വി ശിവന്‍കുട്ടി

പൊതു വിദ്യാഭ്യാസമന്ത്രി

July 15, 2021, 4:30 am

എസ്എസ്എൽസി അത്യുജ്ജ്വലവിജയം; കുട്ടികൾക്ക് ബിഗ്സല്യൂട്ട്

Janayugom Online

സ്എസ്എൽസി ഫലം പുറത്തു വന്നു കഴിഞ്ഞു. ചരിത്ര വിജയമാണ് കേരളത്തിലെ കുട്ടികൾ കൈവരിച്ചിരിക്കുന്നത്. കുട്ടികൾക്ക് എന്റെ ബിഗ് സല്യൂട്ട്. കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങളുടെ പഠനപ്രക്രിയ മുടങ്ങരുത് എന്ന് ഇടതുപക്ഷ സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികളെ തുടർ വിലയിരുത്തലുകളിലൂടെ കടന്നുപോകാനും സംവിധാനം ഒരുക്കിയത്.

മറ്റിടങ്ങളിൽ വിലയിരുത്തലുകൾ ഇല്ലാതെ ക്ലാസുകളിൽ സ്ഥാനക്കയറ്റം നൽകുന്ന സാഹചര്യം നിലനിൽക്കെ തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മേൽക്കൈ കോവിഡ് കാലത്തെ വിലയിരുത്തലുകളിലും വേണമെന്ന് നമ്മൾ തീരുമാനിച്ചത്. എസ്എസ്എൽസി പരീക്ഷ നടത്തുന്നതിനെതിരെ വിമർശനങ്ങൾ വന്നപ്പോഴും ദേശീയ, രാജ്യാന്തര വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുട്ടികളുടെ സർട്ടിഫിക്കറ്റിന് മൂല്യം ഉറപ്പാക്കാൻ ആണ് നാം പരീക്ഷ നടത്തിയത്.

മികച്ച വിജയശതമാനം ആണ് ഇത്തവണത്തേത്. വിഷയങ്ങളിൽ ഫോക്കസ് ഏരിയ നിശ്ചയിക്കുകയും ഗുണനിലവാര മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് വിലയിരുത്തലുകൾ നടത്തി അതിന്റെ ഫലം പ്രഖ്യാപിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ വർധനവ് 0.65 ശതമാനമാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മുൻ വർഷം 41,906 ആണെങ്കിൽ ഈ വർഷം 1,21,318 ആണ്. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫലം വ്യക്തമാക്കുന്നു. ശീലമില്ലാത്ത മഹാമാരിക്കാലത്ത് നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് പഠന പ്രക്രിയയിൽ പങ്കാളികളായ വിദ്യാർത്ഥികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

കേരളത്തിലെ രക്ഷിതാക്കൾ ലോകത്തിനു തന്നെ ഇക്കാര്യത്തിൽ മാതൃകയാണ്. കളിചിരിയും സ്കൂൾ അന്തരീക്ഷവും ഇല്ലാതെ ഒറ്റപ്പെടലിന്റെ വേദനയിലേക്ക് ആണ്ടുപോകുമായിരുന്ന കുഞ്ഞുങ്ങളെ അവർ ചേർത്തുപിടിച്ചു. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്തുമാകട്ടെ കുഞ്ഞുങ്ങളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ കൂടെനിന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക് നിർഭയരായി ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ ആയി. കോവിഡ് കാലത്തും വിദ്യാഭ്യാസ രംഗത്തെ മേൽക്കൈ കേരളത്തിന് നിലനിർത്താനായി എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അറിവ് പ്രധാനമായ ലോകക്രമത്തിൽ നിലവാരമുള്ള പഠന സർട്ടിഫിക്കറ്റുകൾ ഉള്ളവരാണ് കേരളത്തിലെ കുട്ടികൾ. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾ പഠന വഴിയിൽ കൂടുതൽ ഉന്നതിയിലേക്ക് നീങ്ങാനുള്ള ശ്രമമാണ് നടത്തേണ്ടത്. അവർക്ക് എല്ലാവിധ ആശംസകളും.

ഈ കടമ്പ കടക്കാൻ ആകാത്ത വിദ്യാർത്ഥികൾ സേ പരീക്ഷയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. പരീക്ഷാവിജയം മാത്രമല്ല ജീവിത വിജയം. അതുകൊണ്ടുതന്നെ നിരാശരാവരുത്. എന്നാൽ പഠന പാതയിൽനിന്ന് അകന്നുപോകുകയും അരുത്. കൂടുതൽ ആത്മവിശ്വാസത്തോടെ ഇനിയും പരീക്ഷകളെ നേരിടണം. എന്റെ എല്ലാവിധ ആശംസകളും. കോവിഡ് കാലത്ത് വിദ്യാഭ്യാസ വകുപ്പിന് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നു. ഒപ്പം ഈ ഉദ്യമം ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ അധ്യാപകരോടും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോടും എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ കാലവും കടന്നുപോകും. മനുഷ്യൻ സാധാരണ പോലെ ജീവിക്കുന്ന കാലം വരും. ആ കാലത്ത് നമ്മൾ ഓർമ്മിക്കപ്പെടുന്നത് മഹാമാരിക്കാലത്തും നിശ്ചയദാർഢ്യത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിയ ജനത എന്ന പേരിലാകും. കോവിഡ് കാലത്തും തലയുയർത്തിപ്പിടിച്ചു മലയാളി എന്ന് കാലം പറയും. ആ കാലത്ത് ജീവിച്ചിരുന്നവർ ആയി ചരിത്രം നമ്മളെ രേഖപ്പെടുത്തും.