിഞ്ഞ് ജനസേവനം ചെയ്യണമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അതിനു കണ്ടെത്തിയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ ആയിരുന്നു എന്നത് കേവലം യാദൃച്ഛികം ആയിരിക്കാം. കോണ്‍ഗ്രസ് നേതാവായി ഇരിക്കെ തന്നെ ചില സന്നിഗ്ധ ഘട്ടങ്ങളില്‍ ബിജെപിയോടും അദ്ദേഹം സൗമ്യഭാവം കാണിക്കുവാന്‍ തുടങ്ങി എന്നതും യാദൃച്ഛികം ആയിരിക്കാം! സ്വഛ ഭാരത് കോലാഹലങ്ങളുമായി നരേന്ദ്ര മോഡി വന്നപ്പോള്‍ ആവേശഭരിതനായി ചൂലെടുക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. പിന്നീട് അദ്ദേഹത്തെ കാണുന്നത് മതേതരത്വം, മത രാഷ്ട്രവാദം തുടങ്ങിയ ഗഹനങ്ങളായ വിഷയങ്ങളില്‍ ഇടപെടുന്ന താത്വിക പരിവേഷമുള്ള കോണ്‍ഗ്രസ് നേതാവായിട്ടാണ്. അതുകൊണ്ടായിരിക്കാം രാഹുലിന്റെ വയനാടന്‍ വരവിനെപറ്റി ന്യായീകരിക്കാന്‍ തിരക്കുകള്‍ക്കിടയിലും അദ്ദേഹം നേരം കണ്ടെത്തിയത്.

‘രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍’ എന്ന തലക്കെട്ടില്‍ ഈ ലേഖകന്‍ മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതിയിരുന്നു. രാഹുലിന്റെ വരവിനെ സംബന്ധിച്ച ഇടതുപക്ഷ വിമര്‍ശനമായിരുന്നു അതിലെ പ്രതിപാദ്യം. ‘രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം പറയുന്നത് ’ എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ തന്നെ ശശി തരൂര്‍ എഴുതിക്കണ്ടപ്പോള്‍ ഞാനുന്നയിച്ച വാദങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്റെ മറുപടി അതില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. ഒരു പക്ഷേ ആ ലേഖനം അതേ തോന്നലോടെ മറ്റു പലരും വായിച്ചിരിക്കാം. എന്നാല്‍ അവരെയെല്ലാം ശശി തരൂര്‍ നിരാശപ്പെടുത്തി. മതേതരത്വവും മത രാഷ്ട്രവാദവും തമ്മിലുള്ള സമരത്തെ ഗൗരവമായി കാണുന്നവര്‍ക്കു മുമ്പില്‍ ഒന്നും പറയുന്നില്ല, ആ ലേഖനം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനെ ബാധിച്ച ആശയ പ്രതിസന്ധിയുടെ ഭാഗമാണ്. ആ പ്രതിസന്ധി മൂലമാണ് ശത്രുവാര് മിത്രമാര് എന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നത്. അതു കൊണ്ട് തന്നെയാണ് ബിജെപിയോട് അങ്കം കുറിക്കുന്നതിനു പകരം ഇടതുപക്ഷത്തോട് യുദ്ധം ചെയ്യാന്‍ രാഹുല്‍ ഗാന്ധി പുറപ്പെട്ടത്. ചരടു പൊട്ടിയ പട്ടം പോലെ ഉഴറുന്ന കോണ്‍ഗ്രസിന് മുഖ്യ ശത്രു ആരെന്ന് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. ഇന്നത്തെ സമരത്തിന്റെ മുഖ്യ ഭൂമിക ഹൃദയ ഭൂമിയായ വടക്കേ ഇന്ത്യ ആണെന്ന സത്യം അവര്‍ മറന്നു പോയി. ബിജെപിക്കെതിരെ പട നയിക്കാന്‍ ദക്ഷിണേന്ത്യയിലേക്ക് പുറപ്പെട്ടതാണ് കോണ്‍ഗ്രസ്. അതിന്റെ പ്രസിഡന്റ് മത്സരിക്കുന്നതാകട്ടെ ബിജെപിക്ക് സ്ഥാനാര്‍ഥി പോലും ഇല്ലാത്ത വയനാട്ടില്‍! ഈ പശ്ചാത്തലത്തിലാണ് ഒന്നും രണ്ടും