September 30, 2023 Saturday

വിലക്കയറ്റം സൃഷ്ടിച്ച് കേന്ദ്രസർക്കാർ

ഡോ. കെ എസ് പ്രദീപ്കുമാർ
September 1, 2021 5:40 am

രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.5 ശതമാനത്തിൽ എത്തിയിരിക്കുന്നു. മൊത്ത വിലക്കയറ്റം രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 12.23 ശതമാനത്തിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉരുളക്കിഴങ്ങിന്റെ വിലയിൽ 61.42 ശതമാനത്തിന്റെയും തങ്കാളിയുടെ വിലയിൽ 48.05 ശതമാനത്തിന്റെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. മോഡി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളാണ് രാജ്യത്ത് വിലക്കയറ്റം സൃഷ്ടിക്കുന്നത്. ഇന്ധനവില ദിനംപ്രതി വർധിപ്പിച്ചും പൊതു വിതരണ സമ്പ്രദായത്തെ ദുർബലപ്പെടുത്തിയും, അവശ്യ സാധന നിയമത്തിലടക്കം കൊണ്ടുവന്ന ഭേദഗതികൾ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതദുരിതം വർധിപ്പിക്കുന്നു. 

അവശ്യ സാധനങ്ങളുടെ വിലയിൽ 40 ശതമാനം മുതൽ 100 ശതമാനം വരെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. അനിയന്ത്രിതമായ വില വർധനവും തൊഴിലില്ലായ്മയും രാജ്യത്തെ കടുത്ത പട്ടിണിയിലേക്കാണ് നയിക്കുന്നത്. ഏതാണ്ട് പന്ത്രണ്ടായിരത്തോളം പേരാണ് രാജ്യത്ത് നിലവിൽ ഒരു ദിവസം പട്ടിണിയുമായി ബന്ധപ്പെട്ട് മരണപ്പെടുന്നത്. ഇതിന്റെ തോത് കൂട്ടുക മാത്രമല്ല കുട്ടികളിൽ അടക്കമുള്ളവരുടെ പോഷകാഹാര പ്രതിസന്ധിയുടെ തോതും കൂട്ടുന്നതാണ് വില വർധനവ്. 

സാധാരണക്കാരുടെ ഭക്ഷണത്തിൽ നിന്നും അവർക്ക് ഏറ്റവും അധികം പ്രോട്ടീൻ ലഭിക്കുന്ന പയർ, പരിപ്പ്, ഭക്ഷ്യഎണ്ണ തുടങ്ങിയവ വിലവർധനവ് മൂലം ഒഴിവാക്കാൻ നിർബന്ധിതരാകുന്നു. ദേശീയ ഉപഭോഗ സൂചികയും ഇടിയുകയാണ്. വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെ പ്രധാനകാരണം ഇന്ധന വില വർധനവാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും പെട്രോളിയം ഉല്പന്നങ്ങൾക്ക് അധികനികുതി ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിലവർധനവ് സൃഷ്ടിക്കുകയാണ്. ചരക്ക് ഗതാഗത കൂലിയിലുണ്ടാകുന്ന വർധനവും വിലക്കയറ്റത്തിന് ഇടയാക്കുന്നു. പരോക്ഷ നികുതിയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യ റേറ്റിങ് ആൻഡ് റിസർച്ചിന്റെ കണക്ക് പറയുന്നു. ഇത് സാധാരണക്കാരുടെ നികുതി ഭാരം വർധിപ്പിക്കുന്നതോടൊപ്പം വില വർധനവിനും കാരണമാകുന്നു. പാചകവാതകത്തിന് സർക്കാർ നൽകിയിരുന്ന സബ്സിഡി പോലും വെട്ടിക്കുറച്ചിരിക്കുന്നു. 2019–20 ൽ സബ്സിഡി ഇനത്തിൽ 22,365 കോടി രൂപ നൽകിയെങ്കിൽ 2020–21 (ഫെബ്രുവരി) വരെ നൽകിയ തുക വെറും 3,559 കോടി രൂപ മാത്രമാണ്. ഈ കാലയളയിൽ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നല്കുന്നതോടൊപ്പം കുടിശികയും എഴുതിത്തള്ളി. വ്യാവസായിക നിക്ഷേപം വളർത്താനെന്ന പേരിൽ കോർപ്പറേറ്റ് നികുതിയിൽ അഞ്ച് ശതമാനം കുറവ് വരുത്തി. എന്നാൽ വ്യാവസായിക നിക്ഷേപത്തിൽ ഒരു വളർച്ചയും രാജ്യത്ത് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിലൂടെ കോർപ്പറേറ്റുകൾ നേടിയെടുത്തത് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതി ഇളവാണ്. ഉദാഹരണത്തിന് 2020–21 ൽ റിലയൻസ് നേടിയ ലാഭം 54601 കോടി രൂപയിൽ നികുതി ഇനത്തിൽ അടച്ചത് വെറും 1722 കോടി രൂപ മാത്രമാണ്. അതായത് ലാഭത്തിന് 3.1 ശതമാനം മാത്രം നികുതി അടയ്ക്കുകയും ബാക്കി ആദായനികുതിപോലും അടയ്ക്കേണ്ടാത്ത ലാഭവിഹിതമാക്കി മാറ്റാനും കഴിഞ്ഞു. 

