വത്സന്‍ രാമംകുളത്ത്

July 06, 2021, 4:15 am

പകല്‍വെളിച്ചത്തിലെ കൊലപാതകം

Janayugom Online

1818 ജനുവരി ഒന്ന്. മറാത്ത രാജാവ് പെഷ്‌വ ബാജിറാവുവിന്റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ കൊറേഗാവില്‍ ഏറ്റുമുട്ടി. മറാത്തകള്‍ക്കൊപ്പം വൈദേശിക ശക്തികള്‍ക്കെതിരെ പൊരുതാന്‍ തയ്യാറായ ഒരുകൂട്ടം ഭീമ‑കൊറേഗാവിലുണ്ടായിരുന്നു. അവിടുത്തെ ദളിത് വിഭാഗത്തില്‍പ്പെട്ട മഹര്‍ സമുദായാംഗങ്ങള്‍. ജാതിയില്‍ താഴ്‌ന്നവര്‍ എന്ന ഒറ്റക്കാരണത്താല്‍ ആ പോരാളികള്‍ക്ക് മാറിനില്‍ക്കേണ്ടിവന്നു. മറാത്തകള്‍ക്കൊപ്പം പോരാടാനുള്ള യോഗ്യതയും കഴിവും ഇല്ല എന്നായിരുന്നു ജാതിവെറിയന്മാരുടെ മറുപടി. മഹര്‍ പോരാളികള്‍ എന്നറിയപ്പെട്ട അവരുടെ മനസ് അതോടെ ജാതിവിവേചനത്തിനെതിരായി. 

തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെ അന്ന് അവര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ ചേരുകയും ബ്രിട്ടീഷ്-മഹര്‍ സൈന്യം തന്നെ രൂപീകരിക്കുകയും ചെയ്തു. ആദ്യ യുദ്ധത്തില്‍ത്തന്നെ മറാത്ത സൈന്യം മഹര്‍ പോരാളികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി. സൈനിക വിജയത്തേക്കാള്‍ ജാതി വിവേചനത്തിനെതിരായ വിജയമായി മഹര്‍ സമുദായം അതിനെ ഇന്നും വിലയിരുത്തുന്നു. ചരിത്ര യുദ്ധത്തില്‍ വീരമൃത്യുവരിച്ച ദളിത് പട്ടാളക്കാര്‍ക്കായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭീമ‑കൊറേഗാവില്‍ യുദ്ധസ്മാരകവും പണിതീര്‍ത്തു. എല്ലാ ജനുവരി ഒന്നിനും യുദ്ധവിജയത്തിന്റെയും ജാതി വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും സ്മരണയും പുതുക്കുന്നു. 1927ല്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഭീമ‑കൊറേഗാവ് സന്ദര്‍ശിച്ചതോടെ സ്മാരകത്തിന്റെ ശ്രദ്ധയേറി. 

2018 ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ആഘോഷം വിപുലമായി ആഘോഷിച്ചത് ഏകദേശം നാല് ലക്ഷത്തോളം പേരുടെ സാന്നിധ്യത്തിലായിരുന്നു. ഇന്ത്യാ രാജ്യത്ത് സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ‑വര്‍ഗീയ അജണ്ട തീരുമാനിക്കപ്പെട്ട അക്കാലത്ത് പെഷ്‌വ മറാത്തകള്‍ ദളിതരുടെ ആഘോഷത്തെ അതുവരെയില്ലാത്ത അപമാനമായാണ് കണ്ടത്. ദളിതരുടെ ആ അഭിമാനസ്മരണാജ്ഞലിയെ ജാതീയമായി നേരിടാനുള്ള ആസൂത്രണങ്ങളായി പിന്നീട്. ആദ്യം ഉന്തും തള്ളും. ശേഷം അതൊരു കലാപമായി പടര്‍ത്തുവാനും വര്‍ഗീയ കോമരങ്ങള്‍ക്ക് അതിവേഗത്തില്‍ സാധിച്ചു. മുംബൈ നഗരത്തിലും അതിന്റെ അലയൊലികളും നാശനഷ്ടങ്ങളുമുണ്ടായി. എല്ലാം കണ്ട് നെടുവീര്‍പ്പിട്ട സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ഭരണകൂടം കൊറേഗാവ് സംഘര്‍ഷത്തെ സുവര്‍ണാവസരമായി ഉപയോഗിക്കാനാണ് തീരുമാനിച്ചത്.