യുപിഎ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള അന്തരം ഞാന്‍ ചര്‍ച്ച ചെയ്തത്. ഒരു തൂക്കു പാര്‍ലമെന്റ് വന്നാല്‍ ബിജെപിയിലേക്ക് പോകില്ല എന്നുറപ്പുള്ള എത്ര കോണ്‍ഗ്രസ് എംപിമാര്‍ ഉണ്ടാകും എന്ന ചോദ്യവും ഞാന്‍ ഉന്നയിച്ചിരുന്നു. നെഹ്‌റുവിയന്‍ ദര്‍ശനങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് ഇടതുപക്ഷ വിരോധത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. ആ നിലപാട് എല്ലാ മത തീവ്രവാദികള്‍ക്കും കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കും സന്തോഷം ഉണ്ടാക്കുന്നതാണ്. പാര്‍ലമെന്റിലും ഭരണത്തിലും ഇടതുപക്ഷ സ്വാധീനം ഉണ്ടാകുന്നതിനെ അവര്‍ ഭയപ്പെടുന്നു. ആ ഭയപ്പാടിന്റെ കാരണം ഒന്നും രണ്ടും യുപിഎ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള വ്യത്യാസത്തില്‍ പ്രകടമാണ്. ഇത്തരം ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ്, ഇടതുപക്ഷത്തെ എതിര്‍ക്കാനുള്ള രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിനെ ഞാന്‍ വിമര്‍ശിച്ചത്. ശശി തരൂരിന്റെ ലേഖനത്തില്‍ മൂര്‍ത്തമായ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഉണ്ടായിരുന്നില്ല. പകരം അദ്ദേഹം പറഞ്ഞത് ദക്ഷിണേന്ത്യയെ രക്ഷിക്കാനുള്ള രാഹുലിന്റെ തീവ്ര വ്യഗ്രതയെ പറ്റിയാണ്. 2011 ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തി ദേശീയ വിഹിതം പങ്കുവയ്ക്കുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ചും അദ്ദേഹം വേദനിക്കുന്നുണ്ട്. ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കും നടുവില്‍ ഒരു കണ്ണിയായി രാഹുല്‍ വര്‍ത്തിക്കുമെന്നും ദക്ഷിണേന്ത്യക്കാര്‍ക്ക് അദ്ദേഹം ആത്മ വിശ്വാസം പകരുമെന്നും ശശി തരൂര്‍ വാദിക്കുന്നു.

മതനിരപേക്ഷതയും ദേശീയ ഐക്യവും ഭക്ഷണ രീതി അടക്കമുള്ള കാര്യങ്ങളുടെ വൈവിധ്യവും എല്ലാം ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. ഈ വെല്ലുവിളിയുടെ ഉറവിടം സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമാണ്. ദക്ഷിണേന്ത്യയില്‍ അതിന്റെ ശക്തികേന്ദ്രം കര്‍ണാടകമാണെന്ന് കോണ്‍ഗ്രസ് എന്തുകൊണ്ട് കാണുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രത്തോടും രാഷ്ട്രീയത്തോടും സമരം ചെയ്യുന്നതിന് പകരം ഇടതുപക്ഷത്തോട് യുദ്ധം ചെയ്യുന്നതിന്റെ രാഷ്ട്രീയ പാപ്പരത്തം കോണ്‍ഗ്രസ് മനസിലാക്കാത്തത് എന്താണ്? ഉത്തരങ്ങള്‍ നിര്‍ബന്ധമായും ലഭിക്കേണ്ടുന്ന ഇത്തരം സമൂര്‍ത്തമായ ചോദ്യങ്ങളില്‍ നിന്നാണ് ശശി തരൂര്‍ കുതറി മാറാന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിക്കു വേണ്ടി എന്തൊക്കെയോ ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനുള്ള പരക്കം പാച്ചില്‍ മാത്രമായി ശശി തരൂരിന്റെ ലേഖനം ചുരുങ്ങി പോകാന്‍ കാരണമതാണ്.

