19 April 2024, Friday

ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം

മോഹനന്‍ കോട്ടയില്‍
September 20, 2021 5:20 pm

ആധുനിക വിദ്യാഭ്യാസം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പരിവർത്തനോന്മുഖമാണ്. അധ്യാപക‑കേന്ദ്രീകൃതവും വിവരണാത്മകവും വാചികവുമായ ബോധനരീതി നമ്മുടെ പൊതു വിദ്യാഭ്യാസമേഖലയിൽ നിന്ന് തിരോധാനം ചെയ്തുകഴിഞ്ഞു. പഠിതാവിനെ കേന്ദ്രീകരിച്ചുള്ള ഒരു പഠന‑ബോധന സമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളിൽ ഇപ്പോൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്. വൈവിധ്യമാർന്ന പഠന – പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പഠിതാവ് സ്വയം പഠിക്കുന്ന രീതി സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രോജക്ടുകൾ, നിർദ്ദിഷ്ട പഠനപ്രവർത്തനങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, സിംപോസിയങ്ങൾ, വിവിധ രചനാരീതികൾ, ഹ്രസ്വപഠനയാത്രകൾ തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ പ്രവർത്തനാധിഷ്ഠിത പഠനരീതി നമ്മുടെ ക്ലാസ് മുറികളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

നിരീക്ഷണം, അപഗ്രഥനം, താരതമ്യം, വർഗീകരണം എന്നീ മാനസിക‑ബൗദ്ധിക തലങ്ങളിലൂടെ കടന്ന് ആശയരൂപീകരണത്തിലും സ്വാംശീകരണത്തിലും ഓരോ വിദ്യാർത്ഥിയും എത്തിച്ചേരുന്ന ശാസ്ത്രാത്മക സമീപനമാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. പഠിതാവിനെ നേരിട്ടു പഠിപ്പിക്കുകയല്ല; മറിച്ച്, പഠിക്കാൻ പഠിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിലെ നൂതനസമീപനം. പാഠ്യവസ്തുതകൾ ശരിയായി ഗ്രഹിക്കുന്നതോടൊപ്പം അനുയോജ്യമായ ജീവിതനൈപുണികൾ ആർജിക്കുന്നതിനും ഇന്നത്തെ പ്രക്രിയാബന്ധിത പഠനരീതി ഉപകരിക്കുന്നു. അന്വേഷണാത്മകമായ പഠനരീതിയിലൂടെ ഓരോ പഠിതാവും സ്വയം വികസനം നേരിടുന്നതാണ് ആധുനിക വിദ്യാഭ്യാസം. അധ്യാപകനും വിദ്യാർത്ഥിയും, വിദ്യാർത്ഥിയും വിദ്യാർത്ഥിയും വിദ്യാർത്ഥിയും പഠനവസ്തുക്കളും തമ്മിലുള്ള പാരസ്പര്യം ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയാണ്. വിദ്യാഭ്യാസം അനുസ്യൂതവും അനുക്രമവുമായ ഒരു പ്രക്രിയയാണ്. ജീവിതവിജയത്തിന്, ഒട്ടേറെ ശേഷികളും നൈപുണികളും ഓരോ പഠിതാവും നേടിയെടുക്കേണ്ടതുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കാണ് പ്രക്രിയാബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമായ ക്ലാസ് മുറികൾ ആധുനിക വിദ്യാഭ്യാസ മാർഗരേഖ അനുശാസിക്കുന്നത്.

