പി തിലോത്തമൻ(ഭക്ഷ്യമന്ത്രി)

March 28, 2020, 5:15 am

പ്രിയ സഖാവ് ടി പുരുഷോത്തമന് വിട…

Janayugom Online

ടി പുരുഷോത്തമൻ ഓർമ്മയായി. ഇന്നലെ പകൽ 3 മണിക്ക് എറണാകുളം അമൃത ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ആ സമയം എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിലുണ്ടായിരുന്ന എന്നെ ആഞ്ചലോസാണ് വിവരം വിളിച്ച് അറിയിച്ചത്. വളരെ വേഗം തന്നെ ഞാൻ അമൃത ആശുപത്രിയിലെത്തി. ഐസിയുവിൽ കിടത്തിയിരുന്ന അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം ഞാൻ ഒരു നോക്കുകണ്ടു. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി അദ്ദേഹം കരൾ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച പരിശോധനയ്ക്ക് എത്തിയപ്പോൾ രണ്ട് മൂന്ന് ദിവസം കിടന്നിട്ട് പോയാൽമതിയെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അഡ്മിറ്റായത്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു. രൂപത്തിൽ പോലും മാറ്റം സംഭവിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഗാംഭീര്യമാർന്ന ആ ശബ്ദത്തിനുമാത്രം ഒരു മാറ്റവും വന്നിരുന്നില്ല. എങ്കിലും ഈ സാഹചര്യവും അദ്ദേഹം അതിജീവിക്കുമെന്നും കുറെ കാലംകൂടി നമ്മോടൊപ്പം ഉണ്ടാകുമെന്നും ആശിച്ചു. ബുധനാഴ്ച രാത്രി കാനം വിളിച്ചു. ടി പി-യുടെ സ്ഥിതി ഗുരുതരമാണെന്നും മകൻ അരികിലുണ്ടെന്നും നീയൊന്ന് വിളിച്ച് വിവരം അന്വേഷിക്കണമെന്നും അറിയിച്ചു. അദ്ദേഹത്തിന് രണ്ടാമതും ഡയാലിസിസ് വേണ്ടിവന്നു.

അതിനിടയിൽ ഹൃദയാഘാതമുണ്ടാകുകയും അത് അദ്ദേഹത്തിന്റെ മരണത്തിലേയ്ക്ക് എത്തിക്കുകയും ചെയ്തു. സഖാവിനെ പരിചയപ്പെടുന്നത് 44 വർഷങ്ങൾക്ക് മുമ്പാണ്. ചേർത്തല ശ്രീനാരായണ കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ് എഫിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്. എസ്‌ എല്‍ പുരത്തെ സിപിഐ മണ്ഡലം കമ്മറ്റി ഓഫീസിൽ ഞങ്ങളെത്തും. സാമ്പത്തിക സഹായമാണ് പ്രധാനം. പി ജി യായിരുന്നു സെക്രട്ടറി. അസിസ്റ്റന്റ് സെക്രട്ടറി ടി പുരുഷോത്തമനും. എല്ലാം പി ജി-ടി പി-യെ ഏൽപ്പിക്കും. അന്ന് തുടങ്ങിയ ബന്ധമാണ്. അതിനു മുമ്പേ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. തന്റെ പരമ്പരാഗത തൊഴിലും കഴിഞ്ഞ് സൈക്കിളിൽ പോകുന്നത്. ഒരുദിവസം ചെറുവാരണം സ്വദേശിയായ എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞു, “ദാ ആ പോകുന്ന പുരുഷോത്തമൻ കവിതകളൊക്കെ എഴുതുന്നയാളാണ്. നന്നായി പ്രസംഗിക്കും, ചെറുവാരണം പുരുഷോത്തമൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്“ ‘ 1980ൽ മണ്ഡലം കമ്മറ്റികൾ പിരിച്ചുവിട്ട് പാർട്ടി താലൂക്ക് കമ്മറ്റികളായി. ചേർത്തല താലൂക്ക് കമ്മറ്റി അസി. സെക്രട്ടറിയായി ടി പുരുഷോത്തമൻ തെരഞ്ഞെടുക്കപ്പെട്ടു. ഞാൻ താലൂക്ക് കമ്മറ്റി മെമ്പറായി. പിന്നീട് ടി പി താലൂക്ക് കമ്മറ്റി സെക്രട്ടറിയായി. 1988‑ൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പിന്നീട് ജില്ലാ സെക്രട്ടറിയായി. സംസ്ഥാന കൗൺസിൽ, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് എന്നിവയിൽ അംഗമായും സംഘടനാ കമ്മറ്റി കൺവീനറായുമെല്ലാം എത്രയോ വർഷങ്ങൾ.

