26 March 2024, Tuesday

അധ്യാപകർ വഴികാട്ടികളാകണം

വി ശിവന്‍കുട്ടി
പൊതു വിദ്യാഭ്യാസമന്ത്രി
September 5, 2021 5:32 am

ഇന്ത്യ കണ്ട പ്രതിഭാധനനായ അധ്യാപക ശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ വൈസ്‌പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം ആയ സെപ്റ്റംബർ അ‌ഞ്ച് നമുക്ക് അധ്യാപക ദിനമാണ്. പ്രതിഭാധനനായ അധ്യാപകനായതുകൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത ഒരു വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഡോ. എസ് രാധാകൃഷ്ണൻ പ്രസിഡന്റായ ആദ്യ വർഷം ഇവർ ഒത്തുചേർന്ന് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. അക്കാര്യം അവർ അദ്ദേഹത്തെ അറിയിച്ചു. ഡോ. എസ് രാധാകൃഷ്ണൻ പ്രതികരിച്ചത് തികച്ചും ഭിന്നമായ രീതിയിലായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ തന്റെ ജന്മദിനം കൊണ്ടാടുന്നതിനേക്കാൾ ഉചിതം താൻ എന്നും ഇഷ്ടപ്പെട്ട അധ്യാപനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ സഹായകമായ വിധം പ്രസ്തുത ദിനത്തെ ഇന്ത്യയിലെ മുഴുവൻ അധ്യാപകരുടെ ദിനമാക്കി മാറ്റണം എന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. അങ്ങനെ 1962 മുതൽ സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി. 

ഇതുംകൂടി വായിക്കൂ;ഇന്ന് അധ്യാപക ദിനം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിത്രപ്രദർശനമൊരുക്കി ചിത്രകലാധ്യാപകൻ മാതൃകയാവുന്നു

സ്വാതന്ത്ര്യാനന്തരം ഉത്സാഹത്തിന്റെയും പ്രതീക്ഷയുടേയും നാളുകളിലായിരുന്നു അധ്യാപക ദിനത്തിന്റെ തുടക്കം. ഇന്ത്യയിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം അധികം ദൂരെയല്ലാതെ സാർത്ഥകമാക്കാൻ കഴിയും എന്നായിരുന്നു അക്കാലത്തെ പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 സംവത്സരങ്ങൾ കഴിഞ്ഞ ഈ ഘട്ടത്തിൽ പോലും സ്കൂൾ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിന് വെളിയിലാണ് എന്ന സുഖകരമല്ലാത്ത സത്യം ദേശീയവിദ്യാഭ്യാസനയം 2020ൽ തന്നെ പറയേണ്ടിവന്നിരിക്കുന്നു. ഡോ. എസ് രാധാകൃഷ്ണൻ ആഗ്രഹിച്ച ഇന്ത്യ എവിടെ? സ്വാതന്ത്ര്യദിനത്തിന്റെ 75 പുലരികൾ കഴിയുമ്പോഴും ഏതാണ്ട് 40 കോടിക്കടുത്ത് നിരക്ഷരരും, കോടിക്കണക്കിന് സ്കൂളിൽ എത്താത്ത കുട്ടികളും എ­ത്തുന്ന കുട്ടികളിൽ പാതിക്കടുത്ത് പഠന യാത്രയിൽ കൊഴിഞ്ഞുപോകുന്നതുമായ അവസ്ഥയ്ക്ക് കാരണമെന്ത്? നമ്മുടെ രാജ്യം ഇങ്ങനെ പോയാൽ മതിയോ? നിരവധി ചോദ്യങ്ങൾ രാജ്യത്ത് ഉയർന്നുനിൽക്കുന്ന ഘട്ടത്തിലാണ് അതിൽനിന്നെല്ലാം ഭിന്നമായ ഒരവസ്ഥ ഇന്ത്യയുടെ തന്നെ ഭാഗമായ കേരളത്തിൽ സ്കൂൾവിദ്യാഭ്യാസ രംഗത്തുള്ളത്. കേരളത്തിൽ സ്കൂൾ പ്രായത്തിലെത്തിയ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിൽ എത്തിച്ചേർന്നു. മാത്രവുമല്ല 12ാം ക്ലാസ് വരെ പഠനം തുടരുന്നു. നമ്മുടെ കൊഴിഞ്ഞുപോക്ക് നിരക്ക് രാജ്യത്ത് ഏറ്റവും കുറവാണ് 0.1 ശതമാനം. രക്ഷിതാക്കളുടെ പ്രധാനപ്പെട്ട അജണ്ടകളിൽ ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം. അധ്യാപക രക്ഷകർതൃസമിതികൾ വളരെ സജീവമായ നമ്മുടെ സംസ്ഥാനത്ത് അധ്യാപകരും സക്രിയമായി പ്രവർത്തിക്കുന്നു. ദേശീയ തലത്തിൽ നടത്തിയ പഠനങ്ങളിൽ പ്രഥമസ്ഥാനത്താണ് നാം.
നവലിബറൽ കാഴ്ചപ്പാടിന് വിരുദ്ധമായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് നേതൃത്വം നല്കിക്കൊണ്ട് ജനകീയ ബദൽവിദ്യാഭ്യാസ മാതൃക ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ചു. അത് പ്രാവർത്തികമാക്കുന്നതിനും നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആവിഷ്ക്കരിച്ചു. ജനങ്ങൾ സർക്കാരിന്റെ ശ്രമത്തിന് വലിയ പിന്തുണ നല്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യം വലിയ തോതിൽ വർധിച്ചു. കിഫ്ബി ധനസഹായം ഇതിന് പ്രയോജനകരമായി. മുഴുവൻ എയ്ഡഡ്/സർക്കാർ വിദ്യാലയങ്ങളും സാങ്കേതികവിദ്യാ സൗഹൃദമായി. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് നടപ്പായത്.
നമ്മുടെ സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ഹയർസെക്കൻഡറിഘട്ടം വരെ 1.80 ലക്ഷം അധ്യാപകരുണ്ട്. അതിൽ 70 ശതമാനത്തിലേറെയും അധ്യാപികമാരാണ് എന്ന സവിശേഷതയും ഉണ്ട്. ദേശീയ തലത്തിൽ ഇത് 50 ശതമാനത്തിനടുത്താണ്. കുട്ടികളുടെ പഠന കാര്യത്തിന് മികച്ച പരിഗണന നല്കുന്നതിനാൽ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ പോലും കോവിഡ് പശ്ചാത്തലത്തിലും ഒഴിവുള്ള തസ്തികകളിൽ അധ്യാപകനിയമനം നടത്തുകയുണ്ടായി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അധ്യാപക സംഘടനകൾക്ക് നിർണായകമായ പങ്ക് വഹിക്കാൻ കഴിയണം എന്ന് അധ്യാപകദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. 

