12 April 2024, Friday

വിശ്വ മാനവികതയുടെ മഹാഗുരു

പ്രൊഫ. എം കെ സാനു
September 21, 2021 4:35 am

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിക്ക് ഇന്ന് 93 വർഷം പിന്നിടുന്നു. പൊതുജീവിതത്തിലെ പരിശുദ്ധി, ജനാധിപത്യബോധം, മതമൈത്രി, സ്ത്രീസ്വാതന്ത്ര്യം, പ്രകൃതി സംരക്ഷണം എന്നിങ്ങനെ ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്ന പ്രമേയങ്ങൾ സ്വന്തം കർമ്മങ്ങളുടെ അവിഭാജ്യ ഘടകമാക്കിത്തീർത്ത ഗുരുദേവന്റെ പ്രസക്തി ഇന്നെന്നല്ല, എക്കാലത്തും പ്രകാശം പരത്തി നിലനിൽക്കുക തന്നെ ചെയ്യും.

നീണ്ട 50 വർഷമാണ് ശ്രീനാരായണഗുരു പൊതുജീവിതം തുടർന്നത്. 1878 മുതൽ‍ 1928 ൽ സമാധിയാകുന്നതുവരെ. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഏകദേശം പത്ത് വർഷം മുമ്പ് മുതൽ ഗുരുവിനെ എപ്പോഴും ആളുകൾ വലയം ചെയ്തിരുന്നു. ആരാധകർ, ശിഷ്യന്മാർ, സന്ദർശകർ, സംശയാലുക്കൾ… എന്നിങ്ങനെ പലരും വലയം ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒരാൾക്കുപോലും ആ മഹദ് ജീവിതത്തിൽ ഒരു കളങ്കം കണ്ടെത്താൻ സാധിച്ചിട്ടില്ല. അത്ര സംശുദ്ധമായ ജീവിതമാണ് പൊതുജനമധ്യത്തിൽ സ്വാമി കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ ആദർശം അതായിരുന്നു. ത്യാഗബുദ്ധി ഇല്ലാത്തവർ പൊതുപ്രവർത്തനത്തിന് മുതിരാൻ പാടില്ല എന്ന് ആദർശം. ഷഷ്ഠിപൂർത്തി വേളയിൽ ഗുരുവിനെക്കുറിച്ച് കുമാരനാശാൻ എഴുതിയ കവിതയിൽ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
“അന്യർക്ക് ഗുണം ചെയ്‌വതിന് ആയുസു വപുസും
ധന്യത്വമോടങ്ങ് ആത്മതപസും ബലി ചെയ്‌വു”
ഈ രണ്ടു വരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
ഒരിക്കൽ ശിവഗിരി ആശ്രമത്തിൽവെച്ച് പണത്തിന്റെ കാര്യത്തിൽ കുഴപ്പം കാണിച്ച ഒരു ശിഷ്യനെ അദ്ദേഹം പിരിച്ചുവിട്ട കാര്യം പ്രസിദ്ധമാണ്. ബ്രഹ്മചാരിയെന്നാണ് ആ ശിഷ്യനെ വിളിച്ചു പോന്നത്. ഗുരു അദ്ദേഹത്തോട് പറഞ്ഞ വാക്കുകൾ ഇതാണ്. “ബ്രഹ്മം ഇവിടെ വെച്ചിട്ട് ചാരിക്ക് പോകാം”. ഏതു പ്രവർത്തനങ്ങളിൽ നിന്നും ഗുരു സുതാര്യമായ സമീപനം എന്നും പ്രതീക്ഷിച്ചിരുന്നു. കുമാരനാശാൻ, ഡോ. പല്‍പ്പു മിതവാദി സി കൃഷ്ണൻ തുടങ്ങിയവരിലെല്ലാം ഈ ഗുണം എപ്പോഴും തിളങ്ങി നിന്നിരുന്നു.

