എസ് വിജയകുമാരൻ നായർ

October 23, 2020, 5:30 am

ഇന്ത്യൻ ജനതയെ നിരന്തരം ഷോക്കടിപ്പിച്ച് കേന്ദ്രസർക്കാർ

Janayugom Online

എസ് വിജയകുമാരൻ നായർ

സ്വാതന്ത്യ്രാനന്തരം രാജ്യപുരോഗതിയിൽ നിർണായക സ്വാധീനം ചെലുത്തിയ, രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുടെ കച്ചവടം മഹാമാരിക്കിടയിലും തുടരുകയാണ് കേന്ദ്രസർക്കാർ. ജനവിരുദ്ധതയും ക്രൂരമായ അവഗണനയും കണ്ടുമടുത്ത ജനകോടികൾക്ക് ഷോക്കായിമാറുകയാണ് വൈദ്യുതി വിതരണവും സ്വകാര്യവൽക്കരിക്കാനുള്ള രണ്ടാം മോഡിസർക്കാരിന്റെ തീരുമാനം. ജനങ്ങളുടെ നിത്യ ജീവിതത്തിലും രാജ്യത്തിന്റെ ഭാവിയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്. വൈദ്യുതി രംഗത്തെ ആകെ ആസ്തികളുടെ 80 ശതമാനത്തിലധികവും വിതരണ രംഗത്തായതിനാൽ വിതരണ രംഗത്തെ സ്വകാര്യവൽക്കരണമെന്നാൽ സമ്പൂർണ സ്വകാര്യവൽക്കരണത്തിനു തുല്യമാകും. നിലവിൽ വൈദ്യുതി വിതരണ കമ്പനികൾക്ക് കീഴിൽ വരുന്ന ഭൂമി ഒഴികെയുള്ള ആസ്തികൾ സ്വകാര്യവൽക്കരിക്കുന്നതിനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

ഭൂമി വാർഷിക വാടകയ്ക്ക് ഉപയോഗിക്കാൻ നൽകുന്നത് ഭാവിയിൽ അത് സ്വകാര്യകുത്തകകളുടെ അധീനതയിലാകുന്നതിനിടയാക്കുമെന്നതിൽ തർക്കമില്ല. വിതരണ മേഖലയിലെ സ്വകാര്യവൽക്കരണം ജനങ്ങളുടെ ജീവിതഭാരം ഇരട്ടിയിലേറെ വർധിപ്പിച്ചത് ഡൽഹിയുടെ അനുഭവപാഠമാണ്. ഡൽഹിയിൽ വൈദ്യുതി വിതരണം റ്റാറ്റ, റിലയൻസ് തുടങ്ങിയ സ്വകാര്യ കമ്പനികളെ ഏല്പിച്ചപ്പോൾ അടിക്കടി വില കൂട്ടിയതും ജനങ്ങളുടെ വലിയ പ്രതിഷേധമുണ്ടായതും കണ്ടതാണ്. സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 10 ലക്ഷത്തോളം ജീവനക്കാർ സ്വകാര്യകമ്പനികളുടെ കീഴിലാകുമെന്നത് നിലവിലെ തൊഴിൽ നിയമ ഭേദഗതിയുടെ സാഹചര്യത്തിൽ ആശങ്കയുളവാക്കുന്നതാണ്.