ആധുനിക കേരളത്തിന്റെ സാമൂഹിക‑സാംസ്ക്കാരിക നവോത്ഥാനത്തിൽ മുഖ്യ പങ്ക് വഹിച്ച ശ്രീനാരായണഗുരു, അക്ഷരവിദ്യ കരഗതമാക്കുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും തൊഴിലധിഷ്ഠിത പരിശീലനം വിദ്യാഭ്യാസത്തിൽ അനിവാര്യമാണെന്നും പതിറ്റാണ്ടുകൾക്കുമുമ്പേ നമ്മെ ഉദ്ബോധിപ്പിച്ചു. ഓരോ വിദ്യാലയത്തോടും ചേർന്ന് തൊഴിൽ പരിശീലന സൗകര്യം കൂടി ഏർപ്പെടുത്തണമെന്ന് ഗുരു നിർദ്ദേശിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ അടിസ്ഥാന തത്വങ്ങളായ അഷ്ടലക്ഷ്യങ്ങളിൽ വിദ്യാഭ്യാസം, കൃഷി, വാണിജ്യം എന്നിവ ഉൾപ്പെടുത്തിയത് ഗുരുവിന്റെ പ്രായോഗിക വിദ്യാഭ്യാസ ദർശനത്തിന്റെ പ്രകടമായ തെളിവാണ്. (കലാലയങ്ങളിൽ നിന്ന് യുവസംരംഭകരെ കണ്ടെത്താനും അവരെ വ്യാവസായിക ഉല്പാദനരംഗത്തേക്ക് ആകർഷിക്കാനും അവരിലെ പ്രതിഭ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും കേരള സംസ്ഥാന ഗവൺമെന്റ് ഈ അടുത്തകാലത്ത് തീരുമാനിച്ചത് ഓർക്കുക) ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ ആഴവും പരപ്പും ശരിയായി ഗ്രഹിക്കണമെങ്കിൽ പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യദശകങ്ങളിൽ കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിത പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിമത്തം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ തികച്ചും അന്യായമായ വിവിധയിനം കരങ്ങൾ (നികുതികൾ) പിന്നാക്ക ജനവിഭാഗങ്ങളെ അടിച്ചേല്പിച്ചിരുന്നു. ചെത്തുപാട്ടം തറിതീരുവ, തറികടമ (നെയ്ത്തുകാർ കൊടുത്തിരുന്നത്), തലയറ (ഈഴവരാദി അടിമകൾ മാത്രം കൊടുക്കേണ്ടിയിരുന്നത്), സ്ഥാനമാനങ്ങൾക്കുവേണ്ടി കൊടുത്തിരുന്ന രൂപവരി, അടിയറപ്പണം, കൂലിയില്ലാത്ത റോഡ്, തോട് മുതലായവ ഉണ്ടാക്കുന്ന ഊഴിയവേല‑എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. തീണ്ടൽജാതിക്കാരായ വിദ്യാർത്ഥികളെ വരേണ്യവർഗത്തിൽപ്പെട്ട ഗുരുക്കന്മാർ എറിഞ്ഞ് അടിക്കുന്ന രീതി അക്കാലത്ത് സർവസാധാരണമായിരുന്നു. “തീണ്ടൽ ജാതിക്കാർ ഈ വഴിയേ സഞ്ചരിച്ചുകൂടാ” എന്ന് തീണ്ടൽപലകകൾ സ്ഥാപിക്കപ്പെട്ടിരുന്നു. താഴ്ന്ന ജാതിക്കാർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ചവറയിലെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂളിൽ പ്രവേശനാനുമതി തേടിയ ഈഴവപ്പെൺകുട്ടികളെ സ്കൂളിലെ സ്ഥലപരിമിതിയുടെ പേരിൽ പ്രവേശിപ്പിക്കുകയുണ്ടായില്ല. തുടർന്നു നല്കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി: “പള്ളിക്കൂടം ക്ഷേത്രത്തിനും കൊട്ടാരത്തിനും അടുത്തു നിൽക്കുന്നതുകൊണ്ട് ഹർജിക്കാരുടെ അപേക്ഷ അനുവദിക്കാൻ പാടില്ല തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സ്കൂളിൽ കൊച്ചുതമ്പുരാക്കന്മാരെ ചേർക്കുകയാൽ ഈഴവക്കുട്ടികളെ അവിടെനിന്നും ബഹിഷ്ക്കരിച്ചു.” (പ്രൊഫ. എം കെ സാനു ശ്രീനാരായണഗുരു.)