ഇതുംകൂടി വായിക്കൂ; ഇന്ന് അധ്യാപക ദിനം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിത്രപ്രദർശനമൊരുക്കി ചിത്രകലാധ്യാപകൻ മാതൃകയാവുന്നു

വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാൽ ഇനിയും മുന്നേറേണ്ടതുണ്ട്. മുഴുവൻ കുട്ടികളുടേയും കഴിവിനെ അംഗീകരിക്കുന്നതും അത് ഏറ്റവും ഉന്നതിയിലേക്കെത്തിക്കുന്നതിനുമായുള്ള തുല്യ അവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ നമുക്ക് കഴിയണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് സാമൂഹികനീതി ഉറപ്പാക്കാൻ കഴിയൂ.നമ്മുടെ മുന്നോട്ടുള്ള പോക്കിൽ അന്തർലീനമായ പ്രധാനപ്പെട്ട ദൗർബല്യമാണ് മാലിന്യപ്രശ്നം. ചെറിയ ക്ലാസുകളിൽ വച്ചുതന്നെ ശുചിത്വത്തിന്റെ രീതിശാസ്ത്രം കുട്ടികൾക്ക് സ്വായത്തമാക്കാൻ കഴിയണം. കായികക്ഷമത ഉറപ്പാക്കുന്ന കാര്യം വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തതാണ്. രോഗാതുരരായ കുട്ടികൾ ഉള്ള തലമുറ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ശാസ്ത്രീയ വികാസം ഉറപ്പാക്കാനും ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനും നമുക്ക് കഴിയണം. ഇതെല്ലാം ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി നമുക്ക് പുതുതായി വികസിപ്പിക്കണം. ഇതെല്ലാം ഉൾക്കൊള്ളും വിധം അധ്യാപകരുടെ മനോഭാവം മാറേണ്ടതുണ്ട്. അധ്യാപകരുടെ പ്രൊഫഷണലിസം വർധിപ്പിക്കണം. അതിനെല്ലാം സ്വയംസജ്ജമാകാനുള്ള പ്രേരകമാകട്ടെ ഈ വർഷത്തെ അധ്യാപകദിനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.