ഒന്നും രണ്ടും മോഡിസർക്കാരുകൾ ജനങ്ങൾക്കു മുന്നിൽ വച്ച വാഗ്ദാനങ്ങളുടെ പൊള്ളത്തരം ഇതിലൂടെ ആവർത്തിച്ച് വെളിവാക്കപ്പെടുകയാണ്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും അച്ചടി-ഇല്കട്രോണിക് മാധ്യമങ്ങളിലൂടെ “ഇന്ത്യ തിളങ്ങുന്നു“എന്ന പ്രചരണം നടത്തുകയും “ജനങ്ങളുടെ അവസ്ഥ തിളങ്ങുന്നതല്ല“എന്ന എതിർ പ്രചരണത്തിലൂടെ എൻഡിഎ മുന്നണി പരാജയപ്പെടുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ സമാനതകളില്ലാത്ത അഴിമതിയുടെയും കർഷക ആത്മഹത്യകളുടെ ഘോഷയാത്രയുൾപ്പെടെയുള്ള ജനവിരുദ്ധതയുടെയും തൊഴിലില്ലായ്മയുടെയും കോർപ്പറേറ്റ്‌വൽക്കരണത്തിന്റെയും നടുവിൽ പൊറുതിമുട്ടിക്കഴിഞ്ഞ ജനകോടികളുടെ മുന്നിലേയ്ക്ക് “അച്ഛേ ദിൻ ആഗയാ” എന്ന മനംമയക്കുന്ന പരസ്യവാചകം ഗീബൽസിയൻ തന്ത്രമായി അവതരിപ്പിച്ചപ്പോൾ അത് രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതുന്നതിനുള്ള വിധിയായി മാറിയത് മറ്റൊരു ചരിത്രം. 2014‑ൽ അധികാരത്തിലെത്തിയ മോഡി സർക്കാർ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് ഭരണം തുടങ്ങിയത്. കോർപ്പറേറ്റ്‌വൽക്കരണവും ഹിന്ദുരാഷ്ട്ര നിർമ്മാണവും മുഖ്യ അജണ്ടയാക്കിയ ഒന്നാം മോഡിസർക്കാർ നോട്ടുനിരോധനവും ജിഎസ്‌ടി യും നടപ്പിലാക്കിയതിലൂടെ രാജ്യത്തെ സാമ്പത്തികമായി തരിപ്പണമാക്കി. വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് രാജ്യത്തെ യുവജനങ്ങളുടെ വോട്ട് കൈക്കലാക്കിയവർ അഞ്ച് വർഷംകൊണ്ട് രണ്ടുലക്ഷം തൊഴിൽ പോലും നൽകിയില്ലെന്നുമാത്രമല്ല നോട്ടുനിരോധനമെന്ന വിഡ്ഢിത്തത്തിലൂടെ ലക്ഷക്കണക്കിന് തൊഴിലുകൾ നഷ്ടമാക്കുകയും ചെയ്തു. വർഗ്ഗീയ സംഘർഷങ്ങളും ദളിത് പീഡനവും നാൾക്കുനാൾ അരങ്ങേറി.

ചരിത്രസ്മാരകങ്ങളും സർവകലാശാലകളും സംഘപരിവാർ അധികാര കേന്ദ്രങ്ങളാക്കി മാറ്റി. സ്വാതന്ത്യ്രസമര സേനാനികളെയും രാഷ്ട്ര നിർമ്മാതാക്കളെയും ദേശവിരുദ്ധരായി ചിത്രീകരിച്ചു. വൈദേശികാധിപത്യത്തിന് വെള്ളവും വളവും നൽകിയ ഹിന്ദു വർഗ്ഗീയവാദികളെ യുഗപുരുഷന്മാരാക്കി പുസ്തകത്താളുകളിലുൾപ്പെടെ അവതരിപ്പിച്ചു. ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് തങ്ങളുടെ ഹിന്ദുത്വ അജണ്ട അതീവ കൗശലപൂർവ്വം ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. രാജ്യം തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും പോകുന്നത് കണ്ടില്ലെന്നു നടിച്ചും അതിനെതിരായ ചെറുത്തുനിൽപ്പുകളെ അവഗണിച്ചും കുത്തകകളെ തഴുകിത്തലോടി മുന്നോട്ടുപോയി. കോർപ്പറേറ്റ്‌വൽക്കരണം സർവ്വ സീമകളും ലംഘിക്കപ്പെട്ട കാലത്ത് തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തും കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിച്ചും തൊഴിൽ സമയം ദീർഘിപ്പിച്ചും നിശ്ചിതകാല തൊഴിൽ സംവിധാനം നടപ്പിൽ വരുത്തിയും മിനിമം കൂലി ഉറപ്പുവരുത്താതെയും തൊഴിൽ മേഖലകളെ തകർത്തു.

രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരങ്ങളെ ഗൗരവത്തിലെടുത്തില്ല. പാർലമെന്റിലെ ഭൂരിപക്ഷം തങ്ങൾക്ക് എന്തും ചെയ്യാനുള്ള അംഗീകാരമാണെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. എതിർക്കുന്നവരെയെല്ലാം ദേശവിരുദ്ധരും ദേശദ്രോഹികളുമായി മുദ്രകുത്തി സംഘപരിവാർ ആക്രമണത്തിന് വിട്ടുകൊടുക്കുന്നത് പതിവ് കാഴ്ചയായി. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഒന്നാം മോഡിസർക്കാർ അച്ഛേദിൻ ആഗയാ എന്ന മുദ്രാവാക്യത്തിനു പകരം പുതിയ മുദ്രാവാക്യവുമായാണ് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. “അജയ്യ ഭാരതം അടൽ ബിജെപി” എന്ന മുദ്രാവാക്യത്തിന് വലിയ സ്വീകാര്യതയുണ്ടായില്ലെങ്കിലും പ്രതിപക്ഷത്തെ ഭിന്നിപ്പ് നന്നായി മുതലെടുക്കാൻ ആർഎസ് എസിനും കുത്തക മാധ്യമങ്ങൾക്കും കഴിഞ്ഞതിന്റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ബാക്കിവച്ചതെല്ലാം തങ്ങളുടെ വരുതിയിലാക്കാനുള്ള ആത്മവിശ്വാസം പകർന്ന വിധിയായിരുന്നു സംഘപരിവാറിന് 2019 ന്റെ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 2014 ലെ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിനൊപ്പം സബ്കാ വിശ്വാസ് കൂട്ടി ചേർത്ത് വലിയ കയ്യടി നേടി.