വന്ദ്യവയോധികനായ സ്റ്റാന്‍ സ്വാമി, കവിയും എഴുത്തുകാരനുമായ വരവരറാവു, സാമൂഹ്യപ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, പത്രപ്രവര്‍ത്തകന്‍ ഗൗതം നവലാഖ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, ദളിത് ചിന്തകന്‍ ആനന്ദ് തെല്‍തുംദെ, അരുണ്‍ ഫെരേറിയ. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപിക ഷോമ സെന്‍, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗോയ്‌ചോര്‍, ജ്യോതി ജഗ്പത് ഗവേഷകനായ മഹേഷ് റൗത്ത്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബു, മനുഷ്യാവകാശ പ്രവര്‍ത്തകരായ റോണ വില്‍സണ്‍, സുധീര്‍ ധവാലെ തുടങ്ങി 16 പ്രമുഖരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റുചെയ്തു. 83 വയസുള്ള ഫാ.സ്റ്റാന്‍ സ്വാമിയെ മരണം വരെ തുറങ്കിലിട്ടു. 

ഇന്നലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട ബോംബെ ഹൈക്കോടതി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകനാണ് മരണവിവരം കോടതിയെ ധരിപ്പിച്ചത്. തൊട്ട് തലേന്ന് അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. മരണദിവസവും കോടതി പരിഗണിച്ചത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വലയുന്ന ആ വയോധികന്റെ ജാമ്യം തേടിയുള്ള ഹര്‍ജിയാണ് എന്നത് മനുഷ്യസ്നേഹികളുടെ കണ്ണ് നിറയ്ക്കുന്ന വസ്തുതയാണ്. ആര്‍ക്കുവേണ്ടിയായിരുന്നു, സ്റ്റാന്‍ സ്വാമിയുടെയും മറ്റ് മനുഷ്യാവകാശ‑പൊതുപ്രവര്‍ത്തകരുടെയും ജാമ്യം നിഷേധിക്കപ്പെട്ടത്? കഴിഞ്ഞ എട്ട് മാസമായി ജയിലില്‍ കഴിയുന്നതിനിടയില്‍ അവസാന നാളുകളില്‍ ചികിത്സ ലഭിച്ചു എന്നത് മാത്രമാണ് കോടതിയും നിയമവും കൊണ്ട് സ്റ്റാന്‍ സ്വാമിക്ക് ലഭിച്ച നേട്ടം. ജീവനറ്റുകിടക്കുന്ന അദ്ദേഹത്തിന്റെ ശരീരം പോസ്റ്റുമോര്‍ട്ടം നടത്താന്‍ അവസാനത്തെ ഒരു ഉത്തരവും.

ബിജെപി നേതാവ് ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് റോണയടക്കം അഞ്ചുപേരെ ആദ്യം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഴിക്കുള്ളിലാക്കുന്നത്. അര്‍ബന്‍ നക്സലൈറ്റുകളെന്ന ആരോപണമുന്നയിച്ചുള്ള അറസ്റ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം രാജ്യത്താകമാനമുയര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ തെര‌ഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ തറപറ്റിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ കളത്തിലിറക്കിയത്. നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ തിട്ടൂരത്തിനനുസരിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ ഒരുകൂട്ടം വ്യാജ തെളിവുകളിലാണ് ഇന്നും കേന്ദ്ര ഏജന്‍സികള്‍ ഭീകരത തുടരുന്നത്. സ്റ്റാന്‍ സ്വാമിയുടെ മരണം പകല്‍വെളിച്ചത്തിലെ കൊലപാതകമാണ്. സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സംഘപരിവാറിനെയും തിരുത്താനും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാഹോദര്യവും സംരക്ഷിക്കാനും മുതിരുന്നവരെയെല്ലാം കൊന്നൊടുക്കുന്നു, തുറുങ്കിലിടുന്നു.

യഥാര്‍ത്ഥത്തില്‍ സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റം ആദിവാസികളെയടക്കം അടിസ്ഥാന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും ആരോഗ്യസംബന്ധിയായുമുള്ള ഉയര്‍ച്ചയ്ക്കുവേണ്ടി യത്നിച്ചു എന്നതാണ്. ഭരണത്തെ പുകഴ്‌ത്തി കണ്ണടച്ച് കയ്യടിക്കുന്ന ജനതയെയാണ് മോഡിയും സംഘപരിവാറും എന്നും ആഗ്രഹിക്കുന്നത്. സ്റ്റാന്‍ സ്വാമിമാര്‍ അതിന് തടസമാകരുത്. മോഡി ഭരണകൂടത്തിന്റെ എക്കാലത്തെയും വജ്രായുധമായ ദേശീയ അന്വേഷണ ഏജന്‍സിയെ ഭീമാ കൊറേഗാവ് കേസ് ഏല്‍പ്പിച്ചതോടെ ഉന്നം സ്വാമിയടക്കം ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന വ്യക്തിത്വങ്ങള്‍ തന്നെ ആണെന്ന് ഇടതുപക്ഷ പാര്‍ട്ടികളെല്ലാം ഒരേ സ്വരത്തില്‍ പറ‌ഞ്ഞിരുന്നു. സര്‍ക്കാരിന്റെ ആ തീരുമാനത്തോട് ഇടതുപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രമുഖര്‍ക്കെതിരെയെല്ലാം കോടതിയില്‍ നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും അതിനെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ‑സാമൂഹിക സംഘടനകളാകെയും ആവശ്യപ്പെട്ടു. 