നീണ്ട 40 വർഷക്കാലത്തെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ. ഈ നീണ്ട കാലയളവിലെ ഒരായിരം ഓർമ്മകളാണ് മനസ്സിലൂടെ കടന്നുപോകുന്നത്. ഇണങ്ങിയും പിണങ്ങിയുമുള്ള പ്രവർത്തനങ്ങൾ. ബ്രാഞ്ചുതലം മുതൽ സംസ്ഥാന എക്സിക്യൂട്ടീവ് വരെയുള്ള പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ച് നല്ല അനുഭവം കൈമുതലായുള്ള അദ്ദേഹം പലപ്പോഴും സംഘടനാരംഗത്തെ അവസാന വാക്കായിരുന്നു. നല്ല സംഘാടകനായിരുന്നു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലും പൊതുവെ ആലപ്പുഴ ജില്ലയിലും പാർട്ടിയെ വളർത്തിയെടുക്കുന്നതിൽ നിസ്തൂലമായ പങ്കാണ് അദ്ദേഹം വഹിച്ചത്. നർമ്മം തുളുമ്പുന്ന വാക്കുകളിലൂടെയും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളിലൂടെയും അദ്ദേഹം നടത്തുന്ന പ്രസംഗം കേൾക്കാത്തവർ ആലപ്പുഴ ജില്ലയിൽ ചുരുക്കം. രാഷ്ട്രീയ എതിരാളികളിൽ അദ്ദേഹത്തിന്റെ വാഗ്ശരം ഏൽക്കാത്തവരില്ല എന്നുതന്നെ പറയാം. ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സംരക്ഷിക്കുന്ന ഒരു കാവൽഭടനായി അദ്ദേഹം ആദ്യന്തം നിലകൊണ്ടു. സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളാണ് അദ്ദേഹത്തിന് ചെറുവാരണം പുരുഷോത്തമൻ എന്ന പേര് നേടിക്കൊടുത്തത്. സാഹിത്യ പ്രസംഗങ്ങളിലെ സൗകുമാര്യം പല പ്രശസ്ത വ്യക്തികളും ആരംഗത്ത് അദ്ദേഹം കുറെകൂടി കേന്ദ്രീകരിക്കണമെന്ന് പരസ്യമായി പറയുന്നത് എത്രയോ തവണ ഞാൻ കേട്ടിട്ടുണ്ട്. വയലാർ കവിതകളിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും 1980 മുതൽ ഒന്നായി നടത്തിപ്പോരുന്ന ഒക്ടോബർ 27‑ലെ വയലാർ ദിനത്തിലെ വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിലെ സ്വാഗതപ്രസംഗകനായിരുന്നു അദ്ദേഹം. ഇത്തവണ സ്വാഗതപ്രസംഗം നടത്തുമ്പോൾ പറഞ്ഞത് ഇക്കാര്യത്തിൽ 40 വർഷത്തെ ഒരു റിക്കാർഡ് വേണമെന്നുകണ്ടാണ് ഞാൻ ഈ പ്രസംഗം നടത്തുന്നതെന്ന്. ആ സ്വാഗതപ്രസംഗം കേൾക്കാനായി ആയിരങ്ങൾ കാതുകൂർപ്പിക്കുമായിരുന്നു.