ജാതിക്കുള്ളിലെ ഉപജാതികളും തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങളും പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവരുടെ സാമൂഹിക സ്ഥാനമഹിമ നിലനിർത്താൻ ഉപകരിച്ചിരുന്നു! കേരളത്തെ ‘ഭ്രാന്താലയ’മെന്ന് വിളിക്കാൻ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ചത് അക്കാലത്തെ പിന്നാക്കക്കാരുടെ ഇത്തരം അശാസ്ത്രീയമായ ജീവിതവീക്ഷണമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്ത്രീവിദ്യാഭ്യാസവും ലഭ്യമാകുന്നതോടെ ഇത്തരം അബദ്ധജടിലമായ ചിന്താഗതിക്ക് മാറ്റമുണ്ടാകുമെന്ന് ശ്രീനാരായണഗുരു മനസിലാക്കി. “നമ്മുടെ കുട്ടികൾ ഇനി സംസ്കൃതമല്ല, ഇംഗ്ലീഷ് പഠിക്കട്ടെ” എന്ന് ഗുരു നിർദ്ദേശിച്ചതും ഇക്കാരണത്താലാണ്. സവർണർ അടിച്ചേല്പിച്ച അടിമത്തം അധഃസ്ഥിതസമൂഹത്തെ ഭൗതിക തലത്തിൽ മാത്രമല്ല സ്വാധീനിച്ചത്. മാനസികമായും ബുദ്ധിപരമായും തങ്ങളെ ചൂഴ്‌ന്നുനിൽക്കുന്ന വിധേയത്വം തിരിച്ചറിഞ്ഞ്, സ്വതന്ത്രരാകാൻ, കാലോചിതമായ വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ കഴിയുമെന്ന് ഗുരു ദൃഢമായി വിശ്വസിച്ചു. കുമാരനാശാനെ ഉന്നതവിദ്യാഭ്യാസത്തിനായി അന്യദേശത്തയക്കാൻ അദ്ദേഹം ഉത്സാഹിച്ചത് ഈ കാഴ്ചപ്പാടുമൂലമാണ്.

ക്ഷേത്രങ്ങൾ, ആചാരങ്ങൾ, വിദ്യാഭ്യാസം, മതം, സദാചാരം എന്നിവയെക്കുറിച്ച്, സമുദായ അഭ്യുന്നതി ലക്ഷ്യമാക്കി, ശ്രീനാരായണഗുരു നടത്തിയ പ്രഭാഷണങ്ങളിൽ, അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാണ്. “ശാരീരികവും ആത്മീയവും രണ്ടും രണ്ടല്ല; അവ രണ്ടും വാസ്തവത്തിൽ ഒരേ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവർത്തനത്താൽ ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ, മനുഷ്യസമുദായത്തിന്റെ പരമ ലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാൻ ആത്മീയമായും ലൗകികമായും സർവവിധ ഏർപ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ്.” (1904‑ൽ നൽകിയ സന്ദേശം). ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവും ആത്മീയവുമായ വികസനം അതായത് സമഗ്ര വ്യക്തിത്വവികസനം- അതാണല്ലോ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം.

ഒരു അധഃസ്ഥിത സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഭൗതിക‑ആധ്യാത്മിക ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണ്. കാലോചിതമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ യുവജനങ്ങളിൽ ഇച്ഛാശക്തി, വളർത്തിയെടുക്കാൻ കഴിയുകയുള്ളു. ഇച്ഛാശക്തിയും, ജ്ഞാനശക്തിയും ക്രിയാശക്തിയും പരസ്പരപൂരകങ്ങളാകുന്നതാണല്ലോ ശരിയായ വിദ്യാഭ്യാസം. വിദ്യകൊണ്ട് പ്രബുദ്ധത കൈവരിച്ച് സ്വതന്ത്രരാകുവാൻ ഉത്ബോധിപ്പിച്ച ശ്രീനാരായണഗുരു സ്വാതന്ത്യ്രം എന്നതുകൊണ്ടർത്ഥമാക്കിയത് ശാരീരികവും മാനസികവും ബൗദ്ധികവുമായ അടിമത്തത്തിൽ നിന്നുള്ള മോചനമാണ്. വ്യാവഹാരിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യർക്ക്, ഭൗതിക പുരോഗതിയുടെ അഭാവത്തിൽ ആത്മീയവികസനം അസാധ്യമാണെന്ന തിരിച്ചറിവ് ഗുരുവിനുണ്ടായിരുന്നു. അതിനാലാണ് ഭൗതിക പുരോഗതിക്കുതകുന്ന വിദ്യാഭ്യാസം അദ്ദേഹം നിർദ്ദേശിച്ചത്. മുഖ്യ സാമൂഹിക ജീവിതധാരയിൽ സംഘർഷഭരിതവും അസ്വാസ്ഥ്യജനകവുമായ കർമ്മപരിപാടികളിലൂടെയല്ല, മറിച്ച്. സാഹോദര്യവും സഹവർത്തിത്വവും ധാർമ്മിതകയും ഒത്തുചേരുന്ന കർമ്മമാർഗ്ഗത്തിലൂടെയാണ് ഗുരു വിദ്യാഭ്യാസ‑സാമൂഹിക വിപ്ലവത്തിന് തുടക്കമിട്ടത്.