അവശ്യസാധന നിയമത്തിൽ വരുത്തിയ ഭേദഗതി മൂലം സാധനങ്ങളുടെ വിലയിൽ നൂറ് ശതമാനത്തിലധികം വർധനവുണ്ടായെങ്കിൽ മാത്രമേ സർക്കാരിന്റെ ഇടപെടൽ സാധ്യമാകുകയുള്ളു. ഭക്ഷ്യയെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾ സംഭരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും കൃത്രിമ ക്ഷാമവും സൃഷ്ടിച്ച് ലാഭം കൊയ്യാനായി കോർപ്പറേറ്റ് കമ്പനികൾക്ക് വിലക്കയറ്റം സൃഷ്ടിക്കാൻ കഴിയുന്നു. രാജ്യത്തെ അത്യാധുനിക സംഭരണശാലകളെല്ലാം തന്നെ കോർപ്പറേറ്റുകളുടെ കൈവശമാണ്.
ചെറുകിട കർഷകർക്ക് തങ്ങളുടെ കാർഷികോല്പന്നങ്ങൾ സംഭരിച്ച് സൂക്ഷിക്കുന്നതിന് സംവിധാനമില്ല. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയും ലഭിക്കാറില്ല. വിപണിയിൽ ഉല്പന്നങ്ങളുടെ വില കുതിച്ചുയരുമ്പോഴും ചെറുകിട കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ വിലയാണ്. വില വർധനവിന്റെ നേട്ടം മുഴുവനും ലഭിക്കുന്നത് കോർപ്പറേറ്റുകൾക്കാണ്. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിന്റെ കാര്യക്ഷമതയില്ലായ്മ വിലക്കയറ്റത്തിന് ഇടയാക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് സെന്റർ മോണിറ്ററിങ് ഇക്കണോമി പുറത്തുവിടുന്ന കണക്കുകൾ. ഇതുപ്രകാരം രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ ദരിദ്രരുടെ എണ്ണം 9.7 ശതമാനവും നഗരങ്ങളിലെ ദരിദ്രരുടെ എണ്ണം 11.7 ശതമാനവും വർധിച്ചിരിക്കുന്നു. പട്ടിണി സൂചികയിലും രാജ്യം ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും പിന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. 

ഇന്ത്യയിൽ വിലക്കയറ്റം വളരെ കുറഞ്ഞ സംസ്ഥാനം കേരളമാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാരിന്റെ വിപണി ഇടപെടൽ ഫലപ്രദമാണ്. ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് യഥാർത്ഥത്തിൽ ഭക്ഷ്യ ഉല്പന്നങ്ങളുടെ വിപണിവില പിടിച്ചുനിർത്തുന്നതിന് സഹായിക്കുന്നു. രാജ്യത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പട്ടിണിമരണം വർധിക്കും. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾക്ക് അടിയന്തര ധനസഹായം നൽകുന്നതോടൊപ്പം ഇന്ധനവില കുറയ്ക്കാനും കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ വിപണിയിൽ പണലഭ്യത ഉറപ്പു വരുത്താനും, വിലക്കയറ്റം പിടിച്ചുനിർത്താനും കഴിയുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.