October 1, 2022 Saturday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

മായുകയില്ല ഈ പാടും നിലാവ്

സ്വന്തം ലേഖിക
September 26, 2020 5:30 am

സ്വന്തം ലേഖിക

ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം, എസ് പി ബി എന്ന ചുരു­ക്ക­പ്പേ­രിൽ അറിയപ്പെടാൻ തുടങ്ങി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത എസ് പി ബിയുടെ ശബ്ദമാധുര്യവും അതി­ലെ സൗന്ദര്യ­വും ഹൃദയങ്ങളെയാകെ കീ­ഴ­ടക്കി. പിന്നെ ‘പാടും നില’ എന്നായി ആരാധകലോകം എസ് പി ബിയെ വിശേ­ഷി­പ്പിച്ചത്. പാടുന്ന നിലാവ് എന്നാണ് അതിനർത്ഥം. സ്കൂളിലും ഗാനമേളകളിലും സജീവ ഗായകനായിരുന്നു എസ് പി ബി. ഗാനമേളകളിൽ തിളങ്ങിനിന്നിരുന്ന എസ് പി ബി സിനിമയിൽ പിന്നിണി പാടാൻ അവസരം ചോദിച്ച് നിരവധി സംഗീത സംവിധായകരെ സമീപിച്ചിരുന്നു.

പി ബി ശ്രീനിവാസ് പാടിയ ‘നിലാവേ എന്നിടം നെരുങ്കതേ’ എന്ന പാട്ടാണ് ഓഡിഷനുവേണ്ടി ആദ്യമായി പാടിയ ഗാനം. പിന്നീട് 1966 ഡിസംബർ 15ന് ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്കു ചിത്രത്തിൽ പാടി സിനിമ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. ബാലസുബ്രഹ്മണ്യത്തിന്റെ പിതാവ് എസ് പി സംബമൂർത്തി ഹരികഥാ കലാകാരനായിരുന്നു. ശകുന്തളാമ്മയായിരുന്നു മാതാവ്. ഗായിക എസ് പി ഷൈലജ ഉൾപ്പെടെ അഞ്ച് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണ് അദ്ദേഹത്തിനുള്ളത്. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ബാല­സുബ്രഹ്മണ്യം ഒരു എൻജിനീയർ ആവണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അനന്തപൂരിലെ എൻജിനീയറിങ് കോളജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് എസ് പി ബി ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സിൽ പ്രവേശനം നേടി.

എന്നാ­ൽ പിന്നീട് സഗീതരംഗത്തേയ്ക്ക് തിരിയുകയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട പിന്നണി ഗാനാലാ­പനത്തിനിടയിൽ 40,000ത്തിൽ പരം ഗാനങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്. ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയതിനുള്ള ഗിന്നസ് ലോക റെക്കോഡും അദ്ദേഹം സ്വന്തമാക്കി. തിരക്കുള്ള സംഗീത ജീവിതത്തിനിടയിൽ ഒരു വർഷം ആയിരത്തോളം പാട്ടുകൾ എസ് പി ബി പാടിയിരുന്നു. ഒരു ദിവസം മൂന്ന് പാട്ടുകൾ വരെ അദ്ദേഹം പാടി. ഇതോടൊപ്പം നിരവധി പുരസ്കാരങ്ങളും എസ് പി ബി സ്വന്തമാക്കി. നാല് വിവിധ ഭാഷകളിലെ ഗാനങ്ങൾക്ക് ആറ് ദേശീയ പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. 2001ൽ പദ്മശ്രീയും 2011ൽ പദ്മ വിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കന്നഡ സംഗീത സംവിധായകനായ ഉപേന്ദർ കുമാറിനുവേണ്ടി 12 മണിക്കൂറിൽ 21 പാട്ടുകൾ പാടിയും അദ്ദേഹം റെക്കോഡിട്ടു. ഒരു ദിവസം തമിഴിൽ 19 ഗാനങ്ങളും ഹിന്ദിയിൽ 16 ഗാനങ്ങളും പാടിയിട്ടുണ്ട്. വിദേശ ഭാഷകളുൾപ്പെടെ 16 ഭാഷകളിലുള്ള പാട്ടുകളാണ് എസ് പി ബാലസുബ്രഹ്മണ്യം ആസ്വാദക ഹൃദയങ്ങളിൽ എത്തിച്ചത്. 1979ലെ സ്വർണ്ണകമലം പുരസ്കാരം നേടിയ സംഗീതപ്രധാനമായ ചലചിത്രം ശങ്കരാഭരണമാണ് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തത്.

കർണാടക സംഗീതം അഭ്യസിക്കാത്ത ഒരു ഗായകൻ ഇത്തരത്തിലുള്ളൊരു സിനിമയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കി എന്നത് മാത്രംമതി എസ്‌ പി ബി എന്ന അത്ഭുത ഗായകന്റെ മാറ്ററിയാൻ. ഗായകനുപുറമെ നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ് പി ബി ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. 1990ൽ ഇറങ്ങിയ കേളടി കൺമണി എന്ന ചിത്രത്തിലാണ് എസ്‌ പി ബി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനത്തിലെ ചരണം ഇടർച്ചയില്ലാതെ എസ്‌ പി ബി പാടിത്തീർത്തത് ആസ്വാദകർക്ക് ഇന്നും ഒരത്ഭുതമാണ്. 1993ലെ തിരുട തിരുട, 1994ലെ കാതലൻ, 1996ലെ ഉൽസാഹം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. തെലുങ്ക്, കന്നഡ, തമിഴ് ഉൾപ്പെടെ 72 ലധികം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. യാദൃശ്ചികമായാണ് എസ് പി ബി ഡബ്ബിംഗ് രംഗത്തേയ്ക്ക് കടന്നുവന്നത്. കെ ബാലചന്ദറിന്റെ മൻമഥ ലീലൈ എന്ന് ചിത്രത്തിലാണ് ആദ്യം ഡബ്ബ് ചെയ്തത്. നടൻ കമൽ ഹാസനു വേണ്ടിയായിരുന്നു ശബ്ദം നൽകിയത്.

അനിൽ കപൂർ, ഗിരീഷ് കർണാട്, രജനികാന്ത്, നാഗേഷ് തുടങ്ങി നിരവധി നടന്മാർക്കുവേണ്ടി അദ്ദേഹം ശബ്ദം നൽകി. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി. അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2012 ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്ക് ശബ്ദം നൽകി. ബെൻ കിംഗ്സ്‌ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു. ജീവിതത്തെ വളരെ അധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു എസ് പി ബി. ഒരിക്കലും മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.