അധഃസ്ഥിത വർഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒറ്റമൂലിയായും അജ്ഞതയിൽ നിന്നും ദാരിദ്യ്രത്തിൽ നിന്നുമുള്ള മോചനമാർഗമായും കാലാനുവർത്തിയായ വിദ്യാഭ്യാസത്തെ ഗുരു കണ്ടു. ഗുരുവിന്റെ വീക്ഷണത്തിൽ, ശരിയായ വിദ്യാഭ്യാസം, വിവേചനത്തെയും ചൂഷണത്തെയും ചോദ്യം ചെയ്യാനുള്ള ശക്തമായ ഉപാധിയായിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടിയേ കഴിയൂ എന്നും വ്യാവസായിക‑സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂടുതലായി വേണമെന്നും ഗുരു അനുശാസിച്ചു. വൻകിട വ്യവസായങ്ങളോട് എതിർപ്പോ വൈമുഖ്യമോ ഗുരുവിനില്ലായിരുന്നു. അക്കാലത്ത് പ്രബലമായിരുന്ന വർണാശ്രമ സിദ്ധാന്തത്തിന്റെ സാധുതയെ സൈദ്ധാന്തികമായും പ്രായോഗികമായും ചോദ്യം ചെയ്യാൻ വിദ്യാഭ്യാസം കൊണ്ടുമാത്രമേ കഴിയൂ എന്ന് ഗുരു അടിയുറച്ചു വിശ്വസിച്ചിരുന്നു. ജാതി-മത-വർഗ-വർണഭേദമില്ലാത്ത സാർവലൗകിക വിദ്യാഭ്യാസമാണ് അദ്ദേഹം അഭിലഷിച്ചത്. സന്യാസാശ്രമങ്ങളോടു ചേർന്ന് വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന് ഗുരു നിഷ്കർഷിച്ചു. അരുവിപ്പുറത്തും ചെമ്പഴന്തിയിലും സംസ്കൃതവിദ്യാലയങ്ങൾ സ്ഥാപിച്ചതും, 1904‑ൽ വൈക്കത്തും തുടർന്ന് ആലുവായിലും ആശ്രമത്തോടു ചേർന്ന് സംസ്കൃതപാഠശാലകൾ ആരംഭിച്ചതും ഗുരുവിന്റെ വിദ്യാഭ്യാസദർശനത്തിന്റെ പരിണതഫലമായിരുന്നു. സംസ്കൃതവും മലയാളവും പഠിപ്പിക്കുവാൻ സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച്, ജാതിഭേദമില്ലാതെ കുട്ടികളെ പ്രവേശിപ്പിച്ചത് ഗുരുവിന്റെ വിദ്യാഭ്യാസവിപ്ലവം തന്നെയാണ്. ചേറായി വിജ്ഞാനവർധിനിസഭ ക്ഷേത്രപ്രതിഷ്ഠ നടത്തിയപ്പോൾ (1911‑ൽ) ഗുരു ചെയ്ത പ്രഭാഷണത്തിൽ, പിന്നാക്ക ജനവിഭാഗങ്ങളിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർ തീരെ കുറവാണെന്നും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ സമുദായാഭിവൃദ്ധി കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നും സംസ്കൃതത്തേക്കാൾ ഇംഗ്ലീഷിന് പ്രാധാന്യം നൽകണമെന്നും നിർദ്ദേശിക്കുകയുണ്ടായി.