കലാപത്തിന് നേതൃത്വം നല്‍കിയ ഹിന്ദുസംഘടനകളുടെ നേതാക്കളായ മിലിന്ദ് ഏക്ബൊട്ടെ, സംഭാജി ഭിഡെ എന്നിവര്‍ കേസിന്റെ ചിത്രത്തില്‍ ഇന്നുവരെ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് സംഘപരിവാറിന്റെ രാഷ്ട്രീയം. സംഘര്‍ഷത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുകയും ചെയ്തു.
യുഎസ് സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി ഡിജിറ്റല്‍ രേഖകള്‍, അന്വേഷണ ഏജന്‍സിയുടെ വ്യാജ തെളിവിനെതിരെ കോടതികളിലെത്തി. മലയാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണ വില്‍സനെ അറസ്റ്റുചെയ്ത സാഹചര്യത്തിലായിരുന്നു, സൈബര്‍ വിദഗ്ധരുടെ കണ്ടെത്തല്‍‍ നിര്‍ണായകമായത്. റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ നുഴഞ്ഞുകയറി കൃത്രിമമായ തെളിവുകള്‍ സ്ഥാപിച്ചുവെന്നായിരുന്നു അത്. യുഎസിലെ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സനല്‍ കണ്‍സള്‍ട്ടിങ് ആണ് സൈബര്‍ നുഴഞ്ഞുകയറ്റം വെളിപ്പെടുത്തിയത്. 

ഇതേ തുടര്‍ന്ന് കേസില്‍‍ അറസ്റ്റിലായ 16 പേരെയും വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട്, വ്യാജ തെളിവുകളെ മുന്‍നിര്‍ത്തി ബോംബെ ഹൈക്കോടതിയില്‍ റോണ വില്‍സന്‍ തന്നെ ഹര്‍ജി നല്‍കിയതാണ്. മാത്രമല്ല, ഡിജിറ്റല്‍ ഫോറന്‍സിക് വിശകലനത്തില്‍ വൈദഗ്ധ്യമുള്ള ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്റ്റാന്‍ സ്വാമി പ്രതിനിധാനം ചെയ്യുന്ന ഈശോസഭയും എന്‍ഐഎ കെട്ടിച്ചമച്ച തെളിവുകള്‍ക്കെതിരെ കോടതിയെ സമീപിച്ചു.
കോടതി പലനാള്‍ ഈ ഹര്‍ജികളെല്ലാം പരിഗണിച്ചു. വരവരറാവുവിന്റെ ജാമ്യമല്ലാതെ മനുഷ്യലോകത്തിന് ആശ്വാസമേകുന്ന വിധികളൊന്നും കൈകാര്യം ചെയ്തുകണ്ടില്ല. ജയിലും പിന്നീട് ജയില്‍ സമാന ആശുപത്രിക്കിടക്കയും ഒടുവില്‍ മരണവും സ്റ്റാന്‍ സ്വാമിക്ക് വിധിക്കുന്നതില്‍ നിയമത്തിന്റെ പങ്ക് നിസാരമല്ല. അത് തിരുത്താം. ഇനിയും അവസരങ്ങളുണ്ട്. വിശദമായ അന്വേഷണം വ്യാജതെളിവുകള്‍ക്കും ക്രൂരമായ ജയില്‍വാസത്തിനും എതിരെ ഉണ്ടാവേണ്ടത് കോടതികളില്‍ നിന്നുതന്നെയാണ്. ഭരണകൂട ഭീകരതയുടെയും കാഴ്ചയില്ലാത്ത നിയമവ്യവസ്ഥയുടെയും ഏറ്റവും ഒടുവിലെ രക്തസാക്ഷിയാണ് സ്റ്റാന്‍ സ്വാമി. മരണത്തെ ഞെട്ടലോടെ കേള്‍ക്കുന്നതും ദുഃഖം രേഖപ്പെടുത്തുന്നതും ആരെ ആശ്വസിപ്പിക്കാന്‍ എന്നു ചോദിച്ചുപോവുകയല്ലാതെ നിര്‍വാഹമില്ലാതായിരിക്കുന്നു.