വയലാർ കവിതകളുടെ സർഗ്ഗസൗന്ദര്യവും നിസ്വവർഗ്ഗത്തിന്റെ പടവാളായി സമൂഹത്തിന് നൽകുന്ന സന്ദേശവും എത്ര മനോഹരമായാണ് സഖാവ് അവതരിപ്പിച്ചിരുന്നത്. വേദിയിലെ സാഹിത്യരംഗത്തെ അതുല്യരായ പ്രതിഭകൾ യാതൊരു പരിഭവവും ഇല്ലാതെ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരിക്കുമായിരുന്നു, അതിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു. സാഹിത്യ പ്രതിഭയായിരുന്ന എസ് എൽ പുരം സദാനന്ദന്റെ വളരെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ടി പി. അദ്ദേഹത്തോടുള്ള സൗഹൃദവും സാഹിത്യാഭിരുചിയും എസ് എൽ പുരത്തിന്റെ സാഹിത്യ സൃഷ്ടികളുടെ ആദ്യവായനക്കാരനും ശ്രോതാവുമെല്ലാമാക്കി ടി പുരുഷോത്തമനെ മാറ്റിയിരുന്നു. ഒരു പ്രസംഗകനെന്ന നിലയിൽ എസ് എൽ പുരം ഏറെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ടി പി. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ സ്വന്തം കാറിൽ പോയി കാത്തുനിന്ന് എസ് എൽ പുരം പ്രസംഗം ആസ്വദിച്ചിരുന്നു. നിരവധി റേഡിയോ നാടകങ്ങൾ അക്കാലത്ത് വന്നിരുന്നു. ചേർത്തലയിലെ അന്നത്തെ ചില പ്രമുഖ കലാസംഘടനകൾക്കും വേണ്ടി ഇമ്പമാർന്ന ഒട്ടേറെ ഗാനങ്ങൾ രചിച്ചിരുന്നത് ടി പി ആയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കാണ് അദ്ദേഹത്തിലെ കവിയെ നഷ്ടപ്പെടുത്തിയതെന്ന് ഞങ്ങൾക്ക് നന്നായറിയാം.

എന്നാൽ “എന്റെ സൃഷ്ടികൾ ഉണ്ടായില്ലെങ്കിലും സാഹിത്യശാഖയ്ക്ക് യാതൊരു നഷ്ടവും വരില്ലെന്ന എന്റെ ബോധ്യമാണ് ഞാൻ എഴുതാത്തതിന് കാരണമെന്ന്” എത്രയോ സരസമായി അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞിരുന്നു. നിരവധി ബഹുജന സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. അതിൽ ദീർഘകാലം ബികെഎംയു-വിന്റെ ഭാരവാഹിയായിട്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. തന്റെ മുൻതലമുറയിൽ പെട്ടവർ ചെയ്തിരുന്ന തൊഴിൽ തന്റെ ജീവിതമാർഗ്ഗമായി ആദ്യകാലങ്ങളിൽ സ്വീകരിച്ചിരുന്ന ടി പി രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ഊന്നൽ നൽകിയപ്പോഴാണ് തൊഴിലിൽ നിന്നും പൂർണ്ണമായും വിട്ടത്. എന്നാൽ പിന്നീട് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ അതികായന്മാരുമായി ഒപ്പം പ്രവർത്തിക്കുന്നതിനും അവർക്കെല്ലാം പ്രിയപ്പെട്ടവനാകുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴയിലെ ടി വി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു ടി പുരുഷോത്തമന്‍.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഇത്തവണ അധികാരമേറ്റ സന്ദർഭത്തിൽ ആദ്യമായി അവതരിപ്പിച്ച ബഡ്ജറ്റിൽ ടി വി-യുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. അതിന്റെ ചുമതല ടി വി ട്രസ്റ്റിനായിരുന്നു. 2020 മാർച്ച് 26‑ന് ടി വി പ്രതിമ സ്ഥാപിക്കുന്നതിന് നിശ്ചയിച്ചിരുന്നതുമാണ്. നിലവിലെ പ്രത്യേക സാഹചര്യം അതിന് തടസ്സമുണ്ടാക്കിയെങ്കിലും അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും ടി പുരുഷോത്തമൻ ബദ്ധശ്രദ്ധനായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ ടി വിയുടെ ചരമദിനത്തിൽ തന്നെ ടി പി യും വിട പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏറെ മുന്നോട്ട് നയിച്ച സഖാവിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണ് പാർട്ടിയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്. ജില്ലയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന് കണ്ണീരോടെ വിട ചൊല്ലുന്നു… ലാൽ സലാം.…