സ്വയം അറിയുന്നതോടൊപ്പം മറ്റുള്ളവരെ അറിയാൻ ശ്രമിക്കുക എന്നത് നമ്മുടെ ഏറ്റവും ആധുനികമായ വിദ്യാഭ്യാസ‑മാനേജ്മെന്റ് തന്ത്രമാണ്. സാമൂഹിക ബന്ധങ്ങൾക്ക് വിലകല്പിക്കുന്ന ഒരു ജീവിത ശൈലി രൂപീകരിക്കുകയാണ് അതിന്റെ പ്രഥമഘട്ടം; സാമൂഹിക മനോഭാവം ആർജിക്കുവാൻ കഴിയുന്നതോ ശരിയായ വിദ്യാഭ്യാസത്തിലൂടെയും. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണ“മെന്നും, “അയലുതഴപ്പതിനായതി പ്രയത്നം, നയമറിയും നരനാചരിച്ചിടേണ“മെന്നുള്ള ഗുരുവിന്റെ ഉദ്ബോധനങ്ങളിൽ സാമൂഹികവത്ക്കരണം എന്ന വിദ്യാഭ്യാസലക്ഷ്യമാണ് അന്തർലീനമായിരിക്കുന്നത്.ലാളിത്യം ഓരോ കുടുംബത്തിന്റെയും മുഖമുദ്രയായിരിക്കണമെന്ന് ഗുരു അനുശാസിച്ചു. ശാരീരിക- മാനസിക‑ബൗദ്ധിക വ്യവഹാരങ്ങൾ സംശുദ്ധമാകുമ്പോൾ സമഗ്രവ്യക്തിത്വം രൂപപ്പെടുന്നു. വ്യക്തിപരവും കുടുംബപരവുമായ അഭ്യുന്നതി കൈവരിക്കുന്നതിന് ‘പഞ്ചശുദ്ധി‘യുടെ ആവശ്യകത ഗുരു നമ്മെ ബോധ്യപ്പെടുത്തുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാമാണികതത്വങ്ങളായി നിർദ്ദേശിച്ചതും ശരീരശുദ്ധി, ഇന്ദ്രിയശുദ്ധി, വാക്ശുദ്ധി, ഗൃഹശുദ്ധി, മനഃശുദ്ധി എന്നിവയാണ്. ശുദ്ധമായ അറിവ് മനസിന്റെ സ്വാസ്ഥ്യം ഉറപ്പുവരുത്തുന്നു. സുനിശ്ചിതമായ അറിവുകൊണ്ട് ബുദ്ധി വ്യാപരിക്കണം. സാമൂഹിക പ്രതിബദ്ധതയ്ക്കും സാമൂഹികവത്ക്കരണത്തിനും പ്രാമുഖ്യം കല്പിക്കുന്ന ആധുനിക വിദ്യാഭ്യാസപദ്ധതിയും ഓരോ വിദ്യാർത്ഥിക്കും മൂല്യാധിഷ്ഠിതമായ ഒരു ജീവിതശൈലിയാണ് നിർദ്ദേശിക്കുന്നത്. അഹിംസ, സത്യനിഷ്ഠ, മോഷ്ടിക്കാതിരിക്കൽ, ബ്രഹ്മചര്യം, അന്യരുടെ യാതൊന്നും വെറുതെ മോഹിക്കാതിരിക്കൽ എന്നീ യമങ്ങളും ബാഹ്യവും ആന്തരികവുമായ ശുദ്ധി, ഉള്ളതിൽ തൃപ്തിപ്പെടൽ, തപസ്, സദ്ഗ്രന്ഥപാരായണം, എല്ലാം ഈശ്വരാർപ്പിതമായി ചെയ്യൽ- എന്നീ നിയമങ്ങളും ഓരോ മനുഷ്യനെയും ഉത്കർഷത്തിലേയ്ക്കു നയിക്കുമെന്ന് ശ്രീനാരായണഗുരു നമുക്ക് വ്യക്തമാക്കിത്തരുന്നു.

സ്ത്രീവിദ്യാഭ്യാസത്തിന് ഗുരു വളരെ പ്രാധാന്യം കല്പിച്ചിരിക്കുന്നു. സ്ത്രീ-ഭാര്യ, മകൾ, അമ്മ, സഹോദരി എന്നീ നിലകളിലെല്ലാം പ്രവർത്തിക്കേണ്ടവളാണ്. ‘ഭാര്യാധർമ്മ’ത്തിൽ ഗുരു സ്ത്രീകൾക്കു നൽകുന്ന സ്ഥാനം എത്രയോ മഹത്തരമാണ്! ഉത്തമ കുടുംബിനിയെ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസമാണ് ഗുരു നിഷ്കർഷിച്ചത്.