 


ഇതുകൂടി വായിക്കു: ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


 

രണ്ടാമതായി, സംഘടനാ പ്രവർത്തനത്തിൽ അദ്ദേഹം നിഷ്കർഷിച്ചത് ജനാധിപത്യ ബോധമാണ്. അദ്ദേഹത്തിന്റെ അനുയായികൾ വിഭിന്നങ്ങളായ അഭിപ്രായങ്ങളാണ് പുലർത്തിയിരുന്നത്. ഈഴവർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കണമെന്ന ദൃഢമായ അഭിപ്രായമാണ് മിതവാദി സി കൃഷ്ണനുണ്ടായിരുന്നത്. ഹിന്ദുമതം ഒരു കാലത്തും ഉപേക്ഷിക്കാൻ പാടില്ലെന്ന നിലപാടാണ് കുമാരനാശാൻ സ്വീകരിച്ചത്. മതത്തിലെ വൈകൃതങ്ങൾ ദൂരീകരിക്കാൻ മാത്രമേ ശ്രമിക്കേണ്ടതുള്ളു. ജാതിയോ മതമോ ദൈവമോ വേണ്ടെന്നായിരുന്നു സഹോദരൻ അയ്യപ്പന്റെ അഭിപ്രായം. എന്നാൽ ഗുരുവിന്റെ കുടക്കീഴിലെത്തുമ്പോൾ അവർ ഒരേ അഭിപ്രായക്കാരായി മാറും. ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ. അഭിപ്രായങ്ങൾ ഉപേക്ഷിച്ചെന്നല്ല, അഭിപ്രായങ്ങൾക്കതീതമായി പൊതുജനഹിതാർത്ഥം യോജിക്കാൻ അവർ സന്നദ്ധരാകുന്നു എന്നർത്ഥം. എക്കാലത്തും അവർ ആ മനോഭാവം കാത്തു സൂക്ഷിക്കുക തന്നെ ചെയ്തു. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അംഗങ്ങളുടെ ഹിതമനുസരിച്ച് ഭാരവാഹികൾ വരണമെന്നുമുള്ള കാര്യങ്ങളിൽ പോലും ഗുരു വിട്ടുവീഴ്ച ചെയ്തിരുന്നില്ല.

ഒരു സമുദായക്കാരുടെ സംഘടന എന്ന നിലയിൽ നിന്ന് എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സംഘടനയാക്കി എസ്എൻഡിപി യോഗം സേവനം തുടരേണ്ടതാണെന്ന അഭിപ്രായവും ഗുരു എപ്പോഴും അനുയായികളുടെ മുമ്പാകെ സമർപ്പിച്ചുകൊണ്ടിരുന്നു. അതിലുറച്ച് നിൽക്കാതെ ജാത്യാഭിമാനം കാണിക്കാൻ നേതാക്കളിൽ ചിലരെങ്കിലും മുതിർന്നപ്പോഴാണ് “നമുക്ക് ജാതിയോ മതമോ ഇല്ല ” എന്ന പ്രഖ്യാപനം അദ്ദേഹം പരസ്യപ്പെടുത്തിയത്. ജാതിയില്ലാ വിളംബരം എന്നാണ് ഇത് അറിയപ്പെടുന്നത്. പിന്നെയും ജാതിബോധത്തിന്റെ സങ്കുചിതത്വം പ്രത്യക്ഷമായപ്പോൾ അദ്ദേഹം (ഗുരു തന്നെ) ശിഷ്യനായ മൂർക്കോത്ത് കുമാരനെ കൊണ്ട് ഒരു പൊതുയോഗം 1921 ൽ കൊല്ലത്തിനടുത്ത് പ്രാക്കുളത്ത് വിളിച്ചുകൂട്ടി. ഗുരുവിന്റെ നിർദ്ദേശപ്രകാരം യോഗം എന്ന കാരണത്താൽ എല്ലാ നേതാക്കളും അവിടെ സന്നിഹിതരായി. ഗുരുവിന്റെ നിർദ്ദേശം അനുസരിച്ച്, ഒരേ ഒരു വാക്യമുള്ള പ്രമേയം സഹോദരൻ അയ്യപ്പൻ അവിടെ അവതരിപ്പിച്ചു. സി വി കുഞ്ഞുരാമൻ, കുമാരനാശാൻ, മൂർക്കോത്ത് കുമാരൻ എന്നിങ്ങനെയുള്ളവരെല്ലാം പങ്കെടുത്ത ആ യോഗം പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.
“ജാതി മത ഭേദം കൂടാതെ എല്ലാവരെയും എസ്എൻഡിപി യോഗത്തിൽ അംഗങ്ങളാക്കി ചേർക്കേണ്ടതാണ്” എന്നതായിരുന്നു ആ പ്രമേയം.