തെരഞ്ഞെടുപ്പിന്റെ ചൂടും വെപ്രാളവും എല്ലാം ഉണ്ടെങ്കിലും തന്റെ ലേഖനം ഒരാവര്‍ത്തി കൂടെ വായിക്കാന്‍ ശശി തരൂര്‍ സമയം കണ്ടെത്തുമോ? എങ്കില്‍ ആ ലേഖനത്തിന്റെ ഉള്‍ക്കാമ്പില്ലായ്മ അദ്ദേഹത്തിന് ബോധ്യപ്പെട്ടേക്കാം. രാജ്യം വിഴുങ്ങാന്‍ ഓടിയടുക്കുന്ന ഫാസിസ്റ്റ് വിപത്തിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് കാണിക്കുന്ന ധൈര്യമില്ലായ്മ ആണ് ഞങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തിന്റെ കാതല്‍. വലിയ വലിയ കാര്യങ്ങള്‍ പറയുന്നു എന്ന് ഭാവിച്ചു കൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കാന്‍ രാഹുല്‍ വരുന്നതിന്റെ അര്‍ത്ഥം ബിജെപിയോട് ഏറ്റുമുട്ടാന്‍ അവര്‍ സന്നദ്ധമല്ല എന്നതാണ്. ഇടതുപക്ഷ വിരോധം തലയ്ക്കു പിടിക്കുന്നവര്‍ ബിജെപിയുമായി കൈകോര്‍ത്ത് പിടിക്കും എന്നത് ഇന്നത്തെ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിണിതിയാണ്. കേരളത്തിലെ കോണ്‍ഗ്രസും അതിനപവാദമല്ല. മുമ്പ് പലപ്പോഴും ഇവിടെ സംഭവിച്ചിട്ടുള്ള പോലെ ബിജെപിയുമായി സഖ്യം ചെയ്യാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്. ദിനങ്ങള്‍ ചെല്ലുന്തോറും കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളില്‍ നിന്നും ബിജെപി ഒഴിവാക്കപ്പെടുന്നു. അവരുടെ ഫാസിസ്റ്റ് നയങ്ങളെ പറ്റി കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു. ഇടതുപക്ഷമാണ് തങ്ങളുടെ ശത്രു എന്ന് ഒളിഞ്ഞും തെളിഞ്ഞും അവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുന്ന ഈ രാഷ്ട്രീയ നെറികേടിന്റെ മധ്യസ്ഥനാകാന്‍ രാഹുല്‍ ഗാന്ധിയെ തന്നെ കേരളത്തിലേക്ക് ബലം പിടിച്ച് അവര്‍ കൊണ്ടുവന്നു. ബിജെപിയെ വിട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുമ്പോള്‍, ഇന്ത്യയിലെമ്പാടുമുള്ള മതേതര പുരോഗമന വിശ്വാസികളില്‍ അതുളവാക്കുന്ന പ്രതികരണത്തെ പറ്റി ചിന്തിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാജ്യതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അകപ്പെട്ട കെണിയാണ്. ആ കെണിയില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ നൂറു ശശി തരൂറുമാര്‍ ലേഖനം എഴുതിയാലും കഴിയില്ല. 2004ല്‍ തെരഞ്ഞെടുപ്പിന് മുമ്പ് യുപിഎക്ക് ഇടതുപക്ഷം പിന്തുണ നല്‍കി എന്നൊക്കെയാണ് പണ്ഡിതനായ തരൂര്‍ എഴുതി വച്ചിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന അേദ്ദഹത്തിന്റെ ചരിത്ര ജ്ഞാനം ഇത്രയും ദുര്‍ബലമാണോ? 2004ല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഭരണം പിടിക്കാതിരിക്കാന്‍ ഇടതുപക്ഷം യുപിഎക്ക് പിന്തുണ നല്‍കി എന്നതാണ് ശരി. അത് മുമ്പാണ് എന്ന് വാദിക്കുന്നത് ഒരു തരം സ്ഥല ജല വിഭ്രാന്തി അല്ലെങ്കില്‍ മറ്റെന്താണ്. 2004ലും 2019 ലും ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രു ആര്‍എസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ബിജെപിയാണ്. 2004ല്‍ നിന്നും 2019 ആകുമ്പോള്‍ ആ പ്രത്യയശാസ്ത്രം കൂടുതല്‍ അക്രമാസക്തം ആയിരിക്കുന്നു. അതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ ഗൗരവമേറിയതാകുന്നു. അതു മനസിലാക്കാന്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ ദയനീയ മുഖമാണ് ശശി തരൂരിന്റെ ലേഖനത്തില്‍ പ്രകടമാകുന്നത്. പ്രസ്തുത ലേഖനമെഴുതാന്‍ സമയം മാറ്റിവച്ചതിനെ ചൊല്ലി അദ്ദേഹത്തിന് മനസ്താപമുണ്ടാകേണ്ടതില്ല. ബിജെപി പ്രതിനിധീകരിക്കുന്ന ആര്‍എസ്എസ് ഫാസിസത്തോട് കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൃദു സമീപനത്തിന്റെ വിളംബര പത്രികയായി സംഘപരിവാര്‍ അതിനെ കണ്ടു കൊള്ളും. ആ സമീപനം നാടിന് നാശമുണ്ടാക്കുമെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസ് അനുഭാവികള്‍ എന്ത് ചെയ്യുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.