പൗരത്വ ഭേദഗതി മുതൽ ബാബ്റി മസ്ജിദ് വിധി വരെയുള്ള അനുഭവങ്ങളിലൂടെ സബ്കാ വിശ്വാസ് എന്താണെന്ന് കേവലം ഒന്നര വർഷത്തിനുള്ളിൽ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സബ്കാ വികാസും സബ്കാ വിശ്വാസും സംഘപരിവാർ താല്പര്യപ്രകാരം നടപ്പിലാക്കുകയാണ് ഈ കോവിഡ് കാലത്ത്. കോവിഡ് മഹാമാരിയെന്ന ആപത്തിനെ കോർപ്പറേറ്റുകൾക്കുള്ള അവസരമാക്കി മാറ്റാൻ മാത്രം ലക്ഷ്യമിട്ട് ആത്മനിർഭർ ഭാരത് എന്ന പുതിയ മുദ്രാവാക്യം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. കോവിഡ് 19 ന്റെ അടച്ചിടലിൽ തൊഴിലും കൂലിയും നഷ്ടപ്പെട്ട് ദാരിദ്യ്രത്തിലായ ജനങ്ങൾ ഹർഷാരവത്തോടെയാണ് പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. എന്നാൽ അടുത്ത അഞ്ച് ദിവസങ്ങളിലായി ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിളമ്പിയതിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. പട്ടിണിയകറ്റാൻ പാത്രവുമായി കാത്തിരുന്ന നിസ്സഹായരായ മനുഷ്യർക്ക് നിരാശമാത്രം സമ്മാനിച്ച കേന്ദ്രസർക്കാർ പക്ഷേ, അവശേഷിക്കുന്ന പൊതുമേഖല കൂടി കോർപ്പറേറ്റുകൾക്ക് വിൽക്കുന്നതിനുള്ള പ്രഖ്യാപനമാണ് ആത്മനിർഭർ ഭാരതിലൂടെ നടത്തിയത്.

കോവിഡിന്റെ കർശന നിയന്ത്രണം കാരണം പ്രതിഷേധിക്കാനാകാത്ത ജനങ്ങളുടെ നിസ്സഹായവസ്ഥയെ മുതലെടുത്ത കേന്ദ്രസർക്കാർ ഭൂമിയും ആകാശവും പാതാളവും കോർപ്പറേറ്റുകൾക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. കോടാനുകോടി രൂപയുടെ സമ്പത്തുള്ള റയിൽവേയുടെ സ്വകാര്യവൽക്കരണം ഊർജ്ജിതപ്പെടുത്തുകയാണ് ഈ മഹാമാരിക്കാലത്ത്. സാധാരണക്കാരായ ജനങ്ങളുടെ യാത്രയ്ക്കും ചരക്കുഗതാഗതത്തിനും വേണ്ടി സബ്സിഡി നിരക്കിൽ സേവനം നടത്തുന്ന ഇന്ത്യൻ റയിൽവേയുടെ 109 റൂട്ടുകളിലെ 151 ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. റയിൽവേയുടെ നിർമ്മാണ യൂണിറ്റുകളായ കോച്ച് ഫാക്ടറികൾ, ലോക്കോമോട്ടീവ് വർക്ക്ഷോപ്പുകൾ, റയിൽ പാളങ്ങൾ എന്നുവേണ്ട സുപ്രധാന സേവനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കുകയാണ്. സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാത്ത ഒരു സ്ഥാപനമാണ് ഇന്ത്യൻ റയിൽവേ. 14 ലക്ഷം റയിൽവേ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതും റയിൽവേ പെൻഷൻകാർക്ക് പെൻഷൻ കൊടുക്കുന്നതും റയിൽവേയുടെ സ്വന്തം വരുമാനത്തിൽ നിന്നാണ്. സർക്കാർ ജീവനക്കാരുൾപ്പെടെ നിരവധി വിഭാഗങ്ങൾക്ക് റയിൽവേ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സീസൺ ടിക്കറ്റുകളുടെ ഭാവിയെപ്പറ്റി ആശങ്കയോടെ മാത്രമേ ചിന്തിക്കാനാകൂ. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന തേജസ് എന്ന് പേരുള്ള സ്വകാര്യ ട്രെയിൻ സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന കാര്യം വസ്തുതയായി നമ്മുടെ മുന്നിൽ നിൽക്കുകയാണ്. അതോടൊപ്പം തന്നെയാണ് റയിൽവേ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും. ഇതേസമയം തന്നെയാണ് തന്ത്രപ്രധാന മേഖലയിലെ ഓർഡനൻസ് ഫാക്ടറികൾ കോർപ്പറേഷനുകളാക്കി ലേലത്തിന് വയ്ക്കാനുള്ള തീരുമാനമുണ്ടായത്. 219 വർഷം പഴക്കമുള്ള 41 ഓർഡനൻസ് ഫാക്ടറികളാണ് സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. ആർമി, നേവി, എയർഫോഴ്സ്, പൊലീസ്, പാരാമിലിറ്ററി വിഭാഗങ്ങൾക്കാവശ്യമായ ആയുധങ്ങളും പടക്കോപ്പുകളും നിർമ്മിക്കുന്ന സ്ഥാപനങ്ങളാണിവ.