“ഗുണം കുടുംബിനിക്കില്ലാ-

താകിലെല്ലാമിരിക്കിലും

ഗുണമില്ല കുടുംബത്തി-

നില്ലാതാകും കുടുംബവും”, അങ്ങനെ, “നാരീഗുണം ഗൃഹത്തിന്, ഭൂരിമംഗളമായത്” എന്ന ഓർമ്മപ്പെടുത്തലോടെയാണ് “ഭാര്യാധർമ്മം’ അവസാനിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, വരേണ്യവർഗത്തിൽ നിന്ന് അത് നേടിയെടുക്കാനുള്ള തീവ്രശ്രമം തുടരുമ്പോൾത്തന്നെ, സ്വധർമ്മത്തെപ്പറ്റി സ്ത്രീ ബോധവതിയായിരിക്കേണ്ടതിന്റെ ആവശ്യകതയും ഗുരു ഊന്നിപ്പറയുന്നു. സർവ ശിക്ഷാ അഭിയാൻ, തുടർന്നുവരുന്ന രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ തുടങ്ങിയ വിദ്യാഭ്യാസ കർമ്മപരിപാടികൾ സ്ത്രീവിദ്യാഭ്യാസത്തിന് പരമപ്രാധാന്യം നൽകിയിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.നമ്മുടെ ഭരണഘടനാശില്പികൾ അഭിലഷിച്ചതും, ദേശീയ വിദ്യാഭ്യാസനയത്തിൽ (1986) ഊന്നിപ്പറഞ്ഞിട്ടുള്ളതുമായ, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ, മുഖ്യജീവിതധാരയിലേയ്ക്കു കൊണ്ടുവരാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. 1888‑ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠ, അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണത്തിന്റെ മൂർത്തമായ ഉദാഹരണമാണ്. സാമൂഹിക ജീവിതത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളാൻ അവസരം ലഭിക്കാതെ ആട്ടിയകറ്റപ്പെട്ടവർക്കുവേണ്ടിയുള്ള ധീരമായ ഒരു കാൽവയ്പായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.

“ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്’- ക്ഷേത്രഭിത്തിയിൽ ഗുരു കുറിച്ച വരികളാണിത്; സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മഹാമനീഷിയുടെ ഉദാത്തമായ ജീവിത വീക്ഷണം!