അന്ന് തന്നെ തങ്ങൾകുഞ്ഞ് മുസ്‌ലിയാർ, മന്നത്ത് പത്മനാഭൻ, യുക്തിവാദി എം സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവർക്കൊക്കെ അംഗത്വം നൽകുകയും ചെയ്തു. എൻഎസ്എസ് മുഖപത്രമായ ‘സർവീസ്’ ഈ പ്രമേയം ഉദ്ധരിക്കുകയും പ്രത്യേകമായി അതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു എന്നത് സ്മരണീയമാണ്. 1928ൽ അവസാനമായി ടി കെ മാധവൻ പള്ളാത്തുരുത്തിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലും ഗുരു ഊന്നിപ്പറഞ്ഞത് സമുദായസംഘടന എന്നതിനേക്കാളുപരിയായി മനുഷ്യസേവനത്തിനുള്ള സംഘടനയായി എസ്എൻഡിപി യോഗത്തെ വിപുലീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യണമെന്നായിരുന്നു.

 


ഇതുകൂടി വായിക്കു:ശ്രീനാരായണ ഗുരു ജയന്തി ലോകമെമ്പാടും ആഘോഷിച്ചു


 

ചിന്താവിഷ്ടയായ സീത പറഞ്ഞതുപോലെ തന്നെ നാടു കടത്തുകയും തന്റെ പ്രതിമ വച്ചുപൂജിക്കുകയും ചെയ്യുന്ന ഒരുവസ്ഥയാണ് ഗുരുവിന്റെ കാര്യത്തിൽ ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. സ്വാമിയെക്കുറിച്ചുള്ള വളരെ പവിത്രമായ സ്മരണകളാണ് എന്റെ മനസിൽ ഇന്നും തിളങ്ങി നിൽക്കുന്നത്. ഞാൻ ജനിച്ച ആലപ്പുഴ തുമ്പോളിയിലെ മംഗലത്ത് വീട്ടിൽ ഗുരുദേവൻ രണ്ടു പ്രാവശ്യം സന്ദർശനം നടത്തിയിട്ടുണ്ട്. ഗുരുദേവൻ അന്ന് ഇരുന്ന മുറിയിൽ പിന്നീട് എല്ലാ ദിവസവും അമ്മയും മറ്റുള്ളവരും നിലവിളക്ക് കൊളുത്തി വയ്ക്കുമായിരുന്നു. അത്രകണ്ട് ആരാധനയും ബഹുമാനവും കണ്ടാണ് ഞാൻ വളർന്നത്.

ജാതിമത സ്പർധകൾ ആർക്കും ഊഹിക്കാൻ സാധിക്കാത്ത വിധത്തിൽ തീവ്രവും വിദ്വേഷ ജഢിലവും അക്രമാസക്തവുമായി വളരാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ ഒരു സാന്ത്വന സ്പർശമായാണ് കേരളീയാന്തരീക്ഷത്തിൽ ഗുരുദേവ സന്ദേശങ്ങൾ നമുക്ക് അനുഭവപ്പെടുന്നത്.
“കർമ്മങ്ങളിലാണ് ഭക്തിഭാവം പ്രത്യക്ഷമാകേണ്ടത്,
വാക്കുകളിലല്ല.
മൗലീകമായി നോക്കുമ്പോൾ മനുഷ്യന്റെ ജാതി (മതവും)
മനുഷ്യത്വം എന്ന മഹനീയ ഗുണം മാത്രം.”
മനുഷ്യത്വം, അതുമാത്രമാണ് മഹനീയമെന്ന ഗുരുദേവന്റെ ഈ വാക്കുകൾ ഇന്നും എന്നും ഏറെ പ്രസക്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.