ടാങ്ക്, റൈഫിൾ, റിവോൾവർ, ടെന്റ്, കവചിത യൂണിഫോമുകൾ, പാരച്യൂട്ടുകൾ തുടങ്ങി 650 ഓളം ഉല്പന്നങ്ങളാണ് ഈ ഫാക്ടറികളിൽ നിർമ്മിക്കുന്നത്. 80,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകൾ (എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്) സമരത്തിലാണ്. പണിമുടക്ക് ബാലറ്റിനെ 99 ശതമാനം തൊഴിലാളികളും അനുകൂലിച്ചിട്ടും കേന്ദ്രസർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളേ ആവശ്യമില്ല എന്ന നിതി ആയോഗിന്റെയും സംഘപരിവാറിന്റെയും അഭിപ്രായം സർക്കാരിന്റെയും അഭിപ്രായമായി മാറിയിരിക്കുകയാണ്. ബഹിരാകാശം, ആണവ മേഖല എന്നിവയിലും സ്വകാര്യവൽക്കരണം നടപ്പിലാക്കുകയാണ്. ഐഎസ്ആർഒയിൽ സ്വകാര്യ നിക്ഷേപം അനുവദിച്ച കേന്ദ്രസർക്കാർ വിമാനത്താവളങ്ങളും വിൽക്കുകയാണ്. ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎൽ വിൽക്കുവാൻ തീരുമാനിച്ച് ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നു. രാജ്യത്തിന്റെ വലിയ സാമ്പത്തിക മേഖലയായ കൽക്കരി ഖനികളിലെ സർക്കാരിന്റെ കുത്തക അവസാനിപ്പിക്കാനും അഡാനി, അംബാനി മുതലായ സ്വകാര്യ കുത്തകകൾക്ക് ഖനനാനുമതി നൽകാനും തീരുമാനമായി. 50 കൽക്കരി പാടങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറിക്കഴിഞ്ഞു.