വിദ്യാവിദ്യകൾ രണ്ടും ക-

ണ്ടറിഞ്ഞവരാവിദ്യയാൽ

മൃത്യുവെത്തരണം ചെയ്തു

വിദ്യയാലമൃതാർന്നിടും

വിദ്യയെയും അവിദ്യയേയും തിരിച്ചറിയുന്നവർ മരണഭയത്തെ അതിജീവിക്കാൻപോലും പ്രാപ്തരാകുന്നുവെന്ന് ഗുരു നമ്മെ ഓർമ്മിപ്പിക്കുന്നു.
തലമുറകളായി മനുഷ്യമനസിൽ സ്വാംശീകരിക്കപ്പെട്ട വിശ്വാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സമഗ്രവും മൗലികവുമായ മാറ്റം ക്ഷിപ്രസാധ്യമല്ലെന്നറിയാമായിരുന്ന ഗുരു, ആദ്യകാലങ്ങളിൽ ക്ഷേത്രാരാധനയെ നിരുത്സാഹപ്പെടുത്താൻ മുതിർന്നില്ല; എന്നാൽ, മാടൻ, മറുത, രക്തചാമുണ്ഡി തുടങ്ങിയ തമോമയങ്ങളായ ദേവതകളെ ആരാധിക്കുന്നതിനു പകരം സ്വാത്തിക ഗുണമുള്ള ശിവൻ, വിഷ്ണു, സരസ്വതി, ലക്ഷ്മി എന്നീ ദേവതകളെ ആരാധിക്കാൻ പ്രേരിപ്പിക്കുകയാണു ചെയ്തത്. സ്വാതി ദേവാരാധനയിലൂടെ ഒരു സാമൂഹിക വിപ്ലവത്തിന് ഗുരു തുടക്കമിട്ടു. ആ വിപ്ലവം രക്തരൂക്ഷിതമായിരുന്നില്ല; മറിച്ച്, അജ്ഞാനാന്ധകാരത്തിൽ ആണ്ടുപോയിരുന്ന ഒരു ജനതയെ അറിവിന്റെ വെള്ളിവെളിച്ചത്തിലേയ്ക്കു നയിച്ച നിശബ്ദവിപ്ലവമായിരുന്നു. തികച്ചും ഗുണാത്മകമായ ഒരു ചിന്താധാര, അധഃസ്ഥിതരുടെ ബോധമണ്ഡലത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന ഒരു ‘പരിവർത്തനബോധധാര’യായിരുന്നു അത്. അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെ ക്രമാനുഗതമായി, മുഖ്യജീവിതധാരയിലേയ്ക്ക് അധഃസ്ഥിതരെ കൈപിടിച്ചുയർത്താൻ കഴിയുമെന്ന ദൃഢവിശ്വാസം ഗുരുവിനുണ്ടായിരുന്നു. മുരിക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്നീ പദങ്ങൾ എഴുതിവച്ചതും കാരമുക്ക് ക്ഷേത്രത്തിലെ കെടാവിളക്കും കളവങ്കോട്, ഉല്ലല ക്ഷേത്രങ്ങളിലെ കണ്ണാടി പ്രതിഷ്ഠയും ഗുരുവിന്റെ നിശബ്ദ വിപ്ലവത്തിന്റെ പ്രതീകങ്ങളാണ്. “നീ നിന്നെത്തന്നെ അറിയുക” എന്ന മഹത്തായ ജീവിതദർശനത്തിന്റെ പ്രതീകങ്ങൾ! മാനസികവും ആത്മീയവുമായ ഉത്കർഷമാണല്ലോ യഥാർത്ഥ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. “ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് ഇനി ആവശ്യമുള്ളത്” എന്ന പ്രഖ്യാപനവും ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും ഗുരുവിന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ ഉത്തമ നിദർശനങ്ങളാണ്.

ആദർശങ്ങൾക്കൊപ്പം ജീവിതത്തെ ഉയർത്താൻ ശ്രമിക്കുന്നവർ, ആദർശങ്ങളെ താഴേയ്ക്കു വലിച്ച് സ്വന്തം ജീവിതത്തിനൊപ്പമാക്കുന്നവർ എന്നിങ്ങനെ മനുഷ്യർ രണ്ടുവിഭാഗത്തിൽപ്പെടുന്നുവെന്ന് സ്വാമിവിവേകാനന്ദൻ അഭിപ്രായപ്പെടുകയുണ്ടായി. തങ്ങൾക്കുതകുന്ന രീതിയിൽ ഗുരുദർശനങ്ങളെ താഴേക്ക് വലിക്കുകയല്ല, മറിച്ച്, അവയ്ക്കൊപ്പമെത്താൻ സ്വജീവിതത്തെ ഉയർത്തുകയാണ് യഥാർത്ഥ ശ്രീനാരായണീയർ ചെയ്യേണ്ടത്. യുഗപ്രഭാവനായ ശ്രീനാരായണഗുരുവിനെ “കർമ്മനിരതനായ യോഗി” എന്ന് ഫ്രഞ്ച് ദാർശനികനായ റൊമെയ്ൻ റോളണ്ട് വിശേഷിപ്പിച്ചത് കേവലം ആത്മാനന്ദത്തിനുവേണ്ടി മാത്രം ജീവിച്ച ദന്തഗോപുരവാസിയായ ഒരു സന്യാസിയെയല്ല, മറിച്ച്, “അന്യർക്കു ഗുണം ചെയ് വതിനായുസുവചുസും. ധന്യത്വമൊടങ്ങാത്മതപസും ബലി ചെയ്തു” എന്ന് മഹാകവി കുമാരനാശാൻ വിശേഷിപ്പിച്ചത് “സന്യാസത്തിൽ നിന്നും സന്യസിക്കാത്ത” കർമ്മയോഗിയെയാണ്.
eng­lish summary;janayugom arti­cle about the Edu­ca­tion­al phi­los­o­phy of Sree Narayana Guru
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.