500 ഖനികൾ കൂടി വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തങ്ങോളമിങ്ങോളമുള്ള 40 കോടിയിലധികം വരുന്ന പോളിസി ഉടമകളുടെ സ്വത്തായ 32 ലക്ഷം കോടിയിലേറെ ആസ്തിയുള്ള എൽഐസിയെ വിൽക്കുമെന്ന് 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിൽ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യപിച്ചിരുന്നു. സ്വകാര്യ കമ്പനികൾ ഏറെയുണ്ടെങ്കിലും ലൈഫ് ഇൻഷുറൻസ് രംഗത്തെ കുത്തക ഭീമനാണ് എൽഐ സി. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം എൽഐസി തീർപ്പാക്കിയത് 259.54 ലക്ഷം ക്ലെയിമുകളാണ്. പോളിസി ഉടമകൾക്ക് 1,63,104.50 കോടി രൂപയാണ് നൽകിയത്. ക്ലെയിം സെറ്റിൽമെന്റിന്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനമാണ് എൽഐസി ക്കുള്ളത്. 23 സ്വകാര്യ കമ്പനികൾ ഇന്ന് എൽഐസിയോട് മത്സരിക്കുന്നുണ്ടെങ്കിലും 74 ശതമാനം മാർക്കറ്റ് ഷെയറും എൽഐസിയുടെ കൈകളിലാണ്. 2018 മാർച്ച് 31 വരെയുള്ള ലാഭവിഹിതമായി കേന്ദ്രസർക്കാരിന് എൽഐസി നൽകിയത് 2,430.19 കോടി രൂപയാണ്. ഈ പൊന്മുട്ടയിടുന്ന താറാവിനെയും കോവിഡ് കാലത്ത് തന്നെ കഴുത്തുഞെരിച്ചു കൊല്ലാനാണ് നടപടികൾ നീക്കുന്നത്. അങ്ങനെ ആകാശവും പാതാളവും പൂർണമായും വിറ്റ കേന്ദ്രസർക്കാർ ഭൂമിയും സ്വകാര്യ വ്യക്തികൾക്ക് തീറെഴുതുകയാണ്. റയിൽവേയ്ക്കും വൈദ്യുതി മേഖലയ്ക്കും അവകാശപ്പെട്ട രാജ്യത്തിന്റെ പൊതു സ്വത്തായ ഭൂസമ്പത്ത് കൈമാറുന്നതോടൊപ്പം കാർഷിക ബിൽ പാസ്സാക്കിയതിലൂടെ പാവപ്പെട്ട കർഷകർ നൂറ്റാണ്ടുകളായി കൃഷിചെയ്യുന്ന ഭൂമിയാകെ സ്വകാര്യ കുത്തകകളിലേക്ക് കൈമാറപ്പെടുന്ന സ്ഥിതി വന്നു ചേരുകയാണ്. വോട്ടെടുപ്പോ അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികളോ ഇല്ലാതെയാണ് ജനാധിപത്യ‑ഭരണഘടനയ്ക്ക് വിരുദ്ധമായി, രാഷ്ട്രീയ ലക്ഷ്യത്തോടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കിയത്.

ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ബോധപൂർവ്വം ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയും പൊള്ളയായ വാഗ്ദാനങ്ങൾ മുന്നോട്ട് വയ്ക്കുകയും സംഘപരിവാർ ശക്തികൾ അവ പ്രചരിപ്പിക്കുയും ചെയ്യുന്നതിനിടയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും മഹത്വമാർന്ന ചരിത്രവും തിരുത്തിക്കുറിക്കുകയും സമ്പത്തെല്ലാം കൊള്ളയടിക്കുകയും ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കുകയുമാണ് കേന്ദ്രസർക്കാരും അതിനു നേതൃത്വം കൊടുക്കുന്നവരും ചെയ്യുന്നത്. ഒരു ജനതയുടെ മുഴുവൻ ഉന്മൂല നാശത്തിന് വഴിതെളിച്ച ഹിറ്റ്ലറുടെ തന്ത്രമാണ് ഇവരും പയറ്റുന്നത്. നുണകൾ സൃഷ്ടിച്ച്, ലളിതമാക്കി വിശദീകരിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയും പതിയെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന തന്ത്രം. അതിനിടയിൽ പ്രതിഷേധിക്കുന്നവരെ തെരഞ്ഞുപിടിച്ചാക്രമിക്കുകയും ജനങ്ങളുടെ ശത്രുക്കളാക്കുകയും ചെയ്യുന്ന തന്ത്രം. നിരന്തരം തെറ്റിദ്ധരിക്കപ്പെട്ട ജനതയാകെ എന്തുചെയ്യണമെന്നറിയാതെ, പുതിയൊരു ഇന്ത്യയെ വൃഥാ സ്വപ്നംകണ്ട് കഴിയേണ്ടിവരുന്നു. ഒടുവിൽ സ്വന്തം നാട്ടിൽ ചങ്ങാത്ത മുതലാളിത്തത്തിന് കീഴ്പ്പെട്ട് അന്യരായി കഴിയേണ്ട ദയനീയമായ അവസ്ഥയിലേക്ക് എത്തിപ്പെടും മുമ്പ് ഉണർന്നെണീറ്റ് പൊരുതാൻ തയ്യാറായില്ലെങ്കിൽ മഹാമാരിക്കാലം കഴിയുമ്പോഴേക്കും രാജ്യമൊന്നാകെ കോർപ്പറേറ്റുകളുടെ കയ്യിലാകുമെന്നതിൽ സംശയമില്ല. പിന്നീടെല്ലാം അവർക്കെളുപ്പമാവുകയും ചെയ്യും.